പോബിത്തോറയിലെ പടച്ചട്ടധാരി, പെൺകാണ്ടാമൃഗങ്ങളുടെ പ്രിയങ്കരൻ; പേര് മുനാവാല

മുനാവാല, അസമിലെ പോബിത്തോറ വന്യജീവിസങ്കേതത്തിലേക്കുള്ള സഫാരിക്ക് തൊട്ടുമുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ലഘുവിവരണത്തിൽ ഏറ്റവും മനസ്സിൽ തങ്ങിയത് അവനെക്കുറിച്ചുള്ള കാര്യങ്ങളാണ്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഏറ്റവും സാന്ദ്രതയിലുള്ള പോബിത്തോറയിലെ 107 റൈനോകളിൽ ഏറ്റവും കരുത്തൻ. എല്ലാവരെയും അടക്കിവാഴുന്നവൻ. വലിയൊരുപറ്റം പെൺകാണ്ടാമൃഗങ്ങളുടെ പ്രിയങ്കരൻ. ചിലപ്പോഴെങ്കിലും തൊട്ടുചേർന്ന ജനവാസമേഖലയിലിറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്നവൻ.
അവന്റെ പിൻകാലിനു വശത്തായി കട്ടിയുള്ള തോൽ ഒരു ചെറുസഞ്ചി പോലെ രൂപപ്പെട്ടിട്ടുള്ളതിനാലാണ് മുനാവാല എന്ന് പേരു വീണത്. ‘മുന’ എന്നാൽ അസമീസിൽ സഞ്ചി എന്നർഥം. ആർക്കും ഒറ്റക്കാഴ്ചയിൽ അവനെ തിരിച്ചറിയാമെന്ന് വനം വാച്ചർമാർ. മുനാവാലയുടെ പേരു കേട്ടപ്പോൾ ഓർത്തത് നമ്മുടെ പടയപ്പയെയും അരിക്കൊമ്പനെയുമൊക്കെയാണ്. പോബിത്തോറയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള 107 റൈനോകൾക്കും പേരുണ്ട്.
സാധാരണ കാടുയാത്രകളിൽ വന്യജീവികളെ കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നതിനാൽ ആവേശം ഏറെയായിരുന്നെങ്കിലും വലിയ പ്രതീക്ഷയൊന്നും പുലർത്തിയില്ല. വനംവകുപ്പിന്റെ മൂന്നു തുറന്ന ജീപ്പുകളിലായി ഞങ്ങൾ കേരളത്തിൽ നിന്നുള്ള 11 മാധ്യമപ്രവർത്തകർ യാത്ര പുറപ്പെട്ടു. എല്ലാ വാഹനത്തിലും തോക്കുധാരികളായ വാച്ചർമാരും.
വിശാലമായ പുൽമേടും ചതുപ്പും ഇടയ്ക്ക് ഇടതിങ്ങിയ വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും. യാത്ര തുടങ്ങി ഒരു മിനിറ്റായില്ല, പതിനഞ്ചടി മാത്രം ദൂരത്ത് അതാ പുല്ലിന്റെ ഇടയിൽ ചാരനിറത്തിൽ ഒരു ‘പാറക്കല്ല്’ അനങ്ങുന്നു. ഒറ്റ നോട്ടമേ വേണ്ടിവന്നുള്ളൂ തിരിച്ചറിയാൻ, മുനാവാല. പിൻകാലിലെ സഞ്ചി അത്രയേറെ വ്യക്തം. സ്വസ്ഥമായി നിന്ന് പുല്ലു തിന്നുകയാണവൻ. ഫോട്ടോയെടുക്കുന്നതിനിടെ അവൻ തലയുയർത്തി നോക്കി. പിന്നെ വാഹനം നിൽക്കുന്ന ഭാഗത്തേയ്ക്ക് കയറി വന്നു. അതോടെ വണ്ടി മുന്നോട്ടെടുത്തു. പിന്നീടങ്ങോട്ടുള്ള യാത്രയിൽ എത്രയോ ഒറ്റക്കൊമ്പർ. ചിലയിടത്ത് നാട്ടുകാർ വളർത്തുന്ന ആടുകൾക്കും പശുക്കൾക്കും കുതിരകൾക്കുമൊപ്പം നിന്ന് പുല്ലു മേയുന്നത് രസകരമായ കാഴ്ചയായി. പൊതുവേ ഒറ്റസഞ്ചാരികളാണിവർ. കുഞ്ഞുങ്ങളോടൊപ്പം അമ്മമാരുണ്ട്.
യുനെസ്കോ ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ട അസമിലെ തന്നെ കാസിരംഗ ദേശീയോദ്യാനത്തിൽ നിന്ന് പോബിത്തോറയിലെ താരതമ്യേന ചെറിയ വന്യജീവിസങ്കേതത്തെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ചെറിയൊരു പ്രദേശത്ത് ഏറ്റവുമേറെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ. ഒരു സംശയവും കൂടാതെ പോകാം. സ്വാഭാവിക ആവാസവ്യവസ്ഥയിൽ കഴിയുന്ന ഒറ്റക്കൊമ്പൻ റൈനോകളെ വളരെ അടുത്തുനിന്ന് കാണാമെന്നുറപ്പ്.
അതും ധാരാളമായി. ആകെ 38.8 ചതുരശ്രകിലോമീറ്റർ ആണ് പോബിത്തോറ വന്യജീവി സങ്കേതം. ഇതിൽ 16 ചതുരശ്ര കിലോമീറ്റർ മാത്രം പ്രദേശത്തായാണ് 107 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഉള്ളത്. പടച്ചട്ട ധരിച്ചതുപോലെ കട്ടിയേറിയ തോൽ കവചം തീർക്കുന്ന ശരീരവുമായി ഒന്നും കൂസാതെയുള്ള അവയുടെ നിൽപ്പിനും നടപ്പിനുമെല്ലാമുണ്ടൊരു പ്രൗഢി.
യാത്ര
അസം തലസ്ഥാനമായ ഗുവാഹട്ടിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം ദൂരത്ത് മോറിഗാവ് ജില്ലയിലാണ് ‘മിനി കാസിരംഗ’ എന്നറിയപ്പെടുന്ന പോബിത്തോറ. ഓൺലൈനായോ ഇവിടെയെത്തിയ ശേഷമോ ടിക്കറ്റെടുത്ത് സഫാരി നടത്താം. ജീപ്പ് സഫാരിയും ആന സഫാരിയുമുണ്ട്. ഒരു മണിക്കൂറോളമുള്ള സഫാരിയ്ക്കൊടുവിൽ മനസ്സുനിറഞ്ഞ കാഴ്ചകളുമായി മടങ്ങാം.
ജനവാസഗ്രാമങ്ങളും വനവും ചേർന്നുകിടക്കുന്ന കേരളത്തിലേതിനു സമാനമായ സാഹചര്യമാണ് ഇവിടെയും കാണാനാവുക. വന്യജീവിസങ്കേതത്തിൽ കയറുമ്പോൾ തന്നെ വിശാലമായമായ കടുകുപാടമാണ് ഒരുവശത്ത്.നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവാണ് പോബിത്തോറ സന്ദർശിക്കാൻ ഏറ്റവും നല്ലത്.
ഇനി അൽപം റൈനോകാര്യങ്ങൾ
മൂന്നിനം ഏഷ്യൻ കാണ്ടാമൃഗങ്ങളിൽ ഏറ്റവും വലിപ്പമേറിയ ഗ്രേറ്റർ വൺ-ഹോൺഡ് റൈനോസെറസ് (Rhinoceros unicornis) ആണ് ഇവിടെയുള്ളത്. പൂർണ വളർച്ചയെത്തിയ റൈനോയ്ക്ക് 2,500-3,000 കിലോ വരെ ഭാരവുമുണ്ടാകും. 45-50 വയസ്സാണ് ഇവയുടെ ആയുസ്സ്.
അറുന്നൂറിൽ നിന്ന് നാലായിരത്തിലേക്ക്
അസമിന്റെ സ്വത്വവും പാരമ്പര്യവുമെല്ലാമായി ബന്ധപ്പെട്ടു കിടക്കുകയാണ് റൈനോകളുടെ കഥയും. വേട്ടയാടലും വനനശീകരണവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇവയുടെ എണ്ണം വളരെയേറെ കുറഞ്ഞതിനെ തുടർന്ന് ഇവ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും എന്ന അവസ്ഥ വന്നു. തുടർന്നാണ് കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിന് ആഗോളതലത്തിൽതന്നെ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടത്.
ഇന്ത്യയിൽ അസം സർക്കാർ പ്രദേശവാസികളുടെ കൂടി പിന്തുണയോടെ നടത്തിയ ഭഗീരഥപ്രയത്നം ഒറ്റക്കൊമ്പരുടെ എണ്ണത്തിലെ വർധനയിലേക്ക് നയിച്ചു. അന്ധവിശ്വാസത്തിന്റെ ഭാഗമായി നാട്ടുമരുന്നുകളിൽ ഉപയോഗിക്കാനും പ്രൗഢിയുടെ ചിഹ്നമായി പ്രദർശിപ്പിക്കാനും ഒക്കെ ഇവയുടെ കൊമ്പുകൾക്കായാണ് ഇവയെ വേട്ടയാടിയിരുന്നത്.
ആഗോളതലത്തിൽ നിയമവിരുദ്ധമായി കടത്തുന്ന വന്യജീവി ഉൽപ്പന്നങ്ങളിൽ 29 ശതമാനവും കാണ്ടാമൃഗങ്ങളുടെ കൊമ്പാണെന്നാണ് യു.എൻ. ഓഫീസ് ഫോർ ഡ്രഗ്സ് ആൻഡ് കമ്മോഡിറ്റീസ്(യു.എൻ.ഒ.ഡി.സി.) കണ്ടെത്തിയിട്ടുള്ളത്.
റൈനോ സംരക്ഷണത്തിൽ തങ്ങൾ എത്രമാത്രം പ്രതിജ്ഞാബദ്ധരാണെന്നു അസം ലോകത്തോടു വിളിച്ചുപറഞ്ഞത് ചരിത്രപരമായ നടപടിയിലൂടെയാണ്- പലപ്പോഴായി നിയമനടപടികളുടെ ഭാഗമായും മറ്റും പിടിച്ചെടുത്ത 2,479 റൈനോ കൊമ്പുകൾ കൂട്ടിയിട്ടു കത്തിച്ചു. 2021 സെപ്റ്റംബർ 22-ന് റൈനോ ദിനത്തിലായിരുന്നു കാസിരംഗ ദേശീയോദ്യാനത്തിനു പുറത്ത് ഈ നടപടി. റൈനോവേട്ട അസമിൽ ഇന്നില്ല. 1960-ൽ 600 റൈനേകൾ ഉണ്ടായിരുന്നിടത്തു നിന്ന് ഇന്ന് അത് 4000-നു മേൽ ആയി. 1971-ൽ ആണ് പോബിത്തോറ റിസർവ് വനമായി പ്രഖ്യാപിച്ചത്. 1987-ൽ വന്യജീവിസങ്കേതമാവുകയും ചെയ്തു.
സമ്പന്നം ഈ ചെറുവനം
ഒറ്റക്കൊമ്പൻ റൈനോയെ കൂടാതെ പുള്ളിപ്പുലി, കാട്ടുപോത്ത്, കാട്ടുപന്നി, ഉടുമ്പ്, കാട്ടുപൂച്ച, ചെന്നായ തുടങ്ങി കുറെയേറെ വന്യജീവികൾ ഇവിടെയുണ്ട്. ഇവയിൽ കാട്ടുപോത്ത്, കാട്ടുപന്നി, ചെന്നായ ഉൾപ്പെടെ ചില ജീവികളെയൊക്കെ സഫാരിയിൽ കാണാമെങ്കിലും ഒരു മണിക്കൂർ സഫാരിയിൽ എല്ലാ ജീവികളെ കാണുമെന്ന് ഉറപ്പില്ല. ഏതൊരു കാട്ടിലേയും പോലെ ഒത്താൽ കാണാം.
പക്ഷിപ്രേമികളുടെ പറുദീസ
രാജകീയപ്രൗഢിയുള്ള ഒറ്റക്കൊമ്പൻ റൈനോകൾ പ്രകൃതിയുടെ മാന്ത്രികതയാണ് മുന്നിൽവെച്ചതെങ്കിൽ പറയാൻ വാക്കുകൾ കിട്ടാത്തവിധം മനസ്സിൽ ആനന്ദം നിറച്ചത് പക്ഷിക്കാഴ്ചകളാണ്. 375 ഇനം പക്ഷികൾ ഉണ്ടിവിടെ. രണ്ടായിരത്തോളം ദേശാടനപ്പക്ഷികളാണ് സീസണിൽ എത്തുന്നത്. വലിയ കൂട്ടങ്ങളിൽ ഇടകലർന്നും അല്ലാതെയും ഇരിക്കുന്ന പക്ഷികളെ എത്ര കണ്ടാലും മതിയാവില്ല. പലപ്പോഴും അവിശ്വസനീയമായി ആ കാഴ്ച. ഇവയെ ഓരോന്നിനെയും തിരിച്ചറിയാവുന്നത്രയും അറിവുണ്ടായിരുന്ന വാച്ചർ രാജു ഞങ്ങളുടെ താത്പര്യം കണ്ടപ്പോൾ വാചാലനായി.
ടീൽ, ഡക്ക്, വേഡർ, റാപ്റ്റർ, സ്റ്റോർക്ക്, ഹെറോൺ, സ്റ്റാർലിങ് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവ ഉൾപ്പെടെയുള്ള ദേശടനക്കിളികളെ ഇവിടെ കാണാം. എന്തിന്, വന്യജീവിസങ്കേതത്തിന് പുറത്തു പോലും കാണാം വലുതും ചെറുതുമായ ഒട്ടേറെ പക്ഷികളെ. ഓറിയന്റൽ പൈഡ് ഹോൺബിൽ, പൈഡ് കിങ്ഫിഷർ, വൈറ്റ് ത്രോട്ടഡ് കിങ്ഫിഷർ, ബ്രാഹ്മിണി ഡക്ക്, ബ്ലാക്ക് നെക്കഡ് സ്റ്റോർക്ക്, ഇന്ത്യൻ പൈഡ് സ്റ്റാർലിങ്, ഗ്രീൻ പിജിയൻ, സ്പോട്ടഡ് ഔൾ തുടങ്ങി വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റർ അഡ്ജുടന്റ് സ്റ്റോർക് വരെ ഒട്ടേറെ കിളികൾക്ക് ഈ പുൽമേടും ചതുപ്പും കാടും പ്രിയ ഇടമാണ്.
എന്തുകൊണ്ട് പോബിത്തോറ
ലോകത്തിൽ ഏറ്റവും അധികം ഒറ്റക്കൊമ്പൻ റൈനോകൾ ഉള്ള സ്ഥലമാണ് കാസിരംഗ ദേശീയോദ്യാനം. എന്നാൽ അതിൽ നിന്ന് പോബിത്തോറയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ചിലതുണ്ട്.
- വളരെ ചെറിയ പ്രദേശത്ത് ഏറ്റവുമധികം ഒറ്റക്കൊമ്പർ ഇവിടെയുണ്ട്. 16 ചതുരശ്ര കിലോമീറ്ററിൽ 107 എണ്ണം. അതായത് സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ഇവിടെ സന്ദർശകർക്ക് ഇവയെ ധാരാളമായി അടുത്തുനിന്ന് കാണാം എന്ന് ഉറപ്പ്.
- ഗുവാഹട്ടിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം ദൂരമുള്ള ഇവിടേയ്ക്ക് എളുപ്പത്തിൽ എത്താം.
- ഏറ്റവും ശ്രദ്ധേയം ഇവിടത്തെ പക്ഷിസമ്പത്താണ്. പക്ഷിനിരീക്ഷകർക്കും മറ്റു സന്ദർശകർക്കും ഇവിടം ഒരുപോലെ പ്രിയപ്പെട്ടതാകാൻ ഈ ഒറ്റക്കാരണം മതി.
- മറ്റു വന്യജീവി സമ്പത്തുമുണ്ടിവിടെ. ചില ജീവികളെ സഫാരിയിൽ കാണാനുമാകും.
പോബിത്തോറ വന്യജീവി സങ്കേതത്തിന്റെ ദൈനംദിന നടത്തിപ്പ് സംസ്ഥാന സർക്കാരിന്റെ വനം വകുപ്പാണ് നിർവഹിക്കുന്നത്. വന്യജീവി സങ്കേതത്തിന് അടിസ്ഥാനസൗകര്യവികസനത്തിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ഇന്ത്യൻ റൈനോ വിഷൻ-2020 ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ കേന്ദ്രസർക്കാർ നൽകുന്നു. ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും കേന്ദ്രസഹായമുണ്ട്.
ഡബ്യു.ഡബ്യു.എഫ്. ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളും വിവിധ പദ്ധതികളിൽ സഹകരിക്കുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ കൊച്ചി ഓഫീസിന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകർക്കായി അസം യാത്ര സംഘടിപ്പിച്ചത്. പി.ഐ.ബി. കൊച്ചി ഡയറക്ടർ ധന്യ സനൽ യാത്ര ഏകോപിപ്പിച്ചു.
Content Highlights: Discover Pobitora Wildlife Sanctuary, Assam`s rhino hotspot with Munawala, the mighty rhino. Experience dense rhino population & rich birdlife. Plan your visit!