ഈജിപ്ഷ്യന്‍ സൗന്ദര്യറാണിയുടെ തോളിലേറി കടലിലൂടെ...

ഈജിപ്ഷ്യന്‍ സൗന്ദര്യറാണിയായിരുന്നു നെഫര്‍തിതി. ഭരണാധികാരിയായിരുന്ന ഭര്‍ത്താവ് അഖിനാതന്റെ മരണശേഷം രാജ്യത്തിന്റെ ചുക്കാന്‍പിടിച്ചത് ഈ കരുത്തുറ്റ വനിതയായിരുന്നു. ആ ധീരവനിതയുടെ പേരിലുള്ള അഡംബരക്കപ്പല്‍ കേരളസര്‍ക്കാന്‍ സ്വന്തമാക്കിയത് കഴിഞ്ഞവര്‍ഷമായിരുന്നു. കടല്‍ക്കാറ്റേറ്റും ഹരംപകരുന്ന സംഗീതം കേട്ടും വിനോദയാത്രകളെ അവിസ്മരണീയമാക്കാന്‍ കേരള ടൂര്‍ഫെഡ് ഒരുക്കുന്ന അവസരമാണ് ആഢംബരക്കപ്പലിലെ ആഴക്കടല്‍യാത്ര. കൊച്ചിയില്‍നിന്ന് മാസത്തില്‍ രണ്ടുതവണയാണ് ഈ യാത്രാപാക്കേജ് ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ ട്രെയിന്‍, കപ്പല്‍ എന്‍ട്രി ടിക്കറ്റ്, ബ്രേക്ഫാസ്റ്റ്, ലഞ്ച്, സ്നാക്സ് എന്നിവയടക്കം 3300 രൂപയാണ് ഈടാക്കുന്നത്. അഞ്ചുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചാര്‍ജില്‍ ഇളവുണ്ട്. കൊച്ചിയിലെ ബോള്‍ഗാട്ടി റോ റോ ജെട്ടിയില്‍നിന്ന് രാവിലെ പത്തുമണിക്കാണ് കപ്പല്‍ പുറപ്പെടുന്നത്. തിരുവനന്തപുരത്തു നിന്നും കണ്ണൂര്‍ഭാഗത്തുനിന്നും രാവിലെ ജനശതാബ്ദി ട്രെയിനില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ സ്റ്റേഷനില്‍ ടൂര്‍ഫെഡിന്റെ പ്രതിനിധികളുണ്ടാകും. അവിടെനിന്ന് പ്രത്യക വാഹനത്തില്‍ ബോട്ട് ജെട്ടിയിലേക്ക്.
മഴ പോയി മാനം തെളിഞ്ഞ പകല്‍. രാവിലെ പത്തുമണിയോടെ കപ്പല്‍യാത്രക്കാര്‍ ജെട്ടിയിലെത്തിയിരുന്നു. കപ്പലിനകത്ത് പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് ടൂര്‍ഫെഡ് പ്രതിനിധി ശ്യാം പറഞ്ഞു. ചുവര്‍ചിത്രങ്ങളും ശില്പങ്ങളും ചേര്‍ന്ന് ഈജിപ്ഷ്യന്‍ മാതൃകയിലാണ് നെഫര്‍തിതി കപ്പലിന്റെ നിര്‍മാണം. യാത്രക്കാരെ ക്യാപ്റ്റനും മറ്റ് ക്രൂ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. നാലുനിലയുള്ള കപ്പലിന്റെ അടിത്തട്ട് എന്‍ജിന്‍ റൂമാണ്. നെഫര്‍തിതി രാജ്ഞിയുടെ വലിയ പ്രതിമയുള്ള രണ്ടാംനിലയിലെ റിസപ്ഷന്‍ ഏരിയയിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ ത്രീഡി തിയേറ്റര്‍.
മറ്റൊരു വാതില്‍ തുറന്നാല്‍ ഇരുനൂറുപേര്‍ക്ക് ഇരിക്കാവുന്ന വലിയ എ.സി. പാര്‍ട്ടി ഹാള്‍. പാട്ടും ഡാന്‍സും മിമിക്രിയുമടക്കം കപ്പലിലെ കലാപരിപാടികള്‍ നടക്കുന്ന സ്ഥലമാണത്. അവിടെനിന്ന് കോണിപ്പടികള്‍ വഴി മുകളിലേക്ക് കയറിയാല്‍ ബാന്‍ക്വിറ്റ് ഹാളിലെത്താം. അതിനടുത്തുതന്നെയാണ് ബാര്‍ ലോഞ്ച്. അതിന്റെ രണ്ടുഭാഗങ്ങളിലും പുറംകാഴ്ചകള്‍ കാണാന്‍ വലിയ ഇടനാഴിയുണ്ട്. അതുവഴി മുകളിലേക്ക് കയറിയാല്‍ സണ്‍ഡെക്കിലെത്താം. സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘടനകളിലെ യാത്രാപ്രിയരുടെ സംഘങ്ങളും കുടുംബാംഗങ്ങളും അടങ്ങിയ 170 പേരാണ് യാത്രാസംഘത്തില്‍ ഉണ്ടായിരുന്നത്.
നല്ല പൂപോലുള്ള അപ്പവും ഇടിയപ്പവും മുട്ടക്കറിയും വെജിറ്റബിള്‍ സ്റ്റ്യൂവും ചേര്‍ന്ന പ്രഭാതഭക്ഷണം കഴിഞ്ഞ് കപ്പല്‍ പുറംകടലിലേക്ക് യാത്രതുടങ്ങി. പുറത്ത് നല്ല വെയിലുണ്ടെങ്കിലും പുറംകാഴ്ചകള്‍ കാണാന്‍ എല്ലാവരും കപ്പലിന്റെ സണ്‍ഡെക്കിലേക്ക് കയറിനിന്നു.
ബോള്‍ഗാട്ടിയിലെ ഗോശ്രീപാലത്തിനടിയിലെ വെല്ലിങ്ടണ്‍ ഐലന്‍ഡ് ബാര്‍ഗിലൂടെ കപ്പല്‍ സൈറണ്‍ മുഴക്കി നീങ്ങി. ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ അലര്‍ച്ചപോലുള്ള സൈറണ്‍ അപ്രതീക്ഷിതമായി കേട്ട് കൊച്ചുകുട്ടികള്‍ നടുങ്ങി.
വഴിയോരക്കാഴ്ചകളെക്കുറിച്ചുള്ള വിവരണം കപ്പലിലെ മൈക്കിലൂടെ ഒഴുകിവന്നു. സെന്റ് തോമസ് ചാപ്പേല്‍, ചരിത്രമുറങ്ങുന്ന ബോള്‍ഗാട്ടി പാലസ്, കെട്ടുവള്ളം പാലം, മഴവില്‍പ്പാലം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എന്നിവയും കടന്ന് അറബിക്കടലിലേക്ക് കപ്പല്‍ നീങ്ങി. വേലിയേറ്റമായതിനാല്‍ കടല്‍ അല്പം കലുഷിതമായിരുന്നു.
താഴെ നിലയിലെ ഹാളില്‍ പാട്ടും ഡാന്‍സും ഉയര്‍ന്നു. എന്നാലും പകുതിയാളുകളും ആഴക്കടലിലെ കാണാകാഴ്ചകള്‍ കാണാന്‍ മൂന്നാംനിലയിലെ വരാന്തയില്‍ കണ്ണുനട്ടിരിപ്പാണ്. അതിനിടയില്‍ കടലിലെ ഓളങ്ങള്‍ക്കൊപ്പം ഡോള്‍ഫിന്‍ കുതിച്ചുയര്‍ന്നപ്പോള്‍ കുട്ടികള്‍ ആര്‍പ്പുവിളിച്ചു.
കടല്‍ നിറംമാറാന്‍തുടങ്ങി. തവിട്ടുനിറമുണ്ടായിരുന്ന കടല്‍ പച്ചയും നീലയുമായി മാറി. നടുക്കടലിലെത്തിയപ്പോള്‍ നാഷണല്‍ ഹൈവേയില്‍ എത്തിയതുപോലെ, കണ്ടെയ്നറുകള്‍ കയറ്റിയ വലിയ കപ്പലും ലക്ഷദ്വീപില്‍നിന്ന് യാത്രക്കാരുമായി വരുന്ന കപ്പലും കടന്നുപോയി. ചുറ്റും ചെറുതും വലുതുമായ കപ്പലുകള്‍...
യാത്രാസംഘത്തില്‍ സിനിമ, സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണനുണ്ടായിരുന്നു. ''ഇത്രയുംകാലമായിട്ടും ആഴക്കടലിലേക്ക് ഞാന്‍ ഇതുവരെ യാത്രചെയ്തിരുന്നില്ല, അവസരം കിട്ടിയപ്പോള്‍ ആ മോഹം സഫലമാക്കാമെന്ന് കരുതി'' അദ്ദേഹം പറഞ്ഞു. ദുബായില്‍ ജോലിചെയ്യുന്ന മകന്‍ സമ്മാനിച്ച ബൈനോക്കുലറിലൂടെ ദൂരക്കാഴ്ചകള്‍ കണ്ട് രസിക്കുകയാണദ്ദേഹം. രണ്ടുകിലോമീറ്റര്‍ അപ്പുറത്തെ കപ്പലിന്റെ സണ്‍ഡെക്കിലിരിക്കുന്നവരെ വ്യക്തമായി അതിലൂടെ കാണാം.
കടലിനെ വിശ്വസിക്കാന്‍കഴിയില്ല, എപ്പോഴാണ് ഭാവം മാറുന്നതെന്നറിയില്ല. പത്മരാജന്റെ നൊമ്പരത്തിപ്പൂവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചിദംബരത്ത് നടന്നപ്പോഴുണ്ടായ അനുഭവം അദ്ദേഹം പങ്കുവെച്ചു. 'ചിദംബരത്ത് കണ്ടല്‍ക്കാടിനപ്പുറത്തെ കടലിലാണ് മാധവി, ലാലു അലക്സ്, ബാലതാരം സോണിയ എന്നിവര്‍ ചേര്‍ന്ന നൊമ്പരത്തിപ്പൂവിലെ ചില പ്രധാന ഭാഗങ്ങള്‍ പത്മരാജന്‍ ചിത്രീകരിച്ചത്. രാവിലെ യൂണിറ്റംഗങ്ങള്‍ കണ്ടല്‍ക്കാടിനിടയിലൂടെ നാലഞ്ച് ബോട്ടുകളില്‍ കടലിലേക്ക് ഇറങ്ങി. ഷൂട്ടിങ് ഓളങ്ങള്‍ കുറഞ്ഞ കടലിലേക്കുവരെ നീണ്ടു. സമയംപോയതറിഞ്ഞില്ല. മീന്‍പിടിച്ച് തിരിച്ചുവരുന്ന തോണിക്കാര്‍ എത്രയും വേഗം കരപിടിക്കാന്‍ ഞങ്ങളോട് വിളിച്ചുപറഞ്ഞു. കാരണം അവിടെ നന്നായി വേലിയിറക്കമുള്ള സ്ഥലമാണത്രേ. പെട്ടെന്ന് വെള്ളമിറങ്ങിയാല്‍പിന്നെ ബോട്ടില്‍ തിരിച്ചുവരാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ പെട്ടെന്ന് ബോട്ട് റെഡിയാക്കി ആര്‍ട്ടിസ്റ്റുമാരെ കരയ്ക്ക് എത്തിച്ചു. പത്മരാജനും ഞങ്ങളും കരയ്ക്ക് എത്തുമ്പോഴേക്കും കടല്‍ നന്നായി ഇറങ്ങിപ്പോയിരുന്നു.
ബോട്ടില്‍ സ്രാങ്കായിരുന്ന കൊല്ലംകാരന്‍ വിജയന്‍ചേട്ടന്‍ ആ കഥയില്‍ പങ്കുചേര്‍ന്നു. കപ്പലിന്റെ പ്രൊപ്പല്ലറില്‍ കുടുങ്ങുന്ന ജീവികളുടെ ശരീരം വെള്ളത്തില്‍ മുങ്ങി മാറ്റുന്ന ജീവനക്കാരുടെ വീരസാഹസിക കഥകള്‍ അദ്ദേഹം പങ്കുവെച്ചു. കരയില്‍നിന്ന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ കപ്പല്‍ തിരിച്ചു. അപ്പോഴേക്കും ടൂര്‍ഫെഡ് പ്രതിനിധികള്‍ യാത്രക്കാര്‍ക്കായി സ്നാക്സ് ബോക്സുമായി എത്തി.
താഴെ എ.സി. ഓഡിറ്റോറിയത്തില്‍ സംഗീതവും ഡാന്‍സും തുടങ്ങി. വേനല്‍ച്ചൂടിലും കടല്‍ക്കാഴ്ചകള്‍ കാണാന്‍ ഡെക്കിലേക്ക് കയറിയവര്‍ താഴേക്കിറങ്ങി. മൂന്നുമണിക്കൂര്‍ നീണ്ട കടല്‍യാത്രയ്ക്കുശേഷം നെഫര്‍ടിറ്റി ബോള്‍ഗാട്ടിയിലെ റോ റോ ജെട്ടിയില്‍ തിരിച്ചെത്തി. അവിടെനിന്ന് പ്രത്യേക വാഹനത്തില്‍ മറൈന്‍ഡ്രൈവിലെ സീ ലോഡ് ഹോട്ടലിലേക്ക്, അവിടെയാണ് ലഞ്ച്. അത് കഴിഞ്ഞ് മറൈന്‍ ഡ്രൈവ് വാക്വേയില്‍ ഷോപ്പിങ്ങിനായി അവസരം. നാലുമണിയോടെ തിരിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക്. വണ്‍ ഡേ ട്രിപ്പാണെങ്കിലും യാത്രയില്‍ പുതുമ തേടുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് ടൂര്‍ഫെഡ് ഒരുക്കിയ കടല്‍യാത്ര. യാത്രാന്വേഷണങ്ങള്‍ക്ക് www.tourfed.org എന്ന സൈറ്റിലും 0471 2314023, 9495405075 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.
(2019 നവംബർ ലക്കം യാത്ര മാസികയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: tourfed ship journey kochi, mathrubhumi yathra
Content Highlights: