ലണ്ടനൊക്കെ എന്ത്?, 2022-ലെ ട്രിപ്പ് അഡ്വൈസർ ജനപ്രിയ സഞ്ചാരകേന്ദ്രമായി ദുബായ്

ഏത് യാത്രാപ്രേമിയുടേയും ആഗ്രഹങ്ങളിലൊന്നാണ് ദുബായ് സന്ദർശിക്കുക എന്നത്. അത്രയധികം കാഴ്ചകളാണ് സഞ്ചാരികളെ കാത്ത് ദുബായിലുള്ളത്. ഇപ്പോഴിതാ ഈ കാഴ്ചകളെല്ലാം ചേർന്ന് ദുബായിയെ പുതിയൊരു നേട്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്. ട്രിപ് അഡ്വൈസറിന്റെ 2022-ലെ ഏറ്റവും ജനപ്രീതിയുള്ള സഞ്ചാരകേന്ദ്രമായാണ് ദുബായ് തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനെയാണ് ദുബായ് പിന്തള്ളിയത്.
2020 നവംബർ മുതൽ 2021 ഒക്ടോബർ വരെയുള്ള ഒരുവർഷത്തെ സഞ്ചാരികളുടെ റിവ്യൂ, റേറ്റിങ് എന്നിവ വിലയിരുത്തിയാണ് ട്രിപ്പ് അഡ്വൈസർ ഈ പുരസ്കാരം നിശ്ചയിച്ചത്. റോമാണ് ഭക്ഷണപ്രേമികളുടെ പ്രിയസ്ഥലം. 71 ശതമാനം അമേരിക്കക്കാരും ഈ വർഷം യാത്ര ചെയ്യാൻ സാധ്യതയുണ്ടെന്നാണ് പഠനഫലം. സ്പെയിനിലെ മല്ലോർക്കയാണ് ട്രെൻഡിങ് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ജനപ്രീതിയുള്ള ഡെസ്റ്റിനേഷൻ.
ട്രിപ്പ് അഡ്വൈസർ പുരസ്കാരത്തിനർഹമായ ജനപ്രിയ രാജ്യങ്ങൾ
- ദുബായ് (യു.എ.ഇ)
- ലണ്ടൻ (യു.കെ)
- കാങ്കൺ (മെക്സിക്കോ)
- ബാലി (ഇന്തോനേഷ്യ)
- ക്രീറ്റ് (ഗ്രീസ്)
- റോം (ഇറ്റലി)
- കാബോ സാൻ ലൂക്കാസ് (മെക്സിക്കോ)
- ഇസ്താൻബുൾ (തുർക്കി)
- പാരിസ് (ഫ്രാൻസ്)
- ഹർഘദ (ഈജിപ്റ്റ്)
ട്രിപ്പ് അഡ്വൈസർ പുരസ്കാരത്തിനർഹമായ ട്രെൻഡിങ് രാജ്യങ്ങൾ
- മല്ലോർക്ക (സ്പെയിൻ)
- കെയ്റോ (ഈജിപ്റ്റ്)
- റോഡ്സ് (ഗ്രീസ്)
- തുലൂം (മെക്സിക്കോ)
- ഡുബ്രോവ്നിക് (ക്രൊയേഷ്യ)
- ഇബിസ (സ്പെയിൻ)
- നറ്റാൽ (ബ്രസീൽ)
- അറൂഷ (ടാൻസാനിയ)
- ഗൊറീം (തുർക്കി)
- സാന്റോറിനി (ഗ്രീസ്)
ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ്ങുള്ളതും ഏറ്റവും പ്രിയപ്പെട്ടതുമായ സ്ഥലമായി ദുബായി മാറുന്നുവെന്നാണ് ട്രിപ്പ് അഡ്വൈസർ മീഡിയ, ഡെസ്റ്റിനേഷൻസ് ആൻഡ് ട്രാവൽ ഡയറക്ടർ ജസ്റ്റിൻ റീഡ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രിപ്പ് അഡ്വൈസേഴ്സ് ട്രാവലേഴ്സ് ചോയ്സ് അവാർഡുകളുടെ നിരയിൽ ദുബായ് സാവധാനം ഉയരുകയാണ്, ഇപ്പോൾ 2022 ൽ ലോകത്തിലെ ജനപ്രിയ ലക്ഷ്യസ്ഥാനമായും ദുബായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഗോൾഡൻ ബീച്ചുകൾ, ലോകോത്തര ഡൈനിംഗ്, മനോഹരമായ ഹോട്ടലുകൾ തുടങ്ങിയവയാണ് ദുബായിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്.
Content Highlights: dubai tourism, trip advisor's popular destination awards, malayalam travel news
Content Highlights: