ഇടുക്കിയുടെ കൈയെത്തുംദൂരം തീവണ്ടി; ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത യാഥാര്‍ഥ്യമാകുമോ?

ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത വരുന്നു...' ഒന്നരപ്പതിറ്റാണ്ടുമുമ്പാണ് ഇടുക്കിക്കാര്‍ ഈ വാര്‍ത്ത ആദ്യം കേട്ടത്. പല കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി. ഇപ്പോള്‍ ശരിക്കും യാഥാര്‍ഥ്യമാകാനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുയാണ്.
പദ്ധതിക്ക് വീണ്ടും ജീവന്‍വെപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രവുമായി ആശയവിനിമയം തുടങ്ങിക്കഴിഞ്ഞു. പാത യാഥാര്‍ഥ്യമായാല്‍ കുമളിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലോവര്‍ ക്യാമ്പ് റെയില്‍വേ സ്റ്റേഷന്‍ വരും. ഇതാകും ജില്ലയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. മധുര-ബോഡിനായ്ക്കന്നൂര്‍ പാതയിലെ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേസ്റ്റേഷനാണ് ഇപ്പോള്‍ ജില്ലയ്ക്ക് ഏറ്റവും അടുത്തുള്ളത്. 50 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
എങ്ങുമെത്താത്ത 15 വര്‍ഷം
ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചതോടെയാണ് 2009-ല്‍ ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത സജീവ ചര്‍ച്ചാവിഷയമായി ഉയര്‍ന്നുവന്നത്. പദ്ധതി പ്രകാരം ഡിണ്ടിഗലില്‍നിന്ന് ചെമ്പട്ടി, വത്തലഗുണ്ട്, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂര്‍, തേവാരം, കമ്പം വഴി ലോവര്‍ ക്യാമ്പ് വരെയാണ് നൂറ് കിലോമീറ്ററിലധികം വരുന്ന നിര്‍ദിഷ്ട റെയില്‍പ്പാത. പദ്ധതിക്ക് ചെലവാകുന്ന അഞ്ഞൂറ് കോടിയിലധികം രൂപയുടെ പകുതി തമിഴ്‌നാടും പകുതി കേന്ദ്രവും അനുവദിക്കണമെന്നായിരുന്നു ആസൂത്രണ കമ്മിഷന്റെ നിര്‍ദേശം. കമ്മിഷന്റെ തുക വകയിരുത്തല്‍ നയത്തില്‍ പദ്ധതി മുങ്ങുകയായിരുന്നു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിനോദ, തീര്‍ഥാടന, വ്യാപാരമേഖലകള്‍ക്ക് ഊര്‍ജം പകരുന്ന പദ്ധതിക്കായി ജനപ്രതിനിധികളുള്‍പ്പെടെ ആരും ശക്തമായ നിലപാടുകളുമായി അന്ന് രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.
പുതുജീവന്‍
മധുര-ബോഡിനായ്ക്കന്നൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമായതോടെയാണ് ഡിണ്ടിഗല്‍-കുമളി പാതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നുവന്നത്. ഈ രണ്ടുപാതയും തേനിയുമായി ബന്ധിപ്പിച്ചാല്‍ ഒരു റെയില്‍ സര്‍ക്യൂട്ടുണ്ടാകും. ഗതാഗതസൗകര്യം മെച്ചപ്പെടും. അതിനാലാണ് തേവാരം, കമ്പം വഴി ലോവര്‍ ക്യാമ്പിലെത്തിക്കാമെന്നിരിക്കെ മുടങ്ങിയ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാരുകള്‍ നടത്തുന്നത്.
ഏറെ പ്രയോജനം
ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത യാഥാര്‍ഥ്യമായാല്‍ ഇടുക്കിക്ക് ഏറെ ഗുണങ്ങളുണ്ട്. ഹൈറേഞ്ചുകാര്‍ക്ക് റെയില്‍യാത്ര കൈയെത്തുംദൂരത്താകും എന്നുള്ളതാണ് ആദ്യത്തേത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
വ്യാപാരവും വിനോദസഞ്ചാരവുമൊക്കെ വികസിക്കും. കേരളത്തില്‍നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയവയുടെയും തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുള്‍പ്പെടെയുള്ള ചരക്കുനീക്കവും എളുപ്പമാകും. ഇതിനൊപ്പം തമിഴ്‌നാട്ടിലെ വിവിധ വാണിജ്യകേന്ദ്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായകമാകും.
Content Highlights: dindigul kumily railway line idukki indian railway