ഈ സൗന്ദര്യം ഇങ്ങനെ നിലനിർത്തണം; ചെല്ലൻ ചേട്ടനെന്ന 'ടീ മാസ്റ്റർ', ചായക്കടയിൽ വിരുന്നിനെത്തി ജയസൂര്യ

കളേഴ്സ് ഓഫ് ഭാരത് എന്ന സാമൂഹിക മാധ്യമപേജ് രാജ്യത്ത് കണ്ടിരിക്കേണ്ട 10 ഗ്രാമങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ അതിൽ ഉൾപ്പെട്ട പാലക്കാടൻ ഗ്രാമമാണ് കൊല്ലങ്കോട്. 'എനിക്ക് ചുറ്റുമുള്ള സൗന്ദര്യം എന്നെ നിശബ്ദനാക്കുന്നു, ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള എന്റെ ബക്കറ്റ് ലിസ്റ്റ് ഇപ്പോൾ നിറഞ്ഞൊഴുകുന്നു' എന്നാണ് കളേഴ്സ് ഓഫ് ഭാരതിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര എഴുതിയത്. ഇതോടെ രാജ്യമെങ്ങുമുള്ള സഞ്ചാരപ്രിയർ കൊല്ലങ്കോട്ടേക്ക് ഒഴുകിയെത്തി. ഇപ്പോഴിതാ കൊല്ലങ്കോടിന്റെ ഗ്രാമഭംഗി നെഞ്ചിലേറ്റുകയാണ് മലയാളികളുടെ പ്രിയതാരം ജയസൂര്യയും. ആട്-3 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് വ്യാഴാഴ്ച അദ്ദേഹം കൊല്ലങ്കോട് സന്ദർശിക്കാനെത്തിയത്. കൊല്ലങ്കോട്ടെത്തുന്ന ഏതൊരാളും നിശ്ചയമായും പോകുന്ന ചെല്ലൻ ചേട്ടന്റെ ചായക്കടയിലേക്കായിരുന്നു ജയസൂര്യയുടെ യാത്ര.
പൂർണമായും ഓലകൊണ്ടുമേഞ്ഞ, പഴമയുടെഭംഗി വിളിച്ചോതുന്ന അപൂർവ കാഴ്ചയാണ് ചെല്ലൻ ചേട്ടന്റെ ചായക്കട. ചായക്കടയിലേക്ക് കടക്കണമെങ്കിൽ ഒന്നു കുനിയണം. കഴിഞ്ഞ 50 വർഷമായി ഈ ചായക്കട ഇങ്ങനെ തന്നെ നിലനിർത്തുകയാണ് ചെല്ലൻ ചേട്ടനും ഭാര്യ ചെന്താമരാക്ഷി ചേച്ചിയും. ഇവിടേയ്ക്കാണ് ജയസൂര്യ എത്തിയത്. ഷൂട്ടിങ് സെറ്റിന് അടുത്തുള്ള മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലേക്ക് ഇതിന് മുൻപും യാത്രകൾ ചെയ്തിട്ടുണ്ട് ജയസൂര്യ. ഇതൊന്നും മുൻകൂട്ടി പദ്ധതിയിട്ട് പോകുന്നതല്ലെന്നാണ് അദ്ദേഹം പറയുന്നത്.
Content Highlights: Actor Jayasurya explores the scenic beauty of Kollengode, a picturesque village in Palakkad