ബേക്കലില്‍ ഇറങ്ങുമോ സീ പ്ലെയിന്‍...

ബേക്കല്‍(കാസര്‍കോട്): ജില്ലയിലെ വിനോദസഞ്ചാരവികസനകുതിപ്പിന് ചിറകുകളേകാന്‍ ബേക്കലിലും ജലവിമാനം (സീ പ്ലെയിന്‍) പറന്നിറങ്ങണമെന്ന ആവശ്യം ശക്തമാകുന്നു.
അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ടയെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളുമായും വിമാനത്താവളങ്ങളുമായും ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസ് തുടങ്ങിയാല്‍, പൊസഡിഗുംബെ ഉള്‍പ്പെടെ ജില്ലയിലെ പ്രാദേശികമായുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വിദേശരാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളുടെ നടുവില്‍ വരുന്ന സ്ഥലമെന്നതും യാഥാര്‍ഥ്യമാകാനിരിക്കുന്ന പെരിയ എയര്‍ സ്ട്രിപ്പ് (ചെറു വിമാനത്താവളം) ഇവിടെയാണെന്നതുമുള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങളും സീ പ്ലെയിന്‍ സര്‍വീസ് സുഗമമാക്കും. കൂടാതെ, കടലും പുഴയും സംഗമിക്കുന്ന അഴിമുഖങ്ങളും ബേക്കല്‍ തീരത്തോട് ചേര്‍ന്നുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകളും ബേക്കലിന് അനുകൂലമാണ്.
വിനോദസഞ്ചാരമേഖലയ്‌ക്കൊപ്പം വിവിധ മേഖലകളില്‍ സീ പ്ലെയിന്‍ സര്‍വീസ് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നുറപ്പാണ്. പദ്ധതിയുടെ പരീക്ഷണപറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും പദ്ധതി പ്രവര്‍ത്തികമാകാന്‍ ഇനിയും നിരവധി കടമ്പകള്‍ താണ്ടേണ്ടതുണ്ട്.
സംസ്ഥാനത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലകളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന വിപുലമായ പദ്ധതിയാണ് ഇതുവഴി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്ക് കീഴിലായി നെടുമ്പാശ്ശേരി വിമാനത്താവളവും ബോള്‍ഗാട്ടി പാലസും കേന്ദ്രമാക്കിയാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അഷ്ടമുടി, കുമരകം, പുന്നമട, കോവളം, ബേക്കല്‍, മലമ്പുഴ ഡാം, കാസര്‍കോട് കീഴൂര്‍ ചന്ദ്രഗിരിപ്പുഴ എന്നിവിടങ്ങളിലെല്ലാം സീ പ്ലെയിനിനുവേണ്ടിയുള്ള വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണിക്കുന്നുണ്ട്.
വിമാനത്താവളങ്ങളിലെത്തുന്ന വിദേശീയര്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കാനും ചെലവുചുരുക്കാനും സാധിക്കുമെന്നതാണ് പദ്ധതിയുടെ ഗുണം.
ഇതോടൊപ്പംതന്നെ തദ്ദേശീയരായ ആളുകള്‍ക്കും ഈ സര്‍വീസ് ഉപയോഗിച്ച് യാത്രചെയ്യാം. സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിലവില്‍ ആകെ ഒരു വിമാനസര്‍വീസ് മാത്രമാണ് ഉള്ളതെന്ന സാഹചര്യത്തില്‍ സീ പ്ലെയിന്‍ വേഗത്തിലുള്ള യാത്രകള്‍ക്ക് സഹായകരമാകും.
Content Highlights: bekal needs sea plane service