കാലത്തിന്റെ കയ്യൊപ്പായി സഖാവ് വർഗീസും കൂട്ടരും ഇവിടെയുണ്ട്; നെല്ലും ജീവിതവും കഥപറയുന്ന വയനാടൻ ഗ്രാമം

ബ്രഹ്മഗിരിക്കപ്പുറം കുടക് നാട്. ചുറ്റിലും ഘോരവനങ്ങൾ. കടുവയും കാട്ടാനകളും കാട്ടുപോത്തുമെല്ലാം വിഹരിക്കുന്നയിടം. ഇതിനിടയിലാണ് അപ്പപ്പാറക്കാരുടെ ജീവിതം. നൂറ്റാണ്ടുകളായി വന്യമൃഗങ്ങൾക്കൊപ്പം ജീവിതം പൂരിപ്പിക്കുന്നവരുടെ നാടാണിത്. സന്ധ്യയാവുന്നതോടെ ഗ്രാമങ്ങളുടെയെല്ലാം വാതിലുകൾ അടയും. കാട്ടുപാതകളൊക്കെ വന്യമൃഗങ്ങൾ കീഴടക്കും. പകൽ മുഴുവൻ കൃഷിയിടങ്ങളിൽ പണിയെടുത്ത ഗ്രാമീണരെല്ലാം വീടുകളിലേക്ക് വലിയും. വന്യമൃഗങ്ങളോടൊന്നും പോരാടാൻ ഇറങ്ങില്ല. അവരുടേത് കൂടിയാണ് ഈ നാട്.
രാവിലെയാകുമ്പോഴേക്കും ഇവയെല്ലാം കാട് കയറിപോയ്‌ക്കോളും. ഇങ്ങനെയാണ് വന്യമൃഗങ്ങളെക്കുറിച്ച് ഈ ഗ്രാമവാസികൾ പറയുക. ഒന്നുംരണ്ടുമല്ല നൂറ്റാണ്ടുകൾക്ക് മുൻപേ ആ ഗ്രാമത്തിലേക്ക് കുടിയേറിയവരാണ് നാട്ടുകാരെല്ലാം. വയലുകളെല്ലാം ഒരു കൊയ്ത്തു കാലത്തിന് ശേഷം ഒഴിഞ്ഞുകിടക്കുകയാണ്. ഇതിന് നടുവിലെല്ലാം ഏറുമാടങ്ങൾ കുറെയധികം കാണാം. നെല്ല് വിളഞ്ഞ് കൊയ്യുന്നത് വരെ ഈ കാവൽ പുരകളിലായിരുന്നു ഗ്രാമീണരുടെ ജീവിതം. എന്നിട്ടും മാനും മയിലുമെല്ലാം പാടത്ത് തന്നെയായിരുന്നു. ഇതിൽ നിന്നും ബാക്കി കിട്ടിയതിൽ നിന്നും സംതൃപ്തമാണ് ഇവരുടെ ജീവിതം.
കാടിന് നടുവിൽ മൂന്ന് നൂറ്റാണ്ടോളം നെൽകൃഷി ചെയ്ത് ജീവിക്കുന്ന ഒരു കുടുംബം വയനാട്ടിലെ തിരുനെല്ലി അപ്പപ്പാറയിലുണ്ട്. ഇന്നും പുല്ലുമേഞ്ഞ വീടിനുള്ളിലിരുന്ന് ഇവർ ജീവിതം പറയുന്നു. തിരുനെല്ലിയുടെ വസന്തങ്ങൾക്ക് സാക്ഷ്യമായ ഈ വീടിന്റെ ഇറയത്ത് ഇന്നും കൗതുകപൂർവം പുതിയ തലമുറകൾ വിരുന്നെത്തുമ്പോൾ ഗോപാലൻ ചെട്ടി വെറ്റില ചെല്ലം നീട്ടി കഥകളുടെ ചെപ്പ് തുറക്കും. മഴയും കാറ്റും കടന്നുവന്ന വഴിയിൽ നാല് തലമുറകൾ അന്തിയുറങ്ങിയ ഈ വീടിന്റെ ചരിത്രം അങ്ങിനെ കാട് കടന്നും പുറത്തേക്ക് ഒഴുകി.
പ്രായം എൺപത്തിയൊന്ന് പിന്നിട്ടെങ്കിലും ഭൂതകാലങ്ങളുടെ ഓർമകൾക്കൊന്നും നരകൾ വീണിട്ടില്ല. വർഷത്തിലും മാറി മാറി മേയുന്ന പുല്ല് വീട്ടിൽ ഒന്നിനോടും പരിഭവമില്ലാത്ത ജീവിതത്തെക്കുറിച്ചാണ് ഏഴേക്കറോളം വയലിന്റെയും അഞ്ചേക്കറോളം കരഭൂമിയുമുള്ള ഗോപാലൻ ചെട്ടി എന്ന പാരമ്പര്യ കർഷകൻ മനസ്സ് തുറക്കുക.
ആധുനികത തിരുനെല്ലിയുടെ വനഗ്രാമങ്ങളെ പോലും എളുപ്പം വിഴുങ്ങുമ്പോൾ അപ്പപ്പാറയിലെ കുനിക്കോട് തറവാട് കാടിന്റെ അതിരിൽ എല്ലാത്തിനോടും പ്രതിരോധിച്ച് നിൽക്കുകയാണ്. ലളിതമായത് എന്തും ഏതു കാലത്തെയും അതിജീവിക്കും എന്നതാണ് ഈ വീടിന്റെയും കുലീനമായ ഇന്നത്തെ കാഴ്ചകൾ പറയുക.
ലളിതം മനോഹരം
നൂറ്റാണ്ടുകൾക്ക് മുൻപ് ഗോപാലൻ ചെട്ടിയുടെ അച്ഛൻ തിമ്മപ്പൻ ചെട്ടിയും അദ്ദേഹത്തിന്റെ പിതാവുമെല്ലാം താമസിച്ച വീടാണിത്. ഈ നിലയിൽ കാണുന്ന വീടിന് എഴുപത് വർഷം പ്രായമുണ്ട്. മുളചിന്തുകൾ കൊണ്ടുള്ള വരിച്ചിലുകൾക്ക് പോലുമുണ്ട് ചിലതിനെല്ലാം എന്നേക്കാൾ പ്രായം. ഗോപാലൻ ചെട്ടിയുടെ മകൻ ബാബു പറയുന്നു. തുരുനെല്ലിയുടെ വനാന്തർഭാഗത്തുള്ള കുനിക്കോടുള്ള ആദ്യത്തെ താമസക്കാരായിരുന്നു ഗോപാലൻ ചെട്ടിയുടെ മുതിർന്ന തലമുറകൾ. ഇവിടെ ഇവർ മണ്ണിനോടും വന്യമൃഗങ്ങളോടും പൊരുതി കൃഷിഗാഥകളെഴുതി.
നെല്ലായിരുന്നു അന്നത്തെ പ്രധാനകൃഷി. കാടിനോട് ചേർന്നുള്ള ഭാഗം ഇന്നീ കാണുന്ന വയലാതയൊക്കെ അക്കാലത്താണ്. വയനാടിന്റെ തനത് നെൽവിത്തുകളുടെ സംഭരണിയായും ഈ പാടം മാറി. ഇന്നും ഗന്ധകശാല ഉൾപ്പടെയുള്ള നെല്ല് ഇവിടെ വിളയുന്നു. പിന്നീട് കാപ്പിയും കുരുമുളകുമെല്ലാമുള്ള തോട്ടങ്ങളും വന്നു. ഇക്കാലം മുതലെല്ലാം ഇവിടെ വന്യമൃഗങ്ങളുടെ വരവുണ്ട്. കൃഷിയിടത്തിലെല്ലാം ഏതു സമയവും കാട്ടാനകളും പന്നിയും മാനുകളുമെല്ലാമുണ്ടാകും. അവരെല്ലാം ബാക്കിയാക്കുന്നതാണ് ഈ കുടുംബത്തിന്റെയും വരുമാനം. വീടിന് മുറ്റത്തുള്ള മാവിൻ ചുവട്ടിൽ മാങ്ങ തിന്നാൻ പോലും പതിവുതെറ്റിക്കാതെ കാട്ടാനകൾ കയറി വരും.
ഇതൊക്കെയാണെങ്കിലും ഇക്കാലത്തിനിടയിൽ ഒരു തവണ പോലും ഈ പുല്ലുമേഞ്ഞ വീടിനെ ആനകൾ തൊട്ടിട്ടില്ലെന്നാണ് ഗോപാലൻ ചെട്ടി പറയുന്നത്. പ്രകൃതിയോടും കാലത്തോടും ഇണങ്ങിയ ഈ വീടിനോട് ആനയ്ക്കും ശത്രുതയില്ലെന്നാണ് ഇവരുടെ അനുഭവം. വിളിപ്പാടകലെ കാടാണെങ്കിലും വീടിന് ഒരു മുൾവേലി പോലും ഇവർ പണിതിട്ടില്ല. ഇത്രയും കാലം ചെയ്യാത്തത് ഇനിയും കാട്ടാനകൾ വീടിനോട് ചെയ്യില്ലെന്നാണ് ഇവരുടെ വിശ്വാസം.
തിരുനെല്ലിയുടെ നേർചിത്രം
നാടൻ കന്നുകാലികളും മറ്റുമായി വീടും പരിസരവും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഇന്നും എട്ടോളം പശുക്കളും എൺപതോളം നാടൻ കോഴികളുമെല്ലാം ഇവിടെയുണ്ട്. അതിരാവിലെ തന്നെ ഉണർന്ന് ഇതിന്റെയൊക്കെ പിന്നാലെയാണ് ഇവരുടെ ജീവിതം. നാല് മക്കളാണ് ഗോപാലൻ ചെട്ടിക്കുള്ളത്. മുന്ന് പെൺമക്കളെയും വിവാഹം ചെയ്ത് അയച്ചു. ഇപ്പോൾ ഭാര്യ യശോദയും മകൻ ബാബുവും മരുമകളും പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഈ പുല്ല് വീട്ടിൽ ഇവർക്കെല്ലാം താമസം സുഖകരം.
വീട് മാറ്റണമെന്ന് ഒരു തവണ പോലും ചിന്തിച്ചിട്ടില്ല. ഈ വീടിന്റെ കുളിരുള്ള ഇറയത്തിരുന്ന് ജീവിതം ആവുന്നത്രയും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ഇവർ പറയുക. ഇത്രയും കാലത്തിനിടയിൽ മഹാപ്രളയങ്ങളും കാറ്റുമെല്ലാം ഈ പുല്ല് വീടിനെയും കടന്നുപോയി. അപ്പോഴും ഒരു പോറൽപോലും ഏൽക്കാതെ കുനിക്കോട് തറവാട് എല്ലാത്തിനോടും പൊരുതിനിന്നു. മിക്ക ദിവസങ്ങളിലും വീട്ടുമുറ്റത്തേക്ക് കാടും വയലും കടന്ന് വാഹനങ്ങൾ എത്തും. ഈ വീടിന്റെ വിശേഷങ്ങളറിയാൻ കേട്ടറിഞ്ഞ് വരുന്നവരാണ്. കൃഷിപ്പണികളുടെ തിരക്കിനിടയിലും ഇവരോടെല്ലാം ഗോപാലൻ ചെട്ടിയും കുടുംബവും വിശേഷങ്ങൾ പറയും.
തനത് വയനാടൻ കാപ്പിയും അതിഥികൾക്കായി നൽകും. തിരുനെല്ലിയുടെ പഴയ നക്‌സൽ കലാപത്തിന്റെയെല്ലാം പിന്നിട്ട വഴികളിലൂടെയുള്ള സഞ്ചാരം കൂടിയാണ് ഈ ഇറയത്തുനിന്ന് അറിയാൻ കഴിയുക. സഖാവ് വർഗീസും കൂട്ടരുമെല്ലാം ഒരു കാലത്തിന്റെ കൈയ്യൊപ്പായി ഇവിടെയുണ്ട്. തിരുനെല്ലി ഏറെ മാറി. ജന്മിയും അടിയാനുമില്ല. ചൂഷണങ്ങളുടെ പഴയ കഥകൾക്കിപ്പുറം വസന്തങ്ങളാണ് ഈ ഗ്രാമത്തിന്റെ വിശുദ്ധികൾ. നരനിരങ്ങി മലനിരകൾ പിന്നിട്ട് കാട്ടാനകളെയും മറികടന്ന് കീലോമീറ്ററുകൾ നടന്ന് മാനന്തവാടിയിലെത്തി ആവശ്യത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങി നേരമിരുട്ടുമ്പോൾ തിരിച്ചെത്തിയതെല്ലാം പഴയ ഓർമ. ഇന്നും മായാത്തത് ഈ പുൽവീട് മാത്രം.
സുഗന്ധം പൂക്കുന്ന നെൽപ്പാടങ്ങൾ
ഭൗമസൂചികയിൽ ഇടം തേടിയതാണ് വയനാടിന്റെ സ്വന്തം വിത്തിനങ്ങളായ ഗന്ധകശാലയും ജീരകശാലയും. ഇതെല്ലാം ഇവിടെയും കൃഷി വൻതോതിൽ ചെയ്തിരുന്നു. കർഷകരും ഗോത്രജനതയും വീതിച്ചെടുത്ത പോയകാല വയനാടിന്റെ നാട്ടറിവുകളും പാരമ്പര്യ വിജ്ഞാനവുമെല്ലാം നെൽകൃഷിയുമായി കൂടുതൽ ഇഴപിരിഞ്ഞതായിരുന്നു. വയനാട്ടിൽ നിലവിലുണ്ടായിരുന്ന 130-ൽപ്പരം നെൽവിത്തിനങ്ങൾക്കിടയിൽ സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാലയ്ക്കും ജീരകശാലയ്ക്കും മാത്രമാണ് ഭൗമ സൂചികാ പദവി ലഭിച്ചത്.
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിന് പ്രാമുഖ്യം നൽകുന്നതായിരുന്നു പരമ്പരാഗത വിജ്ഞാനമെല്ലാം. ഭൂതലത്തിന്റെയും മണ്ണിന്റെയും കാലാവസ്ഥയുടെയും സാഹചര്യങ്ങളുടെയുമെല്ലാം ഗതിവിഗതികൾ തുടർച്ചയായി കണക്കാക്കി ഒരു സമൂഹം ഒരു കാർഷിക കലണ്ടറുണ്ടാക്കി. ഇതിനെ പിന്തുടർന്ന് കാലങ്ങളായി കൈമാറിയ അറിവുകളെല്ലാം പാരമ്പര്യ വിജ്ഞാനീയങ്ങളായി മാറുകയും ചെയ്തു. ഇത്തരത്തിലുള്ള അമൂല്യങ്ങളായ വിവരവിനിമയത്തിന്റെ കലവറയാണ് വയനാട് എന്ന ദേശം. ജൈവവൈവിധ്യ ബോർഡ് ഈ അറിവുകളെ നാളെയുടെ കൈമുതലായി സ്വാംശീകരിച്ചിട്ടുണ്ട്.
നെൽകൃഷി ഈ നാടിന്റെ ജൈവസന്തുലിത നിലനിർത്തുന്നതിൽ പ്രധാന പങ്കാണ് വഹിച്ചിരുന്നത്. പരിസ്ഥിതിയുമായി താദാത്മ്യം പ്രാപിച്ചുള്ള കൃഷിരീതി മാത്രമായിരുന്നു മുൻപ് കാലത്ത് നടന്നിരുന്നത്. ഗാലൻ ലിറ്റർ മഴവെള്ളം ശേഖരിക്കാൻ കഴിഞ്ഞിരുന്ന നെൽവയലുകളിൽ കൃഷി നടന്നിരുന്നപ്പോൾ ഈ നാടിന് വരൾച്ച എന്തെന്ന് അറിയുമായിരുന്നില്ല. ജലസസ്യങ്ങളുടെയും സൂഷ്മ ജലജീവികളുടെയും ആവാസലോകം കൂടിയായിരുന്നു ഈ നെൽവയലുകൾ. കീടങ്ങളെ പ്രതികീടങ്ങൾ കീഴടക്കും. രാസവളങ്ങളോ കീടനാശിനകളോ വേണ്ട. രോഗങ്ങളെ പ്രതിരോധിക്കാൻ ഉൾക്കാമ്പുകളുള്ള പാരമ്പര്യ നെൽവിത്തിനങ്ങൾ ഇങ്ങനെയും കർഷകർക്ക് കൂട്ടായിനിന്നു.
നൂറ്റാണ്ടുകളുടെ പഴക്കം
നിത്യചെലവിനായുള്ളത്, വിശേഷ ദിവസങ്ങൾക്കായുളളത്, മരുന്നിനായുളളത്, ദീർഘകാലം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാനുള്ളത് എന്നിങ്ങനെ വേറിട്ട ആവശ്യങ്ങള്ളനുസരിച്ച് ഗുണവും സ്വഭാവങ്ങളുമുള്ളതായിരുന്നു പഴയ നെൽവിത്തുകൾ. ഗന്ധകശാലയാണ് സുഗന്ധനെല്ലിനങ്ങളിൽ പ്രധാനി. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ചെറിയ അരിമണികളും സുഗന്ധവുമാണ് ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്ന പ്രത്യേകത. നെൽമണികൾ പോലെ തന്നെ നെല്ലോലകളും സുഗന്ധമുള്ളതാണ്.
ഈ പാടങ്ങൾ കതിരിടുമ്പോൾ വയലൊന്നാകെ കാറ്റിൽ സുഗന്ധം പരക്കും. നീളമുള്ള നെല്ലോലകളും ഇതിന്റെ പ്രത്യേകതയാണ്. കന്നുകാലികൾക്കുള്ള തീറ്റയായി ഗന്ധകശാല പുല്ലിന് പ്രീയമുണ്ട്. പച്ചില വളവും ചാണകവുമാണ് ഗന്ധകശാല കൃഷി നടത്താൻ അടിവളമായി ഇടേത്. രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നത് സുഗന്ധം കുറയാൻ ഇടവരുത്തും. വെള്ളം ധാരാളം എത്തിക്കാനും മൂപ്പെത്തുന്നതിന് അനുസരിച്ച് നിയന്ത്രിക്കാനും കഴിയുന്ന തരത്തിലുള്ള പാടങ്ങളാണ് കർഷകർ പൊതുവായി ഗന്ധകശാല കൃഷി ചെയ്യാൻ തെരഞ്ഞെടുത്തിരുന്നത്.
മറ്റ് നെല്ലിനങ്ങളുമായി ഇടകലരാത്തവിധം വയലുകളിൽ പ്രത്യേകമായി ഇടം കണ്ടെത്തിയായിരുന്നു. ജീരകശാലയും കയ്മയും മുള്ളൻകയമയുമാണ് വയനാട്ടിലുണ്ടായിരുന്ന മറ്റ് സുഗന്ധ നെല്ലിനങ്ങൾ. ജീരകശാല വിളവ് ഗന്ധകശാലയെ അപേക്ഷിച്ച് വളരെ കുറവാണ്. ഇക്കാരണമാണ് കർഷകരെ ഈ കൃഷിയിൽ നിന്നും അകറ്റിയത്. 115 ദിവസമാണ് ജീരകശാലയുടെ വിളവെടുക്കുന്നതുവരെയുള്ള വളർച്ചാ കാലാവധി. കാലാവസ്ഥയിലെ മാറ്റം ഈ നെല്ലിനത്തെ സാരമായി ബാധിക്കുകയായിരുന്നു.
ഇപ്പോൾ ജീരകശാല കൃഷി ചെയ്യുന്നവരുടെ എണ്ണം വയനാട്ടിൽ പരിമിതമാണ്. ആറ് മാസം കൃഷികാലാവധിയുള്ള കയ്മയും ഈ ഗണത്തിൽപ്പെടുന്നതാണ്. മുള്ളൻ കയ്മ എന്ന പേരിലും സുഗന്ധനെല്ലുണ്ടായിരുന്നു. ചുവന്ന നിറത്തിലുള്ള ഈ നെല്ലിനം പുഞ്ച കൃഷിക്കായിരുന്നു അനുയോജ്യം.
പച്ചരിയായി ഉപയോഗിക്കാൻ കഴിയുന്ന ഈ സുഗന്ധനെല്ലിനങ്ങളെല്ലാം ഒരു കാലത്തെ വയനാടിന്റെ വിശേഷദിവസങ്ങളിലെ സദ്യവട്ടങ്ങളിൽ ഒഴിവാക്കാൻ കഴിയാത്തതായിരുന്നു. അനുകൂലമായ കാലാവസ്ഥയും സാഹചര്യങ്ങളുമായിരുന്നു ഈ വിത്തിനങ്ങൾക്കും നൂറ്റാണ്ടുകളോളം വേരോട്ടമുണ്ടാക്കിയത്. ഈ നെല്ലിനങ്ങൾക്ക് അറകളിൽ പ്രത്യേകസ്ഥാനം നൽകിയ ഭൂതകാലം ഇപ്പോഴും സുഗന്ധം പരത്തുന്നു.
Content Highlights: Discover the unique life of Appappara villagers in Wayanad, living in harmony with nature & wild animals for centuries. Experience their ancestral farming traditions.