ദുര്‍മന്ത്രവാദത്തിന്റെ തലസ്ഥാനം; മയോങ്ങിന്റെ കഥ

ആഭിചാരം, ചാത്തന്‍ സേവ. മുമ്പൊക്കെ രഹസ്യമായിരുന്നു ഇക്കാര്യങ്ങളെങ്കിലും ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്. ഇന്ന് അത്രയും പ്രശ്മനമില്ലെന്ന് മാത്രമല്ല പോകുന്നവര്‍ തന്നെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇത്തരത്തിലുള്ള ആരാധനക്രമത്തോടുള്ള മലയാളികളുടെ മനോഭാവത്തിന് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് ഇതായിരുന്നില്ല അവസ്ഥ. അതീവരഹസ്യമായാണ് ഈ ആരാധനകളൊക്കെ നടന്നിരുന്നത്. ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ചത് മറന്നിട്ടുണ്ടാവില്ലല്ലോ.
എന്നാല്‍ ദുര്‍മന്ത്രവാദത്തിനേയും ആഭിചാരക്രിയകളേയും അഭിമാനത്തോടെ കൊണ്ടുനടന്നിരുന്ന ഒരു ഇന്ത്യന്‍ ഗ്രാമമുണ്ട്. പേര് കേട്ടാല്‍ തന്നെ ആളുകള്‍ ഭയന്നുവിറച്ചിരുന്ന ഗ്രാമം. മയോങ്. അസമിലെ മോറിഗാവ് ജില്ലയിലെ ബ്രഹ്‌മപുത്ര നദിക്കരയിലാണ് മയോങ്ങെന്ന ഈ ചെറുഗ്രാമം. ഇപ്പോൾ ശാന്തസുന്ദരവും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലവുമാണ് മയോങ്. എന്നാല്‍ മയോങ്ങിൽനിന്ന് വീശിയടിക്കുന്നകാറ്റിനെപ്പോലും ആളുകള്‍ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും മയോങ്ങിന്റെ ദുര്‍മന്ത്രവാദ പാരമ്പര്യം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. നമ്മുടെ പല ചരിത്ര പുസ്തകങ്ങളിലും മയോങ്ങിന്റെ മന്ത്രവാദത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഒരുകാലത്ത് വിദേശികള്‍ ആരുമില്ലാത്ത സ്ഥലമായിരുന്നു മയോങ്. സ്വപ്‌നത്തില്‍ പോലും കടന്ന് വരരുതേ എന്ന് മറ്റ് ഗ്രാമക്കാര്‍ പ്രാര്‍ഥിച്ചിരുന്ന സ്ഥലം. തൊട്ടടുത്ത ഗ്രാമത്തിലുള്ളവര്‍ പോലും പോകാന്‍ മടിക്കുന്ന ഗ്രാമം. ഇത്രത്തോളം മയോങ്ങിനെ ഭയപ്പെടാന്‍ ഒറ്റ കാരണമേയുള്ളൂ, ബ്ലാക്ക് മാജിക്ക്. രക്തം തണുത്തുപോകുന്ന കഥകളാണ് മയോങ്ങിനെ ചുറ്റിപ്പറ്റി കേട്ടിരുന്നത്. ശത്രുസംഹാരത്തിനോ ഇഷ്ടകാര്യ സാധ്യത്തിനോ വരുന്നവര്‍ മാത്രമായിരുന്നു മയോങ്ങിലേക്കെത്തുന്ന സഞ്ചാരികള്‍. ആവശ്യങ്ങളുമായി എത്തുന്നവര്‍ ഒരിക്കലും നിരാശരാകേണ്ടതുണ്ടായിരുന്നില്ല എന്നത് മയോങിന്റെ കുപ്രസിദ്ധി ഇരട്ടിയാക്കി.
ഇന്നും പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവര്‍ ഇരുള്‍ പടരാന്‍ തുടങ്ങുന്ന മയോങ്ങിലെ വൈകുന്നേരങ്ങളില്‍ പൂര്‍വ്വകാല മന്ത്രവാദ ചരിത്രവും തങ്ങളുടെ പൂര്‍വ്വികരുടെ ക്രിയകളെക്കുറിച്ചും കഥ പോലെ പറഞ്ഞ് കൊടുക്കാറുണ്ട്. ഐതിഹ്യങ്ങളിലും ചരിത്രപുസ്തകങ്ങളിലും മയോങ്ങിനെക്കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങളുണ്ട്. സംസ്കൃതത്തിലെ മായ എന്ന വാക്കില്‍ നിന്നാണ് മയോങ്ങിന് ആ പേര് ലഭിച്ചതെന്നും അല്ല ഒരു കാലത്ത് നിരവധി ആനകള്‍ വിഹരിച്ചിരുന്ന പ്രദേശമായിരുന്നു എന്നും അതുകൊണ്ട് ദിമാസ ഭാഷയിലെ ആനയെന്ന അര്‍ത്ഥം വരുന്ന മിയോങ് എന്ന വാക്കില്‍ നിന്നാണ് മയോങ് എന്ന പേര് ലഭിച്ചതെന്നും വാദങ്ങളുണ്ട്. മണിപ്പുരില്‍ നിന്നുള്ള മൊയ്രാംഗ് വംശജരുടെ സ്ഥലമായിരുന്നു എന്നും മൊയ്രാംഗ് പിന്നീട് മെയ്ഹോങ് ആയെന്നും മെയ്ഹോങ് പിന്നീട് മയോങ് ആയി എന്നും ഒരു കഥ മയോങിനുണ്ട്.
പേരിന്റെ കഥ എന്തു തന്നെ ആയാലും മാറ്റമില്ലാത്തത് മയോങ്ങിന്റെ ബ്ലാക്ക് മാജിക്ക് പാരമ്പര്യത്തിനാണ്. മഹാഭാരത യുദ്ധത്തിന് മുന്‍പ് ഭീമന്റെയും ഹിഡുംബിയുടെയും മകനായ ഘടോല്‍കചന്‍ മയോങ്ങിലെത്തിയെന്നും മന്ത്രവാദത്തിലൂടെ ശക്തി നേടിയെന്നുമാണ് മയോങ്ങിലെ മന്ത്രവാദ പാരമ്പര്യത്തെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമര്‍ശം
നമ്മുടെ ചരിത്രത്തിലുമുണ്ട് മയോങ്ങിന്റെ ഇരുണ്ട വശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. 1719 മുതല്‍ 1748 വരെ ഡല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ് ഷായുടെ ഒരു ലക്ഷം വരുന്ന കുതിരപ്പടയാളികളെ മയോങ്ങിൽ വെച്ച് കാണാതെയായിട്ടുണ്ടെന്നാണ് മുഗള്‍ ചരിത്രപുസ്തകമായ അലംഗീര്‍ നാമയില്‍ പറയുന്നത്. മയോങിന്റെ ഭയപ്പെടുത്തുന്ന ബ്ലാക്ക് മാജിക്കിന്റെ പൂര്‍വ്വകാലത്തിന്റെ ചിതലെടുക്കാത്ത ഏടാണ് ഈ കഥ.
മന്ത്രവാദം മാത്രമല്ല, മൃഗബലിയും നരബലിയുമൊക്കെ മയോങിലെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. മറ്റ് സ്ഥലങ്ങളിലെ പോലെ മറച്ച് വയ്‌ക്കേണ്ടതോ ഒളിഞ്ഞ് ഇരുന്ന് ചെയ്യേണ്ട ആവശ്യമോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. മൃഗബലിക്കും നരബലിക്കും ഉപയോഗിച്ചതെന്ന് കണക്കാക്കുന്ന നിരവധി ആയുധങ്ങള്‍ മയോങിന്റെ പല ഭാഗത്ത് നിന്നും ആര്‍ക്കിയോളജിസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ചികിത്സ, ഭാവി പ്രവചനം എന്നിങ്ങനെ മയോങിന്റെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു മന്ത്രവാദം. എല്ല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ലഭ്യമല്ലാതിരുന്ന രോഗങ്ങളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം അറിയാത്ത കാലത്ത് അസുഖങ്ങളുടെ ചികില്‍സയും മന്ത്രവാദത്തിലൂടെ ആയിരുന്നു. ദുരാത്മാക്കളാണ് അസുഖങ്ങള്‍ വരുത്തുന്നതെന്ന് അവര്‍ അടിയുറച്ച് വിശ്വസിച്ചു. അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഭാവി പ്രവചനവുമൊക്കെ കൈകാര്യം ചെയ്യുന്നത് ഓജയാണ് ( മന്ത്രവാദി). കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെട്ടിരുന്ന ഒടിവിദ്യയ്ക്ക് സമാനമായ വിദ്യകള്‍ മയോങിലും നിലനിന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മനുഷ്യരെ മൃഗങ്ങളാക്കിയും മൃഗങ്ങളെ മനുഷ്യരാക്കിയും മയോങിലെ മന്ത്രവാദികള്‍ മാറ്റിയിരുന്നുവെന്നാണ് കഥകള്‍. നിന്ന നില്‍പ്പില്‍ മനുഷ്യരെ വായുവില്‍ അലിയിച്ച് കളയാന്‍ തക്ക മിടുക്കുള്ളവരായിരുന്ന തങ്ങളുടെ പൂര്‍വ്വികരെന്ന് മയോങ്ങുകാര്‍ ഇന്നും അഭിമാനത്തോടെ പറയുന്നു.
മയോങിന്റെ ഈ കഥകളൊക്കെ കേട്ട് മയോങിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാന്‍ തോന്നുന്നുണ്ടോ? എന്നാല്‍ ധൈര്യമായി ചെയ്തോളു.... വണ്‍ ഹോണ്‍ റൈനോസ് ഉള്ള പൊബിറ്റോറ വൈല്‍ഡ് ലൈഫ് സാങ്ച്വറി മയോങ്ങിന്റെ അടുത്താണ്. ആന സഫാരിയും കാടിന്റെ ഭംഗിയാസ്വദിച്ചുള്ള സ്റ്റേയുമൊക്കെ പൊബിറ്റോ സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നു
Content Highlights: Mayong the black magic capital of India