ആവോളം സമയമുണ്ടോ? ലോകത്തെ മറന്ന് കാറ്റും കൊണ്ടിരിക്കണോ? എങ്കിൽ നിങ്ങള്‍ക്കുള്ളതാണ് കൊടികുത്തിമല

'ചേട്ടാ.. കൊടികുത്തിമലയിലേക്ക് ഇതുവഴിയാണോ പോകേണ്ടത്?' വായിച്ച പത്രം മടക്കിവെച്ച ശേഷം ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇടതുവശത്തേക്ക് കൈചൂണ്ടിപ്പറഞ്ഞു, 'ദാ.. അതിലൂടെ..'
ഒറ്റയാന്‍ യാത്രയാണ്. രാവിലെ 6:45-ന് മലപ്പുറത്ത് നിന്ന് ബൈക്കില്‍ വിട്ടതാണ്. നല്ലമഴ പെയ്ത തണുപ്പ് കാറ്റില്‍ ലയിച്ച് ശരീരത്തില്‍ വന്ന് മുത്തമിടുന്നു. വഴിയരികില്‍ മദ്രസയിലേക്ക് പോകുന്ന കുട്ടികള്‍. ചുമ്മാ ഹോണ്‍ അടിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് അവരുടെ വക ടാറ്റാ. അവര്‍ക്കിട്ട് നല്ലൊരു ചിരിയും പാസാക്കി നേരെ മുന്നോട്ട്. പാലക്കാട് റൂട്ടില്‍ പെരിന്തല്‍മണ്ണ കഴിയണം കൊടികുത്തി മലയിലെത്താന്‍. വഴിയരികില്‍ കടയിലിറങ്ങി ഒരു ചായേം ഉഴുന്നുവടയും.
പെരിന്തല്‍മണ്ണയില്‍ നിന്ന് മണ്ണാര്‍ക്കാട് റൂട്ടില്‍ ആറ് കിലോമീറ്ററോളം ചെല്ലുമ്പോള്‍ അമ്മിനിക്കാടെത്തും. അവിടെയുള്ള ഓട്ടോ ഡ്രൈവറോട് കൊടികുത്തി മലയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍, കയ്യിലെ പത്രം മടക്കിവെച്ച് ഇടതുവശത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, 'ദാ അതിലൂടെ..' എന്ന്.
ചെറിയ പോക്കറ്റ് റോഡ്. അവിടവിടെ ടാറിങ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. റോഡിലൂടെ പോകുമ്പോള്‍ ഇരുകരകളിലും കൃഷിയിറക്കുന്ന വയലുകള്‍ കാണാം. അതിനരികില്‍ വീടുകളുമുണ്ട്. രണ്ട് കിലോമീറ്റര്‍ താണ്ടിയാല്‍ വീടുകളുടെ എണ്ണം കുറയും. പതിയെ ഒഴിച്ചിട്ട പറമ്പുകളും കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളുമായി വശങ്ങള്‍ മാറും. കൊടികുത്തിയുടെ വിനോദസഞ്ചാര സാധ്യത കണ്ടിട്ടാവും, ഹോട്ടലുകള്‍ക്കും ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ചിലയിടത്ത് പണികള്‍ പുരോഗമിക്കുന്നു.
ചെറിയ മുരള്‍ച്ചയോടെ കയറിച്ചെല്ലുമ്പോള്‍ ആരെയും ആകര്‍ഷിക്കുന്നവണ്ണം ക്രിയേറ്റീവ് ആയി നിര്‍മിച്ച ഒരു കവാടം കാണാം. അതിനോട് ചേര്‍ന്നാണ് ടിക്കറ്റ് കൗണ്ടര്‍. 50 രൂപയാണ് ടിക്കറ്റിന്. കയ്യില്‍ പ്ലാസ്റ്റിക് ബോട്ടിലോ മറ്റോ ഉണ്ടെങ്കില്‍ 50 രൂപ വേറെയും 'മുറിക്കണം'. മുകളിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് സാധനങ്ങള്‍ കാട്ടില്‍ ഇടാതെ തിരികെ കൊണ്ടുവന്നെന്ന് കാണിച്ചാല്‍, ആ 50 രൂപ തിരികെ തരും. നല്ലൊരു കാര്യമായി തോന്നി.
Also Read: ഗോത്രചരിത്രമുറങ്ങുന്ന പൈതൃകഗ്രാമം; വയനാട്ടിലെ 'എൻ ഊരി'ലേക്കൊരു സഞ്ചാരം
ആദ്യം ചെറുനീര്‍ച്ചാലുണ്ട്. തണുത്ത വെള്ളത്തില്‍ കാലുകള്‍ കഴുകിത്തുടങ്ങാമെന്ന് ചുരുക്കം. മഴക്കാലവും കാട്ടില്‍ നിന്ന് ഒഴുകിവരുന്നതും ആയതിനാല്‍ വെള്ളത്തിന് നല്ല തണുപ്പുണ്ടായി. പതുക്കെ കാലുകളും മനസ്സും കൊടികുത്തിയുടെ കൗതുകങ്ങളിലേക്ക് കയറാന്‍ തുടങ്ങി. കോണ്‍ക്രീറ്റ് റോഡാണ്. ഓട്ടോയ്ക്ക് പോകാന്‍ പാകത്തിലുള്ളത്. നടുഭാഗത്ത് ഇന്റര്‍ലോക്കിട്ടുണ്ട്. മഴക്കാലത്ത് വളര്‍ന്ന ചെറുകാടുകള്‍ റോഡിന് ഇരുവശവും ഉയര്‍ന്നുനില്‍പ്പുണ്ട്. നൂറുമീറ്റര്‍ നടന്നാല്‍ വലതുവശത്ത് ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്കുള്ള സൂചിക കാണാം. അതുപ്രകാരം ചെറുവഴിയിലൂടെ താഴേക്ക് ഇറങ്ങി.
പടികള്‍ കടന്ന് താഴെയെത്തുമ്പോള്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്ന ഇരിപ്പിടങ്ങള്‍. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് സമാധാനത്തില്‍ ഇരുന്ന് സമയം ചിലവഴിക്കാമിവിടെ. വലിയ പാറയുടെ മുകളില്‍ നിന്ന് താഴേക്ക് മനോഹരമായ കാഴ്ചകള്‍ കാണാനുള്ള സൗകര്യമുണ്ട്. പ്രണയസൂചകമായ ലവ് സെല്‍ഫി പോയിന്റുണ്ട്. ഇതോടൊപ്പം പടികള്‍ കയറിച്ചെല്ലാവുന്ന തരത്തില്‍ വ്യൂഹൗസും. അവിടെകയറിയാല്‍ വലിയ ദൂരത്തിലുള്ള പ്രദേശം നല്ലൊരു കാന്‍വാസില്‍ എന്നപോലെ കാണാം. അതിര്‍ത്തികളില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന ഉയരത്തിലുള്ള സംവിധാനം പോലെയാണിത്.
തിരികെ റോഡിലെത്തി കയറ്റം തുടങ്ങി. വളത്തുവശത്ത് ഒരു കുളം. ഉപയോഗിക്കാതെ കിടക്കുന്നതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും.
മൊത്തം 1800 മീറ്റര്‍ കയറാനുണ്ട്. കുന്നുകയറുന്നതിന്റെ ക്ഷീണം കുറേശ്ശെ അറിയാന്‍ തുടങ്ങി. കയറുന്തോറും എത്ര കാല്‍പാദം നടന്നുവെന്നും എത്ര ഊര്‍ജം ചിലവഴിച്ചെന്നും ബോധ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ ഓരോ ഇടത്തായി സ്ഥാപിച്ചിട്ടുണ്ട്. കൊടികുത്തിമലയുടെ സവിശേഷതകള്‍ വിവരിക്കുന്ന ബോഡുകളുമുണ്ട്. മനോഹരമായി കാഴ്ചകള്‍ കണ്ട് കുത്തിരിക്കാനുള്ള ഇരിപ്പിടങ്ങളും സഞ്ചരികള്‍ക്കായി ഓരോ പോയിന്റില്‍ ഒരുക്കിയിട്ടുണ്ട്.
കാറ്റില്‍ കലപില പോലെ സംസാരം കേട്ടപ്പോളാണ് മുകളിലേക്ക് നോക്കിയത്. വളഞ്ഞു പുളഞ്ഞ റോഡിലൂടെ ആറ് യുവാക്കള്‍ ഇറങ്ങിവരുന്നു. നാട്ടുകാരാണെന്ന് തോന്നി. ഇനിയും ഒരുപാടുണ്ടോ മേലേക്ക് എന്നവരോട് ചോദിച്ചപ്പോള്‍, 'കുറച്ചുണ്ട്.. എങ്കിലും മേലെയെത്തിയാല്‍ രസമാണ്' എന്നായിരുന്നു മറുപടി. അവര്‍ പുലര്‍ച്ചെ എത്തിയതാണ് പോലും. സൂര്യോദയം കണ്ട് കുറച്ച് നേരം പുല്ലില്‍ കിടന്ന് ഇപ്പോള്‍ തിരിച്ചു വരികയാണ്. ഇറങ്ങുന്നതിന്റെ വേഗതയും കിതപ്പും അവര്‍ക്കുണ്ടായി.
നിര്‍മിതികളോ വലിയ കാഴ്ചകളോ അല്ല, കാലവസ്ഥയും അത് നല്‍കുന്ന അനുഭൂതിയുമാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. കുറ്റിക്കാടുകളിലെ മഴത്തുള്ളികള്‍ ഇടയ്ക്ക് കാലിലേക്ക് ഉറ്റിടുമ്പോള്‍ ആലിപ്പഴം വീഴുന്നതുപോലെ തോന്നി. അതല്ലെന്ന് ഉറപ്പിക്കാന്‍ പലപ്പോഴും കാലുകള്‍തൊട്ട് ഉറപ്പുവരുത്തി. സാധാരണ ഇത്തരം കുന്നു കയറ്റത്തില്‍ നേരിടാറുള്ള അട്ടയുടെ ആക്രമണം ഒട്ടുമുണ്ടായില്ല. വന്യമൃഗങ്ങളുള്ള കാടായും തോന്നിയില്ല. ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ തോട്ടങ്ങളില്‍ നിന്ന് കമ്പിവേലികള്‍ കൊണ്ട് പലയിടത്തും കൊടികുത്തിമലയെ വേര്‍തിരിച്ചിട്ടുണ്ട്.
മലയുടെ ഉച്ചിയിലേക്ക് അടുക്കുമ്പോള്‍ ഫോറസ്റ്റ് ക്യാമ്പിങ് സ്റ്റേഷനുണ്ട്. അവിടെ ജീവനക്കാരുണ്ടാകും. മുകളിലേക്ക് വരുന്ന സഞ്ചാരികളുടെ ഉത്തരവാദിത്തം അവര്‍ക്കാണ്. വേണ്ട നിര്‍ദേശങ്ങള്‍ കയറിപ്പോകുന്നവര്‍ക്ക് നല്‍കുന്നുണ്ട്. സീസണ്‍ സമയത്ത് ഒരു ദിവസം കുട്ടികളും മുതിര്‍ന്നവരുമടക്കം മൂവായിരത്തോളം പേരെത്തും. അതുകൊണ്ടുതന്നെ സെക്യൂരിറ്റി നിര്‍ബന്ധമാണ്. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ വനസംരക്ഷണസമിതിയുടെ ഭാഗമായുള്ള കൃഷ്ണന്‍കുട്ടിയാണ് ഡ്യൂട്ടിയിലുണ്ടായത്. കൊടികുത്തിമല തുടങ്ങിയതുമുതലുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. അവ ഓരോന്നും വ്യക്തതയോടെ പറഞ്ഞുതന്നു.
സ്റ്റേഷന്‍ കെട്ടിടം കഴിഞ്ഞാല്‍ കുടംബശ്രീയുടെ നേതൃത്വത്തില്‍ തുടങ്ങിയ ചായയും കടികളും കിട്ടുന്ന ചെറിയ കഫേയുണ്ട്. എന്നാല്‍ മാസങ്ങളായി അത് അടഞ്ഞുകിടക്കുകയാണെന്നും കൃഷ്ണന്‍കുട്ടി ചേട്ടന്‍ പറഞ്ഞു.
Don't Miss: കൊള്ളിക്കെട്ടിലെ 'കള്ളമുതലും' മാതൃത്വത്തിന്റെ മാധുര്യവും
ചാറ്റല്‍ മഴയിലും കുന്നുകയറിയ ക്ഷീണം ഉള്ളില്‍ വിയര്‍പ്പായി പൊടിയാന്‍ തുടങ്ങി. കാടുമൂടിയ ഓപ്പണ്‍ ഓഡിറ്റോറിയവും കടന്ന് കോട്ടക്കുന്നിന്റെ പരമോന്നത ഉയരത്തിലേക്ക്. മഴക്കാലത്ത് വയലുകളില്‍ വെള്ളം നിറഞ്ഞതുപോലെ കണ്മുന്നിലെ ഭാഗം മുഴുവന്‍ കോടമഞ്ഞു നിറഞ്ഞു. വലിയ വെള്ളപ്പുതപ്പോ തൂവല്‍ മഞ്ഞുപാളികളോ മൂടിയതുപോലെ.
കോണികള്‍ കയറിപ്പാകാവുന്ന രണ്ടുനില കെട്ടിടം. സഞ്ചാരികള്‍ക്ക് മനോഹരമായി കാഴ്ചകള്‍ കണ്ടിരിക്കാവുന്ന ഇടം. മലയോരപ്രദേശത്തെ തഴുകിയെത്തുന്ന തണുത്ത കാറ്റ് കെട്ടിപ്പിടിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നു. കെട്ടിടത്തിന്റെ മുകളിലേക്ക് കയറി ഒരിടത്ത് ഇരുപ്പുറപ്പിച്ചു. തണുത്ത കാറ്റ് വന്ന് ആഞ്ഞടിച്ചും കെട്ടിപ്പിടിച്ചും ഇറങ്ങിപ്പോയി. അരികിലെ ചെറുവേലിക്കമ്പിയില്‍ മുറുക്കിപ്പിടിച്ചു. മുടിയിഴകള്‍ നിയന്ത്രണം വിട്ട് പറന്നു. ഒരു മണിക്കൂറില്‍ അധികം അവിടെ ചിലവഴിച്ചു. ഏതൊക്കെയോ ചെറുനഗരങ്ങളെ അവിടെനിന്നു നോക്കിയാല്‍ കാണാം. ഭൂമിയിലെ ഭാരം കുറഞ്ഞ മനുഷ്യരില്‍ ഒരാളായി, കൊടികുത്തിമലയുടെ തിരുനെറ്റിയില്‍ അല്‍പനേരം കണ്ണടച്ചുകൊണ്ട് കൊണ്ട് ഞാന്‍ കിടന്നു. വലിയൊരു തണുത്ത കാറ്റ് എന്നെ കമ്പിളി പോലെ പൊതിഞ്ഞു.