ടിക്കറ്റ് വെറും 9000 രൂപ; ബെംഗളൂരുവില്‍ നിന്ന് ബാങ്കോക്കിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ്

കൊച്ചി: ഓക്ടോബര്‍ 18 മുതല്‍ ബെംഗളൂരുവില്‍ നിന്നും ബാങ്കോക്കിലേക്ക് പ്രതിദിനം നേരിട്ടുള്ള വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പ്രാരംഭ ഓഫറായി ബാങ്കോക്കിലേക്കും തിരിച്ചും 16,800 രൂപയ്ക്ക് എകസ്പ്രസ് വാല്യൂ നിരക്കില്‍ സീറ്റുകള്‍ ലഭ്യമാണ്. ബെംഗളൂരുവില്‍ നിന്നും ബാങ്കോക്കിലേക്ക് 9,000 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭിക്കും.
ദിവസവും രാവിലെ 11ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 4.45ന് ബാങ്കോക്കില്‍ എത്തിച്ചേരും. വൈകിട്ട് 5.45ന് തിരികെ പുറപ്പെട്ട് രാത്രി 8.30ന് ബെംഗളൂരുവില്‍ മടങ്ങിയെത്തും. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന സര്‍വ്വീസുള്ളതിനാല്‍ മാലയാളികള്‍ ഉള്‍പ്പടെ അവധിക്കാലം ആഘോഷിക്കാന്‍ ബെംഗളൂരുവില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും തായ്‌ലന്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് ഈ പുതിയ സര്‍വ്വീസ്.
ഈ പുതിയ റൂട്ട് തായ്‌ലന്റിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തും. നിലവില്‍ ബാങ്കോക്കില്‍ നിന്നും ലഖ്‌നൗ, പൂനെ, സൂറത്ത് എന്നിവിടങ്ങളിലേക്കും ഫുക്കറ്റില്‍ നിന്നും ഹൈദരാബാദിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വ്വീസുണ്ട്.
ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് സീറ്റുകളും ഗോര്‍മേര്‍ ഭക്ഷണവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 40ലധികം വരുന്ന പുതിയ വിമാനങ്ങളിലുണ്ട്. എക്‌സ്പ്രസ് എഹെഡ് മുന്‍ഗണന ചെക്ക്-ഇന്‍, ബോര്‍ഡിംഗ്, ബാഗേജ് ഹാന്‍ഡ്‌ലിംഗ് സേവനവും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലഭിക്കും.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഏറ്റവും വലിയ സ്റ്റേഷനായ ബെംഗളൂരുവില്‍ നിന്നും 30 ആഭ്യന്തര, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി ആഴ്ച തോറും നേരിട്ടുള്ള 440 വിമാന സര്‍വീസുകളാണുള്ളത്. കൂടാതെ ആറ് ആഭ്യന്തര, 13 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി വണ്‍ സ്റ്റോപ്പ് വിമാന സര്‍വ്വീസുകളും ബെംഗളൂരുവില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ട്. 115 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കായി പ്രതിദിനം 525ലധികം സര്‍വ്വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ട്.
Content Highlights: Air India Express Launches Daily Bengaluru-Bangkok Flights Starting at ₹9,000