‘ഈ ആന നമ്മളെ കൊല്ലുമോ അമ്മേ’; 'അഞ്ചുവയസുകാരൻ്റെ ചോദ്യത്തിൽ സംഭരിച്ചിരുന്ന ധൈര്യമെല്ലാം ചോർന്നുപോയി'

കാട് എന്നും വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ്. വെളിപ്പെടാത്ത ഒത്തിരി രഹസ്യങ്ങൾ നെഞ്ചിലൊളിപ്പിച്ചു വെച്ച് അത് സഞ്ചാരിയെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കും. എത്ര കണ്ടാലും മതി വരാത്ത പുത്തൻ ദൃശ്യാനുഭവങ്ങൾ ഓരോ വട്ടവും കരുതി വെച്ച് അത് നമ്മെ മാടി വിളിക്കും. കാലത്തിന് മായ്ക്കാനാവാത്ത മിഴിവേറിയ ഓർമകളായി അവ നമ്മെ മോഹിപ്പിക്കും. എൻ്റെ വനയാത്രകളിൽ ഇന്നും നെഞ്ചിലേറ്റുന്നത് പറമ്പിക്കുളത്തേയ്ക്കുള്ള ആ യാത്ര തന്നെയാണ്.
അനേകങ്ങളായ വന്യമൃഗങ്ങൾ അവയുടെ തനത് ആവാസവ്യവസ്ഥയിൽ നിർഭയം വിഹരിക്കുന്നത് കാണുന്നതിന് ഏറ്റവും കൂടുതൽ അവസരമുള്ളത് പറമ്പിക്കുളത്ത് തന്നെയാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ ആ കടുവാസങ്കേതം തിരഞ്ഞെടുത്തതും.
വേനലവധിക്കാലത്ത് ഒരിക്കൽക്കൂടി തേക്ക് തോട്ടങ്ങളും പൂത്തുലഞ്ഞ മുളങ്കാടുകളും ഇലകൊഴിയും വനങ്ങളും ഒക്കെ നിറഞ്ഞ കാടിനെ തൊട്ടറിയാനുള്ള ഒരു യാത്ര. മുളങ്കാടുകൾ ജീവിതത്തിൽ ഒരിക്കലേ പുഷ്പിക്കാറുള്ളൂവെന്നും പൂത്ത് കഴിഞ്ഞാൽ അവ അപ്പാടെ ഉണങ്ങിപ്പോകുകയാണ് പതിവെന്നും കേട്ടറിവുണ്ടായിരുന്നു. മുളങ്കൂട്ടങ്ങൾ ഒന്നാകെ പൂക്കുന്നതിന് ‘അടച്ച് പൂക്കൽ’ (Gregarious flowering) എന്നാണത്രേ പേര്. മുളങ്കാടുകളിൽ വീണുകിടക്കുന്ന മുളയരി തിന്നാനായി കാട്ടിൽ ആമകളും മറ്റ് ജീവികളുമൊക്കെ അപ്പോൾ മത്സരിക്കാറുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. പലപ്പോഴും ഇത്തരത്തിൽ അപ്പാടെ ഉണങ്ങിപ്പോകുന്ന മുളങ്കാടുകൾ തുടർന്ന് വരുന്ന വേനലിൽ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ കാട്ടുതീയ്ക്ക് കാരണമാകാറുണ്ടെന്നും പഠനങ്ങൾ പറയുന്നു.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് പറമ്പിക്കുളം ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ പെരിയാറും പറമ്പിക്കുളവുമാണ് കടുവാസങ്കേതങ്ങളായുള്ളത് (Tiger Reserves). പറമ്പിക്കുളം നദിയിലെ പറമ്പിക്കുളം - ആളിയാർ അണക്കെട്ടിന് ചുറ്റുമായി പറമ്പിക്കുളം കടുവാ സങ്കേതം വ്യാപിച്ചു കിടക്കുന്നു. ഭൂമിശാസ്ത്രപരമായി ഈ വന്യജീവി സങ്കേതം കേരളത്തിലാണെങ്കിലും പാലക്കാട് നിന്നും പൊള്ളാച്ചി വഴി തമിഴ്നാട്ടിലെ ആനമല കടുവ സാങ്കേതത്തിലൂടെ വേണം ഇവിടേയ്ക്ക് എത്തിച്ചേരേണ്ടത്.
ഇംഗ്ളീഷുകാരുടെ ഭരണകാലത്ത് പറമ്പിക്കുളത്ത് നിന്ന് ചാലക്കുടിയിലേക്ക് പണ്ട് മരങ്ങൾ മുറിച്ചു കടത്തിയിരുന്ന ട്രാംവേ വിസ്‌മൃതിയിലായെങ്കിലും ഇതിൻ്റെ അവശിഷ്ടങ്ങൾ പറമ്പിക്കുളത്തെ കാടുകളുടെ പല ഭാഗത്തായി ഇന്നും കാണാം.
പറമ്പിക്കുളത്തെ ഏറ്റവും വലിയ ആകർഷണം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും വലുതുമായ കണ്ണിമാര തേക്ക് ( Kannimara Teak) ആണ്. ഇവിടുത്തെ കാടർ, മലശർ, മുതുവാൻമാർ തുടങ്ങിയ ആദിവാസികളുടെ പരമ്പരാഗത വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണ് ഈ തേക്ക്മരം. മുൻപൊരിക്കൽ ഈ മരം മുറിക്കാൻ തുടങ്ങിയപ്പോൾ മുറിവായിൽ നിന്ന് രക്തം കിനിയുന്നത് കണ്ടു ഭയന്ന് അന്നുമുതൽ ഈ മരമുത്തശ്ശിയെ സംരക്ഷിച്ച് ആരാധിക്കാൻ തുടങ്ങിയെന്നാണ് നിലനിൽക്കുന്ന ഐതിഹ്യം. കന്യക എന്നർത്ഥം വരുന്ന ‘കന്നി’ എന്ന വാക്കിൽ നിന്നാണത്രേ ‘കണ്ണിമാര / കന്നിമാര’ എന്ന് തേക്കിന് പേര് വന്നതെന്ന് അവർ വിശ്വസിക്കുന്നു. 1994-‘95 വർഷം ഭാരത സർക്കാരിൻ്റെ ‘മഹാവൃക്ഷപുരസ്‌കാരം’ ഈ മരമുത്തശ്ശിയെ തേടിയെത്തിയിരുന്നു.
വിനോദ സഞ്ചരികളെ വനം വകുപ്പിൻ്റെ തന്നെ വാഹനങ്ങളിൽ കയറ്റി കാട്ടിലേയ്ക്ക് കൊണ്ടുപോകുകയും യാത്രയ്ക്കിടയിൽത്തന്നെ കാടിനെക്കുറിച്ച് വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന ‘ജംഗിൾ സഫാരി’ (Jungle Safari) പറമ്പിക്കുളത്തെ ഒരു പ്രധാന ആകർഷണമാണ്. സഞ്ചാരമധ്യേ നിരവധികളായ മൃഗങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന ഒരു ട്രിപ്പായിരിക്കും അതെന്ന് നിസ്സംശയം പറയാനാകും. കാടിനെക്കുറിച്ചും അവിടത്തെ മൃഗങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആദിവാസി വിഭാഗങ്ങൾക്ക് പരിശീലനം നൽകുകയും അവരിൽ നിന്നുതന്നെ തിരഞ്ഞെടുക്കുകയും ചെയ്ത ഗൈഡുമാർ അവരുടെ വിലപ്പെട്ട കാടറിവുകൾ നമുക്ക് പകർന്നു നൽകും. ശരിക്കും ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയായ പറമ്പിക്കുളത്ത് സുലഭമായി കാട്ടുപന്നികൾ, മയിലുകൾ, പുള്ളിമാൻ, കാട്ടുപോത്ത്, കേഴമാൻ, ആന എന്നിവ തനത് ഭൂപ്രകൃതികളിൽ മേഞ്ഞ് നടക്കുന്നത് കാണാനാകും. കരടി, പുലി എന്നുതന്നെയല്ല ഭാഗ്യമുണ്ടെങ്കിൽ വനാന്തരങ്ങളിൽ അപൂർവ്വമായി മാത്രം കാണുന്ന കടുവയെക്കൂടി ഇവിടെ കാണാൻ സാധിക്കും എന്ന് അനുഭവസ്ഥർ സാക്ഷ്യം പറയുന്നു.
സൈക്കിൾ സവാരി, പറമ്പിക്കുളം ഡാം, തൂണക്കടവ് ഡാം, വിവിധ വ്യൂ പോയിൻ്റുകൾ, പറമ്പിക്കുളത്തെയും ആനപ്പാടിയിലെയും ഇക്കോ ഷോപ്പുകൾ, മുളകൾ ചേർത്ത് കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങളിൽ വിശാലമായി പരന്ന് കിടക്കുന്ന റിസർവ്വോയറിലൂടെ യാത്ര ചെയ്യുന്ന ‘ബാംബൂ റാഫിറ്റിംഗ്’ (Bamboo rafting) എന്നിവയൊക്കെയും ഇവിടത്തെ മറ്റ് പ്രധാന ആകർഷണങ്ങളാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാനായി മദ്യത്തിനും പ്ലാസ്റ്റിക്കിനും കർശനമായ നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. എന്നിരുന്നാലും നെഞ്ചിൽ ഒരുൾക്കിടിലമെന്നോണം പറമ്പിക്കുളത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ ഓടിയെത്തുന്നത് കുറെക്കാലം മുൻപ് അതായത് രാത്രികളിൽ ജംഗിൾ സഫാരി അനുവദിച്ചിരുന്ന കാലത്തെ കുടുംബസമേതമുള്ള ഒരു യാത്രയാണ്. പറമ്പിക്കുളത്തെ മൃഗങ്ങൾ സാധാരണ ആക്രമകാരികളല്ലെങ്കിലും അന്ന് കാട് കണ്ട് തിരിച്ചിറങ്ങുമ്പോൾ എങ്ങുനിന്നെന്നില്ലാതെ വന്നെത്തിയ മഹാവികൃതിയായ ഒരു കാട്ടാന പാതിരാത്രിയിൽ മണിക്കൂറുകളോളം ഞങ്ങളുടെ വഴി തടഞ്ഞതാണത്!
സംഭവം ഇങ്ങനെയാണ്. അന്ന് രാത്രി ഒൻപത് മണിക്ക് ശേഷം തൂണക്കടവ് നിന്നും ആദിവാസി വിഭാഗത്തിൽപ്പെടുന്ന ഡ്രൈവറായ സജിയോടൊത്ത് വനം വകുപ്പിൻറെ ജീപ്പിൽ യാത്ര തുടങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡരികിൽ വലതുവശത്തെ ഒരു കട്ടിംഗിൽ ഉയരത്തിലായി ചെമ്മണ്ണിൽക്കുളിച്ച് ഒരു കാട്ടുകൊമ്പൻ നിൽപ്പുണ്ടായിരുന്നു. ഹോൺ മുഴക്കാതെയും ഹെഡ് ലൈറ്റുകൾ ഓഫാക്കാതെയും ആനയ്ക്ക് കടന്ന് പോകാനായി വണ്ടി അവിടെ നിറുത്തിയിട്ടപ്പോൾ മനസ്സിലായമാതിരി അവൻ തിരികെ റോഡിലോട്ട് ഇറങ്ങി വരികയും ആ റോഡ് മുറിച്ച് മറുവശം കടന്ന് ഇടതുവശത്തകത്തായി വനാന്തരത്തിലേയ്ക്കുള്ള ടാറിടാത്ത ഒരു തടത്തിൽ (Trek path) നിലയുറപ്പിക്കുകയും ചെയ്തു. തെല്ലിട കാത്തിരുന്ന് പരിചയ സമ്പന്നനായ ഡ്രൈവർ വണ്ടിയെടുത്തപ്പോൾ ഉറക്കെ ചിന്നം വിളിച്ചുകൊണ്ടവൻ നമുക്കെതിരേ മുഖം തിരിച്ച് നിന്നെങ്കിലും തിരികെ കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നു. എന്നാൽ അവൻ്റെ പ്രകടനം കാണാൻ നിൽക്കാതെ തൊഴിലിൽ നിഷ്ണാതനായ ഡ്രൈവർ സധൈര്യം മുന്നോട്ട് വണ്ടിയോടിക്കുകയായിരുന്നു.
പിന്നീട് നമ്മൾ പറഞ്ഞുറപ്പിച്ചിരുന്ന മാതിരി പറമ്പിക്കുളം റേഞ്ചിൻ്റെ ഭാഗത്തേയ്ക്ക് ആ ജീപ്പിൽത്തന്നെ യാത്ര തുടരുകയായിരുന്നു. വഴി നീളെ മാനുകളും കാട്ടുപന്നികളും! കാട്ടുപോത്തിൻ പറ്റം വനാന്തരത്തിനുള്ളിലെ ഇരപിടിയന്മാരെ ഭയന്നിട്ടാണോയെന്നറിയില്ല റോഡിൽ നിന്ന് മാറുന്നേ ഉണ്ടായിരുന്നില്ല. ഒരുവേള ആ സംരക്ഷിത മേഖലയിൽ അവയ്ക്ക് അത്രമേൽ മനുഷ്യരെ ഭയവും ഉണ്ടാകില്ല എന്ന് വേണം കരുതാൻ. എന്നാൽ വനാന്തരത്തിലൂടെയുള്ള റോഡിലൂടെ അലഞ്ഞും സസ്യാഹാരികളായ മൃഗങ്ങളെ അടുത്ത് കണ്ടും തിരികെ വരുമ്പോൾ ഞങ്ങൾ കൊമ്പനാനയുടെ രൂപത്തിൽ വഴിയിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് തീർത്തും ബോധവാന്മാരായിരുന്നില്ല എന്ന് പറയേണ്ടി വരും. ഇടയ്ക്ക് കൺപോളകൾ ഒന്ന് അടഞ്ഞുപോയോ എന്നും സംശയം.
പെട്ടെന്ന് ഡ്രൈവർ എന്തോ പിറുപിറുത്തു കൊണ്ട് വണ്ടി നിറുത്തിയപ്പോഴാണ് തൊട്ടുമുന്നിലായി അത് കാണുന്നത്! നേരത്തേ കണ്ട അതേ കട്ടിംഗിൽത്തന്നെയുള്ള മുളങ്കൂട്ടത്തിൽ നിന്ന് ഒരു വലിയ മുള അപ്പാടെ മറിച്ച് റോഡിൽ മുന്നോട്ട് പോകാനാകാത്ത വിധം കുറുകെ ഇട്ടിരിക്കുകയാണ്! അതിൻറെ മറുവശത്തായി ചെളിയിൽക്കുളിച്ച പർവ്വത സമാനമായ ഒരു ഭയാനക രൂപം സാവധാനം മുളയുടെ തോൽ ഉരിച്ച് കഴിച്ചു കൊണ്ടിരിക്കുന്നു! (സൂക്ഷമതയാർന്ന കണിശതയോടെ ആ കാട്ടുകൊമ്പൻ മുളന്തണ്ടിൻറെ തോലുരിച്ചു ഭക്ഷിക്കുന്നത് കണ്ടാൽ ഡയറി മിൽക്കിൻ്റെയൊക്കെ പരസ്യത്തിൽ മോഡലുകൾ കവർ പൊളിച്ച് മിഠായി കഴിക്കുന്ന അതെ ചാരുത നമുക്ക് അനുഭവപ്പെടും എന്ന് കാലങ്ങൾക്ക് ശേഷം ഇപ്പോൾ ധൈര്യത്തോടെ പറയാം.)
തീറ്റയ്ക്കിടെ ഇടയ്ക്ക് ചവയ്ക്കുന്നത് നിറുത്തി അവൻ ഞങ്ങളെ നോക്കുന്നുമുണ്ട്. പെട്ടെന്നവൻ ഞങ്ങളിരുന്നിരുന്ന വണ്ടിയുടെ ലൈറ്റിൻ്റെ മുഖത്തടിക്കുന്ന തീവ്രപ്രകാശത്തേയും വകവയ്ക്കാതെ മൂന്നുനാല് ചുവടുകൾ മുന്നോട്ടുവച്ചു. അപ്പോഴേയ്ക്കും ശരിക്കും ശ്വാസം നിലച്ചുപോയ നിലയിലായിരുന്നു ഞങ്ങൾ. പുറത്തിറങ്ങി ഓടണമോ? ഓടിയാൽത്തന്നെ കാടിൻ്റെ നിമ്നോന്നതങ്ങളിലൂടെ ആ കൂരാക്കൂരിരുട്ടത്ത് എങ്ങോട്ട്? മസ്തിഷ്കം അപ്പാടെ മരവിച്ചിരിക്കുമ്പോൾ ഡ്രൈവർ ഉറക്കെയുറക്കെ ഹോണടിക്കുന്നതാണ് തുടർന്ന് കേട്ടത്. ഞങ്ങളേവരും അസ്ത്രപ്രജ്ഞരായിരിക്കുമ്പോൾ എന്തോ ചിന്തിച്ചിട്ടെന്നോണം മുന്നോട്ടുവച്ച നടകൾ തെല്ലാലോചിച്ച് അവൻ പിന്നാക്കം വലിക്കുന്നതും തുടർന്ന് കണ്ടു. അറിയാവുന്ന ദൈവങ്ങളെയൊക്കെ ആ ചെറിയ ഇടവേളയിൽ നേരിട്ട് കണ്ടോ എന്ന് സംശയം!
പിന്നീടെപ്പോഴോ ക്യാമറ എടുത്ത് ചിത്രങ്ങൾ പകർത്താൻ നോക്കിയെങ്കിലും വാഹനത്തിൻറെ വെളിച്ചത്തിൽ വീണുകിടക്കുന്ന മുളയ്ക്ക് അപ്പുറത്തായി നിൽക്കുന്ന കൊമ്പനെ ഫ്രെയിമിൽ കിട്ടുന്നത് തുലോം ദുഷ്കരമായിരുന്നു. അതെന്തായാലും വീണ്ടും ആഹാരത്തിൽ മാത്രം ശ്രദ്ധിച്ച് അവൻ റോഡിന് കുറുകെ തന്നെ നിന്നു. ഇങ്ങോട്ട് വന്നപ്പോഴേത് മാതിരി ഇത്തവണ ആഹാരം കഴിക്കുന്നതിനിടയ്ക്ക് ഞങ്ങൾക്ക് വഴി മാറിത്തരാൻ അവൻ ഒരുക്കമല്ലെന്ന് വ്യക്തം!
എന്നാലവൻ വശത്തേയ്ക്ക് മാറിയാൽപ്പോലും വീണുകിടക്കുന്ന മുള മാറ്റാതെ വണ്ടിയെടുത്ത് മുന്നോട്ടുപോകാവുന്ന അവസ്ഥയായിരുന്നില്ല അപ്പോൾ. വണ്ടിയുടെ വെളിച്ചത്തിലാണെങ്കിലും റോഡിലെ പ്രതിബന്ധങ്ങൾ മാറ്റാനായി ശരിക്കും ആ അർദ്ധരാത്രിയിൽ പുറത്തിറങ്ങിയേ പറ്റൂ. എന്നാൽ മൂന്നടിയോളം പുറത്ത് കാണുന്ന ചെളിപുരണ്ട കൊമ്പുകളും ഭീമാകാരനായ ഉരഗത്തെ അനുസ്മരിപ്പിക്കുന്ന അനേക ശതം ശക്തിമത്തായ പേശികൾ തുടിക്കുന്ന തുമ്പിയുമായി ആ കിരാതമൂർത്തി മുന്നിൽ നിൽക്കുമ്പോൾ അത്തരത്തിലൊരു സാഹസത്തെപ്പറ്റി ചിന്തിക്കാനേ ആകുമായിരുന്നില്ല താനും.
‘’അവൻ നീരിലാണെന്ന് തോന്നുന്നു. തിന്ന് മതിയായി വഴിമാറുന്നത് വരെ കാത്തിരിക്കാതെ നിവൃത്തിയില്ല. പകൽ യാത്രക്കാരുമായി വരുന്ന ബസ്സിനെപ്പോലും മദപ്പാടുള്ളപ്പോൾ ഇവൻ പിന്തുടർന്ന് ഓടിക്കാറുണ്ട്...’’ ഡ്രൈവറുടെ അടക്കിപ്പിടിച്ച നിർദ്ദേശം ശിരസ്സാ വഹിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ അവശേഷിക്കുന്നില്ല. എന്നാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് അയാൾക്കത് പറയാമായിരുന്നല്ലോയെന്ന് അത്രയും വൈകി ചിന്തിച്ചിട്ട് കാര്യവുമില്ല.
കൊടുങ്കാടിനകത്ത് മൊബൈൽ ഫോണിന് തീരെ റേയ്ഞ്ചും കിട്ടുന്നുണ്ടായിരുന്നില്ല. യാത്ര തുടങ്ങിയപ്പോൾത്തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ അത് സൂചിപ്പിച്ചിരുന്നതാണ്. എന്നാൽ ഇത്ര മേൽ അപകടകരമായ ഒരു സാഹചര്യമാണ് ഉരുത്തിരിയാൻ പോകുന്നതെന്ന് അപ്പോൾ കരുതാനേയായില്ലല്ലോ. പ്രാണഭയത്തോടെ വണ്ടിക്കുള്ളിൽ ഇരുന്നപ്പോൾ ‘’ഈ ആന നമ്മളെ കൊല്ലുമോ അമ്മേ…’’ എന്ന എന്ന അഞ്ചുവയസ്സുകാരനായ മകൻ്റെ നിഷ്കളങ്കമായ ചോദ്യം കൂടിയായപ്പോൾ അത് വരെ സംഭരിച്ച് വച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്നത് പോലെ തോന്നി.
നീണ്ട മൂന്ന് മണിക്കൂറുകൾ. അതിനിടയ്ക്ക് തന്നെ ആഹാരം കഴിച്ചുകൊണ്ടിരുന്ന അവൻ റോഡിൽ മൂത്രമൊഴിക്കുകയും വിസ്സർജ്ജിക്കുകയും ചെയ്തിരിക്കുന്നു! ക്ഷീണിച്ച സ്വരത്തിൽ അറിയാവുന്ന ഈശ്വരന്മാരെയൊക്കെ പലവുരു വിളിച്ചും അർജ്ജുനപ്പത്ത് നിരവധി തവണ ചൊല്ലിയും അമ്മ സമയം കഴിച്ചുകൊണ്ടിരുന്നതിനിടയിൽ ഞങ്ങളത് ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. വരും വരായകകളെക്കുറിച്ച് ബോധവാനല്ലാത്തത് കൊണ്ടാകാം മകൻ നല്ല ഉറക്കത്തിലാണിപ്പോൾ. ഞങ്ങളെ സമാധാനിപ്പിക്കാനെന്നോണം എന്തോക്കെയോ പുലമ്പിക്കൊണ്ടിരുന്ന ആദിവാസി യുവാവായ ഡ്രൈവറുടെ മുഖത്തെ വികാരങ്ങൾ വായിക്കാനും ആകുമായിരുന്നില്ല.
അവസാനം തൊലിയുരിഞ്ഞെടുത്ത മുളന്തണ്ട് ഏതാണ്ട് മുഴുവനായും തിന്നുതീർത്ത് തലയുയർത്തി ഞങ്ങളെ ഒന്നുകൂടി നോക്കി നിന്ന ശേഷം അവൻ ആദ്യം പോയ അതേ തടത്തിലേയ്ക്ക് പതിയെ അടിവച്ച് നടന്നു. സത്യത്തിൽ അപ്പോൾ മനസ്സിലുണ്ടായ ആശ്വാസമെന്തെന്ന് പറഞ്ഞറിയിക്കാനാവില്ല തന്നെ. തികഞ്ഞ സാവകാശത്തിൽ അവൻ ഇരുട്ടിലേയ്ക്ക് മറഞ്ഞിട്ടും കുറച്ചുകൂടി കാത്തിരുന്നിട്ടാണ് ഡ്രൈവർ ഡോർ തുറന്ന് ജീപ്പിന് പുറത്തിറങ്ങിയത്. കാട്ടാനയുടെ ചൂര് എമ്പാടും തങ്ങി നിൽക്കുന്ന ചുറ്റുവട്ടത്താകെ തികഞ്ഞ ജാഗ്രതയോടെ പലവട്ടം തിരഞ്ഞ് അപകടമില്ലെന്ന് ഉറപ്പാക്കിയ ശേഷം അയാൾ റോഡിലടിഞ്ഞുകിടന്ന മുളയുടെ അവശിഷ്ടങ്ങൾ ഒന്നൊന്നായി ശ്രദ്ധയോടെ വലിച്ച് വശങ്ങളിലേയ്ക്കിടാൻ തുടങ്ങി. ഇടയ്ക്ക് ജീപ്പിൽ നിന്നുള്ള വെളിച്ചത്തിനുമപ്പുറം കൊടുങ്കാട്ടിനുള്ളിലെ അതാര്യമായ ഇരുട്ടിലേയ്ക്ക് അയാൾ കണ്ണുകൾ പായിച്ച് നിൽക്കും. പിന്നീട് ജോലി തുടരും. ആ തഴയ്ക്കുന്ന കൂരിരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക് തെളിയുന്ന ഒരു നെടുങ്കൻ മസ്തകത്തിൻറേയും അതിനു മുന്നിലെ തിളങ്ങുന്ന അപ്രതിരോധ്യങ്ങളായ കൊമ്പുകളുടേയും നടുക്കുന്ന കാഴ്ചയായിരുന്നു മനസ്സിൽ നിറയെ! ഏതായാലും പത്ത് പതിനഞ്ച് മിനിട്ടുകൾക്കകം ചപ്പ് ചവറുകൾ രണ്ട് വശങ്ങളിലായി ഒതുക്കിവച്ച് വണ്ടി കടന്ന് പോകത്തക്ക വിധത്തിൽ വഴിയുണ്ടാക്കി അയാൾ തിരിച്ചെത്തി.
വീണ്ടും വണ്ടിയെടുത്ത് മുന്നോട്ട് പോകുമ്പോൾ വലത്തോട്ട് കാട്ടിലേയ്ക്ക് തിരിയുന്ന തടത്തിനരികിലെത്തിയപ്പോൾ ആ കാട്ടാന പോയിട്ടില്ല എന്ന് മനസ്സിലായി. ‘’അതെ, അവൻ അവിടെത്തന്നെയുണ്ട്!’’, വണ്ടിയുടെ ആക്സിലറേറ്ററിൽ അമർത്തിച്ചവിട്ടിക്കൊണ്ട് ഡ്രൈവർ പറഞ്ഞതേ ഓർമയുള്ളൂ. ഞങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്ന ആ കാഴ്ച വീണ്ടും കണ്ടു. ഒരു മിന്നായം പോലെ നരച്ച ഇരുട്ടിൽ നിന്നും കൊലവിളിയോടെ ഓടിയെത്തുന്ന കാട്ടുകൊമ്പൻ! അമിത വേഗത്തിൽ വളവ് തിരിഞ്ഞ് അവൻ നിൽക്കുന്ന തടവും കടന്ന് വണ്ടി മുന്നോട്ട് പായിക്കുന്ന ഡ്രൈവർ! അപ്പോഴേയ്ക്കും അകത്തുണ്ടായ ബഹളത്തിൽ ഞെട്ടിയുണർന്ന മോനാകട്ടെ വലിയ വായിൽ നില വിളിച്ചും തുടങ്ങി. അത് കേൾക്കെ സജി പറഞ്ഞു. ‘’ഇനി പേടിക്കണ്ട. അവനൊന്ന് വിരട്ടിയതാണ്.’’
കൃതഹസ്തനായ ഡ്രൈവർ വണ്ടി ത്വരിത ഗതിയിൽ മുന്നോട്ട് പായ്ക്കുമ്പോഴും അടക്കിപ്പിടിച്ച നിശ്വാസത്തിൽ വിശ്വാസം വരാതെ തിരിഞ്ഞ് ഞങ്ങൾ തിരിഞ്ഞ് നോക്കുമ്പോൾ അങ്ങകലെയായി അവൻ പുറം തിരിഞ്ഞ് നിൽക്കുന്നത് നാട്ടുവെളിച്ചത്തിൽ അവ്യക്തമായി കാണാമായിരുന്നു!
Content Highlights: Meesappulimala travelogue experience