പട്ടായയിലെ സായാഹ്നം; സെക്‌സ് ടൂറിസത്തിന്റെ നാട് മാത്രമല്ലിത്, വേറിട്ടൊരു മുഖമുണ്ട്, മനോഹര കാഴ്ചകളും

സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന തായ് ടൂറിസത്തിന്റെ ഭാഗമായ വിവിധ നഗരങ്ങളും സഞ്ചാരകേന്ദ്രങ്ങളും കാണാനായൊരു യാത്ര. പുറപ്പെട്ടപ്പോഴേ തീരുമാനിച്ചിരുന്നു, ഈ സഞ്ചാരത്തിലെ ആദ്യലക്ഷ്യം പട്ടായനഗരമായിരി ക്കുമെന്ന്. 'പട്ടായ' എന്നു കേൾക്കുമ്പോഴേ സെക്ഷ്വൽ ടൂറിസത്തെക്കുറിച്ചു പറയുന്ന ഒട്ടനേകംപേരുടെ ഇടയിൽ നിന്നുമാണ് ഈ ദേശത്തെ കൂടുതലറിയണമെന്ന ആഗ്രഹം ജനിച്ചത്.
നീലിമയുടെ നിറച്ചാർത്തുകളിൽ തിരമാലകൾ കരയെ സ്പർശിച്ചു പിൻമടങ്ങുന്ന ചിത്രം, മനോഹരമായ നഗരം ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള സ്വദേശ-വിദേശസഞ്ചാരികളാൽ സമ്പന്നമാണ്. പ്രതീക്ഷിച്ചതിൽ നിന്നും വേറിട്ടൊരു മുഖമാണ് പട്ടായയ്ക്ക്. നഗരത്തിലൂടെയുള്ള ദിനരാത്ര നടത്തങ്ങളിൽ കണ്ണിലുടക്കിയ നിരവധി കാഴ്ചകളുണ്ട്. 'തായ് മസാജ്'... തായ് ഉച്ചാരണ ശൈലിയിലുള്ള ശബ്ദം കാതുകളിൽ വന്നു വീഴുന്നുണ്ട്. താല്പര്യമുള്ളവർക്ക് അവരെ സമീപിക്കാം.
മുക്കിനും മൂലയിലുമുള്ള മസാജ് സെന്ററുകളിൽ തായ് പരമ്പരാഗത രീതിയിലുള്ള നുവാദ് ബോറാൻ, നുവാദ് തായ് എന്നിങ്ങനെ സുഖപ്രാപ്തിയ്ക്കും വ്യാധി നിവൃത്തിയ്ക്കുമുള്ള ആരോഗ്യപരിപാലനത്തിന്റെ ഭാഗമായ തായ് മസാജുകളാണ് ആദ്യ കാലങ്ങളിൽ ചെയ്തു വന്നിരുന്നത്. എന്നാൽ ഇന്ന് ഇത്തരം സെന്ററുകളുടെ പ്രവർത്തനത്തിന് മസാജ് എന്ന ഒറ്റലക്ഷ്യമാണെന്നും അതുപോലെ സെക്ഷ്വൽ ടൂറിസത്തിന്റെ പ്രതിഛായയാണെന്നും പൂർണമായും അവകാശപ്പെടാനാകില്ല.
സ്ത്രീയും പുരുഷനും ട്രാൻസ്ജണ്ടേഴ്‌സും ഉൾപ്പെടുന്നതാണ് ഇവിടുത്തെ ലൈംഗികത്തൊഴിലാളി വർഗം. വില്പനചരക്കുകളായി അലങ്കരിച്ച ശരീരങ്ങളുമായി പല ലേബലുകളിലും പല രാജ്യങ്ങളിൽ നിന്നുമുള്ള മനുഷ്യരെ നമുക്കിവിടെ കാണാം. ഉന്മാദലഹരിയിൽ പ്രായഭേദമന്യേ ചായം പൂശിയ മുഖങ്ങളെ ഉപഭോക്താവിന് സ്വയം തെരഞ്ഞെടുക്കാം.
കൊൽക്കത്ത-സോനാഗച്ചി ചുവന്നതെരുവുകളിലെ അക്രമാസക്തരെന്ന് മാത്രം കേട്ടുപരിചയിച്ച വേശ്യാവൃത്തിയിലേർപ്പെട്ട സ്ത്രീകൾ, മുംബൈ ചുവന്ന തെരുവുകളിൽ പകൽ വെളിച്ചം മങ്ങുന്നതോടെ കണ്ടു പരിചയിച്ച മുഖങ്ങൾ, ലൈംഗികത്തൊഴിലാളിയെന്ന മുഖമുദ്രയിൽ അരികുവത്കരിക്കപ്പെട്ട മനുഷ്യർ.
സമൂഹം അംഗീകരിക്കാൻ മടിക്കുന്ന ചുവന്ന തെരുവുകളും അവിടുത്തെ മനുഷ്യരും. ദൈന്യതയും പട്ടിണിയും നിറഞ്ഞ ആ മനുഷ്യർക്ക് മുന്നിൽ ചെന്നുപെടുന്ന ഇര അവരെ സംബന്ധിച്ച് അവരുടെ ദൈനംദിന ജീവിതം തള്ളിനീക്കാനുള്ള ഉപാധിയാണ്. പട്ടിണിയും ദാരിദ്ര്യവും കൂടെപ്പിറപ്പായ മനുഷ്യർ അക്രമാസക്‌തരാകാതെ തരമില്ല. ഭക്ഷണം വസ്ത്രം, പാർപ്പിടം തുടങ്ങീ അടിസ്ഥാനസൗകര്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുന്ന മനുഷ്യർ. ആഡംബരജീവിതം നയിക്കുന്ന മുംബൈ നഗരത്തിന്റെ ചേരികളിലെയും ചുവന്ന തെരുവുകളിലെയും കാഴ്ചകൾ കണ്ണു നനയിക്കുന്നവയായിരുന്നു.
അന്ന് ഹൃദയത്തിൽ പതിഞ്ഞ കുറേയേറെ മുഖങ്ങളുണ്ട്.
നിസ്സഹായവസ്ഥയോടെ ജീവിതത്തെ നോക്കിക്കാണുന്നവർ. ചിലർ സ്വയം ഹനിച്ചവരാണ്. ചിലർ പെട്ടുപോയതും. ജീവിതം പലർക്കും പല അനുഭവങ്ങൾ സമ്മാനിക്കുന്നു. ജീവിക്കാനായി എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി ആ മനുഷ്യരും ഈ ഭൂമിയിൽ ജീവിക്കുന്നു.
ആഡംബര നഗരത്തിന്റെ ചേരികളിലൂടെയുള്ള അന്നത്തെ നടത്തവും ലോകരാഷ്ട്രങ്ങളിലൊന്നായ തായ്ലാന്റിലെ പട്ടായ നഗരത്തിലൂടെയുള്ള സഞ്ചാരത്തിനു വളമായി. ഏതു ദേശമായാലും ചുവന്ന തെരുവിൽ പാർക്കുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളും ആവശ്യങ്ങളും അടിസ്ഥാനപരമായി ഒന്നാണെന്ന് ഈ സഞ്ചാരത്തിലൂടെ ഏറെക്കുറെ വ്യക്തമായി.
മുഖംമൂടിയണിഞ്ഞ മനുഷ്യരുടെ ഉപജീവന മാർഗമാണ് ഒരോ ചുവന്ന തെരുവുകളും. പട്ടായയെ സെക്ഷ്വൽ ടൂറിസത്തിന്റെ നാട് എന്നു വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇന്നുമെന്നിൽ ശേഷിക്കുന്നു. ആഘോഷഭരിതമായ ജീവിതത്തിനു കൊഴുപ്പ് കൂട്ടാൻ സ്വദേശി വിദേശികളായവർ സ്വന്തം താല്പര്യാർത്ഥം ആവശ്യപ്പെടുന്ന പണം നൽകി തെരഞ്ഞെടുക്കുന്നതാണ് ഇവിടുത്തെ ലൈംഗികത്തൊഴിലുകളിലേർപ്പെട്ട മനുഷ്യരെ. അതു തന്നെയല്ലേ മറ്റു നഗരങ്ങളിലും സംഭവിക്കുന്നത്. പട്ടായയിലൂടെയുള്ള സഞ്ചാരവും മറ്റു ദൃശ്യസുന്ദരാനുഭവങ്ങളും ഇങ്ങനൊരു ചിന്തയിലേക്ക് വഴിതെളിച്ചു.
പുറന്തള്ളപ്പെട്ടൊരു ജനതയുടെ ജീവിത മാർഗം മാത്രമാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ. പട്ടായയിൽ മാത്രമല്ല അന്താരാഷ്ട്രതലത്തിൽ എല്ലാ രാജ്യങ്ങളിലുമുണ്ട് ഇത്തരം കയ്പ്പേറിയ ജീവിതങ്ങൾ. ട്രാൻസ്ജെൻഡർ സ്ത്രീകൾ അഥവാ 'കാത്തോയി' എന്നറിയപ്പെടുന്ന ലേഡി ബോയ്സ് ആണ് തായിലെ പിൻതള്ളപ്പെടുന്ന ജനതയുടെ ഭൂരിഭാഗങ്ങളിലൊന്ന്. നിയമവിരുദ്ധമല്ലാത്ത വേശ്യാവൃത്തിയ്ക്ക് തായ്ഗവണ്മെന്റ് ചില അനുശാസനങ്ങളേർപ്പെടുത്തിയിട്ടുണ്ട്. അതു മറികടന്നുള്ള പ്രവർത്തനങ്ങൾ പൂർണമായും ശിക്ഷാർഹമാണ്.
അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും ഗവണ്മെന്റിന്റെ സുരക്ഷാസംവിധാനങ്ങൾ ശക്തമാണ്. നൈറ്റ് ക്ലബ്ബുകളിലെ ആഘോഷങ്ങളും ബ്ലാക്ക് റൂമുകളും 89, 69 ഷോകളും തുടങ്ങി പലതും പട്ടായ നഗരവീഥികളിലെ പ്രധാന കാഴ്ചകളാണ്. പതിനെട്ടു വയസിനുമേൽ പ്രായമുള്ളവർക്കേ മണിക്കൂറുകൾ ദൈർഘ്യമുള്ള ഇത്തരം ഷോകളിൽ പ്രവേശന അനുവാദമുള്ളൂ. പ്രധാനമായും റഷ്യക്കാരാണ് ഈ ഫാന്റസി ഷോയിലെ അവതാരകർ.
വഴിയരികിൽ ബോർഡുകളുമായി നിൽക്കുന്ന, വ്യവസായ മനോഭാവത്തോടെ മാത്രം ഈ മേഖലയെ കാണുന്ന മനുഷ്യരിൽ നിന്നും ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാണ്. ഫോട്ടോഗ്രാഫിയ്ക്ക് ചില സ്ഥലങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സെക്ച്വൽ ടൂറിസം എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച പട്ടായയുടെ ഒരു ഭാഗം മാത്രമാണ് ഇത്തരം കാഴ്ചകൾ. ഇതിനിടയിൽ സാധാരണ തൊഴിലുകൾ ചെയ്തു ജീവിക്കുന്ന നിരവധി മനുഷ്യരും ഈ വീഥികളിലുണ്ട്. സായാഹ്നത്തോടെ അവരുടെ കച്ചവടങ്ങളും കൂടുതൽ പച്ചപിടിക്കുന്നു.
ആദ്യ കാലങ്ങളിൽ മത്സ്യബന്ധനഗ്രാമം മാത്രമായിരുന്ന പട്ടായ വിയറ്റ്നാം യുദ്ധകാലത്തുണ്ടായ അമേരിക്കൻ സൈന്യത്തിന്റെ കുടിയേറ്റത്തോടെയും താൽക്കാലിക വാസത്തോടെയുമാണ് ഒരു വിനോദ സഞ്ചാരകേന്ദ്രമായി മാറിയത്. പരിവർത്തനത്തിന്റെ ആദ്യ ചുവടുവെയ്പ്പായിരുന്നു അത്. നഗരം അക്കാലത്ത് താപ് ഫ്രായ എന്നറിയപ്പെട്ടു. യുദ്ധാനന്തരം വളർച്ച പ്രാപിച്ച നഗരം തപ്പായ ആയും ഫത്തായ ആയും ഒടുവിൽ പട്ടായ ആയും രൂപപ്പെട്ടു. ഇന്ന് തായ്ലാന്റിലെ വൻനഗരങ്ങളിൽ എട്ടാം സ്ഥാനത്തും ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിപ്പെടുന്നതുമായ ലോക രാഷ്ട്രനഗരമാണ് പട്ടായ.
നീലിമ വിടർത്തുന്ന കടൽത്തീരങ്ങളും വ്യത്യസ്തരുചികളിലുള്ള തായ് ഭക്ഷണശാലകളും വൈവിധ്യമാർന്ന കഴിവുകൾ പ്രകടമാക്കുന്ന കലാകാരന്മാരും സായാഹ്നനൃത്തങ്ങളും തുടങ്ങി അവിസ്മരണീയമായ സഞ്ചാരദൃശ്യങ്ങൾ പകർന്നു നൽകുന്ന നഗരം എല്ലാ യാത്രികർക്കും സന്ദർശിച്ചു മടങ്ങാവുന്ന നല്ലൊരു വിനോദ സഞ്ചാരകേന്ദ്രമാണ്. കോറൽ ഐലൻഡിലെ കാഴ്ചകളും മനംമയക്കുന്നു. കഴിവുകൾ സ്വയം തൊഴിലുകളാക്കിയ പ്രായഭേദമില്ലാത്ത എത്രയോ കലാകാരൻമാരാണ് ഇവിടെ.
കാഴ്ചയില്ലാത്തവരും കേൾവിയില്ലാത്തവരും അംഗവൈകല്യമുള്ളവരും വിദ്യാർഥികളും വാർധക്യത്തിലെത്തിയവരും ഗാനാലാപനങ്ങളിലൂടെയും നൃത്തങ്ങളിലൂടെയും മാജിക്കുകളിലൂടെയും ഇൻസ്‌ട്രുമെന്റ്സിലൂടെയും വ്യത്യസ്തമായ സ്വയംതൊഴിൽ ചെയ്ത് ജീവിതച്ചെലവിനുള്ള പണം സ്വരുക്കൂട്ടുന്നു. തായ് സന്ദർശിക്കുന്ന സഞ്ചാരികളിൽ നല്ലൊരുഭാഗം ഇന്ത്യൻ ജനതയാണ്. പട്ടായയിലെ കാഴ്ചകൾ ആസ്വദിച്ച് ചുവടുകൾ വെയ്ക്കുമ്പോൾ ഏതോ ചിരികൾ പിന്തുടരും പോലെ.
Content Highlights: Explore Pattaya`s multifaceted reality, from vibrant street life and stunning beaches to the complex social landscape of its red-light district.