വണ്ടിക്കും ഡ്രൈവര്‍ക്കും അംഗീകാരം വേണം, സീറ്റ്‌ബൈല്‍റ്റ് മുതല്‍ GPS വരെ വേണം; ജീപ്പ് സഫാരി വീണ്ടും

തൊടുപുഴ: സുരക്ഷാ നിയന്ത്രണങ്ങളോടെ ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സഫാരി ഭാഗികമായി പുനരാരംഭിക്കുന്നു. ഓഫ് റോഡ് ജീപ്പ് സഫാരിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ജില്ലയിലുണ്ട്. കൊളുക്കുമല ട്രെക്കിങ് മാതൃകയില്‍ എല്ലാ ഓഫ് റോഡ് സവാരികള്‍ക്കും സുരക്ഷാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് മറ്റൊരു ആശ്വാസം.
ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ നട്ടെല്ലാണ് ജീപ്പ് സഫാരി. ഈയടുത്ത് മൂന്നാറില്‍ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ചെന്നൈ സ്വദേശിയായ വിനോദ സഞ്ചാരി മരിച്ചിരുന്നു. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങളും സഫാരിക്ക് ഉപയോഗിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഓഫ് റോഡ് സവാരിക്കുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യാത്ര പരമാവധി സുരക്ഷിതമാക്കും. 16-ന് ഒന്‍പത് കേന്ദ്രങ്ങളിലെ ജീപ്പ് സഫാരി പുനരാരംഭിക്കും. വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊരുക്കി ബാക്കിയുള്ളിടത്തെ സഫാരിയും ഉടന്‍ പുനരാരംഭിക്കണമെന്നാണ് ആവശ്യം. മൂന്നാറിലെ അപകടത്തെ തുടര്‍ന്ന് ജൂലായ് അഞ്ചിനാണ് ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സഫാരി കളക്ടര്‍ നിരോധിച്ചത്. കളക്ടറുടെ നടപടിക്കെതിരേ തൊഴിലാളികളും തൊഴിലാളിസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
ശ്രദ്ധിക്കൂ
• പുലര്‍ച്ചെ നാലുമുതല്‍ വൈകീട്ട് ആറുവരെ സഫാരി നടത്താം. യാത്രയുടെ സ്വഭാവം അനുസരിച്ചാകും സമയക്രമം നിശ്ചയിക്കുക. റെഡ്, ഓറഞ്ച് അലര്‍ട്ടുകളുള്ളപ്പോള്‍ സഫാരി നടത്തരുത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെയേ പിന്നീട് പുനഃസ്ഥാപിക്കുകയുള്ളൂ.
• റൂട്ട് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്ത വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സഫാരി നടത്താന്‍ കഴിയില്ല.
• എല്ലാ സഫാരിക്കും ടൂറിസ്റ്റ് ഇന്‍ഷുറന്‍സുണ്ടാകും. ടിക്കറ്റ് വരുമാനത്തിലെ ഒരു നിശ്ചിത തുക ഡ്രൈവര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് അടയ്ക്കും. ഡ്രൈവര്‍മാര്‍ക്കുള്ള ആരോഗ്യ/അപകട ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ഈ തുക ഉപയോഗിക്കും.
• സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റുള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണം. ഡ്രൈവര്‍മാര്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
• രജിസ്റ്റര്‍ ചെയ്യാത്തതോ, അംഗീകാരമില്ലത്തതോ ആയ വാഹനങ്ങളെയും ഡ്രൈവര്‍മാരെയും സഫാരി നടത്താന്‍ അനുവദിക്കില്ല.
• വര്‍ഷത്തില്‍ രണ്ടുപ്രവശ്യം (ഏപ്രില്‍, ഒക്ടോബര്‍) വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത സുരക്ഷാ ഓഡിറ്റും പെര്‍മിറ്റ് പുതുക്കലും ഫിറ്റ്‌നസ് പരിശോധനയും നടത്തും.
വാഹനത്തിനുംഡ്രൈവര്‍ക്കും
അംഗീകൃത ഡ്രൈവിങ് ലൈസന്‍സ്. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, വാനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ഡിടിപിസി രജിസ്ട്രേഷന്‍ (ക്യു ആര്‍ കോഡുള്ള തിരിച്ചറിയല്‍ കാര്‍ഡ്).
ഇവയൊക്കെനിര്‍ബന്ധം
ജീപ്പില്‍ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ്, അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ (ഫയര്‍ എക്സ്റ്റിഗ്വിഷര്‍), ഫസ്റ്റ് എയ്ഡ് കിറ്റ്, വേഗപ്പൂട്ട് (സ്പീഡ് ഗവര്‍ണര്‍), ഡാഷ് ക്യാം, ജിപിഎസ് ട്രാക്കര്‍.
എല്ലാം റൂട്ട് കമ്മിറ്റിയുടെ ട്രാക്കില്‍
റൂട്ട് മോണിട്ടറിങ് ആന്‍ഡ് റെഗുലേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓരോ സ്ഥലത്തെയും റൂട്ടും സുരക്ഷാ ക്രമീകരണങ്ങളും നിര്‍ണയിച്ചത്. ഇടുക്കി, ദേവികുളം സബ് കളക്ടര്‍മാര്‍ നോഡല്‍ ഓഫീസര്‍മാര്‍. ആര്‍ടിഒ, ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്), എസ്എച്ച്ഒ, പഞ്ചായത്ത് സെക്രട്ടറി, ഡിടിപിസി സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍.
പ്രായോഗികമായ പാതകള്‍ ഇവര്‍ കണ്ടെത്തും. പാതയുടെ ദുര്‍ഘടാവസ്ഥ പരിഗണിച്ച് എളുപ്പം, താരതമ്യേന കഠിനം, കഠിനം എന്നിങ്ങനെ തിരിച്ച് ഇവയിലൂടെ ഏതുതരം ജീപ്പാണ് (2*2/4*4) ഓടിക്കേണ്ടതെന്നും നിര്‍ദേശിക്കും. വാഹനങ്ങള്‍, ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും എണ്ണം തുടങ്ങിയവയും ശേഖരിക്കും. സമഗ്രമായ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒന്‍പത് പാതകള്‍ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു.
നിയന്ത്രണം, സുരക്ഷ, ഡിജിറ്റല്‍ ബുക്കിങ്, ചാര്‍ജ് ഇവ ഉള്‍പ്പെടുത്തി 15-ന് ഡിപിസിക്ക്, കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും. അന്ന് തന്നെ പോലീസും മോട്ടോര്‍ വാഹനവകുപ്പും ഡിടിപിസിയും പഞ്ചായത്തും ചേര്‍ന്ന് 15-ന് ജില്ലാതല രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും വാഹനങ്ങള്‍ക്കും മാത്രമേ 16 മുതല്‍ ജീപ്പ് സഫാരി നടത്താന്‍ കഴിയുകയുള്ളൂ.
Content Highlights: Idukki Jeep Safaris Resume with Enhanced Safety Measures: A Comprehensive Overview