പ്രണവിനെപ്പോലെ പണിയെടുത്ത് ഊരുചുറ്റുന്ന വിദേശികളുണ്ട് കേരളത്തിലും, നിയമമാണ് കടമ്പ

സ്‌പെയിനില്‍ എവിടെയോ ജോലിയിലാണ്. കുതിരകളെയോ ആട്ടിന്‍കുട്ടികളെയോ നോക്കുന്നതായിരിക്കാം ജോലി. പൈസ ഒന്നും കിട്ടില്ല. താമസവും ഭക്ഷണവുമുണ്ട്... നടന്‍ പ്രണവ് മോഹന്‍ലാല്‍ വിദേശയാത്ര നടത്തുന്നതിന്റെ രീതിയെക്കുറിച്ച് അടുത്തിടെ അമ്മ സുചിത്ര പറഞ്ഞതിങ്ങനെയാണ്.
വിദേശരാജ്യങ്ങളില്‍ ചെന്ന്, പണിയെടുത്തുകൊണ്ടുതന്നെ നാട് കാണുന്ന ധാരാളം മലയാളി ടൂറിസ്റ്റുകളുണ്ട്. യാത്രാച്ചെലവ് കുറയ്ക്കാമെന്നു മാത്രമല്ല, അവിടുത്തെ സംസ്‌കാരം അടുത്തറിയാനും ഈ ടെക്നിക് ഉപകാരപ്രദമാണ്.
എന്നാല്‍ കേരളത്തില്‍ ഇതുപോലെ നാടുചുറ്റുന്ന സായിപ്പുമാരുണ്ടെന്ന കാര്യം എത്രപേര്‍ക്കറിയാം. ഹോംസ്റ്റേയില്‍ ജോലിചെയ്ത് തേക്കടി ചുറ്റുന്ന ഫ്രെഞ്ചുകാരി ജൂലിയറ്റ്, മൂന്നുമാസത്തെ ഇന്ത്യന്‍ പര്യടനത്തിലാണ്.
സായിപ്പാണെന്നുവെച്ച് ലാവിഷാകണമെന്നില്ല
വിദേശസഞ്ചാരികള്‍ എന്നാല്‍ പണം ലാവിഷായി ചെലവാക്കി കേരളം ചുറ്റുന്നവരാണെന്ന ധാരണ കുറച്ചുപേര്‍ക്കെങ്കിലും കാണും. എന്നാല്‍ അങ്ങനല്ല.
ഫ്രാന്‍സില്‍ എന്‍വയേണ്‍മെന്റല്‍ കണ്‍സള്‍ട്ടന്റായി ആറു വര്‍ഷത്തോളം ജോലി ചെയ്ത ജൂലിയറ്റ് എന്ന 28-കാരി, ജോലിയില്‍ നിന്നൊരു ബ്രേക്ക് എടുത്ത് യാത്ര തുടങ്ങിയതാണ്. കൈയിലെ സേവിങ്സ് സൂക്ഷിച്ചുപയോഗിച്ചാണ് യാത്ര.
കുറഞ്ഞ ചെലവിലുള്ള യാത്ര എന്ന ലക്ഷ്യമുള്ളതിനാല്‍, വര്‍ക്ക് എവേ എന്ന ആപ്പിലൂടെ കേരളത്തില്‍ ജോലി കണ്ടെത്തിയാണ് ജൂലിയറ്റ് ട്രിപ്പ് പ്ലാന്‍ ചെയ്തത്.
തേക്കടിയിലെ ഹോംസ്റ്റേയില്‍ പ്രഭാതഭക്ഷണം വിളമ്പുകയും മേശ വൃത്തിയാക്കുകയുമാണ് പ്രധാന ജോലി. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് പണി. ബാക്കിസമയം കറങ്ങാന്‍ പോകാം. മൂന്നുനേരത്തെ ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കും. യുഎസില്‍ നിന്നുള്ള യുവതിയും ജൂലിയറ്റിനൊപ്പം താമസിക്കുന്നു. യുഎസുകാരി ഹോംസ്റ്റേയിലെ ഭിത്തിയില്‍ ചിത്രം പെയിന്റ് ചെയ്ത് നല്‍കുന്നുമുണ്ട്. ഹോംസ്റ്റേ ഉടമയില്‍നിന്നും ജീവനക്കാരില്‍നിന്നും ഇരുവരും മലയാളം പഠിക്കുന്നുണ്ട്. അവരെ ഫ്രഞ്ച് പഠിപ്പിക്കുകയും ചെയ്യുന്നു. തേക്കടിയില്‍ ഇത്തരത്തില്‍ രണ്ട് ഹോംസ്റ്റേകള്‍ വര്‍ക്ക് എവേ സൗകര്യം ഒരുക്കിവരുന്നു.
പണി കണ്ടെത്താന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍
അന്താരാഷ്ട്ര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ വര്‍ക്ക്എവേയിലൂടെയാണ് (workaway.info) ജൂലിയറ്റ് കേരളത്തില്‍ ജോലി ചെയ്ത് താമസിക്കാനുള്ള അവസരം കണ്ടെത്തിയത്. worldpackers.com, hippohelp.com തുടങ്ങിയ പോര്‍ട്ടലുകളും ഇത്തരത്തില്‍ തൊഴില്‍-സംസ്‌കാര കൈമാറ്റത്തിനുള്ള വേദികളാണ്. സൗജന്യസേവനവും പണംനല്‍കിയുള്ള സേവനവും ഇത്തരത്തിലുള്ള സൈറ്റുകള്‍ നല്‍കിവരുന്നു.
ട്രാവല്‍ ഏജന്‍സി ഫീസും ഹോട്ടല്‍ വാടകയുമെല്ലാം ഒഴിവാക്കി, കുറഞ്ഞ ചെലവില്‍ വിദേശയാത്ര ചെയ്യാന്‍ ഈ സംവിധാനം സഹായിക്കുന്നു. ഇന്ത്യയില്‍ അഞ്ഞൂറിലധികം ഇടങ്ങള്‍ ഇത്തരത്തില്‍ വിദേശികള്‍ക്ക് ആതിഥ്യമരുളുന്നു. കേരളത്തില്‍ അമ്പതോളം ഹോസ്റ്റുകളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
കോട്ടയത്തെ ഒരു സ്വകാര്യസ്‌കൂളില്‍ ഇത്തരത്തില്‍ എത്തുന്ന വിദേശികളായ സന്നദ്ധപ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് പതിവായി പരിശീലനം നല്‍കിവരുന്നു. ഒരു പോര്‍ട്ടലില്‍ ഒരു വര്‍ക്കലക്കാരന്‍ തന്റെ കുതിരയെ പരിശീലിപ്പിക്കാന്‍ വിദേശിയെ തേടുന്നുണ്ട്. അട്ടപ്പാടിയിലെ പരിസ്ഥിതി സൗഹൃദ കൃഷിയിടത്തിലും ചാലക്കുടിയിലെ ആയുര്‍വേദ റിസോര്‍ട്ടിലുമെല്ലാം വിദേശികള്‍ക്കൊപ്പം സ്വദേശികള്‍ക്കും പണിയെടുത്ത് താമസിക്കാനവസരമുണ്ട്. കുട്ടികളെ പഠിപ്പിക്കലും പാചകവും കൃഷിപ്പണിയും പ്രായമായവരെ സഹായിക്കലുമെല്ലാം ചെയ്യാം. നാലോ അഞ്ചോ മണിക്കൂര്‍ ജോലി ചെയ്യുക പകരം സൗജന്യ താമസവും ഭക്ഷണവും. അഞ്ചുദിവസം ജോലി രണ്ടുദിവസം ഒഴിവ്.
നിയമപരമായ തടസങ്ങള്‍
എന്നാല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ഇത്തരത്തില്‍ ജോലി ചെയ്ത് താമസിക്കാന്‍ ഇന്ത്യയില്‍ നിയമപരമായ തടസങ്ങളുണ്ട്. അടുത്തയിടയ്ക്ക് കേരളത്തിലെത്തിയ ഒരു ടൂറിസ്റ്റ് അറബിക്ക്, ഒരു മലയാളം സിനിമയില്‍ അഭിനയിക്കാനുള്ള അനുവാദം പോലും പോലീസില്‍ നിന്ന് ലഭിച്ചിരുന്നില്ല.
അതിഥികളായെത്തുന്നവര്‍ക്കോ, ആതിഥേയം നല്‍കുന്നവര്‍ക്കോ ഉണ്ടായേക്കാവുന്ന സുരക്ഷാപ്രശ്നങ്ങളിലും ഉറപ്പൊന്നും നല്‍കാന്‍ ഇപ്പോഴത്തെ വര്‍ക്ക് എവേ സംവിധാനത്തിന് സാധിക്കുന്നില്ല. ഇക്കാരണത്താല്‍ പല ആതിഥേയരും കള്‍ചറല്‍ എക്സ്ചേഞ്ച് പ്രോത്സാഹിപ്പിക്കുന്നുമില്ല.
Content Highlights: Workaway Kerala budget travel India cultural exchange homestay volunteer travel tips workaway.info t