ഇങ്ങനെ മറ്റൊരിടമില്ല കേരളത്തിൽ; ജൈൻ സർക്യൂട്ടിനെ കാത്തിരിക്കുന്നു, കല്ലമ്പലങ്ങളും ജൈനബസ്തികളും

#രമേഷ് കുമാര്‍ വെള്ളമുണ്ട
ജനാര്‍ദ്ദനക്ഷേത്രം, പുഞ്ചവയല്‍ | ഫോട്ടോ: രമേഷ് കുമാര്‍ വെള്ളമുണ്ട
ജനാര്‍ദ്ദനക്ഷേത്രം, പുഞ്ചവയല്‍ | ഫോട്ടോ: രമേഷ് കുമാര്‍ വെള്ളമുണ്ട

കാലം കരിങ്കല്ലില്‍ കൊത്തിയ കഥകളുണ്ട് ഇവിടെ പറയാന്‍. വയനാടിന്റെ ഗതകാലങ്ങളില്‍ കാടിനുള്ളില്‍ തീര്‍ത്ത ശിലാ സ്മാരകങ്ങള്‍ ഈ നൂറ്റാണ്ടിന്റെയും വിസ്മയമാണ്. വയനാടിന്റെ പൈതൃകഭൂമിയില്‍ ചരിത്ര സ്മാരകങ്ങളായി അനേകം ആരാധാനാലയങ്ങളുണ്ട്. കല്ലമ്പലങ്ങളും ജൈനബസ്തികളും പൗരാണികമായ അമ്പലങ്ങളും ചേര്‍ന്നതാണ് വയനാടിന്റെ ദൈവപ്പുരകൾ. സമ്പന്നമായ സാംസ്‌കാരികതയെ അടയാളപ്പെടുത്തുന്ന ജൈനക്ഷേത്രത്തിന്റെയും കാര്‍ഷിക മുന്നേറ്റത്തിന്റെയും പഴശ്ശിയുടെ പോരാട്ടത്തിന്റെയും ചരിത്രമുറങ്ങുന്ന നാടാണിത്. ഒരു കാലത്ത് മലബാറിന്റെ ആസ്ഥാനമാക്കാന്‍  ബ്രിട്ടീഷുകാര്‍ തിരഞ്ഞെടുത്ത സ്ഥലം. കബനീ നദിയുടെ പോഷക കൈവഴിയുടെ തീരത്ത് മാനവ ഐക്യത്തിന്റെ കഥ പറയുകയായിരുന്നു ഈ നാട്. ചരിത്രപഥത്തിലും സമകാലികതയിലും വേറിട്ടുനില്‍ക്കുന്ന സ്മാരകങ്ങള്‍ ഗ്രാമീണതയുടെ വയനാടന്‍ കാഴ്ചകളെ തിരികെയെത്തിക്കുന്നു. പൗരാണികമായ തിരുനെല്ലി അമ്പലത്തിന്റെ പഴക്കത്തില്‍ നിന്നും തുടങ്ങുന്ന ഈ നാടിന്റെ അറിയപ്പെടുന്ന ചരിത്ര വസ്തുതകള്‍. ചരിത്രാന്വേഷകര്‍ക്ക് പാഠപുസ്തകമാണ് വയനാട്ടിലെ കല്ലമ്പലങ്ങളും ജൈന ബസ്തികളും. 

സുല്‍ത്താന്‍ബത്തേരി, വരദൂര്‍, പുളിയാര്‍മല എന്നിവിടങ്ങളിലാണ് പ്രധാന ജൈനക്ഷേത്രങ്ങള്‍ ഉള്ളത്. സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തുകയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കല്ലമ്പലങ്ങള്‍. വാസ്തുശില്പികള്‍ അറക്കല്ലില്‍ തീര്‍ത്ത തൂണുകളും അവയില്‍ ഉയര്‍ത്തിവെച്ച ബീമുകളും ശിലാപാളികളും ചരിത്രശേഷിപ്പുകളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. വാസ്തുശില്പകലയില്‍ ഏറെ മികച്ചുനില്ക്കുന്ന ബത്തേരിയിലെ ജൈനക്ഷേത്രം മധ്യകാല ജൈനബസ്തികളില്‍ പ്രധാനപ്പെട്ടതാണ്. കിടങ്ങനാട് ബസ്തി എന്ന പേരിലും പുരാതനകാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. വിജയനഗര ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. സുല്‍ത്താന്‍ബത്തേരി എന്ന പേരില്‍പ്പോലും ഈ ക്ഷേത്രം നിറഞ്ഞുനില്‍ക്കുന്നു. 

Content Highlights: Jain Temples Bathery Wayanad

Continue reading