മാമരം കണ്ടേ, മേട് കണ്ടേ... ‘ഓർഡിനറി’ ബസ് കയറിയെത്തിയ അതേ വഴി, പൊൻമുടി ഡാമിന്റെ ദൂരക്കാഴ്ചകൾ

മഞ്ഞിനെ വകഞ്ഞുമാറ്റി അരിച്ചെത്തിയ ചെറുവെയിൽ പൊൻമുടി ഡാമിന്റെ ദൂരക്കാഴ്ചകളെ തൊട്ടു തഴുകിവരുന്നത് അകലെനിന്ന് കാണാമായിരുന്നു. ‘സുൻ സുൻ സുന്ദരിപ്പെണ്ണേ...’ എന്ന പാട്ടുംപാടി മലയാളിമനസ്സിലേക്ക് ‘ഓർഡിനറി’ ബസ് കയറിയെത്തിയ ഡാമിനുസമീപത്തുള്ള വഴിയിലൂടെയാണ് യാത്ര. ഡാമിന്റെ സെക്യൂരിറ്റിമുറി പിന്നിടുമ്പോഴാണ് ഒളിമ്പ്യൻ കെ.എം. ബീനാമോൾ എന്ന ബോർഡുള്ള റോഡ് കണ്ടത്.
ട്രാക്കിൽ രാജ്യത്തിനായി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ പൊൻമുടിക്കാരിയായ കായികതാരത്തിന്റെ പേരിലുള്ള റോഡ്. ഒരുനാടിന്റെ തന്നെ അഭിമാനം. ആ വഴി കാത്തുവെച്ച കാഴ്ച എന്താണ്? ഡാമിന്റെ പിന്നിലേക്ക് നയിക്കുന്ന വഴിയിൽ എന്തൊക്കെയുണ്ടാകും? ബുള്ളറ്റിന്റെ ഇടത് ഇൻഡിക്കേറ്റർ മിന്നിത്തെളിഞ്ഞു. ആക്സിലേറ്ററിന്റെ ഞെരിപിരി കൊള്ളലിൽ സൈലൻസർ ഹുങ്കാരശബ്ദം മുഴക്കി.
കേരളത്തിലെതന്നെ കെഎസ്ഇബിയുടെ ഏറ്റവും വലിയ ഡാമുകളിലൊന്നും വിനോദസഞ്ചാരകേന്ദ്രവുമാണ് പൊൻമുടി. സിനിമാക്കാർ പലവട്ടം സ്ക്രീനിലെത്തിച്ചിട്ടുണ്ട് ഈ കാഴ്ചകൾ. എങ്കിലും അധികമാരും ഇതിന്റെ പിൻകാഴ്ചകളിലേക്ക് പോയിട്ടുണ്ടാകില്ല.
ഡാമിന്റെ എക്കോപോയിന്റും പിന്നിട്ട് കയറിയത് ടാർ പൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ ഇടുങ്ങിയ വഴിയിലേക്ക്. ആ വഴിയെ പച്ചപുതപ്പിച്ചൊരു തേക്കുമരക്കാടും. മറ്റേതോ ലോകത്ത് എത്തിപ്പെട്ട പ്രതീതി. തലേന്ന് രാത്രി പെയ്ത മഴ അതിന്റെ തുള്ളികളെ തേക്കിലകൾക്കുള്ളിൽ ഒളിപ്പിച്ചിരുന്നു.
ആഞ്ഞുവീശിയ കാറ്റിൽ പിടിവിട്ട് അവർ താഴേക്കുവീണു. ആ കാറ്റിൽ ശിഖരങ്ങളുടെ കൂട്ടിയുരുമ്മലൊരു സംഗീതമായി. വന്യതയുടെ സംഗീതം എക്കോ പോയിന്റിൽ അലയടിച്ചു. തേക്കിൻകാടും പിന്നിട്ട് ഇടത്തേക്ക് തിരയുമ്പോഴാണ് ഇലച്ചാർത്തുകൾക്കിടയിലൂടെ ആ കാഴ്ച കണ്ടത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം പച്ചപുതച്ചുകിടക്കുന്നു. വൈദ്യുത ഉത്പാദനം കൂടിയതോ, അതോ വേണ്ടത്ര മഴ ലഭിക്കാത്തതോ? വെള്ളം പിൻവലിഞ്ഞ അവിടമാകെയൊരു പുൽമേടായി മാറിയിരിക്കുന്നു. റോഡിനുസമീപത്തെ പാറക്കൂട്ടത്തിനു മുകളിൽനിന്നാൽ ആ പച്ചപ്പ് അങ്ങകലെയൊരു പുഴയുമായി സംഗമിക്കുന്നത് കാണാം.
തുടർച്ചയായി വെള്ളമിറങ്ങുന്ന സമയത്താണ് ഇതുപോലെ കാണുക. അണക്കെട്ട് നിറഞ്ഞാൽ ഈ പച്ചപ്പെല്ലാം മൂടിപ്പോകും. നല്ല സമയത്താണ് വന്നത്- കൈയ്യിൽ അനുസരണയുടെ വടിയുമായി കന്നുകാലികളെ തീറ്റാനിറങ്ങിയ ബേബിച്ചേട്ടൻ പറഞ്ഞുതന്നു. ബേബിച്ചേട്ടന്റെ കൈവിട്ടോടിയ കാലികൾ പച്ചപ്പിനുമുകളിലൂടെ അകലേക്ക് അരിച്ചരിച്ചുനീങ്ങി. കാഴ്ചകളൊക്കെ ആവോളംകണ്ട് മരക്കാനവും പിന്നിട്ട് വണ്ടി ചരിത്രമുറങ്ങുന്ന മുനിയറയിലേക്ക്...
Content Highlights: ponmudi-dam-hidden-beauty-kerala-backwaters