കേരള ടൂറിസം മേഖലയില്‍ പെണ്‍വിപ്ലവം; 17,000 വളണ്ടിയര്‍മാര്‍, 17,631 യൂണിറ്റുകള്‍

#എം.കെ സുരേഷ്‌
പ്രതീകാത്മക ചിത്രം | Photo: facebook.com/keralatourismofficial
പ്രതീകാത്മക ചിത്രം | Photo: facebook.com/keralatourismofficial

വിനോദസഞ്ചാരമേഖലയിലെ സംരംഭങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉയരുന്നു. ഒരേസമയം വിനോദസഞ്ചാരമേഖലയില്‍ തദ്ദേശീയ വളര്‍ച്ചയും സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയില്‍ സാധാരണക്കാരായ 17,000 വനിതകള്‍ ചേര്‍ന്നുകഴിഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ചെയ്ത 25,188 യൂണിറ്റുകളില്‍ 17,631 എണ്ണവും വനിതകള്‍ നയിക്കുന്നതോ അവരുടെ ഉടമസ്ഥതയിലുള്ളതോ ആണ്.

ഹോംസ്റ്റേമുതല്‍ ടൂര്‍പാക്കേജുവരെ

സ്ത്രീകള്‍ക്കുമാത്രമായി ടൂറുകള്‍ നടത്തുന്ന യൂണിറ്റുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. വനിതകള്‍ നടത്തുന്ന ഹോംസ്റ്റേകള്‍, ടൂര്‍ ഗൈഡ്, ഓപ്പറേറ്റര്‍, ഡ്രൈവര്‍മാര്‍, റെസ്റ്റോറന്റുകള്‍, ഇതരഭക്ഷണശാലകള്‍ തുടങ്ങിയ മേഖലകളിലാണ് സ്ത്രീകള്‍ സന്നദ്ധരാകുന്നതും സംരംഭകരാകുന്നതും. 2800 വനിതായൂണിറ്റുകള്‍ ഇതിന് രജിസ്റ്റര്‍ചെയ്തു. റിസോഴ്സ് പേഴ്സണ്‍മാരായി 73 പേര്‍ക്കും കമ്യൂണിറ്റി ടൂര്‍ ലീഡര്‍മാരായി 34 പേര്‍ക്കും പരിശീലനംനല്‍കി. യാത്രകളില്‍ താത്പര്യമുള്ള സ്ത്രീകളെയും സംരംഭകരാക്കും. 28 കമ്പനികളുടെ വനിതാ ടൂര്‍ പാക്കേജുകളിലൂടെ 18,000 ആഭ്യന്തരസഞ്ചാരികള്‍ കേരളത്തില്‍ ഇതിനകം യാത്രചെയ്തു.

പ്രാദേശികസമൂഹത്തിലെ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാന്‍ ജെന്‍ഡര്‍ ഓഡിറ്റ് നടത്തുന്ന ആദ്യസംസ്ഥാനമാണ് കേരളം. നിലവില്‍ കാന്തല്ലൂര്‍, കുമരകം, കടലുണ്ടി, കനകക്കുന്ന്, പെരുമ്പളം എന്നിവിടങ്ങളില്‍ ഓഡിറ്റ് പൂര്‍ത്തിയായി.

മിഷന്‍ നടപ്പാക്കിയ സ്ട്രീറ്റ് പദ്ധതിയില്‍ മറവന്‍തുരുത്തിന് ഗ്ലോബല്‍ അവാര്‍ഡും കാന്തല്ലൂരിന് കേന്ദ്രസര്‍ക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് പുരസ്‌കാരവും ലഭിച്ചു. ദേശീയ-അന്താരാഷ്ട്ര തലത്തില്‍ 19 പുരസ്‌കാരങ്ങളാണ് മിഷന് ലഭിച്ചത്.

ഉത്തരവാദിത്വടൂറിസം മിഷന്‍ സൊസൈറ്റി

യൂണിറ്റുകള്‍ 25,188

ഗുണഭോക്താക്കള്‍ പ്രത്യക്ഷം-52,344

പരോക്ഷം-98,432

കുടുംബങ്ങള്‍ ഒന്നരലക്ഷം

വരുമാനം 2017 ഓഗസ്റ്റുമുതല്‍ 2024 മാര്‍ച്ച് 31 വരെ 77.61 കോടി

2024-ല്‍ 22.82 കോടി രൂപ

Content Highlights: women friendly tourism proves a smash hit in Kerala