ആ ചെറിയ വാതിൽ തുറന്നപ്പോൾ മുന്നിൽ ചരിത്രത്തിലേക്കുള്ള വലിയ ഇടനാഴി

#സാധന സുധാകരൻ
ബ്രൂക്കൻസ്ട്രാസയിലുള്ള കാൾ മാർക്‌സ് മ്യൂസിയം ഹൗസ് | ഫോട്ടോ: സാധന സുധാകരൻ
ബ്രൂക്കൻസ്ട്രാസയിലുള്ള കാൾ മാർക്‌സ് മ്യൂസിയം ഹൗസ് | ഫോട്ടോ: സാധന സുധാകരൻ

ചരിത്രത്തിന്റെ വഴികളിലൂടെയുള്ള ഒരു യാത്ര ചിലപ്പോൾ എത്തിനിൽക്കുന്നത് എളിയതെന്നു തോന്നിക്കുന്ന ചില വാതിൽപ്പടികളിലാണ്. അത്തരത്തിലൊരു ചെറുവാതിലിലൂടെ കടന്നുചെന്ന്, ലോകത്തെ മാറ്റിമറിച്ച വിപ്ലവചിന്തകളുടെ മഹാസാഗരത്തെ തൊട്ടറിഞ്ഞതിന്റെ യാത്രാനുഭവമാണിത്.

ജർമ്മനിയിലെ ട്രയർ (Trier) എന്ന പുരാതന നഗരത്തിലെ ബ്രൂക്കൻസ്ട്രാസയിലുള്ള (Brückenstraße) ആ ചെറിയ വീടിന് പുറത്തുനിന്ന് നോക്കിയാൽ വലിയ ഗാംഭീര്യമൊന്നും അവകാശപ്പെടാനില്ല. പ്രൗഢമായ ഗോപുരങ്ങളോ ആഡംബരത്തിന്റെ തലയെടുപ്പുകളോ അവിടെയില്ല. ആ വഴിയേ പോകുന്നൊരാൾ ശ്രദ്ധിക്കാതെ കടന്നുപോയേക്കാവുന്ന ഒരു സാധാരണ കെട്ടിടം. എന്നാൽ, 1818 മേയ് 5-ന് ഈ മണ്ണിലാണ് ലോകചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയ കാൾ മാർക്‌സ് എന്ന യുഗപുരുഷൻ ജനിച്ചുവീണത്. വെറും 15 മാസങ്ങൾ മാത്രമാണ് മാർക്‌സ് ഈ വീട്ടിൽ ചെലവഴിച്ചത്. എങ്കിലും, ആ ചെറിയ കാലയളവ് ഈ കെട്ടിടത്തെ ലോക ചരിത്രപടത്തിലെ മായ്ക്കാനാവാത്ത അധ്യായമാക്കി മാറ്റി.

കാൾ മാർക്‌സ് മ്യൂസിയത്തിലേക്കുള്ള പ്രവേശനകവാടം | ഫോട്ടോ: സാധന സുധാകരൻ

ആ എളിയ വാതിൽ തുറന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ നമ്മെ കാത്തിരിക്കുന്നത് കാലത്തെ അതിജീവിച്ച വലിയൊരു ചരിത്രപ്പകർപ്പാണ്. 2018-ൽ, മാർക്‌സിന്റെ ഇരുനൂറാം ജന്മവാർഷികവേളയിൽ പുനഃക്രമീകരിച്ച ഈ മ്യൂസിയം, അദ്ദേഹത്തിന്റെ ജീവിതത്തെയും ചിന്തകളെയും കുടുംബത്തെയും സ്വാധീനിച്ച മനുഷ്യരെയും കുറിച്ച് സവിസ്തരം സംസാരിക്കുന്നു.

മുറികളിലൂടെ നടക്കുമ്പോൾ അവിടെ തെളിയുന്നത് വെറുമൊരു ചരിത്രപുരുഷന്റെ ഓർമ്മകളല്ല. ലോകത്തിന്റെ ഇരുധ്രുവങ്ങളിൽ മാർക്‌സ് എങ്ങനെ വായിക്കപ്പെട്ടു എന്നതിന്റെ നേർക്കാഴ്ച കൂടിയാണ്. ചിലർക്ക് അദ്ദേഹം പ്രത്യാശയുടെയും വിപ്ലവത്തിന്റെയും പ്രതീകമായ രാഷ്ട്രീയ ഐക്കണാണെങ്കിൽ, മറ്റു ചിലർക്ക് കമ്മ്യൂണിസത്തിന്റെ കറുത്ത ഭാവമാണ്. എന്നാൽ, മുതലാളിത്തത്തിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന ആ ചിന്തകന്റെ ജീവിതത്തെയും ആശയങ്ങളെയും ഒരുപക്ഷപാതവുമില്ലാതെ, നിഷ്പക്ഷമായി വായിച്ചെടുക്കാൻ ഈ കെട്ടിടം നമ്മെ ക്ഷണിക്കുന്നു.

കാൾ മാർക്‌സ് അവസാനകാലത്ത് ഉപയോഗിച്ച് കസേര | ഫോട്ടോ: സാധന സുധാകരൻ

ഈ യാത്രയിൽ എന്റെ ഹൃദയത്തിൽ ഏറ്റവും ആഴത്തിൽ തട്ടിയ കാഴ്ച, കറുത്ത തടിയിൽ തീർത്ത, മഞ്ഞ കലർന്ന ബീജ് നിറമുള്ള തുണി വിരിച്ച ആ വായനാക്കസേരയായിരുന്നു. അതിന്റെ അരികുകളിലെ കീറലുകൾ കാലം ബാക്കിവെച്ച അടയാളങ്ങൾ പേറുന്നു. 1883-ൽ ലണ്ടനിൽവെച്ച് മാർക്‌സ് അവസാനമായി ശ്വാസമടുത്തത് ഈ കസേരയിലിരുന്നാണ്.

വായനയിലും ആഴത്തിലുള്ള ചിന്തകളിലും മുഴുകിയിരുന്ന ആ പഴയ വായനാക്കസേര, പിന്നീട് ലണ്ടനിലെ സ്വകാര്യ വസതിയിൽനിന്ന് വർഷങ്ങൾക്കു ശേഷം ഇവിടെ എത്തിക്കുകയായിരുന്നു. ആ മുറിയുടെ കേന്ദ്രബിന്ദുവായി ഇന്ന് അതൊരു നിശബ്ദസാക്ഷിയായി നിലകൊള്ളുന്നു. അതിനടുത്തായി, വിപ്ലവനാളുകളിൽ കൂടെയുണ്ടായിരുന്ന ഒരു പോക്കറ്റ് വാച്ചും പഴയ ചിത്രങ്ങളും അപൂർവ്വ രേഖകളും അദ്ദേഹത്തിന്റെ ജീവിതയാത്രയെ തെളിച്ചത്തോടെ നമുക്ക് മുന്നിൽ തുറന്നുവെക്കുന്നു.

കാൾ മാർക്‌സ് ഉപയോഗിച്ച പോക്കറ്റ് വാച്ച് | ഫോട്ടോ: സാധന സുധാകരൻ

ഈ കെട്ടിടത്തിന്റെ ചരിത്രവും അതുപോലെ വിസ്മയകരമാണ്. 1727-ൽ നിർമ്മിക്കപ്പെട്ട ഈ വീട്, മാർക്‌സിന്റെ കുടുംബം ഒഴിഞ്ഞശേഷം പല കൈമറിഞ്ഞുപോയി. ഒടുവിൽ 1904-ൽ സോഷ്യൽ ഡെമോക്രാറ്റായ ഫ്രെഡറിക് ഷ്‌നെറ്റർ ആണ് ഇത് കാൾ മാർക്‌സിന്റെ ജന്മഗൃഹമാണെന്ന് തിരിച്ചറിയുന്നത്. 1928-ൽ സർക്കാർ വാങ്ങിയ ഈ കെട്ടിടം, 1933-ൽ മ്യൂസിയമായി മാറി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അന്താരാഷ്ട്ര പിന്തുണയോടെ പുനരുദ്ധരിക്കപ്പെട്ട് 1947-ലാണ് ആദ്യം തുറന്നത്. ഇന്ന് ഫ്രെഡറിക് ഈബർട്ട് ഫൗണ്ടേഷൻ നടത്തുന്ന ഈ മ്യൂസിയം, ജർമ്മനിയിൽ മാർക്‌സിന്റെ ജീവിതത്തിനും ആശയങ്ങൾക്കുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള ഏക കേന്ദ്രമാണ്.

ചരിത്രപുസ്തകങ്ങളിൽ മാത്രം വായിച്ചു പരിചയിച്ച ഒരു മഹാപ്രതിഭയുടെ ജീവിതം തുടങ്ങിയ മണ്ണിൽനിന്നു കൊണ്ട് ആ നാമത്തെ നെഞ്ചോട് ചേർക്കാനായതിന്റെ അനുഭവവുമായാണ് ഞാൻ മടങ്ങിയത്. അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കാം വിയോജിക്കാം. എന്നാൽ, ലോകത്തെ ഇത്രമേൽ സ്വാധീനിച്ച ആ ജീവിതം തുടങ്ങിയ ഇടം കാണാതിരിക്കാൻ ചരിത്രത്തെ സ്‌നേഹിക്കുന്ന ആർക്കും കഴിയില്ല.

Content Highlights: The small, unassuming house in Trier, Germany, where Karl Marx was born, has become a significant historical site, despite Marx spending only 15 months there. The museum, renovated for Marx's 200th birth anniversary in 2018, offers an unbiased exploration of his life, ideas, and influence, showcasing artifacts like his reading chair and personal items. Originally built in 1727, the house was recognized as Marx's birthplace in 1904, became a museum in 1933, and is now operated by the Friedrich Ebert Foundation as the only center in Germany dedicated to Marx's life and ideas.