ബന്ദിപ്പുർ, നാഗർഹോളെ സഫാരി നിരോധനം: വനം വകുപ്പിന് നഷ്ടം എട്ട് കോടി

#Travel Desk
നാഗർഹോളെ ടൂറിസം സഫാരി
നാഗർഹോളെ ടൂറിസം സഫാരി

ബെംഗളൂരു: ബന്ദിപ്പുർ, നാഗർഹോളെ ടൂറിസം സഫാരികളുടെ നിരോധനത്തെത്തുടർന്ന് വനം വകുപ്പിന് ആകെ എട്ട് കോടി രുപയുടെ നഷ്ടം സംഭവിച്ചതായി ഈശ്വർ ബി. ഖൺഡ്രെ നിയമസഭയിൽ അറിയിച്ചു. വന്യമൃഗ ആക്രമണം രൂക്ഷമായതിനെത്തുടർന്നാണ് നവംബർ ഏഴു മുതൽ ഫെബ്രുവരി 21- വരെ ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരികൾ താത്കാലികമായി നിരോധിച്ചത്.

ഇതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ക്രിസ്മസ് അവധിക്കാലത്തടക്കം മേഖലയിൽ സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. ഇതാണ് വനം വകുപ്പിന് ഭീമമായ നഷ്ടത്തിന് കാരണമെന്നും മന്ത്രി അറിയിച്ചു.

വന്യജീവി സങ്കേതങ്ങളുടെ അതിർത്തി ഗ്രാമങ്ങളിൽ കടുവ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സഫാരികൾ താത്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. പിന്നീട് സഞ്ചാരികളുടെ വരവ് കുറഞ്ഞതിനാലാണ് സഫാരി പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതോടെ ഗ്രാമങ്ങളിലെ കർഷകർ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.

സഫാരി പുനരാരംഭിച്ചാൽ വന്യമൃഗ ആക്രമണം കൂടുമെന്നായിരുന്നു കർഷകരുടെ വാദം. എന്നാൽ, സഫാരി നിരോധനം ഇതിന് ശാശ്വത പരിഹാരമല്ലെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. കാടിന്റെ വിസ്തൃതി കുറയുന്നതും വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നതുമാണ് ഇതിന്റെ യഥാർഥ കാരണം.

1972-ൽ ബന്ദിപ്പുരിൽ 12 -കടുവകളുണ്ടായിരുന്നു. ഇപ്പോൾ 175 -കടുവകളാണുള്ളതെന്ന് മന്ത്രി അറിയിച്ചു. അതിനാൽ സർക്കാർ വനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ബന്ദിപ്പുരിന് 314 കിലോമീറ്റർ ചുറ്റളവുണ്ട്. അതിൽ 100 -കിലോ മീറ്റർ സംഘർഷ മേഖലയാണെന്നും മന്ത്രി പറഞ്ഞു. സഫാരി നിരോധനത്തിന് പകരം വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനുള്ള മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഇതിന് സർക്കാർ കൂടുതൽ നടപടി സ്വീകരിക്കുകയാണ്.

24 മണിക്കൂറും പട്രോളിങ് സംവിധാനം മേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കാൻ കമാൻഡ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബന്ദിപ്പുരിന്റെ അതിർത്തിയിൽ 70-ഓളം ഗ്രാമങ്ങളുണ്ട്.

അവിടെ സഫാരികളിൽനിന്നുള്ള വരുമാനത്തിന്റെ 35 ശതമാനം സർക്കാർ വിദ്യാഭ്യാസത്തിനും ഉപജീവനമാർഗ മെച്ചപ്പെടുത്തലിനും ഉപയോഗിക്കുന്നുണ്ട്. വനാതിർത്തികളിൽ 201 കോടി രൂപ ചെലവിൽ 116 കിലോ മീറ്റർ റെയിൽവേ ബാരിക്കേഡുകൾ സർക്കാർ സ്ഥാപിക്കും. മേഖലയിൽ ഒരു ആന ദൗത്യസേനയും പുള്ളിപ്പുലി ദൗത്യസേനയും സേവനത്തിനുണ്ടെന്നും മന്ത്രി അറിയിച്ചു.

Content Highlights: Safari ban in Bandipur and Nagarhole resulted in an ₹8 crore loss., Ban was imposed due to rising human-wildlife conflict and tiger attacks., Tiger population in Bandipur has increased from 12 in 1972 to 175 today., Government is implementing 116km of railway barricades worth ₹201 crore., Advanced monitoring including 24/7 patrolling and drone surveillance is active.