ഉറക്കമുണര്‍ന്നത് ഗര്‍ജനംകേട്ട്, ചില്ലുവാതിലിന് പുറത്ത് സിംഹം; വീഡിയോ പങ്കുവെച്ച് സോനാക്ഷിയും സഹീറും

സോനാക്ഷി സിന്‍ഹയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും -  Photo: ANI | കണ്ണാടി വാതിലിനുപുറത്തെ സിംഹം, സോനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍നിന്നുള്ള ദൃശ്യം
സോനാക്ഷി സിന്‍ഹയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും - Photo: ANI | കണ്ണാടി വാതിലിനുപുറത്തെ സിംഹം, സോനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍നിന്നുള്ള ദൃശ്യം

അലാറം കേട്ടിട്ടും ഉണരാന്‍ താല്‍പര്യമില്ലാതെ വീണ്ടും മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുന്നവരാണോ നിങ്ങള്‍.. എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ഒരു അലാറമാണ് സോനാക്ഷി സിന്‍ഹ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ ഒരു അലാറം ഉണ്ടെങ്കില്‍ നമ്മള്‍ അറിയാതെ എണീറ്റുപോകും. രാവിലെ ആറുമണിക്ക് ചില്ലുവാതിലിന് പുറത്ത് അലാറത്തിന് പകരം ഒച്ചവെച്ച് ഉണര്‍ത്താന്‍ എത്തുന്നത് ഒരു സിംഹമാണെങ്കിലോ! അതേ, ആ ദൃശ്യമാണ് നടി സോനാക്ഷി സിന്‍ഹ പുറത്തുവിട്ടിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ജമാല വൈല്‍ഡ് ലൈഫ് ലോഡ്ജില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സോനാക്ഷി സിന്‍ഹയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും. ഡിസംബര്‍ 30 തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോനാക്ഷി തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. 'ഇന്നത്തെ അലാറം ക്ലോക്ക്, 6 AM' എന്ന തലക്കെട്ടോടെയാണ് സോനാക്ഷി ഭര്‍ത്താവുമൊത്ത് തങ്ങിയിരുന്ന സ്ഥലത്തിന്റെ ചില്ലുവാതിലിനരികെ വന്ന് ചെറിയ രീതിയില്‍ മുരളുന്ന നല്ല ലക്ഷണമൊത്ത ഒരു ആണ്‍സിംഹത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ചെറുതായി ഒന്ന് മുരണ്ടിട്ട് പോവുകയല്ല, ചില്ലുവാതിലിനരികെ നിന്ന് അലാറം പോലെ തന്നെ ഇടവിട്ട് ഇടവിട്ടാണ് മുരള്‍ച്ച, അത് കുറച്ചുനേരം നീളുന്നുമുണ്ട്. ഓസ്‌ട്രേലിയയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള അവധിക്കാലയാഘോഷ ദൃശ്യങ്ങളും ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമായും വന്യജീവിസങ്കേതങ്ങളിലൂടെയുള്ള യാത്രകളാണ് ഇരുവരും നടത്തുന്നത്. ഏറെനാളത്തെ പ്രണയത്തിനുശേഷമ ഈ വര്‍ഷം ജൂണിലാണ് സോനാക്ഷിയും സഹീറും വിവാഹിതരായത്. 

കണ്ണാടി വാതിലിനുപുറത്തെ സിംഹം, സോനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍നിന്നുള്ള ദൃശ്യം

Content Highlights: sonakshi sinha and zaheer iqbal at jamala wildlife lodge during australia vaccation