ഹിമശൈലത്തിലേക്ക് 15 തവണ, കൈലാസത്തിലേക്ക് അഞ്ചും; നിസ്സാരമല്ല ഈ ഓട്ടോഡ്രൈവറുടെ യാത്രകൾ

മാതൃഭൂമി വാർത്തയിൽനിന്നുള്ള ആവേശം ഈ ഓട്ടോ ഡ്രൈവറെ ഹിമശൈലത്തിൽ എത്തിച്ചത് 15 തവണ. അഞ്ചുതവണ കൈലാസത്തിലേക്ക്.
കോവിഡ്മൂലം കഴിഞ്ഞ രണ്ടുകൊല്ലം മുടങ്ങിയ കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ മുപ്പത്തെട്ടുകാരൻ. ചേനം മാരാത്ത് പരേതനായ ബാലന്റെയും പ്രേമാവതിയുടെയും മകനാണ് ബിജിലാൽ. ഇത്തവണത്തെ മാതൃഭൂമി യാത്ര മാഗസിനിൽ ഇദ്ദേഹം പഞ്ചകേദാരങ്ങളിലൂടെ നടത്തിയ യാത്രയിൽ പകർത്തിയ മനോഹരചിത്രങ്ങൾ കാണാം.
മുന്നൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ നൂറ്റാണ്ടുകളായി സൂക്ഷിക്കപ്പെട്ട നിഗൂഢമായ രൂപ്കുണ്ഡ് തടാകത്തെക്കുറിച്ചുള്ള മാതൃഭൂമി ലേഖനം ഹിമാലയയാത്ര എന്ന മോഹത്തിന് വിത്തുപാകി. 2012-ൽ 60 വയസ്സുള്ള അമ്മയെയും കൂട്ടിയായിരുന്നു ഹിമാലയത്തിലേക്കുള്ള ആദ്യയാത്ര.
കേദാർനാഥ്, യമുനോത്രി എന്നിവിടങ്ങളിലേക്ക് രണ്ടുദിവസം അമ്മയും മകനും നടന്നത് 27 കിലോമീറ്റർ. 2013-ൽ യാത്ര ശ്രീകണ്ഠമഹാദേവിലേക്ക്. 2014-ൽ കൈലാസ് മാനസസരോവർ യാത്ര. 2015-ൽ പാർവതീദേവിയോടൊപ്പമുള്ള ശിവന്റെ യഥാർഥ വാസസ്ഥലം എന്നറിയപ്പെടുന്ന കിന്നർ കൈലാസത്തിലേക്ക്. 2016-ൽ മണിമഹേഷ് യാത്ര. 2017-ൽ മണിമഹേഷ്, ശ്രീകണ്ഠമഹാദേവ് എന്നിവിടങ്ങളിലേക്ക് വീണ്ടും യാത്ര. 2018-ൽ പഞ്ചകേദാരം സന്ദർശിച്ചു. 2019-ൽ ആദികൈലാസം സന്ദർശിച്ചു.
കോവിഡ്മൂലം മുടങ്ങിയ യാത്ര അടുത്ത മേയ്‌മാസത്തിൽ പുനരാരംഭിക്കും.
ഒന്നേകാൽ ലക്ഷം രൂപ വരെ യാത്രകൾക്ക് ചെലവാകും. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും സന്ദർശിച്ച അമ്മതന്നെയാണ് യാത്രകൾക്ക് പ്രോത്സാഹനം.
Content Highlights: bijilal's travel to himalaya and kailasa, auto driver's travel to roop kund, Manasarovar travel
Content Highlights: