അറിയാം, കണ്ടറിഞ്ഞ 'എൻ ഊരി'ന്റെ കാണാപ്പുറങ്ങളും കൗതുകങ്ങളും!

ലക്കിടിക്കുന്നിന് മുകളിൽ കോടമഞ്ഞ് പുതച്ച് ഒരു മഴക്കാലം ചുറ്റിക്കളിക്കുന്നു. തണുത്ത കാറ്റിന്റെ താളത്തിൽ താഴ്‌വാരത്തിലേക്ക് മുത്തമിട്ടിറങ്ങുന്ന വെളുത്ത കോടകൾക്കിടയിലൂടെ പച്ചപ്പ് നിറഞ്ഞ കുന്നുകൾ അരികിലേക്ക് തെളിഞ്ഞുവന്നു. തനത് വയനാടിന്റെ പുല്ലുമേഞ്ഞ കുടിലുകൾ കൂണുപോലെ മുളച്ച്‌പൊന്തി വരി വരിയായി കാണാം. ചെളി മണ്ണ് മെഴുകിയ തിണ്ടുകൾ അതിരിടുന്ന വളഞ്ഞ് പുളഞ്ഞ് വഴികൾ കയറിയാൽ കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമം എൻ ഊരിൽ എത്താം. ഗോത്ര പാരമ്പര്യത്തിന്റെ ഉള്ളറകളിലേക്കാണ് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമത്തിന്റെ വാതിൽ തുറക്കുന്നത്. വയനാടിന്റെ ചുരം കയറി ലക്കിടിയിൽ നിന്നും വിളിപ്പാടകലെയാണ് സുഗന്ധഗിരിക്കുന്നിൽ സഞ്ചാരികൾക്കായി ഒരു പൈതൃക ഗ്രാമം അണിഞ്ഞൊരുങ്ങിയത്.
കേരളത്തിൽ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരാണ് എൻ ഊര് വിഭാവനം ചെയ്തത്. വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരംഭമാണ് എൻ ഊര് ഗോത്ര പൈതൃകഗ്രാമം. ഗ്രോതജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതോടെ പുതിയ തലമുറകൾക്കും ഈ നാടിന്റെ വൈവിധ്യങ്ങളെ ഇവിടെ തൊട്ടറിയാം. ഗോത്രജനതയുടെ സമഗ്രമായ ജീവിത പുരോഗതി ലക്ഷ്യമിടുന്നവിധത്തിൽ മാതൃകാപരമായി കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ എൻ ഊര് പൈതൃക ഗ്രാമം കോർത്തിണക്കും. ഇതു വഴി ഗോത്രജനതയ്ക്ക് സ്ഥിര വരുമാന വർദ്ധനവിനും ജീവിത അഭിവൃദ്ധിക്കും അവസരം ഒരുക്കുകയാണ് ലക്ഷ്യം. വൈത്തിരിയിലെ 25 ഏക്കറിലാണ് ഗോത്ര പൈതൃഗ്രാമം ഒരുങ്ങിയത്. പുല്ലുമേഞ്ഞ ഇറതാണ വീടുകളും ഗോത്ര ജീവിത ചാരുതകളെയും ഇവിടെ തൊട്ടറിയാം.
പ്രതീക്ഷകളുടെ ഗ്രാമം
ഗോത്ര പാരമ്പര്യങ്ങളുടെയും സ്വന്തം നാടാണ് വയനാട്. ഇന്നെലകളോളം ഈ നാടിന്റ പാരമ്പര്യങ്ങൾക്ക് കുട പിടിച്ചു നിന്ന ആചാരത്തനികൾക്ക് ഗതകാലത്തിന്റെ ഊടും പാവുമുണ്ട്. ഗോത്ര സങ്കേതങ്ങളിൽ നിന്നും ആ പഴയ തുടിയൊച്ചയും ചീനിവാദ്യവും കേൾക്കാം. പ്രകൃതിയുമായി ഇണങ്ങിയ ഗോത്ര കലാരൂപങ്ങളും പാട്ടും ജീവിതവുമെല്ലാം കാണാം. നാട്ടുരുചിയൂറുന്ന വംശീയ അടുക്കളകളെ അറിയാം. ആചാരത്തിന്റെ നിധി സൂക്ഷിപ്പുകാരായ ഗോത്ര വിഭാഗങ്ങളുടെ കലകളെയും പാരമ്പര്യത്തെയും ജീവിതത്തെയുമെല്ലാമാണ് എൻ ഊര് പൈതൃ ഗ്രാമത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. കുറിച്യർ കുറുമർ പണിയർ കാട്ടുനായ്ക്കർ തുടങ്ങി വയനാട്ടിലും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളതുമായ ഗോത്ര വിഭാഗക്കാരുടെ പാരമ്പര്യമായ കലകളുടെയും കരകൗശല വൈദ്യഗ്ധ്യത്തിന്റെയും സംരക്ഷണം ഈ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെടും. ഇവിടെ ഇവരുടെ തനത് ഉത്പന്നങ്ങളുടെ വിപണിയും ഒരുങ്ങിയിട്ടുണ്ട്. കാട്ടുതേൻ തുടങ്ങിയ വനവിഭവങ്ങളുടെ വിപണി എന്നിവയെല്ലാം എൻ ഊരിന്റെ പ്രത്യേകതയാണ്.
തനത് രുചിയുടെ സ്വന്തം നാട്
നാട്ടറിവുകളും കാട്ടറിവുകളും ചേർന്ന് സമ്മിശ്രമായിരുന്നു ഗോത്ര വയനാടിന്റെ ഗതകാലങ്ങൾ.ഇല വർഗ്ഗ വന്യ സസ്യങ്ങളുടെ വംശിയ ഭക്ഷണങ്ങൾ ആദിവാസി ജനതയുടെ ആരോഗ്യ പോഷണത്തിന് കരുത്തു പകർന്നു. കാടിനുള്ളിലും വയൽ വക്കിലും സമൃദ്ധമായി വളർന്ന പൊന്നാങ്കണ്ണിയും തഴുതാമയും മുത്തിളും തവരയുമെല്ലാം ഒന്നാന്തരം ഭക്ഷ്യ വർഗ്ഗങ്ങളാണെന്ന് മുൻ തലമുറകൾ തെളിയിച്ചു.പല രോഗങ്ങൾക്കും ഔഷധക്കൂട്ടുകൾ കൂടിയായിരുന്നു ഈ ഇലവർഗ്ഗങ്ങൾ.ആദിവാസി ജീവിത ചാരുതകളിൽ നിന്നും ഇവയെ അടർത്തി മാറ്റിയാൽ ഇവർക്ക് ജീവിതമില്ല.കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിനെക്കാൾ ജൈവസമ്പുഷ്ടമായ ഇലവർഗ്ഗ സസ്യങ്ങളിലായിരുന്നു ഇവരുടെ താൽപ്പര്യം.നൂറിൽപ്പരം ഭക്ഷ്യയോഗ്യമായ വന്യ സസ്യങ്ങൾ വയനാട്ടിലെ ഗോത്ര വർഗ്ഗങ്ങളുടെ പരമ്പരാഗതമായ വംശീയ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്നതായി എം എസ് സ്വാമിനാഥൻ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.ഏതു വെയിലിലും മഴയിലും അരോഗ ദൃഢഗാത്രമായി നിന്ന ഇവരുടെ മുൻതലമുറകൾ ഇതിനൊക്കെ സാക്ഷ്യമായിരുന്നു.കേരളത്തുലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായി വിലയിരുത്തപ്പെടുന്ന പണിയർക്കിടയിൽ മാത്രം എൺപതോളം ഇലക്കറികൾ ഉപോയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇവയൊന്നും കൃഷി ചെയ്ത് പരിപാലിക്കപ്പെട്ടതല്ല.പ്രകൃതിയിൽ നിന്നും ശേഖരിക്കപ്പെട്ടതാണ്.കാലക്രമത്തിൽ ഇവയെല്ലാം വംശനാശത്തിലാണ്. ആദിവാസികൾക്കിടയിൽ നിന്നും പോലും ഇവയുടെ രുചിഭേദങ്ങൾ പടിയിറങ്ങുന്നു. ഇക്കാലത്തിൽ പരമ്പരാഗത ഭക്ഷ്യസംസ്‌കാരത്തിന്റെ പ്രസക്തിയാണ് വർദ്ധിക്കുന്നത്. ഇതിനെല്ലാം അടിവരയിടുകയാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം. വംശീയ ഭക്ഷണശാലകൾ ഇവിടെ വിപുലപ്പെടുന്നതോടെ തനത് രുചികൾ ഇവിടെ നിന്നും പരിചയപ്പെടാം.
ഒരു കുടക്കീഴിൽ ഒരു ഗ്രാമം
ഗോത്ര വിഭാഗങ്ങൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ, വനവിഭവങ്ങൾ, പരമ്പരാഗത തനത് കാർഷിക ഉത്പന്നങ്ങൾ, പച്ചമരുന്നുകൾ, മുള ഉത്പന്നങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ, പാരമ്പര്യ ഔഷധ ചെടികൾ തുടങ്ങിയവാണ് ഈ വിപണിയിൽ വിൽപ്പനയ്ക്കായി ഇവിടെ ഒരുക്കുക. വിവിധ ഗോത്ര വിഭാഗത്തിന്റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും ഇവിടെ അവസരമൊരുക്കും. എല്ലാ ദിവസവും സന്ദർശകർക്കായി ഇവിടെ ഒരുക്കുന്ന ഓപ്പൺ എയർ തീയ്യേറ്ററിൽ ഗോത്ര കലാവതരണം നടക്കും. രണ്ട് പ്രീമിയം കാഫ്റ്റീരിയകളാണ് ഇവിടെ സജ്ജീകരിക്കുക. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങൾക്കൊപ്പം ഇവിടെ സന്ദർശകർക്ക് പരിചയപ്പെടാം. ഗോത്ര പൈതൃക ഗ്രാമത്തിൽ അതിഥികൾക്കായി സൗകര്യമൊരുക്കും. എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. ഇതിനായുള്ള ഓഫീസും ഇവിടെ പ്രവർത്തിക്കും. ഗോത്ര ഗുണഭോക്താക്കൾക്ക് അവരുടെ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും സൂക്ഷിക്കാൻ ഇവിടെ വെയർ ഹൗസ് സൗകര്യം ഉണ്ടായിരിക്കും. ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള വാക്ക് വേ ഇവിടെ ഒരുങ്ങും. ചുവർചിത്രങ്ങൾ, പെയിന്റിങ്ങുകൾ, ശിൽപ്പങ്ങൾ എന്നിവയെല്ലാം ഈ വഴിത്താരകളിൽ സന്ദർശകർക്കായി സജ്ജീകരിക്കും. ഗോത്ര ജീവിത ചാരുതകളും ചരിത്രങ്ങളും നാൾ വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലുണ്ടാകും. ഗോത്ര കലാകാരൻമാർക്ക് കരകൗശല വസ്തുക്കളും പരമ്പരാഗത ഉത്പന്നങ്ങളും നിർമ്മിക്കുന്നതിന് ആവശ്യമായ പണിശാല ഗ്രോത്ര പൈതൃക ഗ്രാമത്തിലുണ്ടാകും.
പ്രവേശന സമയം
- രാവിലെ 9 മുതൽ വൈകീട്ട്- 5 വരെ
- ടിക്കറ്റ് നിരക്ക് മുതിർന്നവർ- 50 രൂപ
- കുട്ടികൾ- 20 രൂപ
- ജീപ്പ് സർവീസ്- മുതിർന്നവർ 30 രൂപ
- കുട്ടികൾ- 20 രൂപ
എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് വിമാനത്താവളം 78 കിലോമീറ്റർ
- കണ്ണൂർ വിമാനത്താവളം 121 കിലോമീറ്റർ
- റെയിൽ വേ സ്റ്റേഷൻ കോഴിക്കോട് 62 കിലോമീറ്റർ
- മൈസൂർ റെയിൽവേ സ്റ്റേഷൻ 157 കിലോമീറ്റർ
- കോഴിക്കോട് ബസ്സ് സ്റ്റാൻഡ് 60 കിലോമീറ്റർ
- കൊച്ചി 236 കിലോമീറ്റർ
- തിരുവനന്തപുരം 429 കിലോമീറ്റർ
- മൈസൂർ 157 കിലോമീറ്റർ
എൻ ഊര് ഫോൺ 9778783522
Content Highlights: En Ooru, located near Lakkidi in Wayanad, is Kerala's first tribal heritage village spanning 25 acres, designed to showcase and preserve indigenous culture, traditional cuisines, and handicrafts while providing sustainable livelihood opportunities for the tribal community.