ഹൈക്കിങ്ങിനിടെ മലനിരകളില്‍ കാണാതായി, 18-കാരന്‍ ജീവന്‍ നിലനിര്‍ത്തിയത് ടൂത്ത്‌പേസ്റ്റ് കഴിച്ച്

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഹൈക്കിങ്ങിനിടെ മലനിരകളില്‍ കാണാതായ 18-കാരന്‍ 10 ദിവസം ജീവന്‍ നിലനിര്‍ത്തിയത് ടൂത്ത്‌പേസ്റ്റ് കഴിച്ച്.  ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ കിന്‍ലിങ് മലനിരയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് 18-കാരനായ സണ്‍ ലിയാങ് ഹൈക്കിങ് തുടങ്ങിയത്. 

രണ്ട് ദിവസത്തിനുശേഷം കൈയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണത്തിന്റെ ബാറ്ററി തീര്‍ന്നു. ഇതോടെ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പുറംലോകവുമായി ബന്ധപ്പെടാന്‍ സണ്‍ ലിയാങ്ങിന്റെ മുന്നില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു. ഇതിനിടയില്‍ വീണ് വലതു കൈയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. 

കൈയിലെ ഭക്ഷണവും തീര്‍ന്നതോടെ ടൂത്ത് പേസ്റ്റ് കഴിച്ചും നദിയിലെ വെള്ളം കുടിച്ചും സണ്‍ ലിയാങ് ജീവന്‍ നിലനിര്‍ത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തണുത്ത കാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വലിയ പാറയുടെ പിന്നില്‍ അഭയം തേടി. ഉണങ്ങിയ വൈക്കോലും ഇലകളും ഉപയോഗിച്ച് ഒരു താത്ക്കാലിക കിടക്കയുമുണ്ടാക്കി.

ഇതിനിടയില്‍ പരിഭ്രാന്തരായ വീട്ടുകാര്‍ പ്രാദേശിക സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമിനെ സമീപിച്ചു. ഒടുവില്‍ ഫെബ്രുവരി 17-ന് റെസ്‌ക്യൂ ടീം സണ്‍ ലിയാങ്ങിനെ കണ്ടെത്തി. തന്റെ ചുറ്റും കരിയിലെ കൂട്ടി തീയിട്ട സണ്‍ ലിയാങ് സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഇത് റെസ്‌ക്യൂ ടീമിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.

'എനിക്കിപ്പോള്‍ വല്ലാതെ ഭയം തോന്നുന്നു. ഈ പ്രദേശം ട്രക്കിങ്ങിന് പറ്റിയതല്ല. കാറ്റ് വളരെ ശക്തമായതിനാല്‍ മുന്നോട്ട് നടക്കാന്‍പോലും പ്രയാസപ്പെട്ടു. കനത്ത മഞ്ഞും കൂടിയായതോടെ കണ്ണുകള്‍ തുറക്കാനും പ്രയാസപ്പെട്ടു.'-സണ്‍ ലിയാങ് പറയുന്നു. ജീവനില്‍ കൊതിയുള്ള ആരും ഇനി ഈ പ്രദേശത്ത് ട്രക്കിങ്ങിന് മുതിരരുതെന്നും സണ്‍ മുന്നറിയിപ്പ് നല്‍കി.

30 പേര്‍ ഉള്‍പ്പെടുന്ന റെസ്‌ക്യൂ ടീമാണ് സണ്‍ ലിയാങ്ങിനെ രക്ഷിച്ചത്. ഇതിനായി കുടുംബത്തിന് ചെലവായത് 80000 യുവാന്‍ (9.5 ലക്ഷം) ആണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ അമ്പതിലധികം ആളുകളാണ് ട്രക്കിങ്ങിനിടെ ഈ മലനിരകളില്‍ കാണാതാകുകയോ മരിക്കുകയോ ചെയ്തത്.
 

Content Highlights: hiker survives on toothpaste after getting lost in mountains