ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻെറ മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ചു

കൊച്ചി: കോഴിക്കോട് നിന്നും സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് വീണ്ടും തുടക്കമിട്ടതോടെ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് നിന്നും സലാലയിലേക്കുള്ള വിമാന സർവീസുകൾ ജൂലായ് രണ്ടിന് പുനരാരംഭിച്ചു. കോഴിക്കോട്-കുവൈറ്റ് സർവീസുകൾ ജൂലായ് മൂന്നിനും ബെംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള സർവീസ് ജൂലായ് നാലിനും പുനരാരംഭിക്കും.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് നിന്നും രാവിലെ 11 മണിക്ക് സലാലയിലേക്കും ഉച്ചകഴിഞ്ഞ് 2:15ന് തിരികെ കോഴിക്കോട്ടേക്കുമാണ് സർവീസ്. കോഴിക്കോട് നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7:30ന് കോഴിക്കോട് നിന്നും പുറപ്പെടും.
11:05ന് കുവൈറ്റിൽ നിന്നും തിരികെ പുറപ്പെട്ട് വൈകിട്ട് 6:50ന് കോഴിക്കോട് എത്തിച്ചേരും. ബെംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസം പുലർച്ചെ രണ്ട് 2:25ന് പുറപ്പെട്ട് രാവിലെ 4:50ന് കുവൈറ്റിൽ ലാൻഡ് ചെയ്യും. അതേ ദിവസം കുവൈറ്റിൽ നിന്നും രാവിലെ 5:50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1:25ന് ബെംഗളൂരുവിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു പ്രമുഖ ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ജൂലായ് 5 മുതൽ കോഴിക്കോട്-കുവൈറ്റ് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2:15ന് കോഴിക്കോട് നിന്നും കുവൈറ്റിലേക്കും രാവിലെ 5:50ന് കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടായിരിക്കും. ജൂലായ് 7 മുതൽ ബെംഗളൂരു-കുവൈറ്റ് സെക്ടറിലും ആഴ്ചയിൽ മൂന്ന് ദിവസം വിമാന സർവീസുകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2:25ന് ബംഗളൂരിൽ നിന്നും രാവിലെ 5:50ന് കുവൈറ്റിൽ നിന്നുമായിരിക്കും സർവീസുകൾ. എയർ ഇന്ത്യ എക്സ്പ്രസിൻെറ കുവൈറ്റിലേക്കുള്ള മുഴുവൻ വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക.
സലാല കൂടാതെ ഒമാനിലെ മസ്കറ്റിലേക്കും എയർ ഇന്ത്യ എക്സ്പ്രസിൻെറ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ജൂലായ് 3 മുതൽ ബെംഗളൂരുവിൽ നിന്നായിരിക്കും സർവീസുകൾ. മസ്കറ്റിൽ നിന്നും ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലേക്ക് ആഴ്ചതോറും 40 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങി പശ്ചിമേഷ്യയിലെ 13 സ്ഥലങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ചതോറും 780 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. അടുത്തിടെ നവിമുംബൈ-അബുദാബി, ഗുവാഹത്തി-അബുദാബി, ഗുവാഹത്തി-ദുബായ്, ബെംഗളൂരു-ഫുക്കറ്റ്, പുണെ, അമൃത്‌സർ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു. കോഴിക്കോട് നിന്നും ബെംഗളൂരു, ഗൾഫ് മേഖലകളിലെ 13 നഗരങ്ങളിലേക്ക് ആഴ്ചതോറും 85 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
Content Highlights: Resumption of Air India Express services to Salalah and Kuwait., New frequency increase to 3 flights per week on key sectors from July 5th and 7th., Services operate from Terminal 4 at Kuwait International Airport., Tickets available via Air India Express website, mobile app, and booking channels., Expanded connectivity covering 13 destinations in West Asia.