കല്‍പ്പാത്തിയെ ആവേശത്തിരയിലാഴ്ത്തി രഥോത്സവം; രഥസംഗമം ഇന്ന്

കല്പാത്തിയെ ആവേശത്തേരിലേറ്റി രഥാരോഹണം. തേരുമുട്ടിയില്‍ തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിയാക്കി തിങ്കളാഴ്ച രാവിലെ ഉത്സവമൂര്‍ത്തികള്‍ വിശ്വാസത്തേരേറി. വൈകീട്ട് കല്പാത്തിയില്‍ രഥപ്രയാണത്തിനും തുടക്കമായി.
ആദ്യനാള്‍ ഉത്സവനാഥനായ വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്‌മണ്യന്‍ എന്നിവരുടെയുമടക്കം മൂന്നു രഥങ്ങളാണ് പ്രയാണം തുടങ്ങിയത്. രണ്ടാംതേരുനാളായ ചൊവ്വാഴ്ച പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിലെ രഥംകൂടി വീഥിയിലെത്തും. മൂന്നാംതേരുനാളായ ബുധനാഴ്ച വൈകീട്ട് നാലിനാണ് രഥസംഗമം.
രഥങ്ങള്‍ ഇന്ന് വീഥിയില്‍
മൂന്നാം തേരുനാളായ ബുധനാഴ്ച രാവിലെ പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാളുടെയും ചാത്തപ്പുരം പ്രസന്ന മഹാഗണപതിയുടെയും രഥാരോഹണം നടക്കും. ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലും ചാത്തപ്പുരം ക്ഷേത്രത്തിലുമാണ്
രഥാരോഹണം നടക്കുക. വൈകീട്ട് നാലുമുതലാണ് രഥപ്രയാണം.
കല്‍പ്പാത്തിയുടെ സ്വന്തം രഥോത്സവം
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കല്‍പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവും (പരമശിവന്‍) അദ്ദേഹത്തിന്റെ പത്‌നിയായ വിശാലാക്ഷിയും (പാര്‍വ്വതി) ആണ്.
എല്ലാ വര്‍ഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബര്‍ മാസത്തിലാണ് (മലയാള മാസം തുലാം 28,29,30) നടക്കുക. കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും രഥോത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്നു. ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.
പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്‍പ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യില്‍ നിര്‍മ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയില്‍ പകുതി കല്‍പ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്‌മണരുടെ അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്‍പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്.
Content Highlights: kalpathy ratholsavam