'നീയെന്റെ ഹൃദയം കവർന്നു, ഈ ചാരുത എന്നെ അദ്ഭുതപ്പെടുത്തുന്നു'; പിസാ ഗോപുരം സന്ദർശിച്ച് സുരേഷ് ഗോപി

ചെരിഞ്ഞ അദ്ഭുതം എന്ന വാക്കിന് ഒരര്‍ഥമേയുള്ളൂ. പിസഗോപുരം. ലോകാദ്ഭുതങ്ങളിലെ അദ്ഭുതമായ പിസാ ഗോപുരം സഞ്ചാരികളുടെ പറുദീസയാണ്. അവിടം സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രം ബാഗുംതൂക്കിയിറങ്ങുന്ന നിരവധി സഞ്ചാരികളുണ്ട് ലോകത്ത്. ഇപ്പോഴിതാ പിസാ ഗോപുരം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഈ നഗരം തന്നെ വിസ്മയിപ്പിച്ചു എന്ന് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ജി-7 ഉച്ചകോടിക്കായാണ് സുരേഷ് ഗോപി ഇറ്റലിയിലെത്തിയത്. "പിസാ നീയെന്റെ ഹൃദയം കവർന്നു. ഈ അതിമനോഹര നഗരത്തിന്റെ ചാരുതയും അദ്ഭുതവും തേടുന്നു" എന്നാണ് സുരേഷ് ഗോപി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. നേരത്തേ ഉച്ചകോടിക്കെത്തിയതുമായി ബന്ധപ്പെട്ട ചിത്രങ്ങളും സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
ഇറ്റലിയിലെ പിസ എന്ന നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗോപുരം ഏകദേശം നാലുഡിഗ്രി ചെരിഞ്ഞാണ് നിലകൊള്ളുന്നത്. 183.27 അടി ഉയരമുള്ള പിസാഗോപുരം ഏകദേശം ഇരുന്നൂറു വര്‍ഷങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചത്. പിസയിലെ കാത്തലിക്ക് ചര്‍ച്ചിന്റെ ഭാഗമാണിത്. യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിലും ഈ ഗോപുരം ഉള്‍പ്പെട്ടിട്ടുണ്ട്.
1173 ല്‍ ആയിരുന്നു പിസ ഗോപുരത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. പണി തുടങ്ങി മൂന്നാമത്തെ നില എത്തിയപ്പോഴേക്കും ടവര്‍ ചെരിയാന്‍ തുടങ്ങി. കളിമണ്ണും ചളിയും കൊണ്ടുള്ള ബേസില്‍ പണിതുയര്‍ത്തിയത് കൊണ്ടാണത്രേ ഭാരം വന്നപ്പോള്‍ ടവര്‍ ചെരിയാന്‍ തുടങ്ങിയത്. അതോടുകൂടി ടവറിന്റെ നിര്‍മാണം നിര്‍ത്തിവച്ചു. പിന്നെ ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജിയോവാനി ഡി സൈമണ്‍ എന്ന ആര്‍ക്കിടെക്ട് ടവറിന്റെ നിര്‍മ്മാണം വീണ്ടും തുടങ്ങുന്നത്. അദ്ദേഹം തറ കൂടുതല്‍ ബലപ്പെടുത്തി വീണ്ടും നാല് നില കൂടി ഉയര്‍ത്തി. പക്ഷെ ടവറിന്റെ ചെരിവ് തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ബെല്‍ ടവര്‍ കൂടി കെട്ടിയതിന് ശേഷം അദ്ദേഹം പണി നിര്‍ത്തിവച്ചു.
ഇന്നും ഈ ഗോപുരത്തിന്റെ ബലപ്പെടുത്താന്‍ ജോലി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ സകല കെട്ടിടങ്ങളും ടവറുകളും തകര്‍ത്ത അമേരിക്ക ഈ ടവര്‍ മാത്രം ഒന്നും ചെയ്തില്ല. ടവറിന്റെ ചെരിവുകണ്ട അമേരിക്കന്‍ പട്ടാളം നമ്മള് ഒന്നും ചെയ്യാതെ തന്നെ അത് വീണോളും എന്ന് കരുതിയിട്ടുണ്ടാവണം. അതുകൊണ്ടു തന്നെ ഇന്നും ലോകത്തിനു വിസ്മയമായി പിസയിലെ ചരിഞ്ഞ ഗോപുരം അവിടെ നിലകൊള്ളുന്നു.
Content Highlights: Actor Suresh Gopi shares photos from his visit to the iconic Leaning Tower of Pisa in Italy