അവര്‍ റഷ്യയുടെ പതനമാണ് കൊതിക്കുന്നതെന്ന് മനസ്സിലാക്കി; ഇപ്പോള്‍ റഷ്യ പഴയ റഷ്യയല്ല | യാത്രാവിവരണം- 3

റഷ്യൻ നഗരത്തിലെ കാഴ്ചകൾ.|Photo: ജി ജ്യോതിലാല്‍
റഷ്യൻ നഗരത്തിലെ കാഴ്ചകൾ.|Photo: ജി ജ്യോതിലാല്‍

പീറ്റര്‍ ദ ഗ്രേറ്റ് തുടങ്ങിയ മറ്റൊരു മ്യൂസിയം കാണാന്‍ ആദ്യകാലത്ത് ആരും ഉണ്ടായിരുന്നില്ലത്രെ. കാണാന്‍ വരുന്നവര്‍ക്ക് വോഡ്ക സൗജന്യമായി കൊടുക്കും എന്ന ഓഫര്‍ വെച്ചാണ് ആളുകളെ ആകര്‍ഷിച്ചതെന്നും ഗൈഡ് പറയുന്നു. മദ്യം അന്നും ഇന്നും എന്നും ആളെ കയറ്റാന്‍ മിടുക്കന്‍ തന്നെ. 

മയില്‍ ഘടികാരം
മ്യൂസിയത്തിലെ മയില്‍ഘടികാരം ഗംഭീരമാണ്. ഉപഞ്ജാതാക്കള്‍ ഇംഗ്ലീഷുകാരാണ്. ജെയിംസ് കോക്സ് എന്ന ബ്രിട്ടീഷ് ക്ലോക്ക് നിര്‍മാതാവിന്റെ ബുദ്ധിയില്‍ ഉദിച്ച ആശയം. റഷ്യന്‍ പട്ടാള മേധാവിയായിരുന്ന ഗ്രിഗറി പോതംകീന്‍ ആണ് റഷ്യയിലേക്ക് കൊണ്ടുവന്നത്. ഈ പേര് നമുക്ക് സുപരിചിതമാണല്ലോ. ഐസന്‍സ്റ്റീന്‍ സംവിധാനം ചെയ്ത നിശബ്ദ ചിത്രം ബാറ്റന്‍ഷിപ്പ് ഓഫ് പോതംകീന്‍ സിനിമയിലൂടെ വിഖ്യാതമായത്. റഷ്യന്‍ മെക്കാനിക്ക് ഇവാന്‍ കുളിബിന്‍ ആണ് ക്ലോക്ക് ഇവിടെ അസംബിള്‍ ചെയ്തത്.

നടുവില്‍ കാണുന്ന കൂണിനുള്ളിലാണ് യന്ത്രസാമഗ്രികളെല്ലാം. കൂണ്‍ തൊപ്പി തുറക്കുമ്പോള്‍ ക്ലോക്ക് ഡയലുകള്‍ ദൃശ്യമാവും. മണിക്കൂറുകള്‍ സൂചിപ്പിക്കുന്ന റോമന്‍ ലിപിയും മിനിറ്റുകള്‍ക്കുള്ള അറബി അക്കങ്ങളും കാണാം. കൂണിന് മുകളില്‍ തുമ്പി പയ്യെ കറങ്ങുന്നു. അത് സെക്കന്റിനെ സൂചിപ്പിക്കുന്നു. മണികളുടെ ശൃംഖലയുമിങ്ങനെ കറങ്ങികൊണ്ടിരിക്കുന്നുണ്ട്. അത് കാല്‍മണിക്കൂറിലും മണിക്കൂര്‍ തികയുമ്പോഴും മുഴങ്ങും. മണികളാല്‍ ചുറ്റപ്പെട്ട കൂട്ടില്‍ മൂങ്ങ തല ചലിപ്പിച്ച് കണ്ണുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യും. താളത്തില്‍ കൈ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യും. ചെറിയ മണികള്‍ മൃദുവായ രാഗം പുറപ്പെടുവിക്കും. മയില്‍ ക്രമാനുഗതമായി തല ഉയര്‍ത്തും വാല്‍ വിരിച്ച് പതുക്കെ തിരിയും. ഒരു നിമിഷം നിശ്ചലമായി നില്‍ക്കും. വേഗത്തില്‍ പിന്നിലേക്ക് തിരിഞ്ഞ് വാല്‍ മടക്കും. അവസാനം കോഴി മൂന്നോ നാലോ തവണ കൂവും. ഈ കാഴ്ച ഒരപൂര്‍വ അനുഭവമാണ്.

18-ാം നൂറ്റാണ്ടിലാണ് ഉണ്ടാക്കിയത്. ഇന്നും പ്രവര്‍ത്തനക്ഷമമാണ്. ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഈ മയില്‍ഘടികാരമാവും. പുറത്തിറങ്ങിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അങ്ങോട്ട് പോവുമ്പോള്‍ കാണാത്തൊരു പടുകൂറ്റന്‍ ഹോഡിങ്‌സ്. അതില്‍ പണ്ട് പടക്കളത്തില്‍ മരിച്ച ആയിരക്കണക്കിന് ആളുകളുടെ ഫോട്ടോ. 80-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ചതാണ്. അല്‍പം മാറി സമാധാനത്തിന്റെ സംഗീതവും ഉയരുന്നു. അതോ യുദ്ധത്തില്‍ മരിച്ചവരുടെ വേദനകളുടെ ഈണമാണോയെന്നറിയില്ല. നഗരചത്വരത്തില്‍ തെരുവ് ഗായകന്‍ പാടുകയാണ്. ചുറ്റിലും ജനക്കൂട്ടവും. ഭാഷയറിയില്ലെങ്കിലും പാട്ടിന്റെ ഈണത്തില്‍ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ഞങ്ങളും.

അടുത്ത ഇന്ത്യന്‍ ഹോട്ടലില്‍ കയറിയപ്പോ മനസിലായി. ഇന്ത്യന്‍ എന്നത് ഇവിടെ പാകിസ്ഥാനിയുമാവാം. ഒരു കാലത്ത് നമ്മളൊന്നായിരുന്നല്ലോ. ഞങ്ങള്‍ പോയ ഹോട്ടല്‍ പാക് അധീന കാശ്മീരിയുടെതായിരുന്നു. ഇന്ത്യന്‍ സഹോദരങ്ങളോട് അദ്ദേഹത്തിന് പെരുത്തിഷ്ടം. കൂടെ നിന്ന് ഫോട്ടോയെടുത്തും കെട്ടിപ്പിടിച്ചും റഷ്യന്‍ മണ്ണില്‍ ഇന്ത്യാ പാകിസ്ഥാന്‍ ഭായി ഭായി ഞങ്ങള്‍. രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധമാണ്. പക്ഷെ മനുഷ്യന്‍ മനുഷ്യനെ കണ്ടുമുട്ടുന്നിടത്ത് യുദ്ധമില്ല. സമാധാനം മാത്രം.

ഇന്ന് സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിനോട് വിടപറയുകയാണ്. രാവിലെ നടക്കാന്‍ ഇറങ്ങി. തോട്ടങ്ങളും പാതയോരങ്ങളും ശാന്തം. തെളിഞ്ഞ നീലാകാശത്തു നിന്നിറങ്ങിവരുന്ന വെളിച്ചം പാതയോരത്തെ ഇളം നീല ചില്ലുചുമരുകളുള്ള കെട്ടിടത്തില്‍ ഇഴുകി ചേരുന്നു. അത് പരിസരമാകെ നീലിമയേകുന്നു.

വല്ലപ്പോഴും കടന്നു പോവുന്ന വാഹനങ്ങള്‍. ബസ്‌സ്‌റ്റോപ്പിലൊന്നും ആരുമില്ല. അവധി ദിവസമായിരുന്നു. ഫുട്പാത്തില്‍ അസ്ഥികൂടം പല്ലിളിച്ച് നില്‍ക്കുന്ന ഇരുമ്പ് ശില്‍പം. പഴയകാല ബൈക്കും നിര്‍ത്തിയിട്ടിട്ടുണ്ട്. സംഗതി ബാറാണ്. ഒരു ആംബിയന്‍സിനുവേണ്ടി ഒരുക്കിവെച്ചതാണ്.

തിരിച്ചെത്തി റെയില്‍വേ സ്റ്റേഷനിലേക്ക്. മോസ്‌കോയിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ട്രെയിനനുഭവം കൂടി അറിയണം. അതും സൂപ്പറാ. വൃത്തിയുള്ള ഉള്‍വശം. പാന്‍ട്രി കാര്‍. ഞങ്ങള്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്നു ബിരിയാണി പാക്കറ്റും വാങ്ങിയിരുന്നു. ഒരു രസത്തിന് പാന്‍ട്രി കാറില്‍ കയറി ഇവാന്‍ ചായയും കുടിച്ചു. കയ്പ്പേറിയ ചായയും ഒരു ചോക്ലേറ്റും കിട്ടി. 200 രൂപ കാലിയായി. വഴിക്ക് നദികളും കാടും കാണുന്നുണ്ടായിരുന്നു. ചില ഗ്രാമങ്ങളും മിന്നല്‍ കാഴ്ച പോലെ കടന്നുപോയി. ട്രെയിനില്‍ സിനിമയുണ്ടായിരുന്നു. കേള്‍ക്കാന്‍ ഹെഡ്‌സെറ്റും തന്നിരുന്നു. യുദ്ധത്തിലേക്ക് ഹരം കയറി അച്ഛനൊപ്പം പട്ടാളത്തില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുന്ന ബാലന്റെ കഥയായിരുന്നു. ദേശസ്നേഹമെന്ന ഇന്ധനം. യുദ്ധമെന്ന വികാരം.

മഞ്ഞ് പെയ്തു മനസിലേക്ക്
പെട്ടെന്നാണ് അത് സംഭവിച്ചത്. റഷ്യയില്‍ വന്നാല്‍ മഞ്ഞ് വീഴുന്നത് കാണണമെന്ന് വിചാരിച്ചിരുന്നെങ്കിലും ചാന്‍സ് കണ്ടിരുന്നില്ല. ഇടയ്ക്ക് ചെറിയ മഴയും തണുപ്പും ഉണ്ടെങ്കിലും മഞ്ഞ് കാലമായിരുന്നില്ല. നല്ല വെയിലും. പക്ഷെ ഞങ്ങള്‍ വന്നതറിഞ്ഞാവാം ഒന്നു പെയ്തു. ട്രെയിനില്‍ നിന്നു പുറത്തേക്ക് നോക്കുമ്പോള്‍ പച്ചപുല്‍ത്തകിടികളില്‍ ധവളശോഭയേകി മഞ്ഞ്. ഉരുകിയുറച്ചവ ചിത്രകംബളങ്ങളായി. കുറച്ചു ദൂരം മഞ്ഞനുഭവം മനസുതണുപ്പിച്ചു. നാലുമണിക്കൂര്‍ കൊണ്ട് മോസ്‌കോ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ അപ്പോഴേക്കും മഞ്ഞുരുകി വെള്ളമായി കഴിഞ്ഞിരുന്നു. സ്വീകരിക്കാന്‍ ഗൈഡ് അന്ന ഹാജരുണ്ടായിരുന്നു. ഇതുവരെ കണ്ട് ഗൈഡുകള്‍ സ്മാര്‍ട്ടായിരുന്നു. എപ്പോഴും സന്തോഷം കളിയാടിയ മുഖം. എന്നാല്‍ അന്ന നമ്മുടെ ശാരദയെ പോലെ ദുഃഖപുത്രിയായി തോന്നിച്ചു. വണ്ടിയേറി നേരെ ഹോട്ടലിലേക്ക്. റിസപ്ഷനിലെത്തിയപ്പോള്‍ പുതിയൊരു പ്രശ്‌നം. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹോട്ടിലില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വേണമത്രെ ഇവിടെ ചെക്ക് ഇന്‍ ചെയ്യാന്‍. നിയമം കര്‍ക്കശമാണ്. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പണിയാവും എന്ന് റിസപ്ഷനിസ്റ്റ്. നിങ്ങള്‍ അവരെയൊന്നു വിളിച്ച് പറഞ്ഞ് മെയില്‍ അയക്കാന്‍ പറയൂ എന്നു പറഞ്ഞെങ്കിലും അതെന്റെ ജോലിയല്ലെന്ന മട്ടില്‍ സ്വാഗത സുന്ദരി. ഷിബു പിന്നെ ട്രാവല്‍ ഏജന്റായ അലക്‌സിനെ വിളിച്ചു. അരമുക്കാല്‍ മണിക്കൂര്‍ പോയികിട്ടി.മുറിയില്‍ കയറി ഫ്രഷായി.

അടുത്ത ഭക്ഷണത്തിനായി ഇന്ത്യന്‍ ഹോട്ടല്‍ ശിവത്തിലേക്ക് വിട്ടു. വഴിക്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് കണ്ടു. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള ഒസ്റ്റാങ്കിനോ ടിവി ടവറ് കണ്ടു. റഷ്യന്‍ ടിവിയുടെയും റേഡിയോ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കിന്റെയും ടവറാണ്. ഹോട്ടല്‍ ശിവം മനോഹരമായൊരിടത്താണ്. ചുറ്റും കാട്.അപ്പുറം വിശാലമായ പുല്‍ത്തകിടി. ഉള്ളില്‍ അവിടിവിടെ നിറയെ പുത്തുലഞ്ഞ പേരറിയാമരങ്ങള്‍. സ്വസ്ഥമായി നടക്കാം. മോസ്‌കോ നഗരം കാടിന് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. അവിടുത്തെ ഭക്ഷണവും നന്നായിരുന്നു. ഇന്ത്യന്‍ ആയതുകൊണ്ടാവാം എരിവുള്ള സലാഡും കിട്ടി.

തിരിച്ചെത്തി താമസിക്കുന്ന ഹോട്ടലിനു സമീപം നടക്കാനിറങ്ങി. തൊട്ടരികില്‍ ഒരു മ്യൂസിയം. മിലിറ്ററി ഹിസ്റ്ററി മ്യൂസിയമാണ്. ഗേറ്റ് അടച്ചിട്ടിരിക്കുന്നു. നാളെ രാവിലെ വിശദമായി കാണാമെന്ന് വിചാരിച്ചു എതിര്‍വശത്തേക്ക് നടന്നു. ദൂരെ ഒരു പള്ളി കാണുന്നുണ്ട്. വെള്ളപൂക്കളുമായി ഒരു മരം കാറ്റിലുലഞ്ഞും ചരിഞ്ഞും നില്‍ക്കുന്നു. നല്ല നീലാകാശം. വൈദ്യുതി വിളക്കുകള്‍ തെളിയുന്ന സന്ധ്യ. തൊട്ടരികില്‍ കുര്‍ത്ത തൊപ്പി വെച്ചപോലൊരു കെട്ടിടം. പട്ടികുട്ടിയുമായി ഒരമ്മൂമ്മ പുല്‍ത്തകിടിയില്‍ ചുറ്റിപറ്റി നില്‍ക്കുന്നു. ഏതോ നാടോടിക്കഥയില്‍ നിന്നിറങ്ങി വന്ന പോലെ. ട്രാമുകള്‍ നഗരവീഥിയുടെ സൗന്ദര്യമായി ഒഴുകി ഒഴുകി പോവുന്നു. ദിശാസൂചകങ്ങള്‍ കാണുന്നുണ്ട്. ഭാഷ അറിയാത്തതുകൊണ്ട് നമുക്കെന്ത് ദിശ. എങ്കിലും വഴി തെറ്റാതെ നടത്തം കഴിഞ്ഞ് ഞങ്ങള്‍ മുറിയിലെത്തി.

പിറ്റേ ദിവസം രാവിലെ മിലിട്ടറി ഹിസ്റ്ററി മ്യൂസിയത്തിലൂടെ നടന്നു. ഒരു ഭാഗം പള്ളിയാണ്. ഞായറാഴ്ച ആയതിനാല്‍ പ്രാര്‍ഥന നടക്കുന്നുണ്ട്. പഴയ വാസ്തുശില്‍പസൗന്ദര്യത്തോടെയാണ് കെട്ടിടം. ഉപേക്ഷിക്കപ്പെട്ട പോലെ ഒരു പഴയമോഡല്‍ കാറും കിടപ്പുണ്ടായിരുന്നു. സോവിയറ്റ് കാലത്ത് വ്യത്യസ്തമായ കാറുകളൊന്നും ഇവിടെയുണ്ടായിരുന്നില്ല. പൊതുഗതാഗത സംവിധാനത്തിനായിരുന്നു ഊന്നല്‍. പിന്നീട് ആ ഭരണരീതി മാറിയതോടെയാണ് ലോക ബ്രാന്‍ഡ് കാറുകള്‍ റഷ്യയിലും സാധാരണമായത്. വ്യക്തികള്‍ കാർ സ്വന്തമാക്കാന്‍ തുടങ്ങിയതും അത്തരമൊരു മാറ്റത്തിനു ശേഷമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നടന്നു നദിക്കരയിലെത്തി. പട്ടികളുമായി പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മമാര്‍. ഒരു ചിരിലോഹ്യം കൈമാറി. റെസിഡന്‍ഷ്യല്‍ ഏരിയയാണെങ്കിലും, നമ്മള്‍ അപരിചിതരാണെങ്കിലും ആരും എവിടുന്നാ എന്താ എന്നൊന്നും ചോദിക്കുന്നില്ല. ചോദ്യചിഹ്നം കലര്‍ന്നൊരു നോട്ടം പോലുമില്ല. നദിയിലൂടെ ബോട്ട് ഓളങ്ങള്‍ ഉണ്ടാക്കി കടന്നു പോയി. റോഡ് കഴുകി വൃത്തിയാക്കുന്ന വണ്ടികള്‍ ജോലി തുടങ്ങി. വൃത്തിയാക്കിയ വഴിയുടെ സൗന്ദര്യം മനസിനുന്‍മേഷമേകും. തിരിച്ചെത്തിയപ്പോഴേക്കും അന്നത്തെ യാത്രയ്ക്ക് വഴികാട്ടാന്‍ അന്നയും ശകടവും എത്തിചേര്‍ന്നിരുന്നു.

ആകാശത്തിനും മുകളില്‍
അന്ന് രാവിലെ പോയത് ബഹിരാകാശ മ്യൂസിയത്തിലേക്ക്. 1961 ഏപ്രില്‍ 12- ന് വോസ്‌തോക് 1 എന്ന ബഹിരാകാശ പേടകത്തില്‍ ഒരു തവണ ഭുമിയെ ചുറ്റിയ യൂറി ഗഗാറിന്‍ ആണ് ബഹിരാകാശം കണ്ട ആദ്യ മനുഷ്യന്‍. ഗഗാറിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തിയ ഇസിജി പേപ്പര്‍ ഇവിടെ ചില്ലിട്ടുവെച്ചിരിക്കുന്നു. അതിന് മുമ്പ് ലെയ്ക എന്ന തെരുവ് നായ ബഹിരാകാശത്തെത്തി. അതിജീവനത്തിന് തെരുവിലെ പാഠങ്ങള്‍ കരുത്താകുമെന്ന തോന്നലിലാണ് അവളെ തിരഞ്ഞെടുത്തത്. 1957 നവംബര്‍ മൂന്നിന്

സോവിയറ്റ് സ്പുട്‌നിക് 2- ലാണ് ബഹിരാകാശത്തെത്തിയത്. തിരിച്ചുവരാന്‍ വേണ്ടി ആസൂത്രണം ചെയ്ത യാത്രയായിരുന്നില്ല അത്. വിക്ഷേപണത്തിന്റെ 103-ാം മിനിറ്റില്‍ ലെയ്ക്ക ലക്ഷ്യത്തിലെത്തി. മോസ്‌കോ തെരുവില്‍ അലഞ്ഞുനടന്ന അവള്‍ നഗരത്തിന് മേലെ രണ്ടായിരം കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്തു. ഭയവും സമ്മര്‍ദ്ദങ്ങളും ഹൃദയമിടിപ്പ് കൂട്ടി. ശ്വസനനിരക്കില്‍ വര്‍ധവുണ്ടാക്കി. പേടകത്തിലെ താപകവചം തകര്‍ന്ന് വെന്തുമരിച്ചു. ശാസ്ത്രലോകത്തെ രക്തസാക്ഷിയായി. ആ മൃതശരീരവുമായി അഞ്ചുമാസം കൂടെ ബഹിരാകാശവാഹനം ഭ്രമണപഥത്തിലുണ്ടായിരുന്നു. 1958 ഏപ്രില്‍ 14- ന് കത്തിയമരുകയും ചെയ്തു. ലെയ്ക്ക പിന്നീട് സിനിമകള്‍ക്ക് വിഷയമായി. അവളുടെ പേരില്‍ സ്റ്റാമ്പുകള്‍ പുറത്തിറങ്ങി.

1960- ല്‍ ബാഹ്യാകാശത്ത് പോയി ജീവനോടെ തിരികെ വന്ന ബല്‍ക്ക, സ്‌ട്രെല്‍ക്ക എന്ന രണ്ട് നായകളെ ഇവിടെ സ്റ്റഫ് ചെയ്തു വെച്ചിട്ടുണ്ട്. സ്‌ട്രെല്‍ക്ക പിന്നീട് പ്രസവിച്ചു. അതിലൊരു കുട്ടിയെ സോവിയറ്റ് പ്രധാനമന്ത്രി ക്രൂഷ്‌ചേവ് അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ് കെന്നഡിക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. എല്ലാം വായിച്ചും കണ്ടും തീരണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. ഇതൊരു നാടോടി പാച്ചില്‍ മാത്രം. അവിടെ സ്പേസ് സ്റ്റേഷന്റെ ഉളളിലും കയറി. ബഹിരാകാശയാത്രാ പരിശീലനത്തിന്റെ വീഡിയോ ഷോ കണ്ടു. പരിശീലന സമയത്ത് ഇട്ട് കറക്കുന്ന കറങ്ങുന്ന കസേര, പേടകത്തിന് അകത്തെ സൗകര്യങ്ങള്‍, ഗര്‍ഭപാത്രത്തിലെന്ന പോലെ ചുരുണ്ടുകൂടി കിടക്കാന്‍ പാകത്തിലുള്ള സീറ്റ്, ചന്ദ്രനില്‍ ഇറങ്ങി കറങ്ങിയ വാഹനം, ഉല്‍ക്ക കല്ല്, രാകേശ് ശര്‍മ്മയുടെ ബഹിരാകാശ യാത്രയ്ക്ക് മുന്‍പ് ഇന്ദിരഗാന്ധി സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രം...അങ്ങിനെ കാണാന്‍ എമ്പാടുമുണ്ടവിടെ.

സോവിയറ്റ് നാട്ടിലേക്ക്
ബഹിരാകാശത്തില്‍ നിന്നും ലാന്റ് ചെയ്തത് സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തിലേക്കാണ്. 15 രാജ്യങ്ങള്‍ ചേര്‍ന്ന യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റപ്പബ്ലിക്‌സിന്റെ രാജ്യോദ്യാനം. കവാടത്തിനരികില്‍ നിറയെ ചുവന്ന ടൂലിപ് പുഷ്പങ്ങള്‍. വര്‍ഷത്തിലൊരിക്കല്‍ ഈ രാജ്യങ്ങളിലെയെല്ലാം കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്ന നഗരി. എല്ലാ നാട്ടിന്റെയും വാസ്തുശില്‍പ മാതൃകയിലുള്ള കെട്ടിടങ്ങളാണ് ചുറ്റിലും. നടുവില്‍ ജലധാരകള്‍,തോട്ടങ്ങള്‍.

കവാടത്തില്‍ ലെനിന്റെ പ്രതിമ തലയെടുപ്പോടെ. അതോര്‍മ്മയാണ്, കഥയാണ്, ചരിത്രമാണ്. നൂറ്റാണ്ടുകളോളം സാര്‍ ചക്രവര്‍ത്തിമാരുടെ കീഴിലായിരുന്ന റഷ്യന്‍ സാമ്രാജ്യം. വന്‍കിട ഭൂവുടമകളും പ്രഭുക്കന്മാരുമായിരുന്നു സമൂഹത്തെ ഭരിച്ചത്. അധ്വാനിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കഷ്ടപ്പാടുകളും പട്ടിണിയും. അസംതൃപ്തിയുടെ ഈ സാമൂഹിക കാലാവസ്ഥയിലാണ് വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ ഉണ്ടായ രാഷ്ട്രീയകലാപങ്ങളും അവര്‍ക്ക് ഊര്‍ജ്ജമേകി.

ഇതിന് നേതൃത്വമേകാന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകനായ വ്‌ലാഡിമിര്‍ ഇല്ലിച്ച് ഉല്യാനോവു എന്ന ലെനിനും രംഗത്തെത്തി. ഒക്ടോബര്‍ വിപ്ലവത്തിന്റെ നായകന്‍, ബോള്‍ഷോവിസത്തിന്റെ ഉപജ്ഞാതാവ്, സോവിയറ്റ് യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍...ചരിത്രം ആ പേര് ചുവന്ന ലിപികളില്‍ രേഖപ്പെടുത്തി. ചക്രവര്‍ത്തി ഭരണം അവസാനിപ്പിച്ച് സോവിയറ്റ് യൂണിയന്‍ എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നല്‍കിയതിന് നേതൃത്വം വഹിച്ചത് അദ്ദേഹമാണ്. കാറല്‍ മാര്‍ക്‌സ്, ഫ്രെഡറിക് ഏംഗല്‍സ് എന്നിവരുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് 1917-ലെ റഷ്യന്‍ വിപ്ലവത്തിലൂടെ അദ്ദേഹം പ്രായോഗിക രൂപം കാഴ്ചവെക്കുകയായിരുന്നു. ഇസ്‌ക്രാ അഥവാ തീപ്പൊരി എന്നൊരു പത്രവും ആരംഭിച്ചിരുന്നു. നഗര വീഥികളിലുടെ നടക്കുമ്പോള്‍ ലെനിന്‍ പണ്ട് നടന്ന വഴികളേതെങ്കിലുമാവുമല്ലോ ഇതെന്നെല്ലാം ഓര്‍ക്കാനൊരു രസം.

പതിനഞ്ച് രാജ്യങ്ങളും ഒരു കുടക്കീഴിലായിരുന്ന കാലത്ത് ഉക്രൈനും റഷ്യയും അതിന്റെ ഭാഗമായിരുന്നല്ലോ. പിന്നീട് നേറ്റോയോട് ചായ്‌വ്‌ പ്രകടിപ്പിച്ചു തുടങ്ങിയതാണ് യുദ്ധത്തിലേക്ക് നയിച്ചത്. ഉക്രൈനില്‍ ഒരു വിഭാഗത്തിന് റഷ്യയോട് ഇപ്പോഴും മാനസിക ഐക്യമുണ്ട്. സംസ്‌കാരവും സാമ്യമുള്ളയിടങ്ങളുണ്ട്. യുദ്ധമാണ് ഞങ്ങളുടെ ഗൈഡിനേയും ദു;ഖപുത്രിയാക്കിയതെന്ന് സംസാരത്തില്‍ നിന്നും മനസിലായി. അവരുടെ ബന്ധുക്കളും പ്രിയപ്പെട്ടവരും യുദ്ധത്തില്‍ മരിച്ചിട്ടുണ്ട്. ഉക്രൈന്‍ യുദ്ധത്തിന്റെ തുടക്കസമയത്ത് നാട്ടില്‍ ഓരോ ദിവസവും ഞങ്ങളും ആശങ്കയിലായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അവരുടെ രക്ഷിതാക്കളുടെ ഉത്കണ്ഠകള്‍ എന്നിവയിലൂടെ കടന്നു പോയിരുന്നു. ചില വിദ്യാര്‍ഥികളുടെ വാട്സ്ആപ്പ് നമ്പറിന്‍ വിളിച്ച് നേരിട്ട് വിവരങ്ങളെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പുറത്തെ ബഹളം കാരണം കട്ട് ചെയ്ത സംഭവവും ഓര്‍മയിലെത്തി. തീവണ്ടി മാര്‍ഗമുള്ള അവരുടെ പലായനത്തോടൊപ്പം സഞ്ചരിച്ച നിമിഷങ്ങള്‍ ഞങ്ങള്‍ക്കും ഭീതിയുടേതായിരുന്നു. അപ്പോള്‍ യുദ്ധത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ അവസ്ഥയെന്താവും. അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശിഷ്ട ജീവിതം ഓര്‍മകളുടെ വേട്ടയാടലാവില്ലേ... ഗൈഡ് തമാരയുടെ ഭര്‍ത്താവ് ആഫ്രിക്കയിലെവിടെയോ കൂലിപട്ടാളക്കാരനാണ്. ആഭ്യന്തരയുദ്ധം അമര്‍ച്ച ചെയ്യാന്‍ വേണ്ടി വാടകയ്ക്ക് എടുക്കുന്ന സ്വകാര്യപട്ടാളത്തില്‍ അംഗം. അവിടെ തോക്കേന്തി പോസു ചെയ്തു നില്‍ക്കുന്ന ഒരു പടം ഞങ്ങള്‍ക്കവള്‍ അഭിമാനത്തോടെ കാട്ടിതന്നിരുന്നു. യുദ്ധം ഓരോരുത്തര്‍ക്കും ഓരോന്നാണ്. ചിലര്‍ക്കത് ആവേശമാണ്. യുദ്ധഭൂമിയില്‍ മരിച്ചുവീഴുന്നത് വീരമരണമാക്കി നമ്മുടെ മനസിനേയും ചെറുപ്പത്തിലേ ട്യൂണ്‍ ചെയ്യുന്നത് ഭരണകൂടങ്ങളുടെ തന്ത്രവുമാണ്. മൂന്ന് വര്‍ഷത്തെ യുദ്ധത്തില്‍ ഉക്രൈനില്‍ 700 ഓളം കുട്ടികളാണ് കൊല്ലപ്പെട്ടത്. 1854 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് കണക്ക്. ഔദ്യോഗികകണക്കുകള്‍ പ്രകാരം ആഴ്ചയില്‍ 16 കുട്ടികള്‍ യുദ്ധത്തിന്റെ ഇരകളായി മാറുന്നുണ്ടെന്നും പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ ഇരകളുടെ എണ്ണം ഇതിലുമപ്പുറത്താണെന്നതും തര്‍ക്കമറ്റ വസ്തുതയാണ്

ഒരു വോഡ്കാ ഷോട്ട് അടിക്കാം
യുദ്ധത്തില്‍ നിന്നും സമാധാനത്തിലേക്ക്...നേരെ പോയത് വോഡ്ക മ്യൂസിയത്തിലേക്കാണ്. റഷ്യയും വോഡ്കയും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണ്. വോഡ്കയുടെ ചരിത്രവും അറിഞ്ഞിരിക്കേണ്ടതുണ്ടല്ലോ. വോഡ്ക മ്യൂസിയം ഒരു തീം പാര്‍ക്കിനുള്ളിലാണ്. സൈക്കിള്‍ മ്യൂസിയവും ഇവിടെയുണ്ട്. അകത്ത് കയറുമ്പോള്‍ തുറന്ന വേദിയില്‍ രണ്ട് റഷ്യന്‍ ഗായകരുടെ സംഗീതവിരുന്ന്. മുന്നില്‍ പാട്ടിനൊത്ത് താളത്തില്‍ നൃത്തം ചെയ്യുന്ന ചെറുപ്പക്കാരന്‍. കൂടെ രണ്ട് സ്റ്റെപ്പ് ഞങ്ങളും വെച്ചു. മറ്റ് ചിലയിടത്ത് പഴങ്ങളും പച്ചക്കറികളുമിങ്ങനെ തിളച്ചുകൊണ്ടിരിക്കുന്നു. വാറ്റുകയാണ്.

കെട്ടിടങ്ങളെ വലം ചുറ്റി ഇരുണ്ട ബാറിനകത്തേക്ക് പ്രവേശിക്കും പോലെ ഒരു കവാടത്തിലൂടെ അകത്ത് കയറി. അവിടെ പഴകിയ കോട്ടും കാലുറയുമിട്ടൊരാള്‍ വോഡ്ക വാറ്റികൊണ്ടിരിക്കുന്നു. നാടന്‍ വാറ്റിന്റെ സെറ്റപ്പൊക്കെ തന്നെ. കാച്ചുന്ന പാത്രവും കുഴലും കുന്ത്രാണ്ടവുമൊക്കെ കാണാം. സംഗതി പ്രതിമയാണ്. അരികില്‍ പഴയകാലത്ത് ഓലയ്ക്ക് സമാനമായ ഏതോ ഇലകൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു ഷൂ കണ്ടു. ഗ്രാമീണരൊക്കെ പണ്ട് ഇതുകൊണ്ടാവും പാദം രക്ഷിച്ചത്. തൊട്ടരികില്‍ ഒരു യുവതി എങ്ങനെയാണ് വോഡ്ക കുടിക്കേണ്ടതെന്ന് പഠിപ്പിക്കുന്നു. ഒരൗണ്‍സ് ഗ്ലാസില്‍ ഇത്തിരി വോഡ്ക പകര്‍ന്നു. ഫ്രിഡ്ജില്‍ നിന്നൊരു ഗ്ലാസില്‍ എന്തോ എടുത്ത് പുറത്ത് വെച്ചു. അതിലൊരെണ്ണം ടൂത്ത് പിക് കുത്തി പുറത്തെടുത്തു. അത് കഴിച്ച് കൂടെ ഒറ്റമോന്തലില്‍ വോഡ്കയും കാലിയാക്കാന്‍ പറഞ്ഞു. ഉപ്പിലിട്ട കക്കിരിക്ക കറുമുറെ കടിക്കുന്നതിനൊപ്പം വോഡ്കയും എരിഞ്ഞെരിഞ്ഞ് ആമാശയം വരെ എത്തുന്നത് അറിയും. അതാണ് ഒരു വോഡ്ക ഷോട്ട്. ഒരു ഷോട്ടില്‍ നിര്‍ത്തി. അടിച്ചുപൂസായാല്‍ സ്ഥലകാലബോധം ഉണ്ടാവില്ലെന്നു പണ്ട് ഷിനാസ് എഴുതിയത് ഓര്‍മ്മയുണ്ട്. നല്ല നാടന്‍ വോഡ്കയടിച്ച് ട്രാന്‍സ് സൈബീരിയന്‍ യാത്രയ്ക്ക് പോയി. പോയതും വന്നതും ഓര്‍മയുണ്ട്. വഴിയില്‍ നടന്നതെല്ലാം വോഡ്കയുടെ ലഹരിക്കൊപ്പം തലച്ചോറില്‍ നിന്നു മായ്ക്കപ്പെട്ടെന്നാണ് അദ്ദേഹം എഴുതിയത്.

രാത്രി വീണ്ടും ശിവം ഹോട്ടലില്‍ എത്തി. അതിന്റെ പരിസരത്തെ കാടുകളിലൂടെ ചുറ്റിയടിച്ചു. പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രത്യേകതരം ആപ്പിള്‍ മരം. പച്ച നൂലില്‍ മുത്തുമണികള്‍ കോര്‍ത്തൊരുക്കിയ പോലെ വെളുത്തപൂക്കള്‍. ഫോട്ടോയെടുത്തു. ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോന്നു. ബാക്കി വന്ന ഭക്ഷണം ഗൈഡ് പൊതിഞ്ഞു വീട്ടിലേക്കെടുത്തു. ഒരു വിനോദസഞ്ചാര ഗൈഡിന്റെ വരുമാനം കൊണ്ട് ആ നാടിന്റെ സാമ്പത്തികാവസ്ഥ ഏതാണ്ട് മനസിലാക്കാന്‍ പററുമോ. അറിയില്ല. എന്തായാലും അത്ര മെച്ചമല്ല ജീവിതനിലവാരം എന്നു തോന്നി. ബാക്കിയാവുന്ന ഭക്ഷണം പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവുന്നതില്‍ നിന്നും എന്റെ സാമ്പത്തികാവസ്ഥ മനസിലാക്കാമല്ലോയെന്നവരു തന്നെ പറഞ്ഞു.

റഷ്യ പഴയ റഷ്യയല്ല.
റഷ്യയിലേക്ക് പോരുന്നതിന് മുമ്പ് ഇവിടെ വല്ല മലയാളി ബന്ധങ്ങളും ഉണ്ടെങ്കില്‍ അവരെയൊന്ന് കാണണമെന്ന് വിചാരിച്ചിരുന്നു. ലോക സഞ്ചാരിയായി ബൈജു എന്‍ നായര്‍ തന്ന നമ്പര്‍ മലയാളി പത്രപ്രവര്‍ത്തകനും പീപ്പിള്‍സ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്സിറ്റി അധ്യാപകനുമായ തിരുവനന്തപുരം സ്വദേശി ദത്തന്റേതായിരുന്നു. മോസ്‌കോയില്‍ വെച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. പക്ഷെ ഫോണിലൂടെ സംസാരിച്ചു. അദ്ദേഹം വന്നപ്പോഴുള്ള റഷ്യയും മാറ്റങ്ങളിലൂടെ കടന്നു പോയ കാലവുമെല്ലാം പങ്കുവെച്ചു.

''1988 ലാണ് ഞാനിവിടെ വരുന്നത്. വന്നത് വേറൊരു രാജ്യത്താണ്. ആ രാജ്യം ഇപ്പോ ഇല്ല. സോവിയറ്റ് യൂണിയന്‍. അത് വളരെ വ്യത്യസ്തമായിരുന്നു. കമ്മ്യൂണിസ്റ്റ് രാജ്യം എന്നൊക്കെ പറഞ്ഞുകേട്ടതിന്റെ ത്രില്ലിലാണ് ഇവിടെയെത്തുന്നത്. അപ്പോഴേക്കും ഗര്‍ബച്ചോവിന്റെ പരിവര്‍ത്തന പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലെത്തുന്ന സമയമായിരുന്നു. സ്വാതന്ത്ര്യം വേണം. തുറന്നു പറയാനും വിമര്‍ശിക്കാനുമുള്ള അവകാശം തുടങ്ങിയ ആശയങ്ങള്‍ അന്തരീക്ഷത്തില്‍. ജനങ്ങള്‍ അതിന്റെയൊരു ആഹ്ലാദത്തില്‍. പക്ഷെ വെളുക്കാന്‍ തേച്ചത് പാണ്ടായി. വിചാരിച്ചപോലെയൊന്നും നടന്നില്ല. ഗര്‍ബച്ചോവ് അമേരിക്കയുടെയും പശ്ചാത്യരാജ്യങ്ങളുടെയും കയ്യിലെ ചട്ടുകമായി സോവിയറ്റ് യൂണിയനെ തകര്‍ക്കുകയായിരുന്നെന്ന് മട്ടില്‍ ഒരു വിഭാഗം പറയാന്‍ തുടങ്ങി.

1991 ല്‍ അരാജകത്വം മൂര്‍ധന്യത്തിലെത്തി. മൂല്യച്യുതിയും സാമ്പത്തികാടിത്തറയും തകര്‍ന്നു. മാഫിയകളുടെയും കൊള്ളക്കാരുടെയും രാജ്യമായി മാറി. ശാസ്ത്രഞ്ജന്‍മാര്‍ വരെ ടാക്സി ഓടിക്കാന്‍ തുടങ്ങി. വ്ളാഡിമര്‍ പുതിന്‍ ടാക്സി ഓടിച്ച് നടന്ന കാര്യം അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 99 വരെ അങ്ങനെയായിരുന്നു അവസ്ഥ. ക്രെംലിനില്‍ ഭരണ കാര്യങ്ങളില്‍ ഉപദേശകരായി അമേരിക്കകാരുണ്ടായിരുന്നു. രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്കയുടെ തന്ത്രമായിരുന്നു ഇതെന്ന ആരോപണത്തെ അത് ശക്തിപ്പെടുത്തി.

2000-ത്തില്‍ യെല്‍സിന്‍, വ്ളാഡിമര്‍ പുതിനെ അധികാരത്തില്‍ കൊണ്ടു വന്നു. അദ്ദേഹം കാര്യങ്ങള്‍ പഠിച്ചു. 2002-2003 ആയപ്പോഴേക്കും ക്രമസമാധാനം മെച്ചപ്പെടുത്തി. കൊള്ളക്കാരെ ജയിലിടച്ചു. എന്‍കൗണ്ടറുകളിലൂടെ പലരേയും വെടിവെച്ച് കൊന്നു. ജീവിതം ശാന്തമാവാമാന്‍ തുടങ്ങിയതോടെ ജനത്തിന് വിശ്വാസം കൂടി. പുതിന്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് ഞങ്ങള്‍ ജനാധിപത്യത്തിന്റെ പാതയിലാണെന്നും കൂടെയുണ്ടാവണമെന്നും പറഞ്ഞ് സഹകരണം അഭ്യര്‍ഥിച്ചു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിച്ചില്ല. അവര്‍ റഷ്യയുടെ പതനമാണ് കൊതിക്കുന്നതെന്ന് രാജ്യം തിരിച്ചറിഞ്ഞു തുടങ്ങി. 2010 തൊട്ട് റഷ്യ പുതിയൊരു റഷ്യയാവാനുള്ള ശ്രമം തുടങ്ങി. ഇപ്പോള്‍ റഷ്യ പഴയ റഷ്യയല്ല.

2014 ല്‍ ഉക്രൈന്‍ കരിങ്കടലിലെ തുറമുഖം അമേരിക്കയ്ക്ക് തുറന്നു കൊടുക്കാന്‍ തുടങ്ങി. സംഘര്‍ഷം ഇല്ലാതാക്കാന്‍ റഷ്യ പരമാവധി നോക്കിയെങ്കിലും നടന്നില്ല. ഒടുക്കം ക്രിമിയ തുറമുഖം പിടിച്ചെടുത്തു. 2022 ഫെബ്രുവരിയില്‍ സ്പെഷന്‍ മിലിട്ടറി ഓപ്പറേഷനും തുടങ്ങി. രാജ്യം സ്ട്രോങ്ങാണ് ഇന്ന്. ഇതെല്ലാം ഞാന്‍ നേരിട്ട് കണ്ടറിഞ്ഞ റഷ്യയാണ്.

Also read: സന്ദര്‍ശകര്‍ക്ക് സൗജന്യമായി വോഡ്ക കൊടുക്കുന്ന മ്യൂസിയം, പാവങ്ങളുടെ പെരുന്തച്ചന്‍; അത്ഭുതങ്ങളുടെ റഷ്യ |യാത്രാവിവരണം - 2 

പിന്നെ ഇവിടെ ജോലി ചെയ്യുന്നയാളെന്ന നിലയില്‍ പറയുമ്പോള്‍ കിട്ടുന്ന ശമ്പളം കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിക്കാന്‍ പറ്റും. ഞാനിവിടെ റേഡിയോ മോസ്‌കോയില്‍ വര്‍ക് ചെയ്തിട്ടുണ്ട്. ഏഷ്യനെറ്റിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ട്. അധ്യാപനവും കൊണ്ടുപോവുന്നു.ജീവിത ചെലവ് കൂടുതലാണ്. ദാരിദ്യമില്ല. നമ്മുടെ നാട്ടിലെ ദാരിദ്യവുമായി താരതമ്യം ചെയ്യാനും പറ്റില്ല. ഇവിടെ ഒരു ലക്ഷം രൂപ ശമ്പളം ഉണ്ടെങ്കില്‍ നാട്ടില്‍ 50000 രൂപ കിട്ടുന്നതിന് തുല്യമാണ്. കാറില്ല. ഹോളിഡേ ആസ്വദിക്കാനാവുന്നില്ല എന്നതൊക്കെയാവും ഇവിടുത്തെ സാമ്പത്തികം മെച്ചമെല്ലന്ന് ചിന്ത്രിക്കുന്നവരുടെ പ്രശ്നം. നമുക്ക് നാട്ടില്‍ 100 രൂപയുള്ളവനും ജീവിക്കാം. 1000 രൂപയുള്ളവനും ജീവിക്കാം. ഇവിടെ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഫ്രീ ആണ ഹെല്‍ത്ത് കെയര്‍ ഫ്രീയാണ്. അടുക്കും ചിട്ടയും ഉള്ള ജീവിതമാണ്. ശുദ്ധവായുവാണ്.

നാട്ടിലെ പോലെ സ്വാതന്ത്ര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ വലിയ കുഴപ്പമില്ലെന്നേ പറയാന്‍ പറ്റൂ. 38 വര്‍ഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. ക്ലാസ്സുകളിലെല്ലാം ഞാനെന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുണ്ട് സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ പറയാന്‍ പറ്റില്ല. അതിപ്പോ ഇന്ത്യയിലും അങ്ങിനെയായി വരുന്നുണ്ടല്ലോ. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നൊരാള്‍ക്ക് ജീവിക്കാന്‍ പലപ്പോഴും അവിടം തന്നെയാണ് നല്ലതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മതേതര ജീവിതം, ആഘോഷങ്ങള്‍ അതെല്ലാം ഇവിടെ മിസ് ആവും.''

റഷ്യന്‍ നഗരവീഥികളിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം. എവിടെയും പാര്‍ട്ടി ഓഫീസുകളൊന്നും കാണാനില്ലെന്നതായിരുന്നു. കൊടി തോരണങ്ങളും ബാനറുകളും പോസ്റ്ററുകളുമൊന്നുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥയെന്താണ് എന്നറിയാനുള്ള കൗതുകവും ജനിച്ചു. വര്‍ഷങ്ങളായി റഷ്യയൊടൊപ്പം സഞ്ചരിക്കുന്നയാളെന്ന നിലയില്‍ ദത്തനോട് തന്നെ ചോദിച്ചു.

''ഓ പാര്‍ട്ടി അതൊന്നും നാട്ടിലെ പോലെ ഒന്നുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോ ഉണ്ടെന്നേ തോന്നുന്നില്ല. ഇടയ്ക്ക് ചിലര്‍ പഴയ സെറ്റപ്പിലൊരെണ്ണം തുടങ്ങാന്‍ നോക്കിയിരുന്നു. പക്ഷെ ഒന്നും നടന്നില്ല. ഇവിടെ പാര്‍ട്ടിയൊക്കെ ഒരു ബ്യൂറോക്രാറ്റ് സെറ്റപ്പാണ്. ചിലയിടത്ത് ഓഫീസുണ്ട്. സെക്രട്ടറിമാരൊക്കെ മാനേജര്‍ പോസ്റ്റ്‌ പോലെയാണ്.അവര്‍ക്ക് ഫണ്ട് കൊടുക്കുന്നത് സര്‍ക്കാരാണ്. എം.എല്‍.എ മാരുടെ എണ്ണത്തിനനുസരിച്ചാണ് പണം കൊടുക്കുക. യോഗങ്ങളൊക്കെ വര്‍ഷത്തിലൊരിക്കലൊക്കെയായിരിക്കും. ബാക്കിയെല്ലാം ഓണ്‍ലൈന്‍ ഇടപാടുകളായിരിക്കും.

പിന്നെ പോസ്റ്റര്‍, പരസ്യം ഇതിനെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. നിങ്ങളുടെ കടയ്ക്ക് ബോര്‍്ഡ് വെക്കാന്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം മാത്രമേ പറ്റൂ. സിമട്രിക്കല്‍ ബോര്‍ഡ് ആവണം. പോസ്റ്റര്‍ തോന്നിയപോലെ ഒട്ടിച്ചാല്‍ പണികിട്ടും. അഞ്ചുലക്ഷം ഒക്കെയാണ് പിഴ...''ദത്തന്‍ പറഞ്ഞു. ചുമ്മാതല്ല മഹാവിജയത്തിന്റെ ആഘോഷലഹരിക്കുപോലും ഒരു നിയന്ത്രണം കാണുന്നത്

ദ സ്വിദാനിയ റഷ്യ
ഇന്ന് തിരികെ പോവുകയാണ്. റഷ്യ മോഹിപ്പിക്കുന്ന സുന്ദരിയാണ് എനിക്ക്. വിട്ടുപോവാന്‍ തോന്നുന്നില്ല. മോഹിപ്പിക്കുന്ന സുന്ദരനായി ഭാര്യയ്ക്കും തോന്നുന്നുണ്ടാവണം. അവള്‍ക്കും പോവാന്‍ തോന്നുന്നില്ല. എന്തായാലും പോയല്ലേ പറ്റൂ. രാവിലെ ഒന്നു കുടെ നടന്നേക്കാം. അന്ന് ഞായറാഴ്ചയായിരുന്നു. തെരുവുകളില്‍ തിരക്ക് കുറവാണ്. സൈക്കിള്‍ സവാരിക്കാര്‍ ഇറങ്ങിയിട്ടുണ്ട്. നദിക്കരയിലെത്തി. പാലത്തില്‍ കയറി നദിയും പരിസരവും നോക്കി നിന്നു. വളവ് തിരിഞ്ഞൊഴുകി വരുന്ന പുഴക്കരയില്‍ നിന്നു നാട്ടില്‍ കുട്ടിക്കാലം ചെലവഴിച്ച കുറ്റ്യാടി പുഴയോരത്തെത്തി. ഓര്‍മകള്‍ എത്ര പ്രകാശവേഗത്തിലാണ് സഞ്ചരിക്കുന്നത്. പിന്നെ തിരികെ നടന്നു. പച്ചയില്‍ മഞ്ഞപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പാതയോരത്തിലൂടെ, വിശാലമായ വീഥികളില്‍ ഇടവിട്ടോടികൊണ്ടിരിക്കുന്ന ട്രാമുകളും ബസ്സുകളും കണ്ട് നടന്നു. ട്രാമിലൊരെണ്ണത്തില്‍ കയറമെന്നാഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല. മോസ്‌കോ മെട്രോ യാത്രയും നടന്നില്ല. മോസ്‌കോ ശരിക്കൊന്നറിയണമെങ്കില്‍ ഒരു മാസമെങ്കിലും ചുരുങ്ങിയതവിടെ തങ്ങണമെന്ന് പറഞ്ഞത് വെറുതെയല്ല.

11 മണിയായപ്പോഴേക്കും വണ്ടിയെത്തി. നേരെ വിമാനത്താവളത്തിലേക്ക്. പുറത്ത് വിക്ടറി ആഘോഷത്തിനെത്തുന്നവരെ സ്വീകരിക്കാന്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടു. അവളുടെ വെള്ളക്കോട്ടിനു പുറകില്‍ ആഘോഷപരിപാടിയുടെ രേഖാചിത്രം. പരിപാടിക്കെത്തുന്ന ആരുടെയോ പേരെഴുതിയ പ്ളക്കാര്‍ഡും കയ്യിലുണ്ടായിരുന്നു. വെറുതെ ഒരു ഹായ് കൊടുത്തു. അവളത് തിരിച്ചും തന്നു. ഞങ്ങള്‍ ലഗേജുകള്‍ സ്‌കാനറില്‍ കയറ്റി പരിശോധിച്ചു. അകത്തുകയറി എയര്‍ലൈന്‍സിന്റെ കൗണ്ടറിലേക്ക് നടന്നു. പെട്ടന്നാണ് രാധചേച്ചി അയ്യോ എന്റെ ബാഗൊരെണ്ണം സ്‌കാനറില്‍ മറന്നുന്ന് പറയുന്നത്. ആശയും ചേച്ചിയും അതെടുക്കാന്‍ അങ്ങോട്ട് പോയി. ബാഗ് പോയെന്നു ഇംഗ്‌ളീഷിലും മലയാളത്തിലും പറഞ്ഞിട്ട് അവര്‍ക്ക് മനസിലാവുന്നില്ല. ആംഗ്യഭാഷയില്‍ ഉരിയാടിയപ്പോ സംഗതി പിടികിട്ടി. പക്ഷെ കളര്‍ എന്താണെന്നാണ് ചോദിക്കുന്നത്. അതിവര്‍ക്കും പിടികിട്ടുന്നില്ല. ഒടുക്കം ഗൂഗിള്‍ പരിഭാഷകനായെത്തി. കളര്‍ റഷ്യയില്‍ അടിച്ച് തര്‍ജ്ജമ നടത്തി റെഡ് എന്നങ്ങോട്ട് ഇട്ടുകൊടുത്തു. കാര്യം ശുഭം. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ അലയലാണ് മറ്റൊരു പണി. കാണാത്ത ഉത്പന്നങ്ങള്‍, മദ്യങ്ങള്‍, കൗതുകവസ്തുക്കള്‍. നീണ്ടനിരയാണ്. എല്ലാ വര്‍ണധാരാളിത്തത്തില്‍ ഇങ്ങനെ തിളങ്ങും. നമ്മളെ മാടിവിളിക്കും. കാണാന്‍ കാശുകൊടുക്കേണ്ടല്ലോ. സ്ഫടിക കുപ്പികളില്‍ ശാന്തമായിരിക്കുന്ന പച്ചവെള്ളം പോലെയിരിക്കുന്നവനെ കണ്ടപ്പോഴാണ് നാട്ടിലെ കൂട്ടുകാരന്‍ വരുമ്പോള്‍ വോഡ്ക കൊണ്ടുവരണേ എന്നു പറഞ്ഞ കാര്യം ഓര്‍ത്തത്. ഒരെണ്ണം വാങ്ങി. അതിലും എഴുതിവെച്ചിരിക്കുന്നു. ബ്ളെന്‍ഡ് ഓഫ് റഷ്യന്‍ വിക്ടറീസ് എന്ന്. യുദ്ധവിജയലഹരി നുരയുന്ന പാനീയം. കണ്ടാല്‍ ശാന്തന്‍. ഉള്ളിലെത്തിയാല്‍ തലച്ചോറില്‍ യുദ്ധം തുടങ്ങും. നാട്ടിലെത്തിയിട്ട് വേണം വോഡ്ക ഷോട്ട് അവനെ പഠിപ്പിക്കാന്‍. (നിയമപ്രകാരമുള്ള മുന്നറിയിപ്പ്-മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

വിമാനത്തില്‍ കയറി പറക്കാന്‍ തുടങ്ങി. ഭക്ഷണം കഴിഞ്ഞു. എന്താന്നറിയില്ല. വിമാനം ആകെയങ്ങ് കുലുങ്ങുന്നു. സീറ്റ് ബെല്‍റ്റ്് ഒന്നയക്കാന്‍ നേരം കിട്ടുന്നില്ല. ഇടയ്‌ക്കൊന്നു ബാത്‌റൂമില്‍ പോയപ്പോഴുണ്ട് എയര്‍ഹോസ്റ്റസ് വാതിലില്‍ മുട്ടുന്നു. മുട്ടുതീര്‍ക്കാതെ തന്നെയിങ്ങ് പോന്നോളാന്‍. സീറ്റിലെത്തി ബെല്‍റ്റിട്ട് ഇരുന്നോളാന്‍. ജീവന്റെ കളിയാണ്. ചിരിച്ചുകൊണ്ട് അനുസരിക്കുക തന്നെ. സീറ്റില്‍ ഇരുന്നു. നേരെ എതിര്‍വശത്തെ സീറ്റില്‍ മൂന്നു റഷ്യന്‍ സഹോദരങ്ങള്‍ വായിച്ചും കളിച്ചും ഇരുപ്പുണ്ടായിരുന്നു. വിമാനം കുലുങ്ങാന്‍ തുടങ്ങിയതോടെ അവരുടെ മിണ്ടാട്ടം നിലച്ചു. ഇടയ്ക്ക് പണിനടക്കുന്ന ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സിയിലാണോ യാത്ര എന്നു പോലും തോന്നിപ്പോയി. നിറയെ ആകാശഗട്ടര്‍. ഇത്തിരി ശാന്തമാവുമ്പോ അടുത്തത് വരും.

അതാ ഷാര്‍ജയെത്താറായി. അനൗണ്‍സ്‌മെന്റ് വന്നു. വിമാനം താണു. നിലംതൊട്ടുരുണ്ട് നിശ്ചലമായി. ജീവനോടെ നിലത്തിറങ്ങിയതിന്റെ സന്തോഷമാവും. റഷ്യന്‍ സഹോദരങ്ങള്‍ ഗംഭീര കയ്യടി. അത് വിമാനമാകെ പടര്‍ന്നു. ഷാര്‍ജയില്‍ നിന്നും കൊച്ചിക്കുള്ള വിമാനത്തിന് കുറഞ്ഞ സമയമേയുള്ളു. ഷാര്‍ജ ഇപ്പോഴും പഴയ രീതിയിലാണ്. ബസ്സ് കയറി വേണം വിമാനത്താവളക്കരയിലെത്താന്‍. ആദ്യം ഇറങ്ങിയ മൂന്നുപേര്‍ പോയി. വൈകിയിറങ്ങിയ ബാക്കിയുള്ളവര്‍ അടുത്ത ബസ്സിലായിരുന്നു. കൗണ്ടറിലേക്കുള്ള ഓട്ടത്തിനിടയില്‍ അവരെ കാണാഞ്ഞത് അല്‍പ്പം വിഷമത്തിലാക്കി. അവര്‍ ഞങ്ങളേയും കാത്ത് വിഷമിച്ചിരിക്കുകയായിരുന്നു. ഏതായാലും കണ്ടുപിടിച്ചു. വിമാനം കയറി കൊച്ചിയില്‍ എത്തിയപ്പോള്‍ സമയം മൂന്നുമണി. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മനസ് വീണ്ടും റഷ്യയിലെത്തി. അവിടുത്തെ വൃത്തിയും വെടിപ്പും, ദുര്‍ഗന്ധമില്ലാത്ത തീവണ്ടിയും ഇവിടെയെത്താന്‍ എത്രകാലം കൂടിയെടുക്കുമെന്നോര്‍ത്തുപോയി. മനസ്സൊരു മടക്കയാത്ര തുടങ്ങി.

******

നാട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു മുന്നേറുന്ന ഇന്ത്യന്‍ സൈന്യം. യുദ്ധത്തിലേക്കത് നീളുമോയെന്ന ആശങ്ക ഉയര്‍ന്നു. ഭാഗ്യം അങ്ങനെയുണ്ടായില്ല. ഓരോ യുദ്ധവും സാധാരണക്കാരുടെ മനസില്‍ ഭീതിയുടെ കനല്‍കോരിയിടുകയാണ് ചെയ്യുന്നത്. 1940കളുടെ മദ്ധ്യം മുതല്‍ 1990കളുടെ തുടക്കം വരെ അമേരിക്കന്‍ ഐക്യനാടുകള്‍ക്കും സോവിയറ്റ് യൂണിയനും ഇടയ്ക്ക് നിലനിന്നിരുന്ന ശീത യുദ്ധാവസ്ഥയും റഷ്യ കടന്നുപോന്നതാണ്. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും ആണവായുധങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെല്ലാമായി വന്‍തുകയും ചെലവാക്കിയിരുന്നു. യുദ്ധങ്ങള്‍ എന്നും എപ്പോഴും അങ്ങനെയാണ് അത് സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു. മനുഷ്യരെ ഇല്ലാതാക്കുന്നു. പ്രകൃതിയെ ഹനിക്കുന്നു. സെറ്റ്ല്വാനയുടെ കൃതിയില്‍ യുദ്ധം ഒരു പട്ടാളക്കാരിയുടെ മനസില്‍ വിതറുന്ന സ്നേഹത്തിന്റെ സംഘര്‍ഷം വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ് ''യുദ്ധക്കളത്തിലെപ്പോഴാണ് എനിക്കു മനസ്സിലായത്. ഞാന്‍ എടുത്തുകൊണ്ടു പോന്ന വരില്‍ ഒരാള്‍ ഞങ്ങളുടെ ടാങ്ക് ഡ്രൈവറായിരുന്നു. മറ്റേയാള്‍ ഒരു ജര്‍മന്‍ പടയാളിയും പെട്ടെന്ന് ഉള്ളൊന്നു കാളി. അപ്പുറത്ത് നമ്മുടെ ആളുകള്‍ നൂറു കണക്കിനു മരിക്കുന്നു. ഇവിടെ ഞാന്‍ ഒരു ശത്രുവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയോ? ആ ബഹളത്തില്‍ എനിക്കൊന്നും വേര്‍തിരിച്ചു കാണാനായില്ല എന്നതാണ് സത്യം. എനിക്കു വല്ലാതെ പേടിതോന്നി. ഒരാള്‍ മരിച്ചുകൊണ്ടിരിക്കുന്നു. സഹായത്തിനായി നിലവിളിക്കുന്നു. രണ്ടുപേരും ഒരുപോലെ പൊള്ളലേറ്റ് കത്തി കരിവാളിച്ചിരിക്കുന്നു. അതിനിടയിലാണ് . കണ്ണില്‍പ്പെട്ടത്... ഒരാളുടെ വാച്ചും വേഷവും. കഴുത്തിലണിഞ്ഞിരുന്ന ലോക്കറ്റുമെല്ലാം വിദേശനിര്‍മ്മിതമായിരുന്നു. ആ ശപിക്കപ്പെട്ട യൂണിഫോം. ഇനി എന്തു ചെയ്യാന്‍? നമ്മുടെ പടയാളിയേയും എടുത്ത് ഞാന്‍ മുമ്പോട്ടു നടന്നു. ''തിരിച്ചുപോയി ആ ജര്‍മനെ രക്ഷിക്കണമോ?'' ഞാന്‍ എന്നോടുതന്നെ ചോദിച്ചു. അവിടെ കിടത്തി പോന്നാല്‍ മരിക്കുമെന്ന് ഉറപ്പ്. അത്രയ്ക്കും രക്തം വാര്‍ന്നുപോയിക്കഴിഞ്ഞു.ഞാന്‍ തിരിച്ചു നടന്നു. അയാളേയും തൂക്കിയെടുത്ത് മുന്നോട്ടേക്കടി വെച്ചു. പഴയതുപോലെ പിന്നേയും രണ്ടുപേരേയും.... സ്റ്റാലിന്‍ഗ്രാഡ്.... ഏറ്റവും ഘോരമായ യുദ്ധം നടന്നത് അവിടെയാണ്. ഏറ്റവും ഭയാനകമായ യുദ്ധം എന്റെ മകളേ... നമുക്ക് രണ്ടു ഹൃദയ ങ്ങളുണ്ടാവാനിടയില്ല... ഒന്നു വെറുക്കാനും മറ്റൊന്ന് സ്നേഹിക്കാനും. ഇല്ല... നമുക്കാകെ ഒരു ഹൃദയമേയുള്ളൂ. അതിനെ രക്ഷിക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധം അവസാനിച്ചിട്ടും വളരെ കാലത്തേക്ക് എനിക്ക് ആകാശ ത്തേക്കു നോക്കാന്‍ പേടിയായിരുന്നു. മുകളിലേക്കു നോക്കിയാല്‍ ചവിട്ടി മെതിച്ച് ഭൂമിയായിരിക്കുമോ അവിടെ കാണുക എന്ന ഭയം. ഇല്ല... പക്ഷി കള്‍ ഒന്നും സംഭവിക്കാത്തതുപോലെ ശാന്തമായി ആകാശത്തിലൂടെ പറന്നുപോകുന്നുണ്ട്. എത്ര വേഗമാണ് അവര്‍ക്ക് യുദ്ധം മറക്കാനായത്...സെറ്റ്‌ലാനയുടെ പുസ്തകത്തിലെ അവസാനവരികള്‍..ജൂനിയര്‍ സാര്‍ജന്റ് തമാരാ സ്റ്റെപ്പനോവയുടെ അനുഭവചൂരുള്ള വാക്കുകള്‍...ലോകത്തെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു....ഏത് മഹാവിജയത്തിന്റെയും അവസാനം ഗതികിട്ടാത്ത മനസുകളാണെന്ന് മഹാഭാരതയുദ്ധവും നമ്മോട് പറഞ്ഞതാണല്ലോ..

(അവസാനിച്ചു)

Content Highlights: Explore the magnificent Peacock Clock at the Hermitage Museum, a 18th-century marvel crafted by James Cox. Discover its intricate mechanics and captivating animation.