പോകേണ്ടിയിരുന്നത് നേപ്പാളിലേക്ക്, പണികൊടുത്ത് ഗൂഗിൾ മാപ്പ്; ഫ്രഞ്ച് സൈക്ലിസ്റ്റുകൾക്ക് സംഭവിച്ചത്

ഒരു വഴിക്ക് പോകാനിറങ്ങുമ്പോൾ കുറച്ച് സഹായമായിക്കോട്ടേ എന്നുവിചാരിച്ചാണ് പലരും ഗൂഗിൾ മാപ്പിനെ ആശ്രയിക്കാറുള്ളത്. പക്ഷേ തന്നെ അത്രകണ്ട് അങ്ങോട്ട് വിശ്വസിക്കേണ്ടതില്ലെന്നും പണി തരാൻ ഒട്ടും മോശമല്ല താനെന്നും പലയാവർത്തി തെളിയിച്ചിട്ടുള്ളതാണ് ഗൂഗിൾ മാപ്പ്. അതിഗംഭീരാനുഭവമായിത്തീരേണ്ടിയിരുന്ന ഒരു യാത്ര ഗൂഗിൾ മാപ്പ് കാരണം താറുമാറായ കഥയാണ് രണ്ട് ഫ്രഞ്ച് സൈക്ലിസ്റ്റുകൾക്ക് പറയാനുള്ളത്.
ബ്രയാൻ ജാക്ക്സ് ഗിൽബർട്ട്, സെബാസ്റ്റ്യൻ ഫ്രാൻകോയിസ് ഗബ്രിയേൽ എന്നിവർക്കാണ് ഗൂഗിൾ മാപ്പ് കാരണം ദുരനുഭവമുണ്ടായത്. ജനുവരി ഏഴിനാണ് ഇരുവരും ഡൽഹിയിലെത്തിയത്. ഡൽഹിയിൽനിന്ന് കാഠ്മണ്ഡുവിലേക്കായിരുന്നു ഇരുവരുടേയും സൈക്കിൾ യാത്ര. പിലിഭിത്തിലെത്തിയശേഷം താനക്പുർ വഴി കാഠ്മണ്ഡുവിലെത്താനായിരുന്നു ഇവരുടെ പദ്ധതി. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രാമധ്യേ ബറേലിയിലെ ബഹേരിവഴി പോകാനുള്ള ഒരു എളുപ്പവഴി ഗൂഗിൾ മാപ്പിൽ തെളിഞ്ഞു. ഇത് പിന്തുടർന്ന് പോയ ഇരുവരും എത്തിച്ചേർന്നതാകട്ടെ ചുരൈലി ഡാമിന് സമീപത്തും.
അപ്പോഴേക്കും രാത്രി 11 മണിയായിരുന്നു. ഈ സമയത്ത് രണ്ട് വിദേശികൾ വിജനമായ റോഡിലൂടെ സഞ്ചരിക്കുന്നത് കണ്ട ചില നാട്ടുകാർ ഇവരെ സമീപിച്ച് കാര്യമന്വേഷിച്ചു. പക്ഷേ ഭാഷ അവിടെയൊരു തടസമായി. കൂടുതൽ പ്രശ്നങ്ങളുണ്ടാവേണ്ട എന്നുകരുതി നാട്ടുകാർ ഇവരെ ചുരൈലി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇരുവരേയും ഗ്രാമമുഖ്യന്റെ വസതിയിൽ താമസിപ്പിച്ചു.
എസ്.പി അനുരാഗ് ആര്യ ഈ സംഭവത്തെക്കുറിച്ച് അറിയാനിടയായി. രണ്ട് സൈക്ലിസ്റ്റുകളുമായും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഇരുവർക്കും പോകേണ്ട വഴി കൃത്യമായി പറഞ്ഞുകൊടുക്കാൻ പോലീസിനോട് നിർദേശിച്ചു. ഇതനുസരിച്ച് ബ്രയാനും സെബാസ്റ്റ്യനും യാത്ര തുടരുകയായിരുന്നു.
Content Highlights: Two French cyclists` Delhi to Kathmandu trip took a wrong turn