മഹാകുംഭമേളയെന്ന അത്ഭുതത്തിന് സാക്ഷ്യംവഹിച്ച്, മനുഷ്യസാഗരത്തില്‍ മുങ്ങിനിവര്ന്നൊരു യാത്ര

ജീവിതത്തിരക്കുകളില്‍നിന്ന് ഒരിടവേളയെടുത്ത് നേരെ പോയത് ഒരു മനുഷ്യസാഗരത്തിലേക്കായിരുന്നു... ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍മാത്രം സംഭവിക്കുന്ന മഹാകുംഭമേളയെന്ന അത്ഭുതത്തിന് സാക്ഷ്യം വഹിക്കാന്‍... ഭാരതത്തിന്റെ സംസ്കാരിക വൈവിധ്യത്തില്‍ മുങ്ങിക്കുളിക്കാന്‍...
മഹാകുംഭമേള യാത്രയ്ക്കുള്ള ആദ്യ തയ്യാറെടുപ്പുകള്‍ നടത്തിയത് അവിടെയുള്ള താമസവും പിന്നെ അങ്ങോട്ടുള്ള യാത്രയും ഓണ്‍ലൈനായി ബുക്ക് ചെയ്തു കൊണ്ടാണ്. ജനുവരി 29-ന് ഒരു പ്രധാന സ്നാന ദിവസമാണെന്ന് മനസ്സിലാക്കി 28-ന് രാവിലെ അവിടെ എത്തുന്ന രീതിയില്‍ പ്ലാന്‍ ചെയ്തു. ഒറ്റയ്ക്കാണ് യാത്ര, അതുകൊണ്ട് ഒരു ഡോര്‍മറ്ററി ആണ് ബുക്ക് ചെയ്തത്. അത് പ്രയാഗില്‍നിന്ന് ഏകദേശം ഏഴു കിലോമീറ്റര്‍ അകലെയുള്ള ഝൂസി എന്ന സ്ഥലത്താണ്.
ഏതാണ്ട് ആ സമയത്ത് തന്നെ പ്രയാഗ് യാത്ര നടത്തിയ ഒരു കൂട്ടുകാരനുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുകയും അതുമൂലം അവിടുത്തെ മൊത്തത്തിലുള്ള ഒരു സാഹചര്യം മനസ്സിലാക്കുവാനും സാധിച്ചു. അയാള്‍ പറഞ്ഞതനുസരിച്ച് അവിടെ ബുദ്ധിമുട്ടുണ്ടായ കാര്യങ്ങള്‍ ഒന്ന് യാത്രയാണ്, ബസ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും സംഗത്തിലേക്കും പിന്നീട് അവിടെനിന്ന് താമസസ്ഥലത്തേക്കും പോകണമെങ്കില്‍ നടന്നു തന്നെ പോകേണ്ടിവരും, വണ്ടി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. മറ്റൊരു പ്രശ്നം ഇത്രയും ആളുകള്‍ കൂടുമ്പോള്‍ മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ പ്രശ്നങ്ങള്‍ ഉണ്ടാകാം, ഗൂഗിള്‍ മാപ്പ് തുടങ്ങിയവ പ്രവര്‍ത്തനരഹിതമാകാം.
അതിനാല്‍ ഇതു മനസ്സിലാക്കി ഞാന്‍ ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്ത് അവിടെയുള്ള പ്രധാനവഴികള് എല്ലാം നേരത്തെ തന്നെ ഡൗണ്‍ലോഡ് ചെയ്തുവെച്ചു. അതുകൂടാതെ അത്തരം കാര്യങ്ങള്‍ ഒരു ബുക്കില്‍ അടയാളപ്പെടുത്തിക്കൊണ്ട് പോവുകയും ചെയ്തു. പിന്നീട് പറഞ്ഞ ഒരു പ്രശ്നം ഭക്ഷണമാണ്. ഹോട്ടലുകളുടെയും കടകളുടെയും അഭാവം ഒരു പ്രശ്നമാകാം എന്ന് അയാള്‍ പറഞ്ഞിരുന്നു. അതിനാല്‍ നാഗ്പുരില്‍ നിന്ന് കയറുമ്പോള്‍ തന്നെ അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങള്‍- ഓറഞ്ച്, ബ്രഡ് പിന്നെ എറണാകുളത്തു നിന്നു തന്നെ വാങ്ങിയ പാതി പഴുത്ത ഏത്തപ്പഴം എന്നിവ കരുതിയിരുന്നു. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഉണ്ടാവുന്ന പ്രതിസന്ധി മുന്നില്‍കണ്ട് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ എല്ലാം പ്രിന്റ് കയ്യില്‍ കരുതിയിരുന്നു.
മാത്രമല്ല ഇതിലെല്ലാം ഉപരിയായി ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ മാനസികമായ ഒരു തയ്യാറെടുപ്പും ഞാന്‍ നടത്തിയിരുന്നു. പ്രയാഗ്രാജ്, അവിടെനിന്ന് വാരാണസി പിന്നെ ആഗ്ര, ഡല്‍ഹി... അങ്ങനെ ഒരു 10 ദിവസത്തേക്കുള്ള യാത്രയാണ് പ്ലാന്‍ ചെയ്തത്. വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് കരുതിയത്, പിന്നെ വളരെ അത്യാവശ്യo വേണ്ട മരുന്നുകളും ഒരു ജാക്കറ്റും.
ജനുവരി 25 രാത്രി എറണാകുളത്തുനിന്ന് ട്രെയിന്‍ കയറി 28-ന് രാവിലെ പ്രയാഗില്‍ എത്തി. കേരളത്തില്‍ നിന്ന് നേരിട്ട് പ്രയാഗ്രാജിലേക്ക് ട്രെയിന്‍ ലഭിക്കാത്തതിനാല്‍ എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് ഒരു ട്രെയിനില്‍ പോവുകയും അവിടെനിന്ന് നാഗ്പുരിലേക്ക് മറ്റൊരു ട്രെയിനില്‍ പോയി, അവിടെനിന്ന് പ്രയാഗിലേക്ക് ബസിലാണ് യാത്ര ചെയ്തത്.
പ്രയാഗിന് ഏതാണ്ട് 30 കിലോമീറ്റര്‍ മുന്‍പ് തന്നെ ഞങ്ങളുടെ വണ്ടി തടഞ്ഞു. അപ്പോള്‍ സമയം ഏതാണ്ട് രാവിലെ ഒമ്പതുമണി. ബസിന്റെ സമയം അനുസരിച്ച് 7.15-ന് പ്രയാഗില്‍ എത്തേണ്ടതായിരുന്നു. നേരത്തെ പ്ലാന്‍ ചെയ്തത് പോലെ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഏകദേശം മൂന്നോ നാലോ കിലോമീറ്റര്‍ പോയാല്‍ സംഗത്തില്‍ എത്താമെന്നുള്ള പ്ലാന്‍ ആദ്യം തന്നെ പൊളിഞ്ഞു. കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം പിന്നീട് അവിടുന്ന് ഓട്ടോയിലും കുംഭമേളയ്ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയ ലോക്കല്‍ ബസിലും കയറി പ്രയാഗില്‍ എത്തി.
എത്തിയ സ്ഥലത്തുനിന്ന് മൊബൈല്‍ നോക്കിയപ്പോള്‍ ഇനിയും ഏതാണ്ട് മൂന്നുകിലോമീറ്റര്‍ ദൂരം നടന്നാല്‍ മാത്രമേ സംഗത്തില്‍ എത്തുകയുള്ളൂ എന്ന് മനസ്സിലായി. ഉടനെ അടുത്തുള്ള ഒരു കടയില്‍ കയറി പ്രാതല്‍ കഴിച്ച് നടക്കാന്‍ ആരംഭിച്ചു. സ്നാനം കഴിഞ്ഞ് മടങ്ങിവരുന്ന ആളുകളെയാണ് കൂടുതല്‍ കാണാന്‍ കഴിഞ്ഞത്. എന്നാല്‍, നേരത്തെ പറഞ്ഞതിന് വിപരീതമായി പോകുന്ന വഴി തന്നെ ധാരാളം കടകള്‍ എനിക്ക് കാണാന്‍ സാധിച്ചു. അതുകൊണ്ട് ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് ഉറപ്പായി. പിന്നെ പലയിടങ്ങളിലും പാര്‍ക്കുകള്‍. താത്കാലിക ക്ഷേത്രങ്ങള്‍, പ്രതിമകള്‍ എന്നിവയെല്ലാം സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഒരു ജനക്കൂട്ടത്തിന്റെ കൂടെ നടന്നു പോകാതെ ഇടയ്ക്കൊക്കെ വഴിയില്‍ കാണുന്ന പോലീസുകാരോട് പോകുന്ന വഴി ശരിയല്ലേ എന്ന് ചോദിച്ചു ഉറപ്പാക്കി കൊണ്ടിരുന്നു. അങ്ങനെ ഏകദേശം ഒരു മണിക്കൂര്‍ നടന്ന് സംഗം എത്തി.
സംഗത്തിന്റെ ദൂരെ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. വളരെ കഷ്ടപ്പെട്ട് ജനത്തിരക്കിനിടയിലൂടെ നദീതീരത്ത് എത്തി. ഒറ്റയ്ക്കേ ഉള്ളൂ. ബാഗ് എവിടെ വെയ്ക്കും, എങ്ങനെ മുങ്ങും, ഇവിടംവരെ വന്ന സ്ഥിതിക്ക് നദിയില്‍ മുങ്ങാതെ എങ്ങനെ പോകും? പിന്നെ രണ്ടും കല്‍പ്പിച്ച് എന്റെ മൊബൈലും പേഴ്സും ബാഗില്‍ വെച്ച്, ജീന്‍സും ഷര്‍ട്ടും ജാക്കറ്റും ഒക്കെ കൂടി അതിന്റെ മുകളില്‍വെച്ച് ഒരു മുണ്ട് ഉടുത്ത് നദിയിലേക്ക് ഇറങ്ങി പെട്ടെന്ന് തന്നെ മൂന്നു തവണ മുങ്ങി കരയ്ക്ക് കയറി ഡ്രസ്സ് ചെയ്തു. ഞാന്‍ സ്നാനം ചെയ്തത് യമുന നദിയിലാണ്. അവിടെ ഏകദേശം ഒരു മണിക്കൂര്‍ ചിലവഴിച്ച് കുറച്ച് ഫോട്ടോസ് ഒക്കെ എടുത്തു. പിന്നീട് അവിടുന്ന് താമസസ്ഥലത്തേക്ക് പോകാനുള്ള വഴി മൊബൈലില്‍ സെര്‍ച്ച് ചെയ്തു.
ജനക്കൂട്ടത്തില്‍നിന്ന് കുറച്ച് മാറി മൊബൈലില്‍ നോക്കിയാല്‍ നെറ്റ്വര്‍ക്ക് ലഭ്യമാകും. എന്നാല്‍, മൊബൈലില്‍ കാണിക്കുന്ന ആ വഴി താത്കാലികമായി (താല്‍ക്കാലിക പാലം) അടച്ചിട്ടിരിക്കുകയാണ് എന്ന് ഒരു പോലീസുകാരനോട് ചോദിച്ചപ്പോള്‍ പറഞ്ഞു. മറ്റ് പലരോടും അന്വേഷിച്ചപ്പോഴും അതേ ഉത്തരമാണ് കിട്ടിയത്. വീണ്ടും പ്രതിസന്ധി. ആ വഴിയിലൂടെ ആറു കിലോമീറ്റര്‍ ദൂരമായിരുന്നു താമസസ്ഥലത്തേക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കൂടുതലൊന്നും ആലോചിക്കാതെ പ്രധാനപാലത്തിലൂടെ കയറി 10 കിലോമീറ്റര്‍ നടന്നു പോകാന്‍ തന്നെ തീരുമാനിച്ചു. അവിടെനിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ നടന്ന് മെയിന്‍ റോഡില്‍ എത്തി. കൈയിലുണ്ടായിരുന്ന ഏത്തപ്പഴവും ബിസ്ക്കറ്റും കഴിച്ച് വീണ്ടും നടപ്പ് തുടര്‍ന്നു. ഇത്രയും തിരക്കുള്ളതിനാല്‍ ബൈക്ക് മാത്രമേ റോഡിലൂടെ ഓടുന്നുള്ളൂ. അങ്ങനെ ഒരു ബൈക്ക് എനിക്ക് ലഭിക്കുകയും പിന്നീടുള്ള ഏഴ് കിലോമീറ്റര്‍ ദൂരം നടക്കാതെ ബൈക്കില്‍ പോയി വൈകുന്നേരം ഏകദേശം അഞ്ചു മണിയോടുകൂടി ഹോട്ടലില്‍ എത്താനും കഴിഞ്ഞു. 300 രൂപയാണ് ആ ബൈക്കുകാരന് കൊടുക്കേണ്ടി വന്നത്. താമസസ്ഥലം പ്രയാഗില്‍നിന്ന് കുറച്ചു ദൂരെ ആയതിനാല്‍ അവിടെ വളരെ ശാന്തമായ ഒരു അന്തരീക്ഷമായിരുന്നു.
പ്രയാഗിലേക്ക് പോകുന്നവരോട് എനിക്ക് പറയാനുള്ളത് താമസം ഒരിക്കലും സംഘത്തിനടുത്തുള്ള ടെന്റുകളില്‍ എടുക്കാതെ പ്രയാഗില്‍നിന്ന് കുറച്ചു മാറി എടുക്കുകയാണെങ്കില്‍ വളരെ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ ശരിയായ വിശ്രമം ഉറപ്പാക്കാന്‍ സാധിക്കും. ഹോട്ടലിന്റെ സര്‍വീസും ആംബിയന്‍സും പിന്നെ ഫുഡും എടുത്തു പറയേണ്ടതാണ്. വളരെ പ്രൊഫഷണല്‍ ആയിട്ടാണ് അവര്‍ കസ്റ്റമേഴ്സിനെ മാനേജ് ചെയ്യുന്നത്. വളരെ ഫ്രണ്ട്ലി അപ്പ്രോച്ചാണ്. ഫുഡ് വളരെ ടേസ്റ്റി ആയിരുന്നു. ഒരുപാട് കാലത്തിനു ശേഷം നല്ല ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫുഡ് കഴിക്കാന്‍ സാധിച്ചു. തണുപ്പിനെ പ്രതിരോധിക്കാന്‍ ക്യാമ്പ് ഫയറും ഒരുക്കിയിരുന്നു. ഡോര്‍മറ്ററി ആയതുകൊണ്ട് പല സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാരെ (വിദേശികളടക്കം) പരിചയപ്പെടാന്‍ സാധിച്ചു. പലരും അവര്‍ ചെയ്ത യാത്രകളുടെയും കുംഭമേളയുടെയും അനുഭവങ്ങള്‍ പങ്കുവെച്ചു. അക്കൂട്ടത്തില്‍ അര്‍ജന്റീനയില്‍ നിന്നുള്ള ആല്‍ബര്‍ട്ട് എന്ന് പേരുള്ള ഒരാളും ഉണ്ടായിരുന്നു. അദ്ദേഹം കുംഭമേള തുടങ്ങിയ ദിവസം മുതലേ പ്രയാഗില്‍ ഉണ്ട്. കുംഭമേള തീരുന്നതുവരെ ഇവിടെ ഉണ്ടാകും എന്നാണ് പറഞ്ഞത്. അദ്ദേഹം ഒരു ട്രാവലര്‍ ആണ്. ഇന്ത്യയില്‍ പലതവണ വരികയും ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത ആളാണ്. അദ്ദേഹത്തിന് വശമുള്ള ഭാഷ സ്പാനിഷ് ആയതിനാല്‍ ഞങ്ങള്‍ ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ ഉപയോഗിച്ചാണ് സംസാരിച്ചത്. ഇന്ത്യയെപ്പറ്റിയും ഇവിടുത്തെ വൈവിധ്യങ്ങളെ പറ്റിയും അദ്ദേഹം വാചാലനായി. പ്രൊഫഷണല്‍ ആയിട്ട് അദ്ദേഹം ഒരു ഫോട്ടോഗ്രാഫറാണ്. ഇവിടുന്നുള്ള ധാരാളം ഫോട്ടോകള്‍ എടുത്ത് അത് സ്വന്തം രാജ്യത്ത് കൊണ്ടുപോയി ഫ്രെയിം ചെയ്തു വില്‍ക്കുന്നതാണ് വരുമാനമാര്‍ഗ്ഗം. ഇതുവരെ കേരളം സന്ദര്‍ശിച്ചിട്ടില്ലാത്ത അദ്ദേഹത്തോട് കേരളത്തെപ്പറ്റി എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അടുത്ത ഇന്ത്യന്‍ യാത്രയില്‍ കേരളം ഉള്‍പ്പെടുന്ന തെക്കേ ഇന്ത്യ തീര്‍ച്ചയായും സന്ദര്‍ശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ സംസാരം ഏതാണ്ട് അരമണിക്കൂര്‍ നീണ്ടു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് സ്കൂട്ടറില്‍ യാത്ര ചെയ്തുവന്ന ഒരാളെയും കാണാന്‍ കഴിഞ്ഞു. അവരെല്ലാവരും തന്നെ ഭാവിയില്‍ വിസിറ്റ് ചെയ്യാന്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു സ്ഥലമായിട്ടാണ് കേരളത്തെ പറ്റി പറഞ്ഞത്. തൊട്ടടുത്ത ബെഡില്‍ കിടക്കുന്ന ബാംഗ്ലൂരില്‍ നിന്നുള്ള വിനയ് എന്ന ആളുമായി നല്ല സൗഹൃദത്തില്‍ ആയി. അയാളുടെ കൂടെ പിറ്റേന്ന് രാവിലെ എട്ടുമണിയോടുകൂടി വീണ്ടും സംഗത്തിലേക്ക് പോകാം എന്ന് പ്ലാന്‍ ചെയ്തു. രാത്രി ഭക്ഷണവും കഴിച്ച് ഉറങ്ങി.
പ്രയാഗിലെ രണ്ടാംദിവസം
രാവിലെ ഏതാണ്ട് എട്ടുമണിയോടുകൂടി ഞങ്ങള്‍ സംഗത്തിലേക്ക് തിരിച്ചു. ഹോട്ടലില്‍നിന്ന് ഒരാള്‍ ബൈക്കില്‍ ഞങ്ങളെ സംഗത്തിന്റെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ അകലെ വിട്ടു. നടന്ന് സംഗത്തിലെത്തി. അന്ന് പ്രധാന സ്നാനം നടക്കുന്ന ദിവസമായിരുന്നു. പുലര്‍ച്ചെ ഏതാണ്ട് 12 മണിക്കും രണ്ടു മണിക്കും ഇടയില്‍ തിരക്കു മൂലം മുപ്പതോളം ആളുകള്‍ മരിച്ചിരുന്നു. അതിനുശേഷം കുറെ നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. അതിനാല്‍ ഞങ്ങള്‍ ചെന്ന സമയത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. അവിടെ വരുന്ന ഭൂരിഭാഗം ആളുകളും ഗംഗയുടെയും യമുനയുടെയും ഇരുവശങ്ങളിലായിട്ടാണ് സ്നാനം ചെയ്യുന്നത്. ഈ നദികളുടെ മധ്യഭാഗമായ ത്രിവേണി സംഗമത്തിലേക്ക് പോകാന്‍ തോണികള്‍ ലഭ്യമാണ്. പല തോണിക്കാരും ഞങ്ങളെ സമീപിച്ചു. അവസാനം ഒരാള്‍ 500 രൂപയ്ക്ക് ത്രിവേണി സംഗമത്തിലേക്ക് (ഗംഗ, യമുന പിന്നെ ഭൂമിയുടെ അടിയിലൂടെ ഒഴുകുന്നു എന്ന് സങ്കല്‍പ്പിക്കുന്ന സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനം) തോണിയില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞു. അങ്ങനെ അവിടെയെത്തി സ്നാനം ചെയ്തു. 144 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട സ്നാന ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.
അതിനുശേഷം സ്നാനം നടക്കുന്ന നദീതീരങ്ങളിലൂടെ ഒരുപാട് ദൂരം നടന്നു. വളരെ വിശാലമായ ഒരു സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആശ്രമങ്ങള്‍ അവരുടെ താത്കാലിക ആശ്രമങ്ങള്‍ ഈ നദീതീരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെനിന്ന് സന്യാസിമാര്‍ ദിവസവും നദിയില്‍ സ്നാനത്തിനായി എത്തുന്നു. അങ്ങനെയുള്ള ഏതാനും സന്യാസിമാരെയും കാണാന്‍ സാധിച്ചു. കുംഭമേള നടക്കുന്നത് ഏതാണ്ട് 50 കിലോമീറ്റര്‍ ചുറ്റളവിലാണ്. പ്രധാനമായും ഗംഗയുടെയും യമുനയുടെയും കരകളിലും ത്രിവേണി സംഗമത്തിലുമാണ് സ്നാനം നടക്കുന്നത്. ഈ സ്ഥലങ്ങളെയെല്ലാം ഒട്ടേറെ സെക്ടറുകളായി തിരിച്ചിരിക്കുന്നു. സന്യാസിമാര്‍ക്കും മറ്റും സ്നാനം ചെയ്യുന്നതിനായി പ്രത്യേക സെക്ടറുകള്‍ ഉണ്ടായിരുന്നു. അങ്ങോട്ട് മറ്റ് ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. നദികളുടെ കുറുകെ രണ്ട് താത്കാലിക പാലങ്ങളും നിര്‍മിച്ചിരുന്നു. ഭക്തര്‍ക്കായി ധാരാളം ടെന്റുകളും ശൗചാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ക്രമീകരണങ്ങളൊക്കെ ഏതാണ്ട് കുറ്റമറ്റതാണ്. എന്നാല്‍ അവിടെയെത്തുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍, സംശയമാണ്. പ്രധാനമായും ബുദ്ധിമുട്ട് നേരിട്ടത് സംഗത്തിലേക്കും തിരിച്ചും ഉള്ള വഴികളിലാണ്. നദീതീരം വളരെ വിശാലമായതിനാല്‍ അവിടെ അത്ര തിരക്ക് അനുഭവപ്പെട്ടില്ല. എന്നാല്‍, അവിടെനിന്ന് പുറത്തേക്കുള്ള റോഡുകളില്‍ വളരെയധികം തിരക്കനുഭവപ്പെട്ടു. ഏറെദൂരം ഒരു റോഡിലൂടെ മുന്നോട്ടു പോയെങ്കിലും മുന്നറിയിപ്പില്ലാതെ ആ റോഡ് ക്ലോസ് ചെയ്തു. പിന്നെ വന്ന വഴി മുഴുവന്‍ ആ തിരക്കിലൂടെ തിരികെ നടക്കേണ്ടി വന്നു.
മറ്റു പല റോഡുകളിലൂടെയും പോയി നോക്കി. എന്നാല്‍, ആ റോഡുകളെല്ലാം അടച്ചിരുന്നു ചെയ്തിരുന്നു. അവസാനം തൊട്ടടുത്തുള്ള റെയില്‍വേ പാളത്തിലൂടെ പോകേണ്ടി വന്നു. റെയില്‍പ്പാളത്തിലെ ജനത്തിരക്ക് മൂലം ട്രെയിനിന് പോകാന്‍ പറ്റാതെ നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥ വരെ കണ്ടു. പിന്നീട് പോലീസുകാര്‍ വന്നു ആളുകളെ മാറ്റിയിട്ടാണ് ആ ട്രെയിനിന് പോകാന്‍ പറ്റിയത്. താമസസ്ഥലത്തേക്ക് ഏറെ ദൂരം നടക്കേണ്ടി വന്നു. എന്നാലും ഇത്രയും തിരക്കുള്ള സ്ഥലത്തേക്ക് വാഹനങ്ങള്‍ അനുവദിക്കുന്നതിലെ ബുദ്ധിമുട്ട് നമുക്ക് മനസ്സിലാക്കാം. പിന്നീട് കണ്ട ഒരു പ്രശ്നം വൃത്തിയില്ലായ്മയാണ്. ശൗചാലയത്തിന്റെ അപര്യാപ്തത എല്ലായിടത്തും കാണാമായിരുന്നു. തിരക്കു നിയന്ത്രിക്കാന്‍ പോലീസുകാരും അത്ര ആക്ടീവായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തോന്നിയില്ല.ഒരു പ്രശ്നം ഉണ്ടായിക്കഴിഞ്ഞ് ഇടപെടാം എന്നൊരു മനോഭാവമാണ് അവര്‍ക്ക് എന്നാണ് എനിക്ക് തോന്നിയത്. വി.ഐ.പികള്‍ക്കുള്ള പ്രത്യേക പരിഗണന ഒരു പോരായ്മയായി തോന്നി. ഏകദേശം പത്തു കോടിയോളം ആളുകള്‍ ജനുവരി 29-ന് സ്നാനം ചെയ്തതായി കരുതുന്നു.
ബൈക്കുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ഏതാണ്ട് പത്ത് കിലോമീറ്റര്‍ ദൂരം നടന്ന് ഇടയ്ക്ക് ഒരു ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് ഞങ്ങള്‍ വൈകുന്നേരം ആറുമണിയോടുകൂടി താമസസ്ഥലത്ത് തിരികെ എത്തി. ഡോര്മറ്ററിയിലുള്ള എല്ലാവരും അന്നത്തെ അവരുടെ സംഗത്തിലേക്കുള്ള യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പിറ്റേന്ന് രാവിലെ തന്നെ വാരണാസിയിലേക്ക് പോകേണ്ടതിനാല്‍ അന്ന് അത്താഴം കഴിച്ച് 10 മണിയോടെ ഉറങ്ങി. പിറ്റേന്ന് രാവിലെ എന്റെ ലക്ഷ്യം വാരാണസിയിലേക്കുള്ള ബസ് എത്തുന്ന സഹ്സണ് എന്ന സ്ഥലമായിരുന്നു. എന്നാല്‍ റോഡിലേക്ക് എത്തിയ ഞാന്‍ കണ്ടത് തലേദിവസത്തെ സ്നാനം കഴിഞ്ഞ് പോകുന്നവരുടെ തിരക്ക് മൂലം ഉണ്ടായ വലിയ ട്രാഫിക്കാണ്. ഒരു മണിക്കൂറില്‍ വണ്ടി നീങ്ങുന്നത് ഒന്നോ രണ്ടോ കിലോമീറ്റര്‍ മാത്രമാണ്.
എന്നാല്‍, ഭാഗ്യവശാല്‍ എനിക്കൊരു ബൈക്ക് കിട്ടി. അയാള്‍ 300 രൂപയ്ക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന് ഏറ്റു. ഏതൊക്കെയോ കുറുക്കുവഴികളിലൂടെ പോയി രാവിലെ ഏഴുമണിക്ക് തന്നെ ബസ് സ്റ്റോപ്പില്‍ എത്തിച്ചു. എട്ടുമണിക്കാണ് ബസ്. എന്നാല്‍, തലേദിവസത്തെ സ്നാനം കഴിഞ്ഞ് പോകുന്നവരുടെ തിരക്ക് മൂലം പ്രയാഗില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലത്തില്‍ എല്ലാ റോഡുകളിലും വളരെ വലിയ ട്രാഫിക് ആയിരുന്നു. ഇതിനിടയില്‍ ബുക്ക് ചെയ്ത ബസ് ക്യാന്‍സല്‍ ആയി എന്ന ഒരു സന്ദേശം എനിക്ക് ലഭിച്ചു. വീണ്ടും പ്രതിസന്ധി. അപ്പോഴാണ് വാരാണസിയിലേക്ക് പോകാന്‍ നില്ക്കുന്ന രണ്ടു മൂന്ന് ആളുകളെ പരിചയപ്പെട്ടത്, അത് ഭാഗ്യമായി. അവര്‍ ബുക്ക് ചെയ്തിരുന്ന ബസ്സില്‍ ഒരു സീറ്റ് ഒഴിവുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. ആ സീറ്റ് ബുക്ക് ചെയ്തു വീണ്ടും ഞങ്ങള്‍ കാത്തിരിപ്പായി. രാവിലെ എട്ടുമണിക്ക് എത്തേണ്ട ആ ബസ്സ് എത്തിയത് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്. അങ്ങനെ ഏകദേശം അഞ്ചു മണിയോടെ വാരാണസിയില്‍ എത്തി.
സ്ഥലങ്ങള്‍ കാണാനും, ആളുകളെ പരിചയപ്പെടാനും, ഭക്ഷണ വൈവിധ്യങ്ങള്‍, ജീവിത രീതികള്‍ എന്നിവ അറിയാനും സാധിക്കുന്നതിനോടൊപ്പം യാത്രകള്‍ നമുക്ക് ഒരു പ്രത്യേക ഊര്‍ജം തരുന്നു. പലപ്പോഴും ഉണ്ടാകുന്ന പ്രതിബന്ധങ്ങള്‍ നമ്മുടെ ആത്മവിശ്വാസം കൂട്ടുന്നു. അതുപോലെ, നമ്മള് വളരെ താല്പര്യത്തോടെ ഒരു സ്ഥലം ലക്ഷ്യമാക്കി ഇറങ്ങിയാല്‍, അതു ആദ്യമായി പോകുന്ന സ്ഥലമാണെങ്കില്‍ പോലും, നമ്മളെ ആ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള അനുകൂലമായ കാര്യങ്ങള്‍ തന്നെത്താനേ വന്നു ചേരുന്നതായി പലപ്പോഴും അനുഭവപ്പെട്ടു. എനിക്കത് ഒപ്പമുള്ള യാത്രക്കാരുടെ രൂപത്തിലും കേരളത്തില്‍നിന്ന് ഇത്രദൂരം വന്നു എന്ന് അറിഞ്ഞപ്പോള്‍ നാലുകിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേക്ക് ഫ്രീ ആയി എത്തിച്ച ഒരു സ്കൂട്ടര്കാരന്റെ രൂപത്തിലും ഒക്കെയായിരുന്നു. ഒറ്റയ്ക്കുള്ള കുംഭമേള യാത്ര ഏറെ അനുഭവങ്ങളും അറിവും ആനന്ദവും തന്നു എങ്കിലും, ഏറ്റവും സുഖമുള്ള യാത്ര , ചെയ്ത യാത്രകളുടെ ഓര്‍മകളുമായി സ്വന്തം വീട്ടിലേക്കുള്ള യാത്ര തന്നെ ആയിരുന്നു.
Content Highlights: A thrilling solo trip to the Kumbh Mela, navigating crowds