പ്രായം 90 നോട് അടുത്തു; 18 രാജ്യങ്ങൾ സന്ദർശിച്ചു, അടുത്ത യാത്രയ്‌ക്കൊരുങ്ങി സഹോദരിമാര്‍

തൃശ്ശൂര്‍: ഏജീസ് ഓഫീസില്‍നിന്ന് സീനിയര്‍ അക്കൗണ്ടന്റായി വിരമിച്ച വത്സലയ്ക്ക് പ്രായം 87. സഹോദരി രമണിക്ക് 85. വടക്കാഞ്ചേരി ഓട്ടുപാറയിലെ തറവാട്ടില്‍ വര്‍ഷങ്ങളായി ഒന്നിച്ചുതാമസിക്കുന്ന ഇരുവരും ഈ മാസം ലക്ഷദ്വീപിലേക്ക് വിനോദയാത്ര പോകുകയാണ്. ഇരുവരും ഒരുമിച്ചുള്ള 19-ാമത്തെ യാത്ര. പ്രായം ഒന്നിനും ഒരു പരിധിയല്ലെന്ന് തെളിയിച്ച് ഇരുവരും ഇതേവരെ പോയത് 18 ലോകരാജ്യങ്ങളില്‍.
കംബോഡിയ, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍, ശ്രീലങ്ക, നേപ്പാള്‍, മ്യാന്‍മാര്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ജര്‍മനി ഉള്‍പ്പെടെ പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലും. 18 വര്‍ഷംകൊണ്ടാണ് 18 രാജ്യങ്ങളിലെ യാത്ര സാധ്യമായത്. രമണിയുടെ മകള്‍ ഡോ. വി. ബിന്ദുവിന്റെ മകള്‍ ഗായത്രിയും ഗായത്രിയുടെ ഭര്‍ത്താവ് ഡോ. ഗോവിന്ദുമാണ് യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. ജര്‍മനയില്‍ ആര്‍ക്കിടെക്റ്റായ മകന്‍ ഗൗതം യൂറോപ്പ് രാജ്യങ്ങളിലെ യാത്രയ്ക്കുള്ള സൗകര്യങ്ങളൊരുക്കും.
തൃശ്ശൂരില്‍ പേരുകേട്ട വടക്കൂട്ട് കൃഷ്ണന്‍ മൃണാളന്റെയും ശാരദയുടെയും മൂന്നു മക്കളില്‍ രണ്ടുപേരാണ് വത്സലയും രമണിയും. ഇവരുടെ സഹോദരനായ രാജന്‍ 1995-ല്‍ മരിച്ചു. സര്‍വേ വകുപ്പിലായിരുന്നു ജോലി. രാജന്‍ ജനിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്നേ കൃഷ്ണന്‍ മൃണാളന്‍ മരിച്ചു. പാരാട്ടുകുന്നിലെ വീട്ടിലാണ് ശാരദ മൂന്നു കുഞ്ഞുങ്ങളുമായി കഴിഞ്ഞത്.
ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥനായ രാജകുമാര മേനോനെയാണ് വത്സല വിവാഹം കഴിച്ചത്. 1975-ല്‍ രാജകുമാര മേനോന്‍ മരിച്ചതോടെ വത്സലയ്ക്ക് തൃശ്ശൂരിലെ ഓഫീസില്‍ ജോലി കിട്ടി. ഇവര്‍ക്ക് മക്കളില്ല. വിരമിച്ചശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വത്സലയെ സഹോദരി രമണി വടക്കാഞ്ചേരിയിലെ തറവാട്ടിലേക്ക് കൂട്ടുകയായിരുന്നു.
കൊടുങ്ങല്ലൂരിലെ അഡ്വ. ഗംഗാധര മേനോനെയാണ് രമണി വിവാഹം കഴിച്ചത്. ഡോ. വി. ബിന്ദു, എല്‍ഐസി ജീവനക്കാരനായ ബാലകൃഷ്ണന്‍, ഹരികുമാര്‍ എന്നിവരാണ് മക്കള്‍.
പോട്ടോരിലെ ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പലായ ബിന്ദുവാണ് ഇവര്‍ക്കൊപ്പം താമസം. കലാനിലയം അനന്തപദ്മനാഭനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. യാത്രകളില്‍ കൂട്ടാളിയും സഹായിയും ആകുന്നതും ബിന്ദുവാണ്.
കോളേജില്‍ അധ്യാപികയും കലാകാരിയുമായ മകള്‍ ഗായത്രിയും ഭര്‍ത്താവ് ഗോവിന്ദും ഇവരുടെ മക്കളായ ക്ഷേത്രയും ത്രിലോകും ചിലപ്പോള്‍ കൂടെയുണ്ടാകും. നാലു തലമുറകളുടെ വിദേശ വിനോദയാത്ര.
വീട്ടില്‍ ചുമ്മാതിരുന്നപ്പോള്‍ മുത്തശ്ശിമാരായ സഹോദരിമാര്‍ ആസൂത്രണം ചെയ്തതാണ് ഒരു ചെറിയ ആത്മീയ യാത്ര. രാമേശ്വരം മുതല്‍ ഋഷിേകശ് വരെ. അതിനെ പിന്‍പറ്റിയാണ് രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ആലോചിച്ചതും നടപ്പാക്കിയതും.
Content Highlights: Discover the inspiring story of two sisters, aged 87 and 85, who are preparing for their 19th international trip, proving age is just a number. They`ve visited 18 countries!