കല്ലുകള്‍ തിരഞ്ഞു; കണ്ടെത്തിയത് നൂറ്റാണ്ടുകളായി മണ്‍മറഞ്ഞുകിടന്ന ദ്വാരപാലകരെ

അങ്കോര്‍ തോമിലേക്കുള്ള പ്രവേശനകവാടം | ഫോട്ടോ: പ്രഭു മെന്‍സ് സേന
അങ്കോര്‍ തോമിലേക്കുള്ള പ്രവേശനകവാടം | ഫോട്ടോ: പ്രഭു മെന്‍സ് സേന

കംബോഡിയയിലെ പ്രശസ്തമായ അങ്കോര്‍ തോം കൊട്ടാരസമുച്ചയത്തിന്റെ വടക്കുഭാഗത്തുള്ള അതിപുരാതന കവാടത്തിന്റെ ഘടന വിലയിരുത്തുകയായിരുന്നു ഒരുകൂട്ടം പുരാവസ്തു ഗവേഷകര്‍. കവാടത്തില്‍നിന്ന് വീണുപോയ കല്ലുകള്‍ തിരയുന്നതിനിടയില്‍ അവരുടെ കണ്ണില്‍പ്പെട്ടതാകട്ടെ, നൂറ്റാണ്ടുകളായി മണ്‍മറഞ്ഞുകിടന്ന 12 ദ്വാരപാലകര്‍. 

മണല്‍ക്കല്ലില്‍ തീര്‍ത്ത ദ്വാരപാലകരുടെ ഒരുമീറ്റര്‍ മുതല്‍ 110 മീറ്റര്‍ വരെ വലുപ്പം വരുന്ന ശില്പങ്ങള്‍ 11-ാം നൂറ്റാണ്ടില്‍ ഇവിടെ നിലനിന്നിരുന്ന കൊട്ടാരത്തിന്റെ ഭാഗമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശില്പങ്ങളില്‍ കൊത്തിവെച്ചിരിക്കുന്നത് പലതരം ആഭരണങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.

ക്ഷേത്രങ്ങള്‍ക്കും അപ്‌സരശില്പങ്ങള്‍ക്കും പേരുകേട്ട കംബോഡിയയിലെ സിയെം റീപ്പിനടുത്തുള്ള യുനെസ്‌കോ ലോക പൈതൃകകേന്ദ്രത്തില്‍ നിന്നാണ് പുതിയശില്പങ്ങള്‍ ലഭിച്ചത്. 1.4 മീറ്റര്‍ ആഴത്തില്‍ മണ്ണ് മൂടിയ നിലയിലായിരുന്നു ഇവയെല്ലാം. ശുചീകരണത്തിനും പുനരുദ്ധാരണത്തിനും ശേഷം ഇവയെ കവാടത്തിനുമുന്നില്‍ത്തന്നെ നിലനിര്‍ത്താനാണ് അധികൃതരുടെ തീരുമാനം. 

പുരാതന ഖെമര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അങ്കോര്‍ ഇന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്.

Content Highlights: archaeologists unearth ancient statues at angkor thom