കോടഞ്ചേരിയും തുഷാരഗിരിയും ഇനി സൈക്കിളില്‍ കറങ്ങി ആസ്വദിക്കാം; മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ആരംഭിച്ചു

സാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഇന്റര്‍നാഷണല്‍ കയാക്കിങ് സെന്ററില്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ആരംഭിച്ചു. സഞ്ചാരികള്‍ക്ക് ഇനി സൈക്കിള്‍ വാടകയ്ക്കെടുത്ത് കോടഞ്ചേരി-പുലിക്കയം-തുഷാരഗിരി മേഖലകളിലെ നാട്ടുപ്രദേശങ്ങളുടെ ഭംഗി ആസ്വദിക്കാനും ഈ മേഖലകളിലെ നാടന്‍ ഭക്ഷണങ്ങള്‍ അറിയാനുമുള്ള അവസരം ഉറപ്പാക്കുകയാണ് ടൂറിസം വകുപ്പ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
രണ്ട് മണിക്കൂര്‍ സമയത്തെ യാത്രയ്ക്കായി 500 രൂപയാണ് സൈക്കിളിന് വാടകയായി ഈടാക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബും ടൂറിസം വകുപ്പും സംയുക്തമായാണ് കോടഞ്ചേരി പഞ്ചായത്തില്‍ ചാലിപ്പുഴയുടെ തീരത്തുള്ള പുലിക്കയത്തെ കയാക്കിങ് സെന്ററിന്റെ പ്രവര്‍ത്തനം നടത്തുന്നത്.
കോഴിക്കോടിന്റെ മലയോരമേഖലയായ കോടഞ്ചേരി പഞ്ചായത്തിനെ സാഹസിക വിനോദങ്ങളുടെ ഹബ്ബായി മാറ്റുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ആരംഭിച്ചതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് മൗണ്ടന്‍ ബൈക്ക് സൈക്ലിങ്ങില്‍ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുമെന്നും കൗഷിക്ക് കൂട്ടിച്ചേര്‍ത്തു.
ലിന്റോ ജോസഫ് എംഎല്‍എയാണ് മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ഉദ്ഘാടനം ചെയ്തത്. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജര്‍ പ്രസാദ് തുമ്പാണി, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി, കോടഞ്ചേരി പഞ്ചായത്ത് മെംബര്‍ ചാള്‍സ് പോള്‍, തുഷാരഗിരി ഡിടിപിസി സെന്റര്‍ മാനേജര്‍ ഷെല്ലി മാത്യു, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ പോള്‍സണ്‍ അറക്കല്‍, പരിശീലകന്‍ വി കെ അക്ഷയ് അശോക്, ബെനീറ്റോ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Explore Kodanchery-Puliyakam-Thusharagiri on a mountain bike