വൻമതിലിൽ നഗ്നതാപ്രദർശനവും ഫോട്ടോഷൂട്ടും; വിനോദസഞ്ചാരികൾക്ക് തടവും നാടുകടത്തലും

ബീജിങ്: വൻമതിലിൽ നിതംബം പ്രദർശിപ്പിച്ച് ചിത്രം പകർത്തിയ 20-കാരായ വിനോദസഞ്ചാരികൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ചൈന. ഇരുവരേയും രണ്ടാഴ്ച തടവിൽ പാർപ്പിച്ചശേഷം നാടുകടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജപ്പാനിൽനിന്നുള്ള യുവാവാണ് നഗ്നതാ പ്രദർശനം നടത്തിയത്. ഒപ്പമുണ്ടായിരുന്ന യുവതിയാണ് ചിത്രം പകർത്തിയത്.
ഈ വർഷം ജനുവരി മൂന്നിനാണ് സംഭവം നടന്നതെന്ന് ടോക്യോ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നഗ്നതാ പ്രദർശനം നടത്തിക്കൊണ്ട് ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ശരീരത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് ചൈനയിൽ കുറ്റകരമാണ്. സംഭവത്തിൽ ബീജിങ്ങിലെ ജാപ്പനീസ് എംബസി പ്രതികരിച്ചിട്ടില്ല.
തങ്ങൾ ചെയ്തത് വെറും തമാശയായിരുന്നുവെന്ന് സഞ്ചാരികൾ ജാപ്പനീസ് എംബസിയോട് പറഞ്ഞെന്ന് റിപ്പോർട്ടുണ്ട്. വൻമതിലിൽ നിന്നുകൊണ്ടാണ് സഞ്ചാരികൾ ഇത്തരം പ്രവൃത്തി ചെയ്തത് എന്നതിനാൽ രാജ്യത്ത് ഇരുവർക്കുമെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. സോഷ്യൽ മീഡിയയിലൂടെ പൊട്ടിത്തെറിച്ചുകൊണ്ടാണ് പലരും ഈ വിഷയത്തിൽ പ്രതികരണമറിയിക്കുന്നത്. വൻമതിലിനോട് ചെയ്ത ഏറ്റവും നാണംകെട്ട കാര്യം എന്നാണ് ചൈനീസ് നടൻ ചെൻ-യിതിയാൻ പ്രതികരിച്ചത്. ജപ്പാനിൽനിന്നുള്ള സഞ്ചാരികളെ വിലക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
ബീജിങ്ങിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ബാഡ്‌ലിങ്ങിലാണ് വൻമതിലിന്റെ വളരെ കൃത്യമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്ന ഭാഗം. ചൈനയിലെത്തുന്ന വിദേശ സഞ്ചാരികൾ ഇവിടെയാണ് സന്ദർശിക്കുന്നത്. വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നതും ഇവിടമാണ്. ഇരുപതിനായിരം കിലോമീറ്റർ നീളമുള്ള വൻമതിലിന്റെ വളരെ മനോഹരമായ ഭാഗമാണിത്. മിംഗ് ഡൈനാസ്റ്റിയുടെ കാലത്ത് 1505 ലാണ് ഈ ഭാഗത്തെ മതിൽ നിർമ്മിച്ചത്.
Content Highlights: Two tourists deported from China after indecent exposure at the Great Wall