നാല് വര്‍ഷത്തെ കാത്തിരിപ്പ്; കണ്മുന്നിലിതാ ധ്രുവദീപ്തിയും സ്റ്റാര്‍ലിങ് ഉപഗ്രഹങ്ങളും

അതെ, നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, പല പരാജയങ്ങള്‍ക്കൊടുവില്‍, ആ വര്‍ണപ്രപഞ്ചം ഞങ്ങള്‍ കണ്ടു. ഓസ്‌ട്രേലിയക്കാര്‍ The Dancing Lady of South എന്ന് വിളിക്കുന്ന ധ്രുവദീപ്തി (Aurora). മുന്‍പ് പലതവണ ഈ മനോഹാരിത കാണാനും ചിത്രങ്ങള്‍ പകര്‍ത്തുവാനും ഞങ്ങള്‍ ശ്രമിച്ചതാണ്, അന്നൊന്നും അതിന് സാധിച്ചിരുന്നില്ല.
ഉത്തര ധ്രുവദീപ്തി പോലെ ഒരുപാട് സ്ഥലങ്ങളില്‍ ദക്ഷിണ ധ്രുവദീപ്തി ദൃശ്യമാകില്ല എന്നതാണ് പ്രധാനകാരണം. ഓസ്‌ട്രേലിയയുടെ തെക്കുള്ള വളരെ കുറച്ചു ഭാഗങ്ങളില്‍ അല്ലെങ്കില്‍ ന്യൂസിലാന്‍ഡിന്റെ കുറച്ചു ഭാഗങ്ങളില്‍ മാത്രമാണ് ഈ പ്രതിഭാസം കാണുവാന്‍ സാധിക്കുക. അതല്ലെങ്കില്‍ അന്റാര്‍ട്ടിക്കയില്‍ പോകണം. കൂടാതെ ആ പ്രദേശങ്ങളില്‍ മറ്റ് രീതിയിലുള്ള പ്രകാശസ്രോതസ്സുകള്‍ ഉണ്ടാകുവാനും പാടില്ല. എന്തിനു ചന്ദ്രപ്രകാശം പോലും ധ്രുവദീപ്തിയുടെ കാഴ്ചയെ മറക്കാറുണ്ട്. ഇപ്പോള്‍ അമാവാസി അടുത്ത ദിവസങ്ങളായതിനാല്‍ ചന്ദ്രപ്രകാശം ഇല്ലാതിരുന്നത് സഹായകരമായി. പിന്നെ വെളിച്ച സ്രോതസ്സ് ഇല്ലാത്ത, അതായത് വീടുകളോ, വാഹനങ്ങളോ, വ്യവസായശാലകളോ ഒന്നുമില്ലാത്ത തുറസ്സായ സ്ഥലമാണ് ആവശ്യം. അതുകൊണ്ട് ഓസ്‌ട്രേലിയയുടെ തെക്കേ അറ്റത്തുള്ള ചില ബീച്ചുകളാണ് ധ്രുവദീപ്തി കാണുവാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍. അവിടേക്കു എത്തിച്ചേരുവാന്‍ കുറഞ്ഞത് നൂറു മുതല്‍ നൂറ്റിഇരുപത് കിലോമീറ്റര്‍ വരെ യാത്രചെയ്യണമെന്നതും ഈ കാഴ്ച ഞങ്ങളില്‍ നിന്നും ഇത്രകാലം മറച്ചു. ധ്രുവദീപ്തി ഉണ്ടായി എന്ന് മുന്നറിയിപ്പ് വന്നാലും ഈ ദൂരം വണ്ടി ഓടിച്ചു എത്തുമ്പോളേക്കും എല്ലാം കഴിഞ്ഞിരിക്കും.
മുന്‍പ് സൗര കൊടുങ്കാറ്റ് ഭൂമിയില്‍ എത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പല രാത്രികള്‍ പോയി കാത്തിരുന്നെങ്കിലും ഇത്ര ശക്തമായ ധ്രുവദീപ്തി കണ്ടിരുന്നില്ല. വളരെ നേരിയതോതില്‍ മാത്രമാണ് മുന്നേ കാണുവാന്‍ സാധിച്ചത്. അതും ക്യാമറക്കണ്ണുകളിലൂടെ മാത്രം. ഒന്നുകില്‍ മഴയോ, മേഘാവൃതമോ ആയിരിക്കും, അല്ലെങ്കില്‍ ചന്ദ്രപ്രകാശം കാരണം കാഴ്ച സാധ്യമാകില്ല, അതുമല്ലെങ്കില്‍ സൗരക്കാറ്റ് ശക്തമായിരുന്നില്ല. ഇങ്ങനെ കാരണങ്ങള്‍ പലതായിരിക്കും. ധ്രുവദീപ്തി മുന്നറിയിപ്പിനായി ഞങ്ങള്‍ Glendale എന്ന മൊബൈല്‍ ആപ്പിനെയാണ് ആശ്രയിക്കാറുള്ളത്. കൂടാതെ Aurora hunters victoria എന്ന ഗ്രൂപ്പില്‍ ചേര്‍ന്നതോടെ കൂടുതല്‍ മുന്നറിയിപ്പുകള്‍, സാദ്ധ്യതകള്‍ ഒക്കെ വിദഗ്ധരില്‍നിന്നും ലഭിക്കുവാന്‍ തുടങ്ങി.
ഇത്തവണ 19 വര്‍ഷങ്ങള്‍ക്കു ശേഷം അതിശക്തമായ സൗരക്കാറ്റ് ഭൂമിയില്‍ എത്തുന്നു എന്ന വാര്‍ത്ത വന്നതോടെ Aurora hunters ഗ്രൂപ്പില്‍ ഒരു ഉത്സവ പ്രതീതി തന്നെയായിരുന്നു. ചൂടേറിയ ചര്‍ച്ചകളും നിര്‍ദേശങ്ങളും വന്നു തുടങ്ങി. വാര്‍ത്താ വിനിമയം, ജി.പി.എസ് എന്നിവയെ തകരാറിലാക്കും ഈ സൗരക്കാറ്റ് എന്ന് ശാസ്ത്രലോകം ആശങ്കപെടുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെ കാത്തിരുന്ന സൗര കൊടുങ്കാറ്റെത്തി. പിന്നത്തെ ആശങ്ക രണ്ട് ദിവസങ്ങളായി പെയ്യുന്ന മഴയും മേഘാവൃതമായ കാലാവസ്ഥയുമായിരുന്നു. വെറുതെ പോയി മരം കോച്ചുന്ന തണുപ്പില്‍ ഇരുന്നിട്ട് തിരിച്ചു വരേണ്ടി വരുമോ എന്നായിരുന്നു ആശങ്ക. ഒടുവില്‍ ഉച്ചയായപ്പോള്‍ ആപ്പില്‍ ബെല്‍സ് ബീച്ചില്‍ അഞ്ചു മണിക്ക് ശേഷം മേഘങ്ങള്‍ കുറവുണ്ട് എന്ന് കണ്ടതോടെ പോകാന്‍ തീരുമാനിച്ചു. തണുപ്പുകാലം തുടങ്ങിയതിനാല്‍ പകല്‍ ദൈര്‍ഘ്യം കുറയുകയും അഞ്ചരയോടെ സൂര്യാസ്തമയം ആകുകയും ചെയ്യും എന്നതിനാലാണ് നേരത്തെ പുറപ്പെട്ടത്.
അവിടെയെത്തിയ ഞങ്ങളെ കാത്തിരുന്നത് ധ്രുവദീപ്തിയില്‍ കുളിച്ച് നില്‍ക്കുന്ന മനോഹരമായ ഭൂപ്രകൃതിയായിരുന്നു. ഇതിനിടയില്‍ ഇന്റര്‍നെറ്റ് വിപുലീകരണത്തിനായി നിര്‍മിച്ചിട്ടുള്ള സ്‌പേസ്എക്സിന്റെ സ്റ്റാര്‍ലിങ്ക് ശൃംഖല കടന്നുപോയത് കാഴ്ചയുടെ മനോഹാരിത കൂട്ടി.
എന്താണ് ധ്രുവദീപ്തി
സൗരക്കാറ്റില്‍നിന്ന് വരുന്ന ചാര്‍ജിത കണങ്ങള്‍ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താല്‍ ആകര്‍ഷിക്കപ്പെടുകയും ഈ കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതക തന്‍മാത്രകളുമായി കൂട്ടിയിടിക്കുന്നതിന്റെ ഫലമായാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ദക്ഷിണധ്രുവത്തില്‍ ഇത്തരത്തില്‍ കാണപ്പെടുന്ന പ്രതിഭാസത്തെ അറോറ ഓസ്‌ട്രേലിസ് (aurora australis) എന്നും ഉത്തരധ്രുവത്തില്‍ കാണപ്പെടുന്ന ഈ പ്രതിഭാസത്തെ അറോറ ബോറിയാലിസ് (aurora borealis) എന്നും അറിയപ്പെടുന്നു. ധ്രുവദീപ്തി (aurora) പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്. അതിശക്തമായ ധ്രുവദീപ്തി നഗ്‌നനേത്രങ്ങളാല്‍ കാണുവാന്‍ സാധിക്കും അതിശക്തം അല്ലെങ്കില്‍ ക്യാമറയില്‍ കൂടി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു.
Content Highlights: aurora lights australian skies travel bells beach