'പ്രേതനഗരങ്ങള്‍ പോലയാണിവിടെ, ഒന്നും കാണാന്‍ വയ്യ'; അതിശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ

ഉത്തരേന്ത്യയില്‍ അതിശൈത്യം പിടിമുറുക്കിയതോടെ നഗരങ്ങള്‍ മൂടല്‍മഞ്ഞില്‍ മുങ്ങി. ഡല്‍ഹിയില്‍ 19 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. 400-ലധികം വിമാനങ്ങള്‍ വൈകുകയും 45 എണ്ണം റദ്ദാക്കുകയും ചെയ്തു. 81 തീവണ്ടികള്‍ വൈകി. ഭയാനകമാം വിധത്തില്‍ മഞ്ഞുമൂടിയ നോയിഡയുടെയും ഗ്രേറ്റര്‍ നോയിഡയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പ്രദേശവാസികള്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഭയപ്പെടുത്തുന്നതും പ്രേതസിനിമകള്‍ക്ക് സമാനവുമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിലയിരുത്തല്‍.
'ഈ മൂടല്‍മഞ്ഞിനപ്പുറം ഒരു ലോകമുണ്ട്' എന്ന കുറിപ്പോടെയാണ് പ്രദേശവാസിയായ ഒരാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മൂടല്‍മഞ്ഞ് കാരണമുള്ള അപകടങ്ങളും ഉത്തരേന്ത്യയില്‍ തുടര്‍ക്കഥയാവുകയാണ്. ഡല്‍ഹി -മുംബൈ എക്‌സ്പ്രസ്വേയിലെ കലിംഗര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം മൂടല്‍മഞ്ഞുകാരണം ഡ്രൈവര്‍ക്ക് റോഡു കാണാന്‍ കഴിയാത്തതിനാല്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു. നാലു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറാണ് മരിച്ചത്. ജയ്പുരില്‍ നിന്ന് ഡല്‍ഹിക്ക് പോകുകയായിരുന്നു ബസ്. രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കൈരോഡി രാജ്‌നോട്ട സ്വദേശി സുഭാഷ് സിങ് ഷെഖാവത് ആണ് മരിച്ചത്.
ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിമിതി കുറഞ്ഞിട്ടുണ്ട്. രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞുണ്ട്. 59 ട്രെയിനുകള്‍ ആറ് മണിക്കൂര്‍ വരെയും 22 ട്രെയിനുകള്‍ എട്ടു മണിക്കൂറും വൈകിയോടുന്നതായി ഉത്തര റെയില്‍വേ അറിയിച്ചു. ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണത്തോതും വഷളായി. വളരെ മോശം വിഭാഗത്തിലാണിപ്പോള്‍. ഡല്‍ഹിയില്‍ ശനിയാഴ്ചത്തെ കുറഞ്ഞ താപനില 7.8 ഡിഗ്രി സെല്‍ഷ്യസാണ്.
Content Highlights: dense fog engulfs north India