കാഴ്ചയില്ലാത്തവരുടെ കടലും കപ്പലും കാറ്റും; ലക്ഷദ്വീപിലേക്കൊരു സാഹസിക യാത്ര

വറ്റിവരണ്ട കണ്ണുകള്‍ക്ക് ദാഹജലം പകരുന്നവയാണ് യാത്രകള്‍. കടലും ആകാശവും ചേര്‍ന്ന് ഛായാചിത്രം വരക്കുന്ന അസ്തമയങ്ങളും ദൂരെ പൊട്ടുപോലെ കാണുന്ന കപ്പലും ആള്‍ക്കൂട്ടത്തിന്റെ വേഗസഞ്ചാരങ്ങളും കെട്ടിടങ്ങളുടെ മനോഹാരിതയുമെല്ലാം യാത്രക്കിടയില്‍ നമ്മുടെ കണ്ണുകളെ ആനന്ദിപ്പിക്കുന്നു. മനസിനും ശരീരത്തിനും ഒരുപോലെ ആനന്ദം നല്‍കിയാണ് നമ്മള്‍ യാത്രകള്‍ക്ക് താത്ക്കാലിക വിരാമമിടുന്നത്. എന്നാല്‍ കാഴ്ചയില്ലാത്തവരുടെ യാത്ര എങ്ങനെയാകും? കണ്ണിന് മുന്നില്‍ ഇരുട്ട് മാത്രമുള്ള അവര്‍ ആകാശത്തിന്റെ നീലയും സൂര്യന്റെ ചുവപ്പും എങ്ങനെ വേര്‍തിരിച്ചറിയും? ഇതിനെല്ലാമുള്ള ഉത്തരമാണ് കാഴ്ച യില്ലാത്ത ഏഴു പേര്‍ ലക്ഷദ്വീപ് കാണാന്‍ പോയ കഥ. അഞ്ച് 'കുരുടന്‍മാര്‍' ആനയെ കാണാന്‍ പോയ നാടോടിക്കഥയെ പൊളിച്ചെഴുതുന്ന യാത്ര.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഏഴു പേര്‍ മലപ്പുറം പുളിക്കലിലെ ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ലക്ഷദ്വീപിലെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരിയായ റുക്‌സാനയായിരുന്നു യാത്രയുടെ കോഡിനേറ്റര്‍. വയനാട് നിന്നുള്ള സീനത്ത്, മലപ്പുറത്ത് നിന്നുള്ള ഇസ്മായീല്‍, ഹംസ, നൗഷാദ്, കോഴിക്കോട് നിന്നുള്ള നുസൈബ, സജ്ന, തിരുവനന്തപുരത്ത് നിന്നുള്ള ബാദുഷ എന്നിവരായിരുന്നു യാത്രികര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ജനുവരി 18-ന് തുടങ്ങിയ യാത്ര ജനുവരി 28-ന് കൊച്ചിയില്‍ അവസാനിച്ചു. ഇപ്പോഴും ലക്ഷദ്വീപില്‍ നിന്ന് കൂടെ കപ്പല്‍ കയറിപ്പോന്ന കടലിന്റെ ഇരമ്പലും വെള്ളത്തിന്റെ തണുപ്പുമാണ് അവരുടെ സ്വപ്നങ്ങളില്‍ വന്നുപോകുന്നത്.
Content Highlights: lakshadweep travel story of seven blind people