മാലിന്യം വീഴാതിരിക്കാന്‍ ഇരുമ്പ് ഗ്രില്ലുകള്‍; ബേക്കല്‍ കോട്ടയിലെ കിണറുകള്‍ വൃത്തിയാക്കുന്നു

ഉദുമ: അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ടയിലെ കിണറുകള്‍ അമൃത് സരോവര്‍ പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിക്കുന്നു. ബേക്കല്‍ കോട്ടയുടെ പുറത്തുള്ള മൂന്ന് കിണറുകളും അകത്തുള്ള 20 കിണറുകളുമാണ് വൃത്തിയാക്കുന്നത്. ചിലതിന്റെ നവീകരണം പൂര്‍ത്തിയായി.
ശുചീകരിക്കുന്ന കിണറുകളില്‍ മാലിന്യം വീഴാതിരിക്കാന്‍ ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കും. കോട്ടയുടെ അകത്തുള്ള കിണറുകളില്‍ രണ്ടെണ്ണത്തിന്റെ അടിയിലേക്ക് ഇറങ്ങാന്‍ പടികളുള്ളതാണ്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഈ പടികളില്‍ പുതിയ കൈവരികള്‍ സ്ഥാപിക്കും. കിണറുകളുടെ ഇടിഞ്ഞ ഭാഗത്ത് ചെങ്കല്ല് ഉപയോഗിച്ച് കെട്ടും. നടപ്പാതയില്‍ ചെങ്കല്ല് പാകുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. മഴ മാറിയാല്‍ ബാക്കിയുള്ള കിണറുകളും വൃത്തിയാക്കും.
പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാന്‍ കേന്ദ്ര പുരാവസ്തുവകുപ്പ് തൃശ്ശൂര്‍ സര്‍ക്കിള്‍ സുപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് കെ.രാമകൃഷ്ണ റെഡ്ഡി, ഡെപ്യൂട്ടി സുപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് സി.കുമാരന്‍ എന്നിവര്‍ ബേക്കല്‍ കോട്ടയിലെത്തി. ബേക്കല്‍ കോട്ട കണ്‍സര്‍വേറ്റിവ് അസിസ്റ്റന്റ് പി.വി.ഷാജു, ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ചെയര്‍മാന്‍ സൈഫുദീന്‍ കളനാട് എന്നിവരും ഉണ്ടായിരുന്നു.
Content Highlights: cleaning the wells at bekal fort