'ആവശ്യമുള്ളപ്പോഴൊക്കെ സമാധാനം തന്നു', 5 വർഷമായി ദാൽ തടാകം വ‍ൃത്തിയാക്കുന്ന ഡച്ചുകാരി, വീഡിയോ വൈറൽ

photo:Kashmir Rights Forum/X
photo:Kashmir Rights Forum/X

ശ്രീനഗറിലെ ദാൽ തടാകത്തിലൂടെ തൻ്റെ ബോട്ട് തുഴഞ്ഞ് മാലിന്യം ശേഖരിക്കുന്ന ഡച്ച് വനിതയുടെ വീഡിയോ വൈറലാകുന്നു. 69 വയസ്സുള്ള എല്ലിസ് ഹുബെർട്ടിന സ്പാൻഡർമൻ എന്നാണ് ഇവരുടെ പേരെന്നും 25 വർഷങ്ങൾക്ക് മുൻപ് വിനോദസഞ്ചാരിയായി കശ്മീരിലെത്തിയതാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷമായി, ഓരോ ഉപേക്ഷിക്കപ്പെട്ട കുപ്പിയും പ്ലാസ്റ്റിക് കവറുകളും ശേഖരിച്ച് അവർ നിശ്ശബ്ദമായി തടാകം വൃത്തിയാക്കുകയാണ്.

ഹുബെർട്ടിന ഒരു സഞ്ചാരിയായാണ് ഏകദേശം 25 വർഷം മുൻപ് ആദ്യമായി താഴ്വരയിൽ എത്തിയത്. എന്നാൽ  പ്രദേശത്തിൻ്റെ അതിമനോഹരമായ സൗന്ദര്യം അവരെ അവിടെ താമസിക്കാൻ പ്രേരിപ്പിച്ചു. കാലക്രമേണ, അവർദാൽ തടാകവുമായി ആത്മീയമായും വൈകാരികമായും ആഴത്തിൽ അടുത്തു. എന്നാൽ തടാകത്തിൻ്റെ അവസ്ഥ മോശമാകാൻ തുടങ്ങിയപ്പോഴാണ് അവർ അതിനെതിരേ പ്രവർത്തിക്കാൻ ആരംഭിച്ചത്.    

‌'എനിക്ക് സമാധാനം ആവശ്യമുള്ളപ്പോൾ ദാൽ തടാകം എനിക്ക് സമാധാനം നൽകി. ഇപ്പോൾ തിരികെ നൽകാനുള്ള എൻ്റെ ഊഴമാണ്', അവർ 'ദി വയറി'നോട് പറഞ്ഞു. പ്രാദേശിക പത്രപ്രവർത്തകരും സാമൂഹിക മാധ്യമങ്ങളും വ്യാപകമായി പങ്കുവെച്ച ഒരു വീഡിയോയിൽ, അവർ ശാന്തമായി വെള്ളത്തിലൂടെ നീങ്ങുന്നതും മാലിന്യം പെറുക്കിയെടുത്ത് തൻ്റെ ചെറിയ ബോട്ടിലേക്ക് കയറ്റുന്നതും കാണാം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രശംസയാണ് എല്ലിസിന് ലഭിക്കുന്നത്. 

“ശ്രീനഗറിലെ ദാൽ തടാകം വൃത്തിയാക്കുന്നതിൽ ഡച്ച് പൗരയായ എല്ലിസ് ഹുബെർട്ടിന സ്പാൻഡർമൻ നടത്തിയ നിസ്വാർത്ഥ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ... ഈ സമർപ്പണം കശ്മീരിൻ്റെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു,” വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിലെ കശ്മീർ റൈറ്റ് ഫോറം കുറിച്ചു.

എന്നാൽ ഹുബെർട്ടിനയുടെ ഇത്തരം ശ്രമങ്ങൾ തടാകത്തിൽ മാത്രം ഒതുങ്ങുന്നതല്ല. സൈക്കിൾ ഓടിക്കുന്നതിലും പ്രകൃതി സ്നേഹത്തിലും അതീവ താല്പര്യമുള്ള അവർ, ആളുകളെ കൂടുതൽ പരിസ്ഥിതി സൗഹൃദപരവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ശ്രീനഗറിലെ തെരുവുകളിലൂടെ അവർ സൈക്കിൾ ഓടിക്കുന്നത് പലപ്പോഴും കാണാം. എല്ലിസിന്റെ ഇൻസ്റ്റാഗ്രാം പേജ് കശ്മീരിലെ അവരുടെ ജീവിതത്തെക്കുറിച്ചുള്ള നേർക്കാകാഴ്ച നൽകുന്നു.  മനോഹരമായ കാഴ്ചകൾക്കൊപ്പം അവരുടെ ശുചീകരണ ദൗത്യങ്ങളെക്കുറിച്ചുള്ള  വിവരങ്ങളും അതിൽ ഉൾപ്പെടുന്നു.

അവരുടെ സമീപകാല പോസ്റ്റുകളിലൊന്നിൽ, തടാകം വൃത്തിയാക്കുന്നതിൻ്റെ ചിത്രം എല്ലിസ് പങ്കുവെച്ചിരുന്നു. ശേഷം ഇങ്ങനെ കുറിച്ചു- 'കശ്മീർ വൃത്തിയാക്കുന്നു, ദയവായി, എന്നെ സഹായിക്കൂ. ചെറിയ പ്രവർത്തനങ്ങളുടെ ശക്തി ഒരിക്കലും കുറച്ചുകാണരുത്. ആരെയും കുറ്റപ്പെടുത്തരുത്. മറ്റ് ആളുകളെയോ (വിനോദസഞ്ചാരികളെയോ നാട്ടുകാരെയോ) സർക്കാരുകളെയോ കുറ്റപ്പെടുത്തരുത്. പകരം, നിങ്ങളുടെ മാലിന്യം എല്ലായിടത്തും വലിച്ചെറിയാതെയും ഞാൻ ചെയ്യുന്നതുപോലെ മറ്റുള്ളവരുടെ മാലിന്യം പോലും ശേഖരിച്ചുകൊണ്ടും നിങ്ങളുടെ പങ്ക് ചെയ്യുക.” 

കാശ്മീരിൻ്റെ വിവിധ ഭാഗങ്ങളിൽ തൻ്റെ ശുചീകരണ യജ്ഞങ്ങൾ ചെയ്യുന്നത് അവർ തുടരുകയാണ്,  മുൻകൈയെടുക്കാൻ മറ്റുള്ളവരെകൂടി പ്രചോദിപ്പിച്ചുകൊണ്ട്. 

Content Highlights: Dutch woman cleaning Kashmirs Dal Lake on her own for last 5 years