‘വരച്ച വഴിയേപോയ’ ജീവിതം; ലണ്ടൻ റെസ്റ്റോറന്റുകളിൽ കേരളത്തനിമ നിറച്ച് മലയാളി ദമ്പതികളുടെ വാൾ പെയിന്റിങ്

#അനുഷ ഗോവിന്ദ്
അർജുൻ പ്രേമും ആദിത്യ ലക്ഷ്മിയും
അർജുൻ പ്രേമും ആദിത്യ ലക്ഷ്മിയും

കോഴിക്കോട്: വരച്ച വരയിൽ ജീവിക്കുന്ന ചിലരുണ്ട്. എന്നാൽ ഒരു നിയന്ത്രണങ്ങളുമില്ലാതെ പോയവഴിയിൽ ‘വരച്ച്’ ജീവിതം മാറ്റിയെഴുതിയവരാണ് ഈ ദമ്പതിമാർ. കോഴിക്കോട്ടുകാരൻ അർജുൻ പ്രേമും കോട്ടയംകാരി ആദിത്യലക്ഷ്മിയും. മലയാളികൾ ചാർളി സിനിമയിൽ കണ്ട ദുൽഖറിന്റെ ജീവിതംപോലെ, ഇഷ്ടമുള്ളിടത്തെല്ലാം സഞ്ചരിച്ച്, തങ്ങി, ജോലി ചെയ്ത് ഇഷ്ടംപോലെ ജീവിക്കുന്നവർ.

ചിത്രകലയോടുള്ള ഇഷ്ടവുമായി, ലണ്ടനിലെത്തിയ അവർ അവിടത്തെ ഒരു മലയാളി റസ്‌റ്ററന്റിന്റെ ചുമരിൽ വരച്ച കേരളത്തനിമയുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ യു.കെ. യിലെ മലയാളി ഹോട്ടലുകൾ കേരള വൈബിലാക്കാൻ ഉടമകൾ മത്സരിച്ചെത്തി. അർജുനും ആദിത്യയും സമാനഹൃദയരെ ചേർത്തുപിടിച്ച് ഒരു കമ്പനി തുടങ്ങി-‘ഹോബോ ഡിസൈൻസ്’. അതിപ്പോൾ സ്പോൺസർഷിപ്പ് ലൈസൻസ് നേടി മറ്റുള്ളവർക്കുകൂടി തൊഴിൽ നൽകുംവിധം അതിവേഗം വളരുകയാണ്.

ഹോബോ ഡിസൈൻസ് പെയിന്റിങ്

2019-ലാണ് അർജുനും ആദിയും തിരുവനന്തപുരം ഫൈൻ ആട്‌സ് കോളേജിൽനിന്ന് ബിരുദം നേടിയിറങ്ങിയത്. വരയും പഠനവുമായി പല നാടുകളിൽ സഞ്ചരിച്ചും ജോലി ചെയ്തുമായിരുന്നു ഇരുവരുടെയും ജീവിതം. കോവിഡ് കാലത്തിനുശേഷമാണ് വിവാഹിതരായി ലണ്ടനിലെത്തിയത്.

അപ്പോഴാണ് പ്രശസ്തനായ മലയാളി ആർട്ടിസ്റ്റ് ഷാഹുൽ ആർട്ട് ലണ്ടനിലെ ഒരു റസ്റ്ററന്റിന്റെ ചുമരുകളിൽ വരയ്ക്കാനായി എത്തുന്നത്. സഹായികളെ വേണമെന്ന പരസ്യം കണ്ട് അർജുനും ആദിയും ഷാഹുലിനൊപ്പംകൂടി. ഒരിടത്ത് ചിത്രം പൂർത്തിയാക്കിയതോടെ ഇരുവരുടെും കഴിവ് കണ്ടറിഞ്ഞ ഷാഹുൽ, പെയിന്റിങ് ചുമതല അവരെ ഏൽപ്പിച്ച് ദുബായിലേക്ക് മടങ്ങി. പതിനഞ്ചോളം ചുമരുകളിൽ ഇവർ വരച്ച ചിത്രങ്ങൾ ഹിറ്റായി.

അതിനിടെ ഡിമെൻഷ്യ ബാധിച്ചവരുടെ കെയർ ഹോമിൽ ചിത്രംവരയ്ക്കാൻ പോയി. ഓരോ മുറിയിലെയും താമസക്കാരുടെ ചെറുപ്പകാല ഇഷ്ടങ്ങളും ഹോബികളും ജോലിയും ഫോട്ടോകളും എല്ലാം ചുമരുകളിൽ ചിത്രങ്ങളായി. ഡിമെൻഷ്യവന്ന് മറവിയിലേക്കുവീണ പലരും ഓർമ്മയുടെ വീണ്ടെടുപ്പിൽ തേങ്ങി. ‌സംഭവം പത്രവാർത്തയായി. ‍‍നാലുകെയർ ഹോമുകൾകൂടി ഇങ്ങനെ ഡിസൈൻ ചെയ്തു.

ഹോബോ ഡിസൈൻസ്

തുടക്കംമുതൽ ഒപ്പംനിൽക്കുന്ന പി.കെ. അഭിഷേക്, കെവിൻ, അശ്വിൻ, ആര്യ, അലൻ, റിനോയ്, ബെഞ്ചമിൻ എന്നിവരടങ്ങുന്ന ടീമാണ് ഹോബോ ഡിസൈൻസിന്റെ കരുത്ത്. കുറ്റ്യാടി മരുതോങ്കര ഏച്ചിലാട്ടുമ്മൽ പ്രേമനും സിന്ധുവുമാണ് അർജുന്റെ അച്ഛനമ്മമാർ. മീനടം കളപ്പുരയിൽ രാജേഷിന്റെയും സിന്ധുവിന്റെയും മകളാണ് ആദി. അഞ്ചുമാസം പ്രായമായ ഹാരി മകനാണ്.

Content Highlights: Malayali couple Arjun Prem and Adithya Lekshmi founded Hobo Designs in the UK., Started by painting Kerala-themed murals in London restaurants, creating a new trend., Expanded to design dementia care homes by painting personal memories on walls., Successfully secured a UK government sponsorship license to hire workers.