കേരളത്തെ ഗൂഗിളില്‍ കണ്ട് വരച്ച് വിജയിച്ചു; മലയാള മണ്ണിൽ അതിഥികളായെത്തി, ഓണം ആഘോഷിച്ച് അവര്‍ മടങ്ങി

#സൂര്യഗായത്രി
ടൂറിസം വകുപ്പ് നടത്തിയ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തില്‍ വിജയിച്ച് കേരളത്തിലെത്തിയ കുട്ടികള്‍
ടൂറിസം വകുപ്പ് നടത്തിയ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തില്‍ വിജയിച്ച് കേരളത്തിലെത്തിയ കുട്ടികള്‍

തിരുവനന്തപുരം: 'കേരള പീപ്പിള്‍സ് മെയ്ഡ് അവര്‍ ബ്യൂട്ടിഫുള്‍ ഡെയ്സ്, ഇറ്റ്സ് ഓസം'.  ഓണം ആഘോഷിച്ച്, ഘോഷയാത്രയും കേരള നാടും കണ്ട് മടങ്ങാനൊരുങ്ങുമ്പോഴും 11-കാരിയായ സെര്‍ബിയന്‍ സ്വദേശി 'നിക'യുടെ ത്രില്ല് തെല്ലും മാറിയിട്ടില്ലായിരുന്നു. 'ഇനിയും വരും, ഈ നാട് കാണാന്‍ അത്രമേല്‍ ഭംഗിയാണ്. നാടും നഗരവും കലകളുമെല്ലാം ഗംഭീര കാഴ്ചകളാണ് സമ്മാനിച്ചത്. വിദേശികളായ തങ്ങളെയും ഓണം ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയതിന് കേരളത്തോട് നന്ദി.' പുതിയ കാഴ്ചകളെ തന്റെ കാന്‍വാസിലേക്ക് പകര്‍ത്തുമെന്നും ചിത്രകാരിയായ നിക പറഞ്ഞു. 

ടൂറിസം വകുപ്പ് നടത്തിയ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിന്റെ മൂന്നാം സീസണിലെ വിജയികളായ വിദേശി കുട്ടികളും മറ്റു സംസ്ഥാനത്തുനിന്നുള്ളവരും ഓണം കാണാനും സമ്മാനം കൈപറ്റാനും കേരളത്തിലെത്തിയിരുന്നു. അവരിലൊരാളാണ് നിക.

ഓണം ഘോഷയാത്ര കണ്ടപ്പോള്‍ ശ്രീലങ്കന്‍ കള്‍ചറല്‍ ഫെസ്റ്റിവലായ 'പെരഹേര'യാണ് ശ്രീലങ്ക സ്വദേശിനി സിനലിയുടെ മനസിലെത്തിയത്. എന്നാലും ഇത്രയേറെ കലാരൂപങ്ങള്‍ ഒന്നിച്ചു കാണാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എരിവുള്ള പലഹാരങ്ങള്‍ മുതല്‍ പുലികളിവരെ തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും കേരളം സ്വന്തം നാടായി മാറിയെന്നും സിനലി പറഞ്ഞു. കലകളെയും പെയിന്റിങ്ങിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന അവര്‍ രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. അടുത്ത ഓണത്തിനും കേരളത്തിലെത്തണമെന്ന ആഗ്രഹമാണ് സിനലിക്കുള്ളത്.

കാണാത്ത മലയാള നാടിനെ ഗൂഗിളിലൂടെ കണ്ട് കാന്‍വാസില്‍ പകര്‍ത്തി വിജയികളായി കേരളത്തിലെത്തിയ ഇവര്‍ക്ക് കേരള നാടും നഗരവും തനത് ജീവിതവും നേരില്‍ കണ്ടറിയാനുള്ള ആവേശമായിരുന്നു ഓരോ നിമിഷവും. ബംഗ്ലാദേശ്, സെര്‍ബിയ, ബൾഗേറിയ, റഷ്യ, യുകെ, ഉസ്ബകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായി ഒന്‍പത് കുട്ടികളും മാതാപിതാക്കളുമാണ് എത്തിയത്. ഇവരില്‍ പലരും കേരളം സന്ദര്‍ശിക്കുന്നത് ആദ്യമായാണ്. അന്താരാഷ്ട്ര പെയിന്റിങ് മത്സരത്തിന്റെ പ്രമേയം 'കേരളത്തിന്റെ ഗ്രാമീണ ജീവിതം' എന്നതായിരുന്നു.

എട്ട് ദിവസത്തെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം പ്രതിനിധി സംഘത്തിനൊപ്പം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി സംവദിക്കാനും പെയിന്റിങ് മത്സരവിജയികള്‍ക്ക് സാധിച്ചു. നാലു മുതല്‍ ആറുവരെ പ്രായമുള്ള കുട്ടികള്‍ക്കായിരുന്നു മത്സരം. ഒറീസ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചുപേരും തിരുവനന്തപുരം വര്‍ക്കല സ്വദേശി വര്‍ണന രതീഷും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കു പുറമേ വിജയികളായ പ്രൊമോട്ടര്‍മാരുള്‍പ്പെടെ 30 പേരും എത്തിയിരുന്നു. ഓണം ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന അവരുടെ ആഗ്രഹം മന്ത്രി സാധിച്ചു കൊടുത്തതിലുള്ള സന്തോഷത്തിലാണ് എല്ലാവരും മടങ്ങിയത്. 

Content Highlights: Foreign children comes Kerala, celebrated Onam and returned home