തണുപ്പ് രാജ്യങ്ങളിലേക്ക് പോകുമ്പോൾ എന്ത് വസ്ത്രങ്ങൾ വാങ്ങണം? ട്രാവൽ ബാഗിൽ ഈ ആക്‌സസറീസ് ഉറപ്പായും കരുതണം

നമ്മുടെ നാട്ടിലെ ചൂടിൽ നിന്ന് പെട്ടെന്ന് മൈനസ് ഡിഗ്രി തണുപ്പുള്ള രാജ്യങ്ങളിലേക്ക് പോകുമ്പോൾ മലയാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശരിയായ വസ്ത്രധാരണം. കട്ടിയുള്ള ഒരു ജാക്കറ്റ് മാത്രം ഇട്ടതുകൊണ്ട് തണുപ്പിനെ പൂർണമായി പ്രതിരോധിക്കാൻ കഴിയില്ല.
നല്ല തണുപ്പുള്ള രാജ്യങ്ങളിലേക്ക് പോകുമ്പോൾ ചുരുങ്ങിയത് മൂന്ന് ലേയറുകൾ ഉള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. ഇന്നർ ലെയർ അല്ലെങ്കിൽ ശരീരത്തോട് ചേർന്നുനിൽക്കുന്ന ആദ്യ പാളി ഈർപ്പവും വിയർപ്പും മാറ്റി ചൂട് നിലനിർത്തും. മിഡിൽ ലെയറായി ഫ്‌ളീസ് അല്ലെങ്കിൽ വൂളൻ സ്വെറ്ററുകൾ ഉപയോഗിക്കാം. ഇത് ഉള്ളിലെ ചൂട് പുറത്തുപോകാതെ കാക്കും. ഔട്ടർ ലെയറായി വാട്ടർപ്രൂഫ്, വിൻഡ്പ്രൂഫ് ജാക്കറ്റുകൾ തിരഞ്ഞെടുക്കണം. കാറ്റും മഴയും മഞ്ഞും തടയാനിത് സഹായിക്കും. തണുപ്പ് പ്രതിരോധിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തെർമൽ വെയറുകൾ. ഇവ വാങ്ങുമ്പോൾ മെറ്റീരിയൽ നോക്കി വാങ്ങാൻ മറക്കരുത്.
കഠിനമായ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് (0°C ക്ക് താഴെ) ഏറ്റവും അനുയോജ്യം മെറീനോ വൂളാണ്. ഇത് സ്വാഭാവികമായി ചൂട് നൽകും. ദുർഗന്ധവും തടയും. നല്ല രീതിയിൽ ഫിറ്റ് ആവുന്നതും ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കുന്നതുമാണ് പോളിസ്റ്റർ/ നൈലോൺ ബ്ലെൻഡുകൾ. മിതമായ തണുപ്പുള്ള യാത്രകൾക്ക് അനുയോജ്യമാണിത്. കോട്ടൺ വസ്ത്രങ്ങൾ തണുപ്പ് രാജ്യങ്ങളിലേക്ക് നല്ലതല്ല. വിയർപ്പ് വലിച്ചെടുത്ത് നനഞ്ഞുനിൽക്കുന്നതിനാൽ കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ കാരണമാകും. തെർമൽ വെയറുകൾ ലൂസ് ആകാൻ പാടില്ല. ശരീരത്തോട് ഒട്ടിനിൽക്കുന്നവ ആയിരിക്കണം, എങ്കിൽ മാത്രമേ വായു സഞ്ചാരം തടഞ്ഞ് ചൂട് പിടിച്ചുവെക്കാൻ സാധിക്കൂ.
പോകുന്ന സ്ഥലത്തെ താപനില അനുസരിച്ച് ലൈറ്റ് വെയിറ്റ്, മിഡ് വെയിറ്റ്, ഹെവിവെയിറ്റ് എന്നീ മോഡലുകളിലൊന്ന് തിരഞ്ഞെടുക്കുക.
കൂടെ കരുതേണ്ട മറ്റ് ആക്സസറികൾ: തൊപ്പി (Beanie) ഉറപ്പായും കരുതണം. അത് ചെവി പൂർണ്ണമായി മൂടുന്ന വൂളൻ അല്ലെങ്കിൽ ഫ്‌ളീസ് ലൈനിംഗ് ഉള്ളതെങ്കിൽ നല്ലത്. ഗ്ലൗസുകൾ (വാട്ടർപ്രൂഫ് ഉള്ളവയും ടച്ച് സ്‌ക്രീൻ ഉപയോഗിക്കാൻ സാധിക്കുന്നതും) . മെറിനോ വൂൾ സോക്‌സുകൾ, മഞ്ഞിലും നനവിലും വഴുതാത്ത ഗ്രിപ്പുള്ള, വാട്ടർപ്രൂഫ് സോൾ ഉള്ള സ്‌നോ ബൂട്ടുകൾ, നെക്ക് വാമർ (Neck Warmer / Scarf)കഴുത്തിലൂടെ തണുപ്പ് കയറുന്നത് തടയാൻ ഫ്‌ളീസ് നെക്ക് ഗെയ്റ്റർ, ചർമവും ചുണ്ടും വരണ്ടുപൊട്ടാതിരിക്കാൻ പെട്രോളിയം ജെല്ലി, ലിപ് ബാം.
പരമാവധി പുതിയ ഷൂസ് ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി. കാരണം ഷൂസിന് 'ബ്രേക്ക്-ഇൻ' കാലയളവ് ആവശ്യമാണ്. പുതിയ ഷൂസിന്റെ മെറ്റീരിയൽ (പ്രത്യേകിച്ച് ലെതർ അല്ലെങ്കിൽ കട്ടിയുള്ള സോൾ) തുടക്കത്തിൽ അൽപ്പം കടുപ്പമുള്ളതായിരിക്കും. കുറച്ചുദിവസം ഉപയോഗിക്കുമ്പോൾ മാത്രമേ അത് കാലിന്റെ ആകൃതിക്കും നടപ്പിന്റെ രീതിക്കും അനുസരിച്ച് വഴങ്ങി വരികയുള്ളൂ. പുതിയ ഷൂസ് ചിലപ്പോൾ കാലിൽ ചെറിയ പൊട്ടലുണ്ടാക്കാനും സാധ്യതയുണ്ട്. യാത്രയ്ക്ക് കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും ഷൂസ് വാങ്ങി ദിവസവും കുറച്ചു സമയം ധരിച്ച് ശീലിക്കുക . അലെങ്കിൽ മുമ്പ് ഉപയോഗിച്ച ഷൂസ് തന്നെ യാത്രയ്ക്കായി തിരഞ്ഞെടുക്കുക.
Content Highlights: Opt for a three-layer clothing system: inner, middle, and outer layers., Choose Merino wool thermals for sub-zero temperatures and avoid cotton., Pack essential accessories like beanies, touchscreen gloves, and snow boots., Break in new shoes at least two weeks before the trip to avoid blisters.