ഈ 10 രാജ്യങ്ങളിലെ കുട്ടികളെല്ലാം ഹാപ്പിയാണ്; യുണിസെഫ് പട്ടിക പുറത്ത്

ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ വിദ്യാഭ്യാസ രംഗത്ത് വർധിച്ചുവരുന്ന മത്സരം കുട്ടികളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കൂടുതൽ കഠിനാധ്വാനം ചെയ്യാനും മികച്ച മാർക്ക് നേടാനും അവർ കടുത്ത സമ്മർദ്ദം നേരിടുന്നു. എന്നാൽ ചില രാജ്യങ്ങൾ മികച്ച സ്കോറുകളേക്കാൾ കുട്ടിയുടെ ക്ഷേമത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഇക്കാലത്ത് ഒരു അനിവാര്യതയാണ്. യുണിസെഫിന്റെ ഓഫീസ് ഓഫ് റിസർച്ച് ഇന്നൊസെന്റിയുടെ റിപ്പോർട്ട് കാർഡ് പ്രകാരം, ഏറ്റവും സന്തോഷമുള്ള കുട്ടികളുള്ള ആദ്യ 10 രാജ്യങ്ങളെ പരിചയപ്പെടാം.
നെതർലൻഡ്‌സ്
കുട്ടികളുടെ ക്ഷേമത്തിന്റെ പട്ടികയിൽ നെതർലൻഡ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. പട്ടികയനുസരിച്ച്, ഒരു കുട്ടിയുടെ മാനസികാരോഗ്യം, ശാരീരികാരോഗ്യം, ആവശ്യമായ ജീവിത നൈപുണ്യങ്ങൾ എന്നിവയ്ക്കിടയിൽ രാജ്യം ഒരു മികച്ച സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. കുടുംബത്തോടൊപ്പമുള്ള സമയം, തുറന്ന ആശയവിനിമയം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന നെതർലാൻഡ്‌സ് സർക്കാർ, മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികളിൽ സമ്മർദ്ദം കുറച്ചും അവരുടെ മാനസികാരോഗ്യത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഡെൻമാർക്ക്
ഡെൻമാർക്ക് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. മാനസികാരോഗ്യം, ശാരീരികാരോഗ്യം എന്നീ രണ്ട് മാനദണ്ഡങ്ങളിലും ഇത് ആദ്യ 5-ൽ ഇടംപിടിച്ചു. കുട്ടികൾക്കിടയിലെ ഉയർന്ന സംതൃപ്തിയെയും കുറഞ്ഞ അമിതവണ്ണ നിരക്കിനെയും ഇത് സൂചിപ്പിക്കുന്നു. തങ്ങളുടെ കുട്ടികളെ സന്തോഷത്തോടെ നിലനിർത്താൻ ഡെൻമാർക്ക് സർക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ഫ്രാൻസ്
കുട്ടികളുടെ ക്ഷേമത്തിന്റെ പട്ടികയിൽ ഫ്രാൻസ് മൂന്നാം സ്ഥാനത്താണ്. ശാരീരികാരോഗ്യ മാനദണ്ഡത്തിൽ രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസ്, പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിലും മാനസികാരോഗ്യത്തിന് പിന്തുണ നൽകുന്നതിലും മുന്നിലാണ്. കുട്ടികൾക്ക് സാമൂഹികവും വൈകാരികവുമായ കഴിവുകൾ പഠിക്കാൻ കഴിയുന്ന മികച്ച രീതിയിലാണ് അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം രൂപകൽപന ചെയ്തിരിക്കുന്നത്.
പോർച്ചുഗൽ
പട്ടികയിൽ മൊത്തത്തിൽ നാലാം സ്ഥാനത്തും, മാനസികാരോഗ്യത്തിന്റെ മാനദണ്ഡത്തിൽ നെതർലാൻഡ്‌സിന് ശേഷം രണ്ടാം സ്ഥാനത്തുമാണ് പോർച്ചുഗൽ. കുട്ടികളുടെ വികാസത്തിന് സർക്കാർ നല്ലൊരന്തരീക്ഷം നൽകുന്നു. അവരുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ വശങ്ങളും പരിഗണിച്ച് ഒരു സമഗ്രമായ സമീപനമാണ് ഇവിടെയുള്ളത്.
അയർലൻഡ്
കുട്ടികളുടെ ക്ഷേമത്തിന്റെ പട്ടികയിൽ അയർലൻഡ് അഞ്ചാം സ്ഥാനത്താണ്. അയർലൻഡിലെ കുട്ടികൾ അക്കാദമികമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ ബുദ്ധിമുട്ടുന്നു. കുട്ടികളുടെ മാനസികാരോഗ്യ മാനദണ്ഡത്തിൽ രാജ്യം പിന്നിലായതാണ് ഇതിന് കാരണം.
സ്വിറ്റ്സർലൻഡ്
പട്ടികയിൽ ആറാം സ്ഥാനത്താണ് ഈ രാജ്യം. ഇവിടുത്തെ കുട്ടികൾക്ക് ശക്തമായ ശാരീരികാരോഗ്യമുണ്ട്. സാമൂഹികവും വൈകാരികവുമായ കഴിവുകൾക്കിടയിൽ സന്തുലിതാവസ്ഥ പാലിച്ച് വിദ്യാഭ്യാസ രംഗത്തും അവർ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എന്നാൽ പട്ടികയിലെ മാനസികാരോഗ്യ മാനദണ്ഡത്തിൽ ഈ രാജ്യം പിന്നിലായിരുന്നു.
സ്പെയിൻ
ഉയർന്ന മാനസികാരോഗ്യ നിരക്കുമായി സ്പെയിൻ പട്ടികയിൽ ഏഴാം സ്ഥാനം നേടി. സ്പെയിനിലെ കുട്ടികൾ വിദ്യാഭ്യാസ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും റാങ്കിങ്ങിൽ ആരോഗ്യനിരക്ക് കുറവായതിനാൽ അവരുടെ ശാരീരികാരോഗ്യത്തെക്കുറിച്ച് ആശങ്കകളുണ്ട്.
ക്രൊയേഷ്യ
യൂണിസെഫിന്റെ കുട്ടികളുടെ ക്ഷേമപട്ടികയിൽ ഇടംപിടിച്ച ആദ്യ 10 രാജ്യങ്ങളിൽ ഒന്നാണ് ക്രൊയേഷ്യയും. കുട്ടികൾക്കുള്ള നൈപുണ്യ വികസനത്തിന്റെ മാനദണ്ഡത്തിൽ ക്രൊയേഷ്യ ആദ്യ മൂന്നിൽ ഇടംപിടിച്ചു. വിദ്യാഭ്യാസ മേഖലയിൽ സാമൂഹികവും വൈകാരികവുമായ കഴിവുകൾക്ക് അവർ ഒരു സമഗ്രമായ സമീപനം നൽകുന്നു. കുട്ടികൾക്കിടയിൽ നല്ല മാനസികാരോഗ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അവരുടെ ശാരീരികാരോഗ്യ റാങ്കിങ് കുറവാണ്.
ഇറ്റലി
ഇറ്റലിയാണ് പത്താംസ്ഥാനത്ത്. ഇവിടുത്തെ കുട്ടികൾ ജീവിതത്തിൽ വലിയ സംതൃപ്തി പ്രകടിപ്പിച്ചു. ആത്മഹത്യാനിരക്കും വളരെ കുറവായിരുന്നു. ക്രൊയേഷ്യയെ അപേക്ഷിച്ച് ശാരീരികാരോഗ്യത്തിന്റെ കാര്യത്തിൽ ഇറ്റലി പുരോഗതി കാണിച്ചു. എന്നാൽ കുട്ടികളുടെ അക്കാദമിക് പ്രാവീണ്യത്തിലും സാമൂഹിക കഴിവുകളിലും കുറഞ്ഞ റാങ്കിങ്ങ് ആയതിനാൽ നൈപുണ്യത്തിന്റെ കാര്യത്തിൽ അവർ തങ്ങളുടെ സമീപനം മാറ്റേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: happiest-kids-unicef-report