ഇവിടെ നങ്കൂരമിടുന്നു 1200 കൊല്ലത്തിന്റെ ചരിത്രം, പൈതൃകം കൊണ്ട് സമ്പന്നമായ കൊല്ലം തുറമുഖം

#പി.ദീപുകുമാര്‍
കൊല്ലം തുറമുഖം | Photo: Mathrubhumi
കൊല്ലം തുറമുഖം | Photo: Mathrubhumi

1,200-ാം വയസ്സിലേക്ക് കടക്കുകയാണ് കൊല്ലം തുറമുഖം. നീണ്ടകാലത്തെ സാംസ്‌കാരിക വിനിമയങ്ങളുടെയും സമ്പന്ന ഭൂതകാലത്തിന്റെയും വിശ്വാസങ്ങളുടെയുമെല്ലാം ശേഷിപ്പുകള്‍ ഇപ്പോഴും അവഗണനയുടെ ആഴങ്ങളിലാണ്.

എ.ഡി. 825-ല്‍ വേണാട് ഭരിച്ചിരുന്ന ചേര ഭരണാധികാരി രാജശേഖരവര്‍മ കുലശേഖരന്റെ കാലത്ത് സിറിയയില്‍നിന്നെത്തിയ മിഷണറി മാര്‍ ആബോയാണ് (മാര്‍ സാബോര്‍) കൊല്ലം തുറമുഖം സ്ഥാപിച്ചത്. റോമക്കാരും ചൈനയുമായും കടല്‍മാര്‍ഗം വ്യാപാരം നടത്തിയിരുന്ന ഇവിടം ആറാംനൂറ്റാണ്ടിനുശേഷം ഏറെനാള്‍ നിര്‍ജീവമായിരുന്നു. തുറമുഖം പൂര്‍ത്തിയായതോടെ സ്ഥിതി മാറി. മധ്യകാലത്ത് വേണാടിന്റെ തലസ്ഥാനമായുള്ള കൊല്ലത്തിന്റെ ഉദയത്തിനും കൊല്ലം തുറമുഖത്തിന്റെ പെരുമയ്ക്കും പിന്നീട് ചരിത്രം സാക്ഷിയായി.

ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയില്‍ ചൈന ഭരിച്ചിരുന്ന ടാങ് രാജവംശത്തിന്റേതായി കണ്ടെടുത്ത രേഖകളില്‍ പ്രധാന വ്യാപാരകേന്ദ്രമായ മഹ്‌ലായി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലത്തെയാണെന്ന് കാണാം.

2014-ല്‍ കൊല്ലം തുറമുഖത്തിന്റെ ആഴംകൂട്ടലിനിടെ കണ്ടെത്തിയ നാണയശേഖരം ടാങ് രാജവംശം, 960 മുതല്‍ 1127 വരെയുണ്ടായിരുന്ന വടക്കന്‍ സൊങ് രാജവംശം, 1127-79 കാലഘട്ടത്തിലെ തെക്കന്‍ സൊങ് രാജവംശം എന്നിവരുടെ കാലത്തേതാണെന്ന് പുരാവസ്തുവകുപ്പ് കണ്ടെത്തിയിരുന്നു.

അടിവശം പരന്ന കൂറ്റന്‍ ചൈനീസ് കപ്പലുകള്‍ക്ക് നങ്കൂരമിടാനാകുന്ന ഇന്ത്യയിലെ ഏക തുറമുഖമാണ് കൊല്ലത്തേതെന്ന് ഇറാനിയന്‍ സഞ്ചാരി സുലൈമാന്‍ എ.ഡി. 951-ല്‍ എഴുതിയ വിവരണത്തില്‍ നിരീക്ഷിക്കുന്നു. 1,000 ദിനാറാണ് ചൈനയ്ക്കും ഇന്ത്യക്കുമിടയിലെ ഈ പ്രധാന തുറമുഖത്ത് കരമൊടുക്കേണ്ടതെന്നും അദ്ദേഹത്തിന്റെ രേഖകളിലുണ്ട്. 13-ാം നൂറ്റാണ്ടുവരെ ആഗോള സമുദ്രവ്യാപാരത്തില്‍ അലക്‌സാന്‍ഡ്രിയ, കെയ്‌റോ (ഈജിപ്ത്), ക്വുവാന്‍ഷോ (ചൈന), മലാക്ക (മലേഷ്യ) എന്നിവിടങ്ങള്‍ക്കൊപ്പം പ്രധാന തുറമുഖമായിരുന്നു കൊല്ലം.

14-ാം നൂറ്റാണ്ടില്‍ എഴുതിയതെന്ന് കണക്കാക്കുന്ന മണിപ്രവാള കൃതിയായ ഉണ്ണുനീലി സന്ദേശത്തിലും കൊല്ലം തീരത്തെ ചീനക്കപ്പലുകളെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്.

ജൂത സഞ്ചാരി ബെഞ്ചമിന്‍ ഓഫ് ട്യുഡെലയുടേതായി എ.ഡി. 1159-നും 1173-നുമിടയില്‍ കണ്ടെടുത്ത രേഖകള്‍ പ്രകാരം വിദേശസഞ്ചാരികള്‍ എത്തുമ്പോള്‍ അവരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കാനും കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാനും കൊല്ലം തുറമുഖത്തുള്ള സംവിധാനങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്.

13-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കൊല്ലത്തെത്തിയ മാര്‍ക്കോപോളോ, തെക്കന്‍ ചൈനയില്‍നിന്ന് ഇവിടെയെത്തിപ്പോകുന്ന കപ്പലുകള്‍ കയറ്റുമതിയില്‍നിന്നും ഇറക്കുമതിയില്‍നിന്നുമുണ്ടാക്കുന്ന വലിയ ലാഭത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.

യൂറോപ്യന്മാരുടെ വരവോടെ അറബികളും ചൈനക്കാരുമായുണ്ടായിരുന്ന വലിയ വ്യാപാരശൃംഖലയുടെ കണ്ണിയറ്റു. തുറമുഖത്തിന്റെ വ്യാപാര കുത്തക പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഒടുവില്‍ ഇംഗ്ലീഷുകാരുടെയും കൈകളിലായി.

കൊച്ചി തുറമുഖത്തിന്റെ ഉയര്‍ച്ചയോടെ കൊല്ലത്തിന്റെ പ്രൗഢി വറ്റി. 1973-ല്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി. പിന്നീട് 2007 ഒക്ടോബര്‍ 19-നാണ് ഇപ്പോഴത്തെനിലയിലേക്ക് വീണ്ടും തുറന്നത്. പൈതൃകം കൊണ്ടും ഭൗതിക സാഹചര്യങ്ങള്‍ കൊണ്ടും സമ്പന്നമായ തുറമുഖം ഇപ്പോഴും മറ്റ് തുറമുഖങ്ങളുടെ നിഴലില്‍ മാത്രമാണ്.

Content Highlights: 1200 years of kollam port