പുതിയ ഹൈവേയിലെ ലൈറ്റുകൾ; കെഎസ്ഇബി വക 'ഇരുട്ടടി', ബില്ല് 17 ലക്ഷത്തിൽനിന്ന് 60 ലക്ഷത്തിലേക്ക്

കോഴിക്കോട്: ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി.യുടെ പുതിയ ഉത്തരവ്. പുതിയ ആറുവരിപ്പാതയിലെ തെരുവുവിളക്കുകൾ വാണിജ്യാടിസ്ഥാനത്തിലുള്ളവയുടെ പട്ടികയിലേക്ക് മാറ്റാനാണ് കെ.എസ്.ഇ.ബി. ഉത്തരവിട്ടത്. ഇതോടെ നിലവിൽ അടയ്ക്കുന്ന വൈദ്യുതിബില്ലിന്റെ രണ്ടിരട്ടിയിലേറെ തുക കരാർകമ്പനികൾ അടയ്‌ക്കേണ്ടിവരും.
തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള തെരുവുവിളക്കുകൾക്ക് മാത്രമേ സബ്സിഡിയോടെയുള്ള വൈദ്യുതിനിരക്ക് അനുവദിക്കാനാകൂ എന്നാണ് കെ.എസ്.ഇ.ബി.യിൽ താരിഫ് നിരക്കുകൾ നിശ്ചയിക്കുന്ന ട്രാക്ക് (താരിഫ് റെഗുലേറ്ററി അഫയേഴ്സ് സെൽ) ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ ഉത്തരവിൽ പറയുന്നത്. ഇതേ സ്ലാബിൽ ഉൾപ്പെടുത്തിയാണ് കണക്ഷൻ നൽകിയതെങ്കിലും നിർമാണക്കമ്പനികൾ സ്ഥാപിച്ച വിളക്കുകൾ വാണിജ്യാടിസ്ഥാനത്തിലുള്ളവയുടെ പട്ടികയിലേക്ക് മാറ്റാനാണ് പുതിയ ഉത്തരവിൽ പറയുന്നത്.
നിർമാണം പൂർത്തിയായി തെരുവുവിളക്കുകൾ സ്ഥാപിച്ച കാസർകോട്, കോഴിക്കോട് ജില്ലകളിലെ നിർമാണക്കമ്പനികൾക്ക് ഇതുപ്രകാരം കെ.എസ്.ഇ.ബി.യുടെ അറിയിപ്പ് ലഭിച്ചു. സർക്കാർസ്ഥാപനങ്ങളുടെ വൈദ്യുതിബില്ല് കഴിഞ്ഞ മാർച്ചുമുതൽ സർക്കാർതന്നെ അടയ്ക്കുന്ന സംവിധാനം നിലവിൽവന്നിരുന്നു. മാർച്ച് അവസാനമാണ് ട്രാക്ക് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതും.
രാമനാട്ടുകരയിൽനിന്ന് വെങ്ങളംവരെയുള്ള ദേശീയപാതയിൽ 44 കണക്ഷനുകളിലായി 1600 തെരുവുവിളക്കുകളാണുള്ളത്. നിലവിൽ 17 ലക്ഷം രൂപവരെയാണ് ബിൽതുകയായി വന്നുകൊണ്ടിരിക്കുന്നത്. പുതിയ താരിഫ് പ്രകാരം 60 ലക്ഷത്തിന് മുകളിൽ കെ.എസ്.ഇ.ബി.ക്ക് നിർമാണക്കമ്പനി നൽകേണ്ടിവരും.
ഭാരിച്ച സാമ്പത്തികബാധ്യതയുണ്ടാക്കുന്ന തീരുമാനമായതിനാൽ അറിയിപ്പ് ലഭിച്ച കമ്പനികൾ ദേശീയപാത അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാകുന്നതനുസരിച്ച് മറ്റ് കമ്പനികൾക്കും അറിയിപ്പ് ലഭിക്കും. വിഷയത്തിൽ സർക്കാർ അടിയന്തരപ്രധാന്യത്തോടെ ഇടപെട്ടില്ലെങ്കിൽ വൈകാതെ ആറുവരിപ്പാത ഇരുട്ടിലമരും.
Content Highlights: KSEB reclassified NH streetlights from subsidized to commercial category., Electricity bills for contractors set to rise from 17 lakhs to over 60 lakhs., The order impacts streetlights in Kozhikode and Kasaragod districts., Risk of NH stretches remaining unlit if the government fails to intervene., Contractors have escalated the issue to the National Highways Authority.