11 സംസ്ഥാനങ്ങളിലായി 23 നഗരങ്ങള്‍; ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയുമായി ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ ശൃംഖലയുള്ള രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. മൊത്തം ആയിരത്തോളം കിലോമീറ്ററാണ് നിലവില്‍ ഇന്ത്യയുടെ മെട്രോ ശൃംഖലയുള്ളത്. രാജ്യത്തെ നഗര വികസനത്തില്‍ നിര്‍ണായക കുതിച്ചുചാട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹിയിലെ നമോ ഭാരത് പദ്ധതിക്കും മറ്റ് മെട്രോ പദ്ധതികളുടെ വികസനത്തിനും പിന്നാലെയാണ് ഈ ശ്രദ്ധേയമായ നേട്ടം.
ആയിരം കിലോമീറ്ററിലേറെ ദൂരത്തില്‍ 11 സംസ്ഥാനങ്ങളിലായി 23 നഗരങ്ങളിലാണ് ഇന്ത്യയുടെ മെട്രോ ശൃംഖലയുള്ളത്. ഡല്‍ഹി-മീററ്റ് നമോഭാരത് ഇടനാഴിയുടെ നാലാംഘട്ടം കഴിഞ്ഞ ദിവസമാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. 4600 കോടി മുടക്കി അശോക്‌നഗറിനും സാഹിബാബാദിനുമിടയിലുള്ള 13 കിലോമീറ്റര്‍ ഭാഗം തുറന്നതോടെ നമോഭാരതിന്റെ ആകെ ഇടനാഴി നിലവില്‍ 55 കിലോമീറ്ററായി. ഇതില്‍ 11 സ്റ്റേഷനുകളുണ്ട്. സാഹിബാബാദിനും ദുഹായ്ക്കും ഇടയിലുള്ള 17 കിലോമീറ്റര്‍വരുന്ന സെക്ഷന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തിരുന്നു. ആകെ 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴി ന്യൂഡല്‍ഹിയിലെ സരായ് കാലെഖാനില്‍നിന്നാരംഭിച്ച് മീററ്റിലെ മോദിപുരത്ത് അവസാനിക്കുന്നു.
ഇതിന് പുറമെ ഡല്‍ഹി മെട്രോയുടെ നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി 2.8 കിലോമീറ്റര്‍ കൂടെ ദീര്‍ഘിപ്പിച്ചിരുന്നു. നിലവില്‍ ഒരു കോടിയോളം യാത്രക്കാരാണ് ദിവസവും യാത്രയ്ക്കായി മെട്രോകളെ ആശ്രയിക്കുന്നത്. മെട്രോ ശൃംഖലയുടെ വലുപ്പത്തില്‍ ജപ്പാനെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. വെകാതെ തന്നെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ ശക്തിയാവുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. 1984ല്‍ ബംഗാളിലാണ് രാജ്യത്തെ ആദ്യത്തെ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. 2002 ല്‍ ഡല്‍ഹി മെട്രോയുടെ ആദ്യ കോറിഡോര്‍ ഉദ്ഘാടനം ചെയ്തതോടെയാണ് രാജ്യത്തെ മെട്രോ വികസനത്തില്‍ വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് തുടക്കമായത്. നിലവില്‍ ബംഗ്ലാദേശ്, കെനിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മെട്രോ പ്രൊജക്ടളുമായും ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ സഹകരിക്കുന്നുണ്ട്.
Content Highlights: India becomes home to 3rd largest metro network in the world