ആടുജീവിതം ചിത്രീകരിച്ച വാദി റം; 'ഭൂമിയിലെ ചൊവ്വ'

ദീര്‍ഘകാലമായി മനസ്സില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു ജോര്‍ദാൻ സന്ദര്‍ശിക്കണമെന്നത്. ചരിത്രത്തിലും സംസ്‌കാരത്തിലും സമ്പന്നമാണ് ജോർദാന്‍ എന്ന രാജ്യം, നിരവധി പ്രകൃതിദത്ത അത്ഭുതങ്ങളും പുരാതന നിര്‍മിതികളും മതപരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. 'Valley of the Moon' എന്നറിയപ്പെടുന്ന ജോര്‍ദാനിലെ വാദി റം, പ്രകൃതിയുടെ അത്ഭുതക്കാഴ്ചകള്‍ നിറഞ്ഞ ഒരിടമാണ്. ഇവിടം യുനെസ്‌കോ ലോക പൈതൃക സൈറ്റായി അംഗീകരിച്ചിട്ടുണ്ട്. ജോര്‍ദാന്‍ യാത്രയില്‍, കുടുംബമായി വാദി റമ്മിലേക്ക് നടത്തിയ അവിസ്മരണീയമായ യാത്രയുടെ ഓര്‍മകളാണിത്.
അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് ജോർദാനില്‍ എത്തിയിരിക്കുന്നത്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ധാരാളം സവിശേഷതകള്‍ ഉള്ള ജോർദാന്‍ അറബ് ലീഗിലെ ഒരു പ്രധാന അംഗമാണ്. എണ്ണ നിക്ഷേപം ഇല്ലാത്ത ജോർദാന്റെ പ്രധാന വരുമാനം കൃഷിയും ടൂറിസവുമാണ്. തലസ്ഥാനമായ അമ്മാനില്‍ നിന്ന് ഞങ്ങളെ ഗൈഡ് ഇബ്രാഹിം ലോകാത്ഭുതമായ പെട്രയിലെ മായികക്കാഴ്ചയിലേക്കാണ് ആദ്യദിനം കൊണ്ടുപോയത്. പെട്രയിലെ സന്ദര്‍ശനത്തിന് ശേഷം രണ്ടാം ദിവസം വൈകുന്നേരത്തോടെ ഞങ്ങള്‍ വാദി റമ്മിലേക്ക് യാത്ര തിരിച്ചു. അവിടുത്തെ മരുഭൂമിയിലെ ക്യാമ്പില്‍ രാത്രി താമസിക്കാനാണ് ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഏകദേശം 120 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. വാദി റം അടുക്കുംതോറും ഭൂപ്രകൃതിക്ക് മാറ്റം വരാന്‍ തുടങ്ങിയിരുന്നു, മലനിരകള്‍ മാറി വിശാലമായ മരുഭൂമി ദൃശ്യമായി.
Content Highlights: wadi rum jordan travel desert camp safari aadujeevitham location