കാടുകാണാം, വൈഡൂര്യക്കുന്ന് കയറാം; ഇത് ലേഡീസ് ഒൺലി വനയാത്ര

#രതീഷ് രവി
അരിപ്പ വനത്തിനുള്ളിലെ ജാതിവന ചതുപ്പ് | ഫയല്‍ചിത്രം
അരിപ്പ വനത്തിനുള്ളിലെ ജാതിവന ചതുപ്പ് | ഫയല്‍ചിത്രം

കൊല്ലം: വനിതായാത്രികരെ കാടുകാണിക്കാൻ വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.). പ്രത്യേക ദിവസങ്ങളിൽ വനയാത്രയ്ക്ക് സ്ത്രീകളെമാത്രം ഉൾപ്പെടുത്താനാണ് പരിപാടി. ഇന്ത്യയിൽത്തന്നെ ജാതിവന ചതുപ്പ് (മിറിസ്റ്റിക്ക സ്വാമ്പ്) കാണാൻ കഴിയുന്ന ഏക പ്രദേശമായ അരിപ്പ വനമേഖലയിലാണ് സ്ത്രീയാത്രികരെമാത്രം കാടുകാണിക്കുന്നത്. അപൂർവമായ മക്കാച്ചിക്കാടയുൾപ്പെടെ ഇരുനൂറ്റിയെഴുപതിലേറെ പക്ഷിവർഗങ്ങളുടെ സാന്നിധ്യമുള്ള അരിപ്പ കാടുകളിൽ, 'പക്ഷികളെ കാണാം, കാടറിയാം, കഥകൾ കേൾക്കാം' എന്ന പരിപാടി അടുത്തയാഴ്ച തുടങ്ങും.

വനിതകൾക്ക് 'സംവരണം' ചെയ്ത ദിവസം മറ്റ് യാത്രികരെ ഈ ഇക്കോടൂറിസം കേന്ദ്രത്തിൽ അനുവദിക്കില്ല. പല നാടുകളിൽനിന്നെത്തുന്ന സ്ത്രീകൾക്ക് ഒന്നിച്ചുതാമസിക്കാനും വനയാത്ര നടത്താനും അവസരമൊരുക്കുകയാണ്, രണ്ടുപകലും ഒരു രാത്രിയും അടങ്ങുന്ന പാക്കേജിന്റെ ലക്ഷ്യം. രാവിലെ 10-ന് തുടങ്ങുന്ന വനയാത്രയിലെ ആദ്യയിനം, പോട്ടോമാവ് ആദിവാസി ഉന്നതി സന്ദർശനമാണ്. അവിടെത്തന്നെ ഭക്ഷണം ക്രമീകരിക്കും. ഉച്ചയ്ക്കുശേഷം പക്ഷിനിരീക്ഷണം. സന്ധ്യക്ക് വനംവകുപ്പ് മുൻ ഡെപ്യൂട്ടി കൺസർവേറ്ററും എഴുത്തുകാരനുമായ ജെ.ആർ.അനി യാത്രികരുമായി 'കാട് അനുഭവങ്ങൾ' പങ്കുവയ്ക്കും. രാത്രി ക്യാമ്പ് ഫയറും ഉണ്ടാകും.

രണ്ടാംദിവസം അരിപ്പ വനമേഖലയിലെ വൈഡൂര്യക്കുന്നിലേക്കുള്ള ട്രെക്കിങ്ങാണ് പ്രധാനയിനം. തുടർന്ന് ജാതിവന ചതുപ്പുകളിലൂടെയുള്ള യാത്രയാണ്. മറ്റിടങ്ങളിൽ കൊടുംകാടിനു നടുവിലുള്ള ജാതിവന ചതുപ്പുകൾ കാണാൻ ബുദ്ധിമുട്ടാണ്. 1960-കളിൽ ശെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയിൽ ആദ്യമായി ഇത്തരം ചതുപ്പുകൾ കണ്ടെത്തിയതോടെ ലോകമെന്പാടുമുള്ള യാത്രികർ ഇവിടം സന്ദർശിക്കാനെത്താറുണ്ട്.

ഉച്ചയ്ക്കുശേഷം പരമ്പരാഗത ഗോത്ര ഔഷധ സസ്യങ്ങളും ഭക്ഷണസസ്യങ്ങളും പരിചയപ്പെടുത്തുന്ന സുലോചന കാണിയുടെ ക്ലാസോടുകൂടിയാണ് പരിപാടി അവസാനിക്കുന്നത്. വരുംദിവസങ്ങളിൽ വ്യത്യസ്ത പരിപാടികൾ പാക്കേജിന്റെ ഭാഗമാക്കുമെന്ന് കെ.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ രാജു കെ.ഫ്രാൻസിസ് മാതൃഭൂമിയോട് പറഞ്ഞു. ബുക്കിങ്ങിന്: www.kfdcecotourism.com, ഫോൺ: 91 8848885619, 8289821101, 8289821004.

Content Highlights: Exclusive women-only eco-tourism package for 2026, Features unique Myristica swamps and bird watching, Includes tribal community visits and traditional herbal medicine workshops, Two-day, one-night immersive forest experience with expert-led storytelling