മൺസൂൺ മാജിക് ഇൻ വട്ടവട; ചിലന്തിയാറിലെ തണുപ്പും സ്‌ട്രോബറി തോട്ടത്തിലെ മധുരവും

വട്ടവടയിലേക്കുള്ള യാത്രയിലുടനീളം മഴ കൂട്ടുണ്ടായിരുന്നു. വട്ടവടയെത്തിയപ്പോൾ ഒരു പ്രശ്‌നം. റിസോർട്ടിലേക്ക് കാർ കയറില്ല. 70 - 80 ഡിഗ്രി കുത്തുക്കയറ്റമാണ്. നടന്നുകയറാൻ പോലും ചക്രശ്വാസം വലിക്കേണ്ടി വരും. റിസോർട്ടുകാരുടെ ജീപ്പെത്തി. ബാഗും ഞങ്ങളും അകത്തു കയറി. റൂമിലെത്തി അല്പം വിശ്രമിച്ചു. സമയമുണ്ട്. സ്‌ട്രോബറി ഫാമും, ഹണി മ്യൂസിയവുമാണ് ആദ്യലക്ഷ്യം. വഴിനീളെ ടൂറിസ്റ്റുകളെ ക്യാൻവാസ് ചെയ്യുന്നുണ്ട്. ടൂറിസം ഇവിടുത്തെ പ്രധാന വരുമാന മാർഗമായി കൊണ്ടിരിക്കുന്നു. കൃഷിയേക്കാൾ എത്രയോ ലാഭം.
ഹണി മ്യൂസിയത്തിൽ വിവിധതരം തേനീച്ചകളെ കുറിച്ച് സംക്ഷിപ്തമായ വിവരണം കേട്ടു. തേനുൽപ്പാദനത്തിന്റെ വിവിധഘട്ടങ്ങളെ കുറിച്ച് വീഡിയോ പ്രദർശനവുമുണ്ട്. അവിടെനിന്ന് ആറു കിലോമീറ്ററപ്പുറമൊരു വെള്ളച്ചാട്ടമുണ്ടെന്നറിഞ്ഞു. ഓഫ് റോഡാണ്. പോകാൻ പറ്റുന്നതുവരെ പോകാമെന്നുവെച്ച് കാറെടുത്തു. ഉണ്ടക്കല്ലുകളുള്ള കുത്തുകയറ്റം കയറുമ്പോൾ മലയുടെ ചെരുവിൽ തട്ടുതട്ടായ കൃഷിത്തോട്ടം കണ്ടു. വണ്ടി അവിടെ നിർത്തി. അവിടെ ഇരുന്ന പയ്യനോട് തോട്ടം കാണാൻ പറ്റുമോയെന്ന് ചോദിച്ചു. മാമനോട് ചോദിക്കണമെന്നവൻ പറഞ്ഞു. തിരികെ പോകാൻ ഒരുങ്ങിയപ്പോൾ മാമനിപ്പോ വരുമെന്ന് തമിഴ്കലർപ്പിൽ അവൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കാളകളുമായി മാമൻ വന്നു. കാളകളെ തൊഴുത്തിൽ കയറ്റി . അയാൾ തോട്ടത്തിലേക്കുള്ള ചെറിയ വേലി തുറന്നുതന്നു. മുന്നിൽ കണ്ട ചെറിയ ചാലിലൂടെ താഴോട്ടിറങ്ങിക്കോളാൻ പറഞ്ഞു.
ഒരു കാൽ വെക്കാൻ മാത്രം സാധിക്കുന്ന ചാലാണ് നടപ്പാത. ഒരിഞ്ചുഭൂമി പോലുമവർ വെറുതെയിടുന്നില്ല. ഞങ്ങൾ താഴെയെത്തിയപ്പോൾ ആ പയ്യനുമോടി വന്നു. പരിചയപ്പെട്ടു. പേര് - അബിക്. നാലാംക്ലാസിൽ പഠിക്കുന്നു. മാമനെ സഹായിക്കാൻ രാവിലെ ഏഴുമണിക്ക് വന്നതാണ്. അവനോട് കുറേ വർത്തമാനം പറഞ്ഞു. തോട്ടത്തിലൂടെ നടക്കുമ്പോൾ വിളവെടുപ്പ് കഴിഞ്ഞ തടങ്ങളിൽ ചിലയിടത്തു കാരറ്റിന്റെ തലപ്പുകണ്ടു. അവനത് പറിച്ച് കാണിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവനൊരു മുള്ളൻ തൂമ്പയുമായി വന്നു. അവൻ കൊത്തുന്നിടത്തുനിന്നെല്ലാം കാരറ്റുകൾ പൊന്തി വന്നു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ മാമനും വന്നു. അദ്ദേഹവും കാരറ്റ് പറിച്ചു തന്നു. കൃഷി രീതി, കച്ചവടം, നഷ്ടം. ലാഭം അങ്ങനെ പലതും സംസാരിച്ചു. അവിടെ കാളപൂട്ടിയാണ് നിലമൊരുക്കുന്നത്. ആഴത്തിൽ മണ്ണ് വിടരാൻ കലപ്പതന്നെ വേണം. കാരറ്റിന് അവർക്ക് കിട്ടുന്ന വിലയറിഞ്ഞപ്പോൾ മൂക്കത്ത് വിരൽ വെച്ചു. പത്തുരൂപ കിട്ടിയാൽ ലാഭമെന്നാണ് പറഞ്ഞത്. ഇതൊക്കെ ഞങ്ങളെത്ര രൂപായ്ക്കാണ് മേടിക്കുന്നതെന്ന് അറിയാമോയെന്ന് ചോദിച്ചു. ചിരി മാത്രം മറുപടി. ഞങ്ങൾ സംസാരിക്കുമ്പോഴെല്ലാം തൊട്ടുതാഴത്തെ തട്ടിൽ പ്രായമായ സ്ത്രീ നടന്നും കുനിഞ്ഞുമെല്ലാം എന്തൊക്കെയോ പണികൾ ചെയ്തുകൊണ്ടിരിക്കുന്നു. വല്യമ്മയാണെന്ന് അബിക്ക് പറഞ്ഞു. വെളുത്തുള്ളിയുടെ കളപറിക്കുകയാണ്. വല്യമ്മയും മോനും കൊച്ചുമോനുമിനി തിരികെ വീട്ടിലേക്ക് പോകാൻ രാത്രി എട്ടുമണി കഴിയും. അങ്ങ് ദൂരെ കെട്ടിടങ്ങൾ കൂട്ടമായി കാണുന്നിടത്ത് പച്ച പെയിന്റടിച്ച വീട് അബിക് ചൂണ്ടിക്കാണിച്ചു. രണ്ടു കൂട് നിറയെ ക്യാരറ്റ് തന്നു. മലയിൽ നിന്ന് ഒഴുകിവരുന്ന വെള്ളത്തിൽ കാലും കയ്യും കഴുകി ഞങ്ങൾ യാത്രപറഞ്ഞു.
ഹണി മ്യൂസിയത്തിൽ നിൽക്കുമ്പോൾ പാളിക്കല്ലിനെക്കുറിച്ചറിയുന്നത്. സീനിക് ബ്യൂട്ടി സ്‌പോട്ട്. രാവിലെ ആ റൂട്ട് പോകാമെന്നുവെച്ചു. അങ്ങോട്ടുള്ള യാത്ര നിറയെ കാഴ്ചകളാണ്. എവിടെ നിർത്തിയാലും വ്യൂ പോയിന്റ്. ചെന്നു കയറിയത് ഗ്രാമത്തിലേക്കാണ്. കൊട്ടാക്കമ്പൂർ. ഇടുങ്ങിയ വഴി. ഒരു കാർ പോകാൻ മാത്രം സാധിക്കുന്ന വഴിയാണ്. അതിനോട് ചേർന്ന് വീടുകളും. പെട്ടെന്നൊരു ജീപ്പ് കയറി വന്നു.സൈഡിൽ ഓടയാണ്. അവിടെ നിന്നയൊരാളോടിവന്നു ജീപ്പുകാരനെ പുറകോട്ട് ഇറക്കി സൈഡിൽ ഒതുക്കി. എനിക്ക് സൈഡ് പറഞ്ഞു തന്നു മുന്നോട്ടിറക്കി. ജീപ്പുകാരനേയും കയറ്റിവിട്ടു. തൊട്ടടുത്ത് നല്ല വെള്ളച്ചാട്ടമുണ്ടെന്ന് അയാൾ പറഞ്ഞു. കാറിന്റെ അടിതട്ടും, വണ്ടി മുന്നിലേക്ക് കയറ്റി നിർത്തി സൈഡിൽ ഒതുക്കാനുമയാൾ പറഞ്ഞു. അയാൾ ടൂറിസ്റ്റുകളെ ക്യാൻവാസ് ചെയ്യുകയാകും. അവിടെ നിർത്തിയില്ല. മുന്നോട്ടു പോയി. കുത്തിറക്കമാണ്. കൊടുംവളവും.ശ്വാസംപിടിച്ചു താഴെയെത്തിയപ്പോൾ .വിശാലമായ തോട്ടം. വെള്ളച്ചാട്ടമെവിടെയെന്ന് ചോദിച്ചു നിൽക്കുമ്പോൾ മുകളിൽ വെച്ച് കണ്ടയാൾ അടുത്തെത്തി. പിന്നെ അയാൾ ഞങ്ങളെ ഏറ്റെടുത്തപോലെ മുന്നിൽ നിന്ന് നയിക്കുകയാണ്. അമ്മയോട് നടക്കാൻ ബുദ്ധിമുട്ടാണേൽ പതുക്കെ മതിയെന്ന് പറയുന്നു.. വെള്ളചാട്ടത്തെ വിവരിക്കുന്നു... തോട്ടത്തെ കുറിച്ച് പറയുന്നു.. റിസോർട്ടിനെ കുറിച്ച് പറയുന്നു.'ഞങ്ങളിന്ന് തിരിച്ചു പോകുവാ. താമസിക്കുന്നില്ല എന്നു പറഞ്ഞിട്ടും ആളുവിടുന്നില്ല. നടന്നു ഒരിടത്തെത്തി. ഹമ്മോ ഗംഭീര കാഴ്ച്ച. അകലെ മലനിരകൾ .. കണ്ണെത്താ ദൂരത്തോളം കൃഷിഭൂമി . കുത്തിച്ചാടുന്ന വെള്ളച്ചാട്ടത്തിന്റെ മാസ്മരികത.
താഴെ വെള്ളച്ചാട്ടത്തിന്റെയരികിലേക്ക് ഇറങ്ങാനയാൾ നിർബന്ധിച്ചു. ആദ്യം വേണ്ടെന്നുവെച്ചു. മടിച്ചാണേലും പകുതിയിറങ്ങി. അങ്ങോട്ട് കുത്തിറക്കമാണ്. കാലുതെന്നാൻ സാധ്യതയുണ്ട്. ചിലയിടത്ത് അയാൾ കൈപിടിച്ചു.അവിടെ കുറച്ചു ചെറുപ്പക്കാർ കുളിക്കുന്നുണ്ട്. ' സ്‌ട്രോബറി നേരിട്ട് പറിക്കുകയാണോ അതോ പറിച്ചതു തരണോ'.അയാൾ വിടുന്ന ലക്ഷണമില്ല. സ്‌ട്രോബറി മേടിപ്പിക്കാൻ കൂടെകൂടിയതാകും. സ്‌ട്രോബറി ഫാമിൽ ചെല്ലുമ്പോൾ മേശമേൽ ത്രാസ്സും സ്‌ട്രോബെറിയുമായി ചേട്ടൻ നിൽക്കുന്നു.
തോട്ടം ചുറ്റി നടന്നു കണ്ടു. ഇടയിൽ നിന്ന് ഒന്നുരണ്ടെണ്ണം പറിച്ചു. ഇപ്പോൾ സീസൺ അല്ല. സ്‌ട്രോബറി മൊത്തത്തിൽ കുറവാണിപ്പോൾ. സ്‌ട്രോബറിയുടെ വില കേട്ടപ്പോൾ ഞെട്ടി. കിലോയ്ക്ക് അറുനൂറ് രൂപ. ഓഫ്‌സീസണായതിനാലാണ് ഇത്രയും വില.വേണ്ടയെന്ന് പറഞ്ഞു. പോന്നപ്പോൾ കൂടെ വന്നയാൾ ഞങ്ങൾക്കു വേണ്ടി വിലപേശുന്നു. ഒരുകിലോ നാനൂറ് രൂപയ്ക്ക് വാങ്ങിച്ചു . യാത്ര പറഞ്ഞിറങ്ങി. പോരുമ്പോൾ ചിന്തിച്ചു അയാൾ എന്തിനാകും കൂടെ കൂടിയത്. പൈസയെന്തെങ്കിലും ചോദിക്കുകയോ ഒന്നും ആവശ്യപ്പെടുകയോ ചെയ്തില്ല. അയാൾ ഇല്ലായിരുന്നെങ്കിൽ ആ കാഴ്ചകൾ മിസ്സാകുമായിരുന്നു. പാളികല്ലിലേക്ക് മൂന്ന് കിലോമീറ്ററുണ്ട്. അവിടെയെത്തിയാൽ ഒരുകിലോമീറ്റർ മുകളിലേക്ക് നടക്കണമെന്ന് വഴിയിൽ കണ്ട ഗ്രാമീണൻ പറഞ്ഞു. ഒരു കിലോമീറ്ററൊന്നും അമ്മയ്ക്ക് നടക്കാൻ പറ്റില്ല. തിരിച്ചു പോകാമെന്ന് വച്ചു. തിരികെ വരുമ്പോൾ ഗംഭീര ബ്ലോക്ക്. ഒരുവണ്ടി മാത്രം പോകാൻ സാധിക്കുന്ന ഇടവഴികളാണധികവും. വണ്ടി ഓഫ് ചെയ്തു കാത്തു കിടന്നു. ആരൊക്കെയോ ബ്ലോക്ക് മാറ്റുന്നുണ്ട്. വണ്ടി അനങ്ങാൻ തുടങ്ങി. കാർ പാസ് ചെയ്യുമ്പോൾ പെങ്ങളുടെ മകൻ പറഞ്ഞു. 'ദേ നമ്മളവിടെ കണ്ട ചേട്ടൻ ഇവിടെ നിൽക്കുന്നു ' നോക്കുമ്പോൾ അയാൾ ബ്ലോക്കിൽ വണ്ടിയൊക്കെ നിയന്ത്രിക്കുന്നു. ഏതോ ഗ്യാങ്ങിനോട് സംസാരിക്കുന്നു. ഇയാളെ എവിടെയും കാണാമല്ലോ. സത്യത്തിൽ വട്ടവടയ്ക്ക് ആരാണിയാൾ?
മുന്നോട്ടുപോയതും മറ്റൊരു ബ്ലോക്കിലേക്ക്. വഴിയോട് ചേർന്നാണ് വീടുകൾ. അവർക്കുപോലും വെളിയിലേക്കിറങ്ങാൻ പറ്റാത്ത തിരക്ക്. ഗ്രാമത്തിന്റെ സൈ്വര്യവിഹാരത്തെ ടൂറിസം നല്ല രീതിയിൽ പരിക്കേൽപ്പിക്കുന്നുണ്ട്. പക്ഷേ, ഇപ്പോൾ അവരുടെ വരുമാനമാർഗ്ഗം കൂടിയാണ് ടൂറിസം. ആരും മുഷിയുന്നത് കാണാനില്ല. നല്ല രീതിയിൽ സഹകരിക്കുന്നു. ഗ്രാമത്തിലെ കുറേ ചെറുപ്പക്കാർ പണിപ്പെട്ട് ബ്ലോക്കഴിച്ചു വണ്ടികൾ വിടുന്നു. ഗ്രാമം തന്നെ സ്വയം ഒരുക്കുന്ന കാഴ്ചയാണ് വട്ടവട. അതിന്റെ തട്ടുതട്ടുള്ള അടരുകളിൽ നമ്മുടെ അന്നവും ആയുസ്സുമിരിക്കുന്നു. നമ്മൾ അറിയാതെ പോകുന്ന കുറേ മനുഷ്യരും.
***
(ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായി മറയൂരിനടുത്തും മൂന്നാറിന്റെ വടക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്ന മഴനിഴൽ ഗ്രാമമാണ് വട്ടവട. കേരളത്തിന്റെ പച്ചക്കറി ഗ്രാമമാണ്. കാബേജ്, ക്യാരറ്റ്, ബീൻസ്, വെളുത്തുള്ളി, ബ്രോക്കോളി, കോളിഫ്‌ളവർ തുടങ്ങിയവ അവിടുത്തെ തട്ടുതട്ടായ നിലത്ത് ധാരാളമായി കൃഷിചെയ്യുന്നു. സ്‌ട്രോബറിതോട്ടമാണ് പ്രധാന ആകർഷണ കേന്ദ്രം. മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ ദൂരത്താണ് വട്ടവട. പാമ്പാടുംചോല നാഷണൽ പാർക്കിലൂടെയാണ് വട്ടവടയിലേക്ക് എത്തേണ്ടത്. ഇതിലൂടെ രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയേ യാത്രാനുമതിയുള്ളൂ. ഹണി മ്യൂസിയം, പഴത്തോട്ടം വ്യൂ പോയിന്റ്, ടൈഗർ കേവ്‌സ്, കോവിലൂർ ഗ്രാമം, ചിലന്തിയാർ വെള്ളച്ചാട്ടം, സിൽവർ ഫാൾസ്, കൊട്ടാക്കമ്പൂർ ഗ്രാമം, പാളികല്ല് വ്യൂ പോയിന്റ്, സ്‌ട്രോബറി ഫാം, പച്ചക്കറി തോട്ടങ്ങൾ തുടങ്ങിയവയാണ് പ്രധാന കാഴ്ച്ചകൾ.)
.