ലോകത്തിന് മുന്നില്‍ ബേക്കലിനെ അടയാളപ്പെടുത്താന്‍ ബീച്ച് ഫെസ്റ്റ്; സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

ബേക്കല്‍ ബീച്ച് | Photo: Mathrubhumi
ബേക്കല്‍ ബീച്ച് | Photo: Mathrubhumi

ബേക്കല്‍ ബീച്ച് ഫെസ്റ്റ് 22ന് വൈകിട്ട് 5.30-ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ബേക്കലിനെയും പരിസരപ്രദേശങ്ങളെയും ലോകത്തിന് മുന്നില്‍ വീണ്ടും അടയാളപ്പെടുത്തുന്ന ബേക്കല്‍ ഫെസ്റ്റിന്റെ രണ്ടാംപതിപ്പില്‍ കലാപരിപാടികളും എക്‌സ്പോയും വിപണനമേളയും ഒരുക്കും.

രണ്ടു വേദികളിലായി എല്ലാ ദിവസവും നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ തനത് കലാരൂപങ്ങളും പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നുമുണ്ടാകും. ഉദ്ഘാടനത്തിന് മുന്നോടിയായി ലാസ്യ കലാക്ഷേത്രയുടെ നൃത്താവിഷ്‌കാരം 'കര്‍ണന്‍' അരങ്ങേറും. തൈക്കുടം ബ്രിഡ്ജ്, ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത്, കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, നടി ശോഭന, കണ്ണൂര്‍ ശെരീഫ്, റാസാ ബീഗം, ആട്ടം കലാസമിതി തുടങ്ങിയവര്‍ പരിപാടികളുടെ ഭാഗമാവും.

എല്ലാ ദിവസവും വൈകുന്നേരം സാസ്‌കാരിക സദസ്സും ഒരുക്കും. പുതുവര്‍ഷത്തെ വരവേറ്റ് ഡിസംബര്‍ 31-ന് ബീച്ച് ഫെസ്റ്റ് അവസാനിക്കും. ടിക്കറ്റ് വഴിയാണ് ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് പ്രവേശനം അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് 100 രൂപയും, കുട്ടികള്‍ക്ക് 25 രൂപയും ആണ് ഈടാക്കുന്നത്.

ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാന്‍ എത്തുന്നവരുടെ സൗകര്യാര്‍ത്ഥം ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചു. ചെന്നൈ എഗ്മോര്‍ - മംഗളൂരു എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസ് എന്നിവയ്ക്കാണ് താത്കാലിക സ്റ്റോപ്പ് നല്കിയത്.

Content Highlights: Bekal International Beach Festival