ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്നാല്‍ 'സര്‍ക്കാര്‍ വിലാസം' കല്യാണമണ്ഡപമോ?; പ്രചാരണം ഇനിയും വേണം

വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ - ഭരണാധികാരികളും മാധ്യമങ്ങളും ഇടക്കാലത്ത് ധാരാളമായി ഉപയോഗിച്ചു കണ്ട തെറ്റായ ഒരു പ്രയോഗം. വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ കേന്ദ്രം, എന്ന പ്രയോഗം പോലും ഭരണാധികാരികള്‍ ഉപയോഗിച്ചു കാണാനുമിടയായി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഉതകേണ്ടുന്ന പല സുന്ദര ടൂറിസം സങ്കല്‍പങ്ങളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രാദേശികവത്കരിക്കപ്പെടുന്നതിന്റെ ഒരു ദുരന്തം കൂടിയാണ് ഉദ്ദേശ്യം മനസ്സിലാക്കാതെ പ്രയോഗിക്കപ്പെടുകയും പ്രായോഗികമാക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ടൂറിസം ആശയങ്ങള്‍.
ലോക ടൂറിസം രംഗത്ത് Destination Wedding എന്ന ഒറ്റ പ്രയോഗമേയുള്ളൂ. Wedding Destination എന്ന പ്രയോഗമില്ല. കാരണം അവിടെ കൂടുതല്‍ പ്രാധാന്യം ഡെസ്റ്റിനേഷനാണ്, വിവാഹത്തിനല്ല. ആരുടെ വിവാഹം എന്നതല്ല, അതെവിടെവെച്ച് എന്നതാണ് പ്രധാനം. വിവാഹത്തിനായി ഒരു മികച്ച ഡെസ്റ്റിനേഷന്‍ കണ്ടെത്തപ്പെടുകയാണ്, അല്ലാതെ ഒരു മികച്ച കല്യാണത്തിനെത്തേടി ഒരു ഡസ്റ്റിനേഷന്‍ പോവുകയല്ല.
അമേരിക്ക പോലെ ഒരു വികസിത രാഷ്ട്രത്തില്‍ അത് ഒരു പ്രവിശ്യ വിട്ട് മറ്റൊരു പ്രവിശ്യയില്‍ ആകാം. കാരണം അത്ര ബൃഹത്താണ് രാഷ്ട്ര വിസ്തൃതി. അങ്ങനെയാണ് അനേകം ടൂറിസം ആശയങ്ങളെപ്പോലെ ഇതും ഉടലെടുത്തതും. ഭാരതത്തില്‍ അത് ഏറ്റവും കുറഞ്ഞത് ഒരു സംസ്ഥാനം വിട്ട് മറ്റൊരു സംസ്ഥാനത്തായാല്‍ മാത്രമേ അതിന് ടൂറിസം പ്രാധാന്യം വരുന്നുള്ളൂ. അതിനു കാരണം അതിന്റെ സാമ്പത്തിക വശം തന്നെ. മറ്റൊരു വ്യത്യസ്ത ഭൂമികയില്‍ തങ്ങളുടെ വിവാഹം നടക്കണം എന്നാഗ്രഹിക്കുന്ന വധൂവരന്‍മാര്‍ അല്ലെങ്കില്‍ അവരുടെ മാതാപിതാക്കള്‍ അതിനൊരു ഡെസ്റ്റിനേഷന്‍ കണ്ടെത്തുന്നു. അവിടെ വിവാഹം തിരഞ്ഞെടുക്കപ്പെട്ട ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ അവിടെ നടത്തപ്പെടുന്നു.
അവിടെ ക്ഷണിക്കപ്പെട്ടവര്‍ക്ക് താമസിക്കാന്‍ മുറികള്‍ വേണം, വിനോദോപാധികള്‍ വേണം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ വേണം, ആ ദേശാനുഭവങ്ങള്‍ വേണം. സദ്യയും അലങ്കാരവും മാത്രമല്ല അവിടെ പ്രധാനം. സദ്യ കൊടുത്ത് സന്തോഷിപ്പിക്കാനാണെങ്കില്‍ കല്യാണ മണ്ഡപങ്ങള്‍ പോരേ? അവിടെ പ്രത്യക്ഷമായും പരോക്ഷമായും സാമ്പത്തികമായും അല്ലാതെയും ഗുണം ലഭിക്കുക ആ ഡെസ്റ്റിനേഷനാണ്. ആ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് ചെലവ് പരമ്പരാഗത വിവാഹങ്ങളേക്കാള്‍ കുറവ് എന്നത് മറ്റൊരു വസ്തുത.
എന്താണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, പരിശോധിക്കാം
ഔദ്യോഗികമായി ആരും നിര്‍വചനം നല്‍കാത്ത ഒരു പ്രതിഭാസം. സാധാരണ ഇത്തരം സംഭവങ്ങള്‍ക്ക് വ്യക്തത നല്‍കേണ്ട സാക്ഷാല്‍ UN TOURISM (നമ്മുടെ ഐക്യ രാഷ്ട്ര സഭയുടെ ടൂറിസം വിഭാഗം) പോലും ഇതിന് ഒരു നിര്‍വചനം കൊടുത്തതായി ഞാന്‍ കണ്ടില്ല. വധൂവരന്മാര്‍ക്കും ബന്ധുകള്‍ക്കും സുഹൃത്തുക്കള്‍ക്കും വേറിട്ടൊരനുഭവം. ചെലവ് പരമ്പരാഗത വിവാഹത്തേക്കാള്‍ കുറവ്. പതിവു പോലെ അമേരിക്കന്‍ കുത്തക മുതലാളിമാരാണ് ഈ ആശയത്തിന്റെയും ഉപജ്ഞാതാക്കള്‍ എന്ന കരുതപ്പെടുന്നു. പിന്നെയും ചികഞ്ഞു ചികഞ്ഞു പോയാല്‍ നൂറു മൈലിനുളളില്‍ ദേശം വിട്ടൊരു ദേശത്ത് നടത്തപ്പെടുന്ന വിവാഹമെന്നതാണ് ഒരു നിര്‍വചനം! പക്ഷേ ആ നിര്‍വചനത്തിന് അത്ര ബലമുള്ള ഒരു അടിത്തറയില്ല.
ഏതായാലും 2018-ല്‍ ഒക്കെയാണ് ഈ ആശയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. ഈ ആശയം പിന്നീട് ടൂറിസം ഏറ്റെടുത്തു. അപ്പോള്‍ അതൊരു സാമ്പത്തിക സ്രോതസ്സായി. പ്രാദേശിക വികസനഹേതുവായി. ഒരു സമഗ്ര ടൂറിസം ആശയമായി. ഒരു വെറും കല്യാണ മണ്ഡപം ഒരുക്കലല്ല ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്. ടൂറിസം കാഴ്ചപ്പാടില്‍ത്തന്നെയാണ് നാം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനെ കാണേണ്ടത്. ഒരു റിസോര്‍ട്ട് വെഡ്ഡിങ്ങില്‍ ആണെങ്കില്‍ വെഡ്ഡിങ് പ്ലാനര്‍ക്കോ വധൂവരന്‍മാരുടെ കുടുംബങ്ങള്‍ക്കോ യാതൊരു ടെന്‍ഷനും വേണ്ട താനും. എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടാവും. ഹണിമൂണ്‍ പോലും (weddingmoon) അവിടെത്തന്നെ നടക്കുന്നു.
കേരളത്തില്‍ കുമരകത്തും വയനാട്ടിലും ബേക്കലിലും ഒക്കെ എത്രയോ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് നടക്കുന്നു. അവിടൊക്കെ അതിനുവേണ്ട വേറിട്ട പശ്ചാത്തലഭംഗിയും താമസ സൗകര്യവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒക്കെയുണ്ട്. കൂടുതലും റിസോര്‍ട്ടുകളിലോ അതിനോടനുബന്ധിച്ചോ ആണുതാനും. മലബാര്‍ പ്രത്യേകിച്ചും ഉത്തര മലബാറും വയനാടും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ്.
സംസ്ഥാന ടൂറിസം വകുപ്പ് ലക്ഷങ്ങളോ കോടികളോ മുടക്കി കേരളത്തിന് പുറത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് പ്രൊമോഷന്‍ നല്‍കുമ്പോള്‍ ഇവിടെ കേരളത്തില്‍ നടക്കുന്ന ചില പ്രാദേശിക കല്യാണങ്ങളെ നാം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്ന് വിളിക്കുന്നു. കഴിഞ്ഞ നാളുകളില്‍ ആലപ്പുഴ കൈനകരിയില്‍ ഒരു ജങ്കാറില്‍ നടത്തിയ വിവാഹത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്ന് ടൂറിസം മന്ത്രി തന്നെ വിശേഷിപ്പിച്ചതും കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടില്‍ നടന്ന വിവാഹത്തെ മാധ്യമങ്ങള്‍ അത്തരത്തില്‍ വിശേഷിപ്പിച്ചതും കണ്ടിരുന്നു.
തിരുവനന്തപുരത്ത് ഒരു പ്രാദേശിക ടൂറിസം കേന്ദ്രം മാത്രമായ ശംഖുമുഖത്ത് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇത്തരം ഒരു സംവിധാനം ഒരുക്കിയിരുന്നു. ഒരു സഹകരണ സംവിധാനത്തിന് നടത്തിപ്പ് ചുമതല നല്‍കപ്പെട്ടു. എന്നാല്‍ അത്തരം ഒരു ഏജന്‍സിക്ക് ഡെസ്റ്റിനേഷന്‍ വെഡ്ഡിങില്‍ വേണ്ട അനുഭവ സമ്പത്തോ പ്രാഗല്‍ഭ്യമോ പരിഗണിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ള വെഡ്ഡിങ് പ്ലാനേഴ്‌സുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ബന്ധപ്പെടുക, തിരുവനന്തപുരത്തും കോവളത്തും ഉള്ള ഹോട്ടലുകളും റിസോര്‍ട്ടുകളും ആയി ടൈ അപ്പ് ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ നടന്നില്ല. ഒന്നോ രണ്ടോ പ്രാദേശിക കല്യാണം നടത്തിയ ശേഷം ആ സംരംഭം ഇപ്പോള്‍ തുടരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി മാധ്യമങ്ങളില്‍ വാര്‍ത്തയായ ശേഷം പൊലിഞ്ഞു പോകുന്ന പാഴ് പദ്ധതികള്‍. ടൂറിസം മന്ത്രാലയം ചെയ്യേണ്ടത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് പ്രൊമോട്ട് ചെയ്യുകയും സ്വകാര്യ സംരംഭങ്ങളെ ഈ രംഗത്തേക്ക് വരാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി സൗകര്യമുള്ള മികച്ച ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി അവിടെ നിക്ഷേപിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ഒരുക്കുകയാണ്. അവര്‍ക്കായി ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തുകയാണ്. വിവിധ ടൂറിസം മേളകളില്‍ ഈ ആശയം തീമായി അവതരിപ്പിക്കുകയാണ്.
അതേ സമയം സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് സൗകര്യങ്ങള്‍ ഒരുക്കി, സര്‍ക്കാര്‍ സ്ഥലം ആര്‍ക്കെങ്കിലും ലീസിന് നല്‍കിക്കഴിഞ്ഞാല്‍ അത് ലീസിന് എടുക്കുന്നവന് ഒറ്റ ഉദ്ദേശ്യമേ ഉണ്ടാവുകയുള്ളൂ. ഏത് വിധേനയും കല്യാണങ്ങളെ അവിടേയ്ക്ക് ആകര്‍ഷിച്ച് വരുമാനം കൂട്ടുക. അല്ലാതെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്രോത്സാഹിപ്പിക്കാന്‍ അഥവാ മാര്‍ക്കറ്റ് ചെയ്യാന്‍ അവന് എന്ത് ബാധ്യത? അപ്പോള്‍ അത് വെറും 'സര്‍ക്കാര്‍ വിലാസം കല്യാണ മണ്ഡപം' ആയി മാറുന്ന സ്ഥിതിവരും. കേരളം പോലൊരു കൊച്ചു സംസ്ഥാനത്ത് ഒരു ജില്ല വിട്ട് മറ്റൊരു ജില്ലയില്‍ പോയി കല്യാണം നടത്താന്‍ ടൂറിസം വകുപ്പ് സൗകര്യം ഒരുക്കേണ്ടതുണ്ടോ?
മറ്റൊരു സംസ്ഥാനത്തുനിന്നോ രാജ്യത്തുനിന്നോ ആരെങ്കിലും ഇവിടെ വന്ന് കോവളത്തോ കുമരകത്തോ ഒരു വിവാഹം നടത്തിയാല്‍ സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തിക ഗുണം ആലോചിക്കാവുന്നതല്ലേ ഉള്ളൂ, അതല്ലേ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്. മലപ്പുറത്ത് നിന്നും ആരെങ്കിലും ശംഖുമുഖത്തു വന്നു വിവാഹം നടത്തുന്നത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ആണെങ്കില്‍ ഗുരുവായൂരില്‍ നിത്യേന എത്രയോ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടക്കുന്നു.
എന്നാല്‍ ഈ സര്‍ക്കാര്‍ തന്നെ ഈ രംഗത്ത് അഭിനന്ദനാര്‍ഹമായ ചില പ്രൊമോഷന്‍ നടത്തിയിട്ടുണ്ട്. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റില്‍ (www.keralatourism.org) ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് വേണ്ടത്ര സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം എര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള കുറച്ച് റിസോര്‍ട്ടുകളുടെ വിവരവും സൈറ്റില്‍ ലഭ്യമാണ്. എണ്‍പതു ലക്ഷത്തിലധികം ട്രാഫിക് ഉള്ള സൈറ്റാണ് കേരള ടൂറിസത്തിന്റേത്. പക്ഷേ ഇനിയും എത്രയോ പേര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യാനിരിക്കുന്നു. എന്തുകൊണ്ട് ഈ സൗകര്യം കൂടുതല്‍ പേരിലേക്ക് എത്തിയില്ല എന്നത് പരിശോധിക്കണം.
കൃഷ്ണ തേജ ഐ.ഐ.എസ്. ടൂറിസം ഡയറക്ടറായിരുന്ന കാലയളവില്‍ അദ്ദേഹം മുന്‍കൈയെടുത്ത്, ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി പ്രത്യേക ക്യാംപെയിനുകള്‍ നടത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബില്‍ 76 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുമുള്ള വിദ്യ വോക്‌സ് എന്ന വിദ്യ അയ്യരിലൂടെ കേരളം വെഡ്ഡിങ് ടൂറിസത്തിന് പറ്റിയ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ ആണെന്ന് ലോകത്തെ അറിയിക്കാന്‍ കൃഷ്ണ തേജയ്ക്ക് കഴിഞ്ഞു. ഗൂഗിളില്‍ തിരഞ്ഞാല്‍ വിദ്യ അമേരിക്കന്‍ യൂട്യൂബര്‍ എന്നാണ് കാണപ്പെടുക. അത് ശരിയാണുതാനും. അമേരിക്കന്‍ ക്ലാരിനെറ്റിസ്റ്റ് ശങ്കര്‍ ടക്കറുമായി ചേര്‍ന്നാണ് വിദ്യ വൈറലായ തന്റെ മിക്ക വീഡിയോകളും ചെയ്തിട്ടുള്ളത്.
ബ്രാന്‍ഡ് നേരിട്ട് നമ്മോട് ബ്രാന്‍ഡിനെപ്പറ്റി പറയുന്ന കാലം കഴിഞ്ഞു. ബ്രാന്‍ഡ് നേരിട്ട് പറയുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍, സ്‌ക്രീനില്‍ ഒക്കെ നമ്മെ സ്വാധീനിക്കുന്നവര്‍ ബ്രാന്‍ഡുകളെ പറ്റി പറയുന്നതും വിവരിക്കുന്നതും കേള്‍ക്കാനും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനും ആണല്ലോ നമുക്കിന്ന് താല്‍പര്യം. അതുകൊണ്ടുതന്നെ വിദ്യാ വോക്‌സിലൂടെ ലോകമെമ്പാടുമുള്ള നോണ്‍ റസിഡന്റ് ഇന്ത്യക്കാരെയും വിദ്യാ വോക്‌സ് ആരാധകരെയും ഒരുപോലെ ആകര്‍ഷിക്കാനും അതിലൂടെ കേരളം മികച്ച വെഡിങ് ഡെസ്റ്റിനേഷന്‍ ആണെന്ന് ലോകത്തെ അറിയിക്കാനും ഈ വീഡിയോക്ക് ഏറെക്കുറെ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് ഫോളോ അപ് ഉണ്ടാകുന്നില്ല എന്നതാണ് നമ്മുടെ പരാജയം.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്രൊമോഷന് കേരള ടൂറിസം കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. വിദ്യാ വോക്‌സിലൂടെ ലക്ഷ്യമിട്ട പോലെ വിദേശ ഇന്ത്യാക്കാരുടെ (വിദേശ മലയാളികള്‍ മാത്രമല്ല) മക്കളുടെ വിവാഹം ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ നാം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഒപ്പം ഇതര സംസ്ഥാനക്കാരും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും കല്യാണം കൂടാന്‍ കേരളത്തിലേക്ക് വരണം. നമ്മുടെ കായലോളങ്ങളുടെ മൃദുമര്‍മ്മരം കേട്ട്, നമ്മുടെ കടല്‍ത്തീരങ്ങളുടെ ചാരുത നുകര്‍ന്ന്, നമ്മുടെ മലമേടുകളുടെ ഹരിതാഭയില്‍ അലിഞ്ഞ് അവര്‍ സുദൃഢ ദാമ്പത്യത്തിലേക്ക് കടക്കട്ടെ. സാമ്പത്തിക ഭദ്രതയിലേയ്ക്കുള്ള കേരള യാത്രയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും ഒരു പങ്കുവഹിക്കട്ടെ.
Content Highlights: destination wedding in kerala by kerala tourism department